ഇന്നല്‍പ്പം വൈകും എന്നാണ് പറഞ്ഞത്... നല്ല ദിവസമായിട്ട് ഇന്നെങ്കിലും സമയത്തിന് വന്നൂടെ ചെക്കന്?
ഇങ്ങനെ ഉത്തരവാദിത്വമില്ലാതായാല്‍ എന്തുചെയ്യും?
അവന്‍റെ പഠിത്തമെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍... ഇതിപ്പോ കോഴ്സ് കഴിഞ്ഞു രണ്ടാമത്തെ വര്‍ഷമായി...
അവനെ പറഞ്ഞിട്ടും കാര്യമില്ല. പപ്പയുടെ അകാലമരണം അവനെയും തകര്‍ത്തു.
- അന്ന്, 'സര്‍പ്രൈസ്' ഗിഫ്റ്റ് വാങ്ങാന്‍ CST സ്റ്റേഷനില്‍ പോയതായിരുന്നു... പിറ്റേന്ന്, മമ്മയുടെ പിറന്നാള്‍....
മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല...
'അണുശക്തി നഗറി'ലെ 'സഹ്യാദ്രി' ക്വാര്‍ടെര്‍ഴ്സിലിരുന്നുരുകിയ നിമിഷങ്ങള്‍....ടിവിയില്‍ ഭീകരാക്രമണത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍...
ഒടുവില്‍ , പിറ്റേ ദിവസം ആംബുലന്‍സില്‍....മമ്മയുടെ പിറന്നാള്‍ സമ്മാനത്തോടൊപ്പം ഞങ്ങള്‍ക്കുമുണ്ടായിരുന്നു സമ്മാനപ്പൊതികള്‍... ചോരക്കറ പുരണ്ടിരുന്നു... ഒരു ഞെട്ടലോടെ മാത്രമേ അതോര്‍ക്കാന്‍ കഴിയൂ..
-പപ്പ എന്നും അങ്ങനെയായിരുന്നുവല്ലോ.... പിറന്നാള്‍ ഇല്ലാത്തവര്‍ക്കും ഉണ്ടാവും സമ്മാനം.
ഇനി ഇതൊക്കെ ഓര്‍ത്തിട്ടെന്താ...എല്ലാം കഴിഞ്ഞില്ലേ...എത്ര വര്‍ഷങ്ങള്‍... എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. എല്ലാം താറുമാറായി... ങ്ഹാ...ഇനി എല്ലാം ഒന്നു നേരെയാക്കണം....
-അവന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും വൈകും.
ഇപ്പൊ മണി ഒമ്പത് കഴിഞ്ഞു. വണ്ടി ഇന്നു വൈകിയല്ലോ...കല്യാണ്‍ സ്റ്റേഷനില്‍ എപ്പോഴും തിരക്കു തന്നെ. വേഗം ഒരു ഓട്ടോ പിടിക്കണം.
"ഏയ്, ഓട്ടോ, 'മഹാത്മാ ഫുലെ' നഗര്‍, ഭിവണ്ടി - മുര്‍ബാദ് ഹൈവേ ക്രോസ് ചെയ്തു പോകണം"
-ഡ്രൈവറോട് തര്‍ക്കിക്കാനൊന്നും വയ്യ, ചോദിക്കുന്നത് കൊടുത്തേക്കാം. സാധാരണ അത് പതിവുള്ളതല്ല...പക്ഷെ, ഇന്നു വൈകിയില്ലേ?
ഇനിയിപ്പോ വീട്ടില്‍ എത്തുമ്പോ എത്രയാവും എന്തോ? നല്ല മഴക്കാറുണ്ട്...കാറ്റും
പാസ്സായിരുന്നുവെങ്കില്‍ പൂനെയില്‍ തന്നെ അവനും ഒരു ജോലി നോക്കാമായിരുന്നു. ഈ വീട് വിറ്റ് അവിടെ എന്തെങ്കിലും നോക്കാം. തന്‍റെ കല്യാണത്തിന് സൊരുക്കൂട്ടി വച്ചിരുന്നതും പിന്നെ, സര്‍ക്കാര്‍ ധനസഹായവും എല്ലാം ചേര്‍ത്താണ് വീട് വാങ്ങിയത്. അതും ഇത്രയും ഉള്ളിലോട്ടു മാറി...അത്രയേ പറ്റിയുള്ളൂ.
ഇതിപ്പോ അതിനിടക്ക് അവന്‍ ജോലിക്കും പോയിത്തുടങ്ങി...തലോജ MIDC യില്‍ എവിടെയോ ആണ്...ശമ്പളമൊക്കെ കണക്കാവും...ടെന്‍ഷന്‍ അതല്ല, ഇതിനിടയില്‍ ബാക്കിയുള്ള പേപ്പര്‍ എഴുതിയിടുക്കാന്‍ പറ്റിയില്ലെങ്കില്‍ എല്ലാ പ്ലാനും തെറ്റും. പറയാനല്ലേ പറ്റൂ...ചെറിയ കുട്ടിയൊന്നും അല്ലല്ലോ? വയസ്സിരുപതായി...
അവന്‍റെ കൂട്ടുകാരധികവും ഗോവണ്ടി - ചെമ്പൂര്‍ ഏരിയയില്‍ ആണല്ലോ... അവന്‍റെ മാത്രല്ല...അതുകൊണ്ട് തന്നെ ഇവിടെ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ട്...
മമ്മ കാത്തിരുന്നു വിഷമിക്കുന്നണ്ടാവും.. പാവം. താന്‍ വന്നിട്ട് ഇന്നത്തെ വിശേഷ പലഹാരങ്ങള്‍ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാം എന്നു പറഞ്ഞതായിരുന്നു...പക്ഷെ, പ്ലാന്‍ ചെയ്ത പോലെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചില്ല. പിന്നെ ഇന്ദ്രായനി എക്സ്പ്രസ്സ് -നു 'പിമ്പ്രി'യില്‍ സ്റ്റോപ്പ് ഇല്ലല്ലോ? കയറാന്‍ പൂനെ ജങ്ങ്ഷന്‍ വരെ വരണം.
-നാരിയല്‍ ചി ലാഡൂ, കാരറ്റ് ചി ഹല്‍വ, കാജൂ ഖീര്‍... ഒക്കെ തനിയെ ചെയ്തു കാണും.
മഴയും തുടങ്ങിയല്ലോ... കുടയുണ്ടായിട്ടും കാര്യമില്ല, അത്രയ്ക്ക് നല്ല കാറ്റും...
"മഹാത്മാ ഫുലെ നഗര്‍" --എത്തിയോ?
"എത്രയായി...?"
"നാല്പതു രൂപ"
പൈസ കൊടുത്തു വേഗം നടന്നു...
മഴ നന്നായി പെയ്യുന്നുണ്ട്.
കഷ്ട്ടിച്ചു നടന്നു പോകാനുള്ള വീതിയേ ഉള്ളൂ.. വഴി വിളക്കുകള്‍ ഒന്നുമില്ല....അരണ്ട നാട്ടു വെളിച്ചം വെളിച്ചം.മാത്രം..ഇടയ്ക്കിടെ മിന്നലും..
വഴിയില്‍ ആരെയും കാണുന്നുമില്ല...
ഈ ചെക്കന്‍ കുറച്ചു നേരത്തെ വന്നിരുന്നുവെങ്കില്‍...സ്റ്റേഷനില്‍ അവനുണ്ടാകുമെന്നു കരുതിയാണ് ഈ ട്രെയിന്‍ പിടിച്ചത്...
ആരോ പിന്തുടരുന്നുണ്ടോ? തോന്നിയതാവും... .
പുറകില്‍ കാല്‍പ്പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്...
ഏതാണ്ട് പത്തു വാര അകലെയായി ഒരാള്‍ നടന്നടുക്കുന്നു...
വീട്ടിലേക്ക് ഇനിയും ദൂരമുണ്ട്...
ഇത്, ഇത് ആ ഓട്ടോ ഡ്രൈവര്‍ അല്ലേ? അതെ, ആ താടിക്കാരന്‍ തന്നെ...കണ്ടാല്‍ തന്നെ ഭയം തോന്നും....ഇയാളെന്തിനു തന്‍റെ പുറകെ വരുന്നു....? ഹേ, ഭഗവാന്‍!
പെട്ടെന്നാണ്, എതിരെ രണ്ടു പേര്‍ പ്രത്യക്ഷപ്പെട്ടത്...എന്തോ അശ്ലീല കമന്റു പറഞ്ഞ് അടുത്ത് വരാന്‍ തുടങ്ങിയ അവര്‍ പുറകില്‍ നിന്നും നടന്നടുക്കുന്ന രൂപം കണ്ടു നിശബ്ദരായി അകന്നുപോയി...
വല്ല കൊടും ഭീകരനും ആയിരിക്കുമോ? അതോ, ഗുണ്ടയോ...?
ആകെ ഒരു വിറയല്‍...
ഹേ, ഭഗവാന്‍...
....
जो सत बार पाठ कर कोई ।
छूटहि बन्दि महा सुख होई ॥३८॥
जो यह पढ़ै हनुमान चालीसा ।
होय सिद्धि साखी गौरीसा ॥३९॥
तुलसीदास सदा हरि चेरा ।
कीजै नाथ हृदय महँ डेरा ॥४०॥
....
ഹോ, ഭാഗ്യം, മമ്മ വാതില്‍ക്കല്‍ തന്നെയുണ്ട്... ലൈറ്റും വന്നല്ലോ?
"മമ്മാ...മമ്മാ..."
വിളിച്ചത് നിലവിളി പോലെയായിപ്പോയി....മമ്മ പേടിച്ചോ എന്തോ....
"എന്താ, എന്താ മോളെ വൈകിയത്....?"
"ഒന്നൂല്ല, മമ്മാ...."
"ഇതാരാ നിന്‍റെ പുറകില്‍, മോളേ ...?!"
"ഞാന്‍, അസിം ഖാന്‍. ഭിവണ്ടിയില്‍ സ്വന്തമായി ജിംനേഷ്യം നടത്തുന്നു. രാത്രിയില്‍ ഇടയ്ക്കു ഓട്ടോ ഓടിക്കാറുണ്ട്. ഈ കുട്ടി എന്‍റെ ഓട്ടോയിലാണ് വന്നത്. ഈ സ്ഥലം അത്ര സുരക്ഷിതമല്ല, പ്രത്യേകിച്ചും രാത്രിയില്‍. അതു കൊണ്ടാണ് കൂടെ വന്നത്...ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം...." അയാളാണ് മറുപടി പറഞ്ഞത്.
"ഓ! കയറിയിരിക്കൂ... ചായ കുടിച്ചിട്ടു പോകാം..." മമ്മ
"വേണ്ട, അല്‍പം തിരക്കുണ്ട്... നിങ്ങള്‍ ഇവിടെ പുതിയതാണ് അല്ലേ... സൂക്ഷിക്കണം?"
"അതെ, രണ്ടു മാസമേ ആയുള്ളൂ..."
"ശരി വരട്ടെ..."
"ശരി"
-ഒരു താങ്ക്സ് പോലും പറഞ്ഞില്ല....
മഴയില്‍ അയാള്‍ നടന്നു കഴിഞ്ഞിരുന്നു...
കൈ പതുക്കെ ഹാന്‍ഡ് ബാഗിലേക്കു നീളുന്നത് അറിയാതെ അറിഞ്ഞു....
ഇന്നു രക്ഷാബന്ധന്‍...അനിയനായി വാങ്ങിയ രാഖിയിലൊരെണ്ണം അപരിചിതനായ ഈ സഹോദരന് വേണ്ടിയാവട്ടെ....
-ഇരുളില്‍ അകലുന്ന ആ രൂപത്തിലേക്ക് നോക്കി സങ്കല്‍പിച്ചു.
-ആരതിയുഴിഞ്ഞു...
-തിലകം ചാര്‍ത്തി...
-മധുരം നല്‍കി....
-ഈ സഹോദരനു നല്ലതു മാത്രം വരുത്തണേ...ആയുരാരോഗ്യസൌഖ്യം നല്‍കണേ....
പ്രാര്‍ത്ഥനയുടെ അദൃശ്യ മൃദുതരംഗങ്ങള്‍, വഴിനീളെ തളംകെട്ടിയ മഴവെള്ളത്തില്‍ അകന്നുപോകുന്ന ആ പദനിസ്വനത്തെ പിന്‍തുടര്‍ന്നു....
******
https://www.facebook.com/photo.php?fbid=1108105842533141&set=pb.100000012060771.-2207520000.1466505861.&type=3&theater
