Wednesday, 23 April 2014

അനുഗ്രഹം




'ആന തുമ്പിക്കൈ ഉയര്‍ത്തി നെറുകയില്‍ വെച്ച് അനുഗ്രഹിക്കുന്നു.'

ദക്ഷിണേന്ത്യയില്‍ പല ക്ഷേത്രങ്ങളിലും ഇത് കാണാം. മധുരയിലും മറ്റും.

പകരം എന്തെങ്കിലും പഴമോ ശര്‍ക്കരയോ മറ്റോ ആനവായില്‍ എത്തും.

ആനയ്ക്ക് മധുരം സന്തോഷം. നമുക്ക് ദര്‍ശനവും, സ്പര്‍ശനവും നല്കുന്ന  ഒട്ടു നേരത്തെ ഭയസംഭ്രാമാദികള്‍ക്കപ്പുറം തെല്ല് ആനന്ദം.

യഥാര്‍ത്ഥത്തില്‍ ആന അനുഗ്രഹിക്കുകയാണോ?

എന്താണ് ഇതേക്കുറിച്ചുള്ള വിശ്വാസം? എല്ലാ അനുഗ്രങ്ങളും പോലെ ദീര്ഘായുസ്സ്, ഐശ്വര്യം, സമ്പത്ത്?

-ആനക്ക് ഇതൊക്കെ അറിയാം...!!!

മുംബൈയിലും കാണാം അനുഗ്രഹിക്കുന്ന ആനകളെ.

പാപ്പാന്‍ ആംഗ്യം കാണിക്കുമ്പോ വഴിപോക്കരെ മുഴുവന്‍ അനുഗ്രഹിക്കും. പകരം പാപ്പാന് കൈനീട്ടം എന്തെങ്കിലും കിട്ടും. ചിലപ്പോള്‍ ആനയ്ക്കും.

ആനക്ക് 'കിറ്റ്‌കാറ്റും' 'പെര്‍ക്കും' ഒക്കെ വാങ്ങിക്കൊടുക്കുന്ന ആനപ്രേമികളുണ്ട്. ഇത്തരം പഴങ്ങളുടെ രുചിഭേദം അറിയാനവസരമുണ്ടാക്കിത്തന്നവരെ അവന്‍ പ്രത്യേകം നന്ദിയോടെ നോക്കും, എന്നിട്ട് കണ്ണുമടച്ചു സാപ്പിടും.

ഇടയ്ക്കിടെ ഈ തെരുവിലൂടെ അങ്ങനെ അനുഗ്രഹം കോരിചൊരിഞ്ഞു കൊണ്ട് ഒരു നടയുണ്ടാവും. എഴുന്നുള്ളത്ത് തന്നെ. കൊട്ടും കുരവയും ഇല്ലന്നെയുള്ളൂ. ആര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടി വരില്ല.

ചെറിയ ആനയാണ്. എന്നാലും അനുഗ്രഹം കേമം.

-ആന ചെറുതാണെങ്കിലും ആനപ്പേടി വലുതാണല്ലോ? അതുകൊണ്ട് പലരുടെയും മുഖത്ത് ഭയവും സംഭ്രമവും കൌതുകവും ഒരുമിച്ചു മിന്നും.

ഒരിക്കല്‍, സന്ധ്യക്ക് നടക്കാനിറങ്ങിയപ്പോ, തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍, ഒരുപാട് കുട്ടിയുടുപ്പുകള്‍ നിരത്തി വെച്ചിരിക്കുന്ന ഒരു തുണിക്കടക്ക് മുന്നില്‍ മഹാമഹം.

-അനുഗ്രഹം ഏറ്റുവാങ്ങിയത് മുഴുവന്‍ കുട്ടിയുടുപ്പിട്ട  വര്‍ണതൊപ്പി  വെച്ച കുട്ടിപ്രതിമകള്‍...!

-ആനയെന്തറിഞ്ഞു അങ്ങാടി വാണിഭം?

********

https://www.facebook.com/photo.php?fbid=716528695024193&set=pb.100000012060771.-2207520000.1466506252.&type=3&theater

No comments:

Post a Comment