"ഈ സാരി കൊള്ളാമല്ലോ, കുട്ടീ?... നല്ല ഡിസൈന്‍, വര്‍ക്ക് നന്നായിട്ടുണ്ട്... കളറും കൊള്ളാം...എവിടുന്നു വാങ്ങിയതാ? എത്രയായി..?"
ശ്രീലത സാറിനു എന്തോ കാര്യം സാധിക്കാനുണ്ട്. ഇതിനു മുമ്പും ഇത്തരം സാരികള്‍ ഉടുക്കാറുണ്ടല്ലോ? അപ്പോഴൊന്നും...
"ഇത് കൊല്‍ക്കത്ത സാരി...ഈയിടെ ബ്രദര്‍ പോയിരുന്നില്ലേ? അപ്പൊ വാങ്ങിയതാ... എണ്ണൂറു രൂപ..."
ഓഫീസില്‍ എല്ലാ സീനിയര്‍ വനിതാ സ്റ്റാഫ്-നെയും 'സാര്‍' എന്ന് ചേര്‍ത്താണ് വിളിക്കുന്നത്. അതൊരു പുതുമയായി തോന്നി. മുന്‍ സൂപ്രണ്ട് അമ്പലപ്പുഴക്കാരന്‍ ഒരു വാര്യര്‍ സാറാണ് അങ്ങിനെ വിളിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അതൊരു 'കസ്റ്റം' ആയി മാറി.
"അതെയോ...? എന്തായാലും കുട്ടിയ്ക്കു നന്നായി ചേരുന്നുണ്ട്... നല്ല നിറമുണ്ടല്ലോ...? ഒരു ആഡ്യത്വം...ഐശ്വര്യം..."
മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി...
" പിന്നെ, കല്യാണോചനകള്‍ എവിടം വരെയായി...? പറ്റിയ ഒരു കേസുണ്ട്... ആലോചിക്കട്ടെ?"
അപ്പോള്‍ അതാണ് കാര്യം!
"ആലോചനകള്‍ നടക്കുന്നു...ഒന്നും ശരിയായിട്ടില്ല..."
"ഏതാ നക്ഷത്രം? ഇപ്പോള്‍ വയസ്സ് എത്രയായി?"
"തിരുവാതിര... ഇക്കഴിഞ്ഞ ധനുമാസത്തില്‍ ഇരുപത്തി നാലു തികഞ്ഞു..."
ഈ പ്രായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെ!
" അതെയോ? ധനുമാസത്തിലെ തിരുവാതിര... ഭഗവാന്‍ ശിവന്‍റെ നക്ഷത്രമല്ലേ?...നന്നായി..."
പിന്നെയും ഒരു ചെറു പുഞ്ചിരി...
"രാശിപ്പൊരുത്തം, രാശ്യാധിപ പൊരുത്തം, വശ്യപ്പൊരുത്തം
മാഹേന്ദ്ര പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം
ദിനപ്പൊരുത്തം, സ്ത്രീ ദീര്‍ഘ പൊരുത്തം എന്നിങ്ങനെ എല്ല പൊരുത്തങ്ങളും ഉണ്ടല്ലോ...? കുട്ടിയുടെ ജാതകം തന്നോളൂ... നമുക്കാലോചിക്കാം..."
ശ്രീലത സാര്‍ കൊള്ളാമല്ലോ? ജ്യോതിഷമൊക്കെ വശമുണ്ട്..!!
"മനസ്സിലായില്ല... ആരുടെ കാര്യമാണ്...?
" നേരത്തേ പറഞ്ഞില്ലേ, എന്‍റെ ബന്ധത്തില്‍ ഒരു പയ്യനുണ്ട്... തിരുവാതിര തന്നെയാണ് നക്ഷത്രം... ഇവിടെ, ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്റില്‍ ജോലി. വയസ്സ് ഇരുപത്തിയെട്ട്... കുട്ടിയെപ്പോലെ വെളുത്ത നിറം...ഉയരം അഞ്ചടി ഒമ്പത് ഇഞ്ച്... ഒരു ചേച്ചിയുള്ളത് വിവാഹം കഴിഞ്ഞു, ഇപ്പോള്‍ ദുബായ് - യില്‍ ആണ്. അച്ഛനും അമ്മയും റിട്ടയേര്‍ഡ് അധ്യാപകര്‍..."
കേട്ടിട്ട് കൊള്ളാമെന്നു തോന്നുന്നു...
"എന്തായാലും, ശ്രീലത സാറ് അച്ഛനോട് ഒന്നു സംസാരിക്കൂ..."
"അപ്പോള്‍ കുട്ടിയ്ക്ക് താല്‍പര്യക്കുറവ് ഇല്ല."
" താല്പര്യം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛനാണ് തീരുമാനമെടുക്കേണ്ടത്..."
"ശരി...പിന്നെ, ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.."
"എന്താണ്...?"
"കുട്ടി ....'നായര്' തന്നെ...യല്ലേ...?"
"മുഴുവന്‍ നായരല്ല... അമ്മയുടെ പേര് ലീല നായര്‍. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ - ഈഴവനാണ്."
"ഓ... സോറി ട്ടോ... ഞാന്‍...നായരാണെന്നു തെറ്റിദ്ധരിച്ചു...."
ഓഹോ... അപ്പോള്‍ കാണാന്‍ കൊളളാമെങ്കില്‍... ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടാം... പുതിയ അറിവാണ്...
"തീര്‍ന്നില്ല... അമ്മയുടെ അച്ഛന്‍ നായരും, അമ്മയുടെ അമ്മ ഈഴവയുമാണ്...."
"അതുശരി... അപ്പോ... അപ്പോള്‍... അമ്മയ്ക്ക് നായര്‍ എന്ന 'സര്‍നെയിം' എങ്ങനെ വന്നു... നായന്മാര്‍ അമ്മയുടെ പാരമ്പര്യം അല്ലേ പിന്തുടരുന്നത്... കുട്ടിയുടെ അമ്മുമ്മ ഈഴവയാണെന്നല്ലേ പറഞ്ഞത് ....?!!
-ചോദ്യത്തില്‍ ചെറിയൊരു കുട്ടിക്കുശുമ്പ് ഇല്ലേ? മിശ്രവിവാഹിതരുടെ മക്കള്‍ ഞങ്ങളുടെ സമുദായത്തിന്‍റെ ബലത്തില്‍ അങ്ങനെ ഞെളിയേണ്ട എന്ന ധ്വനി....?
"അതെ, പക്ഷെ, ഈഴവര്‍ അച്ഛന്‍റെ പാരമ്പര്യമല്ലേ പിന്തുടരുന്നത്? എന്‍റെ അമ്മ ഈഴവ പാരമ്പര്യമാണ് നോക്കിയത്.. അങ്ങനെ വന്നപ്പോള്‍ 'സര്‍നെയിം' 'നായരാ'യിപ്പോയി...!!!!"
*********.
https://www.facebook.com/photo.php?fbid=872352759441785&set=pb.100000012060771.-2207520000.1466506245.&type=3&theater
