Saturday, 12 September 2015

പലായനം




...അവരിപ്പോ എവിടെയായിരിക്കും...?

....ഒരു രൂപവുമില്ല....പരമ കാരുണികനായ  സ്രഷ്ടാവേ...ഒരാപത്തും വരുത്തല്ലേ....

എന്തൊക്കെയാണ്സംഭവിച്ചത്?

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള കില്ലിസ് (Kilis Oncupinar Accommodation Facility) താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നും ബോദ്രും (Bodrum port in Turkey) തുറമുഖത്തെത്തിയതും അവിടെനിന്നും ബോട്ടില്‍കയറിയതും ഓര്‍മയുണ്ട്... എതെന്‍സ് (Athens, Greece) ആയിരുന്നു ലക്‌ഷ്യം.

പരമാവധി  കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ കയറിയിരുന്നു...പാവം അര്‍മാന്‍ ഭയവും രാത്രിയിലെ തണുത്ത കാറ്റും കൊണ്ട് വിറക്കുന്നുണ്ടായിരുന്നു....ഇതു കണ്ട് ഫര്‍സാന്‍ പറഞ്ഞു : "മോനെ ഇങ്ങു തരൂ...ഞാന്‍ പിടിക്കാം..."

കഴിഞ്ഞ ശവ്വാല്‍ മാസത്തില്‍ മൂന്ന് വയസ്സു തികഞ്ഞിരുന്നു അവന്... കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ളചിരിയും പൂച്ചക്കണ്ണുകളും ആരെയും വശീകരിക്കും....മമ്മ....ബാബ എന്നിങ്ങനെ പല വാക്കുകളും നേരത്തെ വശമാക്കി... ഇടതടവില്ലാതെ സംസാരിക്കും.... പ്ലേസ്കൂളില്‍ അവന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു....

TDEM (Turkey Govt) നടത്തുന്ന KOAF അഭയാര്‍ഥി ക്യാമ്പില്‍ രണ്ടായിരത്തോളം കുട്ടികളുണ്ട്. സിറിയയിലെ ക്യാമ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കിയിരുന്നു. പിന്നെ കിന്‍റെര്‍ ഗാര്‍ട്ടന്‍ ഉള്‍പ്പടെ നിരവധി സ്കൂളുകള്‍  കൂടാതെ, ഒരാള്‍ക്ക് $43 വീതം 'ഫുഡ്‌ കാര്‍ഡ്‌ സിസ്റ്റം' വഴി മുടങ്ങാതെ UNHRC  വഴി കിട്ടുന്നുമുണ്ടായിരുന്നു...അതു കൊണ്ടാണ് അവിടെ തന്നെ തല്‍ക്കാലം തങ്ങാമെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ സ്വന്തം നാടായ കൊബെനിലേക്ക് മടങ്ങാമെന്നും തീരുമാനിച്ചത്....അതിനിടെയാണ്, ISIS ഭീകരര്‍ ക്യാമ്പ് ആക്രമിച്ചേക്കുമെന്ന വാര്‍ത്ത പരന്നത്...അങ്ങനെ രായ്ക്കുരാമാനം നാടുവിട്ട് 'ബോദ്രും' പോര്‍ട്ടില്‍ എത്തിപ്പെട്ടത്...

ആലെപ്പോ ഗവര്‍ണറേറ്റില്‍ (Aleppo in Syria) ഉള്‍പ്പെട്ട കൊബെനില്‍ (Kobane) നിന്നും അധികം ദൂരെയല്ല അല്‍- അമല്‍ കാത്തോലിക് സ്കൂള്‍. പഠിപ്പിച്ചിരുന്ന വിഷയവും - സാമൂഹ്യശാസ്ത്രം-, സ്കൂളും ചുറ്റുപാടും എല്ലാം ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ഗവര്‍ണറേറ്റില്‍ ഉദ്യോഗസ്ഥനായ ഫര്‍സാന്‍ മിര്‍സയുമായുള്ള വിവാഹം... അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോയി...ഉള്ളില്‍ പുതിയ ജീവന്‍റെ തുടിപ്പുകള്‍..പുതിയ സ്വപ്നങ്ങള്‍.. അതിനിടയിയിലാണ് എല്ലാം തകിടം മറിച്ചു കൊണ്ട് ISIS ഭീകരാക്രമണം... കൊബെനില്‍ നിന്നു കില്ലിസ് ലേക്കുള്ള പാലായനം... നൂറ്റിയമ്പത് കിലോമീറ്റര്‍ ദൂരം...ഒരു രാത്രി മുഴുവന്‍ ട്രെക്കിലും കാല്‍ നടയായും...ഏഴുമാസം ഗര്‍ഭിണിയായ തനിക്ക് തങ്ങാവുന്നതിലപ്പുറമായിരുന്നു അത്...
ഇടയ്ക്കു ഫര്‍സാന്‍റെ  തോളില്‍ തല ചായ്ക്കുമ്പോള്‍ നിറവയറില്‍ തലോടി ആശ്വസിപ്പിക്കും:

"അമിറാ, ഇവന്‍ പിറക്കുന്നതോടെ നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും..."

"ഇവനാണെന്ന് ഉറപ്പിച്ചോ...?"

"ഉറപ്പിച്ചു..."

രണ്ടു പേരും പൊട്ടിച്ചിരിച്ചു...തളരാത്ത പ്രതീക്ഷയുടെചിരി...

കില്ലിസിലെ ക്യാമ്പില്‍ എത്തിക്കഴിഞാണ് നടുക്കുന്ന ആസത്യം അറിഞ്ഞത് രണ്ടു പേരുടെയും വീട്ടുകാര്‍ പാലയനത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു... തൊട്ടു പുറകിലെ ട്രെക്കില്‍ അവരും കയറിയിരുന്നു...എപ്പോഴോ കണ്‍ വെട്ടത്തു നിന്നു മറഞ്ഞു പോയി...എന്നെന്നേക്കുമായി...

കരഞ്ഞു കണ്ണീര്‍ വറ്റിയിരുന്നു...പിന്നെ, ദിവസങ്ങളോളം തളര്‍ന്നു കിടന്നു....ഫര്‍സാന്റെ സ്ഥിരപരിചരണവും സ്നേഹവും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു എന്നു പറയാം..അതിനിടെ കുഞ്ഞിന്റെ ജനനം ...പുതിയ പ്രതീക്ഷകള്‍ക്ക് ജീവന്‍വെച്ചു...അതുകൊണ്ട് തന്നെ, അവനെ അര്‍മാന്‍ എന്നു വിളിച്ചു..

....അവരിപ്പോ എവിടെയായിരിക്കും...? പരമ കാരുണികനായ  സ്രഷ്ടാവേ...ഒരാപത്തും വരുത്തല്ലേ.... വേഗം അവരുടെ അടുത്തെത്തിക്കണേ ...മോനും അവന്‍റെ അബ്ബയും...സുഖമായിരിക്കണേ....

ഇടയ്ക്കു വെച്ച് ഭയപ്പെട്ടതു പോലെ തന്നെ ബോട്ടു മുങ്ങിയത്രേ ...അതു വഴി വന്ന ഒരു കപ്പലാണ് രെക്ഷപെടുത്തിയത്...ബോധം തെളിയുമ്പോ എതെന്‍സ് ലെ താല്‍ക്കാലിക ക്യാമ്പിലെ ക്ലിനിക്കില്‍....ഭാഗ്യത്തിന് നിസ്സാര പരിക്കുകളെയുള്ളൂ...പിന്നീടു അവിടെ നിന്ന് 15 കിലോ മീറ്റര്‍ ബസില്‍ യാത്ര ചെയ്താണ് ബെല്‍ഗ്രേഡ്-ല്‍ എത്തിയത്...  പിന്നെയും 8 മണിക്കൂര്‍ - ബുടാപെസ്റ്റ്-ലേക്ക്.

ഇതിനിടെ ആകെ കഴിച്ചത് മുകളില്‍ എള്ള് തൂവിയ 'കോലൂരി' (Koulouri) എന്ന വട്ടത്തിലുള്ള ബ്രെഡ്‌ മാത്രം.

അതും കൂടെയുള്ള ചെറുപ്പക്കാരന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രം...
ഇടക്ക് സൂപ്പ്, വെള്ളം എന്നിവ കൊണ്ട് തരുന്നുമുണ്ട്...വെള്ളം മാത്രം വാങ്ങി കുടിച്ചു...വേണ്ട എന്നു പറയുമ്പോള്‍ അയാളുടെ മുഖം വാടിയിരുന്നു...

Toilet സൗകര്യം ഉള്ള സ്ഥലങ്ങളില്‍ കൃത്യമായി ഓര്‍മിപ്പിക്കുന്നുമുണ്ട്....

-ആരാണിയാള്‍?

എന്തിനാണ് ഇങ്ങനെ തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്?

എന്തെങ്കിലും ദുരുദ്ദേശം?

ഏയ്‌...ഇതുവരെ അനാവശ്യമായി സ്പര്‍ശിക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല...

അതിക്രമം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ഇയാള്‍ ഫലപ്രദമായി തടയുകയും ചെയ്തു....

-സ്ത്രീ ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോയ  ആത്മാവുകള്‍ക്ക് ലോകത്തെവിടെയും ശാന്തിയോ സമാധാനമോ ഇല്ലല്ലോ....?

തനിക്ക് സംസാര ശേഷി ഇല്ലെന്നാണ് ഇയാള്‍ ധരിച്ചു വെച്ചിരിക്കുന്നത്...എല്ലാം ആംഗ്യ ഭാഷയിലാണ്...എതെന്‍സില്‍ വെച്ച് തെറ്റിദ്ധരിച്ചതാവും... ബോധം തെളിയുമ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു....അര്‍മാനെയും, അവന്‍റെ അബ്ബയെയും കാണാതായപ്പോള്‍ പെട്ടെന്ന് ഒരു വിഷാദത്തിലേക്ക് വഴുതിപ്പോയിരുന്നു...

"....എല്ലാത്തിനും ഉത്തരവാദികള്‍ ഭീകരവാദികളാണ്, ഭീകരവാദമാണ്...എന്നു വെച്ചാല്‍ വികസിത ലോകത്തിനു ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോ?...ഭീകരര്‍ക്കെതിരെ യുദ്ധം പ്രാഖ്യാപിക്കുകയല്ലാതെ കാര്യമായി ഈ വികസിത രാജ്യങ്ങള്‍ എന്താണ് ചെയ്യുന്നത്...?  NATO വിചാരിച്ചാല്‍ ഈ ഭീകരന്‍മാരെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്..ഇവര്‍ക്കെല്ലാം ആയുധങ്ങള്‍ വില്‍ക്കുന്നതും, ആയുധ കള്ളക്കടത്ത് തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതും ഇപ്പോള്‍ ഈ രാജ്യങ്ങള്‍ക്കും തിരിച്ചടിയായില്ലേ...????യൂറോപിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞിരിക്കുന്നു...ഇവരുടെ സംരക്ഷണം ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തു കഴിഞ്ഞു...!!"

ചെറുപ്പക്കാരന്‍ കുര്‍ദിഷ് ചുവയുള്ള അറബിയില്‍  ആരോടെന്നില്ലാതെ ക്ഷോഭിച്ചു...പാവം, അയാളുടെ നഷ്ടങ്ങള്‍ എത്രയായിരിക്കും...?
.
ഇപ്പോള്‍ എത്രയായിക്കാണും..? ഫിജ്ര്‍ പ്രാര്‍ഥനയ്ക്ക്  ഇനിയും എത്ര സമയമുണ്ടാവും...? അതിജീവനത്തിനായുള്ള പാച്ചിലില്‍ ആഴ്ചകളും ദിവസങ്ങളും സമയവും എല്ലാം  മറയുകയാണോ....?

ഇനി മ്യുനിക്കില്‍ എത്താന്‍ അര മണിക്കൂര്‍ മാത്രം...അവര്‍ അവിടെ കാണുമായിരിക്കും... അഭയാര്‍ഥികല്‍ക്കുള്ള യാത്രാ രേഖകള്‍ ഒന്നും കയ്യിലില്ല...ആകെയുള്ളത് നനഞ്ഞ ഫുഡ്‌ കാര്‍ഡ്‌ മാത്രം...

ഇടയ്ക്കു, സ്വാഗതമോതി ജര്‍മന്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കി കടന്നു  പോകുന്ന കാഴ്ച ആശ്വാസം പകരുന്നു....പലരും വിയന്നയില്‍ നിന്നുംഅഭയാര്‍ഥികളെ കയറ്റി കൊണ്ട് പോരുന്നുമുണ്ട്...ഇവര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ വാര്‍ണിംഗ് നല്‍കിയിട്ടുണ്ടത്രേ...പിടിക്കപ്പെട്ടാല്‍ മനുഷ്യക്കടത്തിനു ആസ്ത്രിയന്‍ ജയിലില്‍ കഴിയേണ്ടി വരും.

ഇതിനിടെ റെയില്‍വേ ട്രാക്കിലൂടെ വിയന്ന റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്ന ചിലര്‍ ട്രെയിന്‍ തട്ടി മരിച്ചതായും കേട്ടു...അവര്‍ക്കു മുന്നിലായാണ് നടന്നിരുന്നത്, പക്ഷെ ട്രാക്കിനു പുറത്തായിരുന്നുവെന്ന് മാത്രം...-ഭാഗ്യമോ, നിര്‍ഭാഗ്യമോ?

കനത്ത് മഴയില്‍ ഒരു പക്ഷെ ട്രെയിന്‍ ശബ്ദം പാവങ്ങള്‍ കേട്ടിട്ടുണ്ടാവില്ല....

വസ്ത്രം മാറിയിട്ടും ദിവസങ്ങളായി. എവിടെ  നിന്നോ പാകമല്ലാത്ത ഒന്ന് അയാള്‍ എത്തിച്ച് തന്നിരുന്നു. പക്ഷെ, ഒരു മറയോ സൗകര്യമോ ഇല്ലാതെ....

-പാകമുള്ള വസ്ത്രം അഭയാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത് അതിമോഹമാവും...

മറ്റൊന്ന്, അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ ഹംഗറി അതിര്‍ത്തിയില്‍ കമ്പി വേലി സ്ഥാപിക്കുന്നു എന്ന വാര്‍ത്തയാണ്.....അല്ലാഹുവേ...മോനുംഅവന്‍റെ പിതാവും കടന്നു പോന്നിട്ടുണ്ടാകണേ.... ഇല്ലെങ്കില്‍....ഹൊ! ഇടനെഞ്ച് പൊട്ടുന്നു...

തന്‍റെ കണ്ണു നിറഞ്ഞത്‌ കണ്ടിട്ടാണെന്ന് തോന്നുന്നു...അടുത്ത സീറ്റില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരന്റെയും മുഖത്ത് പരിഭ്രമം...! ആംഗ്യ ഭാഷയിലൂടെ  ആശ്വസിപ്പിക്കുന്നുമുണ്ട്...ഇടക്ക് "ഒന്നും പേടിക്കേണ്ട ഞാനുണ്ട് കൂടെ" എന്നു പറയുകയും ചെയ്തു.

പരമ കാരുണികനായ സ്രഷ്ടാവേ, ....മ്യുനിക്കില്‍, ക്യാമ്പില്‍ അവരെത്തിയിട്ടില്ലെങ്കില്‍ എന്തു ചെയ്യും...എത്തിയുണ്ടാവണേ....

ഈ ചെറുപ്പക്കാരന്‍...ഇത് വരെ സംരക്ഷകനായി കൂടെ നിന്നു എന്നത് ശെരി തന്നെ....

പക്ഷെ, മോനും അവന്‍റെ അബ്ബയും...

അവരെ കൂടാതെ ഒരു ജീവിതമില്ല....

അതൊന്നും ഇപ്പോള്‍ ആലോചിക്കാനേ വയ്യ... കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടോ?

തൊണ്ട വരളുന്നതു പോലെ...

നിശ്ചയമായും ഇയാള്‍ തന്നെ ജീവിത ത്തിലേക്ക് ക്ഷണിക്കും...ആ മുഖഭാവം അങ്ങനെ വായിച്ചെടുക്കാം...ഇയാളോടെന്തു പറയും...

ഇനി അര മണിക്കൂര്‍ തികച്ചില്ല... മ്യൂണിക്കില്‍ അവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍....ഈ സമ്മര്‍ദ്ദം താങ്ങാവുന്നതിലധികമാവുന്നു...

ഇനി സര്‍വ്വ ശക്തനായ രക്ഷകന്‍ മാത്രമാണ് അഭയം....

"സ്രഷ്ടാവേ....നിന്നെ, മാത്രം ആരാധിക്കുകയും, നിന്നോടു മാത്രം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു....നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ....എന്‍റെ കുടുംബത്തോടു ചേരാന്‍ അനുഗ്രഹിക്കേണമേ..."

--ചന്നം പിന്നം പെയ്യുന്ന മഴയില്‍, Wien - Munchen train ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് പടിഞ്ഞാറോട്ട് കുതിച്ഛു - നിറയെ  ആശങ്കകളും പുത്തന്‍ പ്രതീക്ഷകളും വഹിച്ചു കൊണ്ട്.......

********

https://www.facebook.com/photo.php?fbid=1061158710561188&set=pb.100000012060771.-2207520000.1466505971.&type=3&theater