Sunday, 27 April 2014

ഉല്‍പ്രേക്ഷ:




-അന്നും ഭാഗ്യലക്ഷ്മി ടീച്ചര്‍ കൃത്യം പത്തുമണിക്ക് തന്നെ ക്ലാസ്സിലെത്തി.

-എന്നും കുളിച്ചു, തുമ്പ് കെട്ടിയിട്ട മുടിയില്‍ തുളസി കതിര്‍ ചൂടി, വലിയ ചുവന്ന വട്ടപ്പൊട്ട് തൊട്ടു കൃത്യ സമയത്ത് ക്ലാസ്സിലെത്തുന്ന ടീച്ചര്‍ സ്കൂളിന്‍റെ മുഴുവന്‍ ബഹുമാനത്തിനു പാത്രമാണ്. ക്ലാസ്സ് നിയന്ത്രിക്കുന്നതിലെ ചാതുര്യവും കാര്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിലെ നിപുണതയുമാണ് കാരണം.

"...അപ്പോള്‍ അലങ്കാരം എല്ലാവര്‍ക്കും മനസ്സിലായല്ലോ? ഉപമ അലങ്കാരവും ഉല്‍പ്രേക്ഷഅലങ്കാരവും നമ്മള്‍ ഇന്നലെ പഠിച്ചു...  ഇല്ലേ?"

"ആയി ടീച്ചര്‍..."

"പിന്നെ, ലക്ഷ്യം, വ്യംഗ്യം, (1) ശബ്ദാലങ്കാരം (2) അര്‍ത്ഥാലങ്കാരം,അതിശയോക്തി, സാമ്യോക്തി, വാസ്തവോക്തി, ശ്ലേഷോക്തി എല്ലാം ഇന്നലെ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ടല്ലോ?"

"ഉണ്ട് ടീച്ചര്‍..."

"ഇതില്‍ സാമ്യോക്തിയലങ്കാരങ്ങളാണ് ഉപമ, ഉല്‍പ്രേക്ഷ എന്നിവ; ഇന്ന് നമുക്ക് ഉല്‍പ്രേക്ഷ അലങ്കാരത്തിന്‍റെ ഉദാഹരണം പഠിക്കാം, എന്താണ്?"

"ഉല്‍പ്രേക്ഷഅലങ്കാരത്തിന്‍റെ ഉദാഹരണം ..."

"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-
ലതു താനല്ലയോയിത്
എന്നു വര്‍ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷഖ്യയലംകൃതി" ഇതാണ് ലക്ഷണം ഇന്നലെ പറഞ്ഞു തന്നത്...

"അതായത്, രണ്ടു വസ്തുക്കള്‍ക്ക് പ്രകടമായ സാമ്യം കാണുകയാല്‍ വര്‍ണ്യം (ഉപമേയം) അവര്‍ണ്യമാണോ (ഉപമാനം) എന്നു ബലമായി ശങ്കിച്ചാല്‍ അത് ഉല്‍പ്രേക്ഷ...."

ഉദാ:-

"കോകസ്ത്രീ വിരഹത്തീയിന്‍
പുകയല്ലോ തമസ്സിത്..."

"വര്‍ണ്യത്തില്‍ അവര്‍ണ്യത്തിന്‍റെ ചേര്‍ച്ച കാണുകയാല്‍ അതായിരിക്കാംഇത് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ..."

"ഇതിന്‍റെ അര്‍ത്ഥം, സന്ധ്യയായപ്പോള്‍ കോകസ്ത്രീയുടെ വിരഹ ദുഃഖ മാകുന്ന തീയില്‍ നിന്നുണ്ടാകുന്ന പുകയാണ് ഇരുട്ട് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ... മനസ്സിലായോ രമേഷ്, സുരേഷ്, ശരത്, സഗീര്‍, സബീന, മായ, ...?"

"ആയി ടീച്ചര്‍..."

"നാസറിനു ഇത് വരെ മനസ്സിലായില്ല എന്നു തോന്നുന്നു...?"

-ടീച്ചറിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമാഞ്ഞോ?

-ഏറ്റവും പുറകിലെ ബെഞ്ചില്‍ നിന്നും നാസര്‍ ഇതി കര്‍ത്തവ്യ മൂഡ നായി  എഴുന്നേറ്റു നിന്നു...

"അത് ടീച്ചര്‍...പിന്നെ, ...."

"നാസറിനു സംശയമുണ്ടെങ്കില്‍, എന്നോടല്ലേ ചോദിക്കേണ്ടത്...? അല്ലാതെ സബീനയുടെ ബുക്കില്‍ എഴുത്ത്‌ എഴുതി വെച്ചാല്‍ ... കാര്യങ്ങള്‍ അത്ര ശരിയല്ലല്ലോ, നാസറെ... ?"

-അമ്പടീ, അത് നേരെ ടീച്ചറിനു കൊണ്ടു പോയി കൊടുത്തു അല്ലേ? നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....!

"ആ കുട്ടിയെ നോക്കി കണ്ണുരുട്ടണ്ടാ... സബീന ഇതറിഞ്ഞിട്ടില്ല... നോട്ടു ബുക്ക്‌ കറക്ഷന് വേണ്ടി എടുത്തപ്പോഴാണ് എനിക്കിത് കിട്ടിയത്..."

-ഒടുക്കത്തെ നോട്ടു ബുക്ക്‌ കറക്ഷന്‍..!!

"പക്ഷെ, നാസറിന്‍റെ സംശയം ന്യായമാണ്... എന്താണെന്നു നിങ്ങള്‍ക്കറിയെണ്ടേ... ? ഇതാണ് ഇദ്ദേഹത്തിന്‍റെ സംശയം: "മറ്റേതിന്‍ മര്‍മ്മ രോഗത്താല്‍, അതു താനല്ലയോയിത്...", എന്താണിതിന്റെ അര്‍ത്ഥം എന്നാണ് സബീനയോടുള്ള സംശയം' ....മറ്റേതിന്‍ മര്‍മ്മ രോഗമോ? അയ്യയ്യേ! എന്തൊക്കെയാണിത് നാസര്‍?..."

-കുപ്പിവളകള്‍ കിലുകിലെ കിലുങ്ങുന്നതുപോലെ പെണ്‍കുട്ടികളുടെ കൂട്ടച്ചിരി... അതില്‍ ആണ്‍കുട്ടികളും പങ്കുചേര്‍ന്നു...

-കനം വെച്ചു തുടങ്ങിയ പുലര്‍കാല രെശ്മികള്‍ കിഴക്കേ ജനലിലൂടെ സബീനയുടെ നിറമുള്ള തട്ടത്തിനുള്ളിലൂടെ അരിച്ചിറങ്ങി മുഖത്ത് വെട്ടം വീശി...

-നാസര്‍ ചൂളി.

"അതു പിന്നെ, ടീച്ചര്‍, ഞാ...നല്ല അത് ചെയ്തത്...എന്നെപ്പോലെ വേറൊരുത്തന്‍ കൂടിയുണ്ട്..."

-നാസറിനു ഒരു ഇരട്ട സഹോദരനുണ്ട്... സംഭവം അവന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം!

" ഞാനറിയും, പക്ഷെ,  ആ വേറൊരുത്തനു പക്ഷെ തന്നെപ്പോലെ നല്ല 'കയ്യെഴുത്തും, അക്ഷരസ്ഫുടത'യുമില്ലല്ലോ...? എന്തായാലും ഞാനിതു ഖാദര്‍ സാഹിബിനെ കാണിച്ചേക്കാം... മര്‍മ്മ രോഗത്തിന് പറ്റിയ ചികിത്സ പുള്ളിയുടെ കയ്യില്‍ കാണും... എന്താ?"

-അള്ളോ, പഹയന്‍ തല്ലിക്കൊല്ലും!

-ഖാദര്‍ സാഹിബിന്റെ മക്കളോടുള്ള സമീപനം കുപ്രസിദ്ദമാണ്... രണ്ടു പൊട്ടിച്ചതിനു ശേഷമേ കാരണം പോലും ചോദിക്കുകയുള്ളൂ.

"അയ്യോ, പൊന്നു ടീച്ചറെ ചതിക്കല്ലേ, പടച്ചോനാണെ ഇനിയിതുണ്ടാവില്ല..."

-അങ്ങനെ അതും ഒരു തീരുമാനമായി!

-ക്ലാസ് ഒന്നടങ്കം ഉരുവിട്ടു: "ഇവന് മറ്റേതിന്‍ മര്‍മ്മ രോഗം തന്നെ!"

**********
Illustration: Self

https://www.facebook.com/photo.php?fbid=791468314196897&set=pb.100000012060771.-2207520000.1466506252.&type=3&theater

2 comments: