"...പിന്നെ, അപ്പച്ചാ, ഞങ്ങള്‍ തിരിച്ചു നാട്ടിലേക്ക് വരുന്നു....എന്നുവെച്ചാല്‍ ഇവിടം മതിയാക്കി വരുന്നൂന്ന്...."
"ആണോ മോളെ, തീരുമാനിച്ചോ?...എന്നേക്ക് വരും...? കൊച്ചുങ്ങളെ കാണാന്‍ കൊതിയായി..."
"പിന്നെ, അപ്പച്ചന്‍ അവിടെ തനിച്ച്... എത്രനാളാ ഇങ്ങനെ...നാട്ടില്‍ വന്ന് എന്തെങ്കിലും ബിസിനസ്സ് തുടങ്ങാനാ പുള്ളിക്കരന്റെ പ്ലാന്‍...ഇത്രയൊക്കെ സമ്പാദിച്ചതു മതി എന്നു ഞാനും പറഞ്ഞു..."
"എന്നാലും, രണ്ടുപേരും ജോലി വിട്ടിട്ടു വന്നാല്‍...പിന്നെ, കുട്ടികളെ ഇവിടത്തെ സ്കൂളില്‍ ഒക്കെ ചേര്‍ത്താല്‍ ശെരിയാവോ മോളെ...?"
"മനസ്സമാധനമില്ലാതെ എന്തുണ്ടാക്കിയെന്താ അപ്പച്ചാ...? അപ്പച്ചനവിടേം ഞങ്ങളിവിടേം ആയാല്‍ അതൊട്ട്ണ്ടാവൂല്യ...സ്കൂള്‍ ഒക്കെ അവര് അഡ്ജസ്റ്റ് ആയിക്കോളും...പിന്നെ, ക്രിസ്മസ് എവിടം വരെയായി അപ്പച്ചാ?..."
" ഇത്തവണ അമ്മച്ചിയില്ലല്ലോ മോളെ...അതോണ്ട് ഒന്നും ചെയ്യണ്ടാന്ന് വിചാരിച്ചിരിക്ക്യായിരുന്നു...പിന്നെ, ഒരുള്‍വിളി പോലെ, പുല്‍ക്കൂട്, എല്ലാം തനിയെ തയ്യാറാക്കി...ക്രിസ്മസ് സ്റ്റാറും റെഡി. ഇനീപ്പൊ കേക്ക് ഉണ്ടാക്കണം...കറന്റ് ഇന്നലെ പോയതാ...കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട് ഇനി എപ്പോഴാണാവോ വരവ്...?"
"കറന്റ് വേഗം വരാന്‍ ഞാനും പ്രാര്‍ത്ഥിക്കാം...എന്നാല്‍ ശരിയപ്പച്ചാ...നാളെ രാവിലെ വിളിക്കാം..."
"അല്ലാ മോളേ, കൊച്ചു മക്കളെവിടെ?..."
"അപ്പച്ചാ, ഞാന്‍ ഡ്യൂട്ടിയിലാ, ഇന്നു ഡേയാ.. നാളെ സംസാരിക്കാം...ഓക്കേ? ബൈ..."
"ഓക്കേ...ശരി മോളെ"
-ഈ മരുമകളോടൊപ്പം കഴിയാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ലല്ലോ...?
കല്യാണം കഴിഞ്ഞ് പത്താം ദിവസം മോനും ഭാര്യയും വിദേശത്തേക്ക് പറന്നു. പിന്നെ, ആണ്ടിലൊരിക്കല്‍ സ്കൂള്‍ അവധിക്ക് നാട്ടില്‍ വരും. അതു പെട്ടെന്നങ്ങു തീരും. അങ്ങോട്ട് കൊണ്ടുപോകാന്‍ അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ, പോയില്ല...ഇനിയിപ്പോ ഈ വയസ്സു കാലത്ത്, അതും അവളില്ലാതെ...ഇല്ല.
അതു കൊണ്ടാവും അവരു തിരികെ വരാന്‍ തീരുമാനിച്ചത്...നന്നായി...
അവളില്ലാത്ത രണ്ടാമത്തെ ക്രിസ്മസ്....
എന്താഘോഷമായാലും എല്ലാ ഒരുക്കങ്ങള്‍ക്കും മുന്നില്‍ അവളുണ്ടാവും...ചടുലമായും അടുക്കോടെയും ചിട്ടയോടെയും എല്ലാം ചെയ്യും.
റിട്ടയര്‍മെന്റ്നു ശേഷം ശിഷ്ടജീവിതം നാട്ടിലാവമെന്നു വെച്ചു.
അവള്‍ക്ക് ആദ്യം ചെറിയ ഇഷ്ടക്കുറവ് ഉണ്ടായിരുന്നു:
"എല്ലാ ഞായറാഴ്ചയും മൗണ്ട് മേരീസ് ചര്‍ച്ചില്‍ പോകുന്നത് മുടങ്ങുമല്ലോ, എന്നോര്‍ക്കുമ്പോഴാ ഒരു...."
"അതിനെന്താ മേരിക്കുട്ടീ, മാതാവിന്‍റെ പള്ളി നാട്ടിലുമുണ്ടല്ലോ...?"
അങ്ങനെ ഒടുവില്‍ സമ്മതിച്ചു..
വീടും പുരയിടവും നേരത്തേ മകന്‍ വാങ്ങിയിട്ടിരുന്നു. എന്തും വിളയുന്ന മണ്ണ്..ഏതു കൊടും വേനലിലും വെള്ളത്തിനും ബുദ്ധിമുട്ടില്ല... ടൌണില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരെ.
ഞായറാഴ്ച ആവുമ്പോ മാത്രം ഒരു വിമ്മിഷ്ടം...
ഞായറാഴ്ചകളില്‍ ബാന്ദ്ര മൗണ്ട് മേരീസ് ചര്‍ച്ചില്‍ പോകുന്നത് മുടങ്ങാത്ത ഒരു ശീലമായിരുന്നല്ലോ.
ബാന്ദ്രയിലെ ജീവിതത്തില്‍ കാര്യമായ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിവാഹം കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏക മകന്‍ ഉണ്ടായത്. പിന്നെ, അവന്‍റെ വിദ്യാഭ്യാസം, വിവാഹം, നല്ല മരുമകളെ കിട്ടിയത്, വിദേശത്തു പോകാന്‍ അവസരം ലഭിച്ചത് ഇതെല്ലാം അവിടുത്തെ മാതാവിന്‍റെ അനുഗ്രഹമാണെന്ന് മേരിക്കുട്ടി ഉറച്ചു വിശ്വസിച്ചിരിന്നു.
-അതുപോലെ എത്രയെത്ര അത്ഭുതകഥകള്‍! അതും വിവിധ മതസ്ഥരുടെത്.
നാട്ടിലെത്തി അല്പം കൃഷിയും ഒക്കെയായി അങ്ങനെ അല്ലലില്ലാതെ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാലം തെറ്റി വന്നൊരു മഴയും കാറ്റുമുള്ലൊരു രാത്രി കഴിഞ്ഞെത്തിയ പ്രഭാതത്തില്‍ പോട്ടിക്കിടന്ന കറന്റ് കമ്പിയില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് അവള്‍ പോയി.. മാതാവ് അവളെ തിരികെ വിളിച്ചു...അവിശ്വസനീയമായിരുന്നു ആ വേര്‍പാട്...നാല്പത്തഞ്ചു വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു തിരശീല വീണോ? എന്തിനായിരുന്നു ഞങ്ങളെ വേര്‍പെടുത്തിയത്?
ചടങ്ങുകള്‍ക്ക് ശേഷം മോനും മരുമോളും മക്കളും തിരികെ പോയി. പിന്നെ കുറച്ചു നാള്‍ ചില ബന്ധുക്കള്‍ ഉണ്ടായിരുന്നു. പിന്നീടത് രാത്രിയില്‍ മാത്രമായി...അതും ആരെങ്കിലും ഒരാള്‍ .ആരും വേണ്ടെന്നു പറഞ്ഞതാണ്...മേരിക്കുട്ടി എപ്പോഴും ഒപ്പമുണ്ടല്ലോ...? കലപില വര്‍ത്തമാനം പറഞ്ഞോണ്ട്, ഇടയ്ക്കിടെ കുഞ്ഞു വഴക്കുകള്‍ കൂടി അതിലുപരി സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിക്കുന്ന മേരിക്കുട്ടി...
അവളുടെ സാമീപ്യം എപ്പോഴും അനുഭവപ്പെട്ടു. ഉണര്‍ന്നിരിക്കുമ്പോഴും ഉറക്കത്തിലും. ഇന്നലത്തെ സ്വപ്നത്തില്‍ പിരിയാന്‍ നേരം ഇന്നു വരാമെന്നും പറഞ്ഞു - ആദ്യമായിട്ടാണ് അങ്ങനെ ഒരു വാക്ക് പറച്ചില്‍...!! ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ആരോടും പറയാനും പോയില്ല.
അവളുടെ മരണശേഷം ആത്മഹത്യ ചെയ്യണമെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല... ഭൌതിക ശരീരം മാത്രമാണ് ഇല്ലാതായത്. സത്യത്തില്‍ ഇങ്ങനെയാണോ മരണം? ഇതിനെ മരണമെന്ന് വിളിക്കാമോ? അതുകൊണ്ടു തന്നെയാണ് കൂടെ വരുന്നില്ലെന്ന് മോനോടും മരുമോളോടും തീര്‍ത്തു പറഞ്ഞത്.
ബന്ധുക്കള്‍ പലരും അത്ഭുതത്തോടെ അടക്കം പറയുന്നുണ്ടായിരുന്നു:
"ജോസഫ് ചേട്ടന് ഇതെന്തു പറ്റി? സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ തന്നെ!" -സ്വഭാവം മാറിയാലും ഇല്ലെങ്കിലും ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ കാണും.
കോളിംഗ് ബെല്‍ ശബ്ദിച്ചതു പോലെ...തോന്നിയതാവും...അല്ല പുറത്താരോ ഉണ്ടല്ലോ? ആരാണാവോ ഈ നേരത്ത്?
വാതില്‍ തുറന്നു നോക്കുമ്പോഴുണ്ട് വരാന്തയില്‍ ഒരു പെണ്‍കുട്ടി. പത്തിരുപത്തഞ്ചു വയസ്സു കാണും.
"ആരാ? എന്താ വേണ്ടത്?"
"പരാതി കൊടുത്തിരുന്നില്ലേ? ഇന്നലെ മുതല്‍ കറന്റ് ഇല്ലെന്നു ഇവിടന്നു വിളിച്ചു പറഞ്ഞില്ലേ? ഞാന്‍ KSEB-യില്‍ നിന്നാണ്..."
KSEB-യില്‍ നിന്ന് ഫീമെയില്‍ സ്റ്റാഫ്? അതും ലൈന്‍മാന്‍ ചെയ്യേണ്ട ജോലിക്ക്? മുംബയില്‍, MSEB-യിലൊ, BEST-ലൊ അങ്ങനെ ഉണ്ടായിരുന്നോ? ഓര്‍മ്മയില്‍ ഇല്ല.
"സംശയിക്കേണ്ട സര്‍, ഞാന്‍ പുതിയതായി ജോയിന്‍ ചെയ്തതാണ്. നാളെ ക്രിസ്മസ് ആയതുകൊണ്ട് ഫീല്‍ഡ് ഡ്യൂട്ടിക്ക് ഈ ഭാഗത്തേക്ക് ആളെ കിട്ടിയില്ല. അതുകൊണ്ടു വന്നതാണ്. ഇപ്പൊ ശര്യാക്കിത്തരാം"
"ഓ, അത് ശരി, വരൂ.. വലിയ കംപ്ലൈന്റ്റ് ഒന്നും കാണില്ല.. ഫ്യൂസ് പോയതാവും. വയറിംഗ് കുറച്ചു പഴയതാണ്. സര്‍ക്യുട്ട് ബ്രെയ്കര്‍ ഒന്നും ഇല്ല. മുന്‍പൊക്കെ തനിയെ ഇതെല്ലാം ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരത്യാഹിതം ഉണ്ടായി. An unfortunate case of an electrocution. എനിക്കെന്‍റെ കൂട്ടുകാരിയെ നഷ്ടപ്പെട്ടു."
"സോറി സര്‍..."
"ഇറ്റ്‌സ് ഓക്കേ...ഇതാ ഇവിടെയാണ്..."
"ഇപ്പൊ ശര്യാക്കിത്തരാം..."
- ഇപ്പൊ ശര്യാക്കിത്തരാം. മേരിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമായിരുന്ന ഒരു തമാശ സീന്‍ ആണിത്. ഇത് പോലെ എന്തെങ്കിലും കേടായത് നന്നാക്കുമ്പോഴോ മറ്റോ ഈ ഡയലോഗ് പതിവുള്ളതാണ്. ഉടനേ വരും ചിരിയോടൊപ്പം മറുപടി - "ഇങ്ങനെ എപ്പഴും എപ്പഴും പറയണ്ടാ...ശരിയാക്കിത്തന്നാ മതി!"
ഈ കുട്ടി ഇതു ശരിയാക്കുമ്പോഴേക്കും കേക്ക്നുള്ള ചേരുവകള്‍ എടുത്തു വെയ്ക്കാം.
മുന്തിരി വൈന്‍, ഉണങ്ങിയ കറുത്ത മുന്തിരി, ഇഞ്ചി ഉണക്കിയത്,
ഓറഞ്ച് തൊലി , ചെറുനാരങ്ങയുടെ തൊലി, ജാതിക്കാപ്പൊടി, ചെറുനാരങ്ങ നീര്, റം, പഞ്ചസാര കരിച്ചത്.
പിന്നെ, മൈദ, പഞ്ചസാര, ഉപ്പ്, തേന്‍, ബട്ടര്‍, ബേക്കിംഗ് സോഡ, മുട്ട എല്ലാം തയ്യാര്‍. പാത്രങ്ങളും അടുപ്പിച്ചു വെയ്ക്കാം. കറന്റ് വന്നാലുടനെ മിക്സ് ചെയ്തു തുടങ്ങാം, പിന്നെ, ബേക്കിംഗ്-
"സര്‍, ഒന്നു മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യൂ..."
"ഓക്കെ...ദാ ഇപ്പൊ..."
ആഹാ, സര്‍വത്ര വെളിച്ചം...ക്രിസ്മസ് സ്റ്റാറിനും പുതുജീവന്‍!
"താങ്ക് യു"
"ഇതെന്താ അങ്കിള്‍, കേക്ക് ഉണ്ടാക്കാനുള്ള പുറപ്പാടാണോ?"
"അതെ, കുറച്ചു നേരം ഇരുന്നാല്‍ കഴിച്ചിട്ടു പോകാം..."
"ഓ, അതിനെന്താ, ഞാനും കൂടാം..."
....
....
"അങ്കിള്‍, ദാ, എല്ലാം മിക്സ് ചെയ്തു മൈക്രോവേവില്‍ വെച്ചു കഴിഞ്ഞു. ചൂട് സെറ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ കേക്ക് റെഡി! എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ"
"അല്ല, കഴിച്ചിട്ടു പോയാല്‍ പോരെ...?"
"സോറി അങ്കിള്‍, കുറച്ച് തിരക്കുണ്ട്. പിന്നീടാവാം..."
"അല്ല, മോള്‍ടെ പേരു പറഞ്ഞില്ലല്ലോ?"
"റോസ്‌മേരി, എല്ലാരും മേരി എന്നു വിളിക്കും..."
.....
അങ്ങനെ, ക്രിസ്മസ് നന്നായി കഴിഞ്ഞു, കുറച്ചു ബന്ധുക്കളും മറ്റും മൊക്കെയായി ആഘോഷിച്ചു. പിന്നെ, മക്കളെയും കൊച്ചുമക്കളെയും ഒക്കെ വിളിച്ചു. ആശംസകള്‍ നേര്‍ന്നു
-ആ കുട്ടിയെ വിളിച്ച് ഒരു താങ്ക്സ് പറയേണ്ടതല്ലേ?. കേക്ക് കഴിച്ചവര്‍ക്കൊക്കെ ഇഷ്ടമായി. നന്നായിരുന്നു എന്നു പറയണം. അതെ, അത് ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലെങ്കില്‍ മറന്നു പോയാലോ?
"ഹലോ? KSEB ഓഫീസ് അല്ലേ?
"അതേലോ, ആരാ, എന്തു വേണം?"
"ആ റോസ്‌മേരിയെ ഒന്നു കിട്ടുമോ? പുതിയതായി ജോയിന്‍ ചെയ്ത കുട്ടിയാണ്. ഞാന്‍ ജോസഫ്, സ്കൂള്‍ കഴിഞ്ഞു നാലാമത്തെ വീട്"
"റോസ്‌മേരിയൊ? ഏതു റോസ്‌മേരി? സര്‍, അങ്ങനെയോരാളില്ലല്ലോ ഇവിടെ..."
"മേ..രി എന്ന പേരില്‍ ആരെങ്കിലും ഉണ്ടോ?"
"ഇല്ല സര്‍, ആ പേരില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല"
-ങേ?
ശബ്ദം തൊണ്ടയില്‍ കുരുങ്ങി. രോമകൂപങ്ങള്‍ എഴുന്നു നിന്നു.
ഫോണ്‍ താഴെ വെച്ചു, ജോസഫ് ഞെട്ടലോടെ തിരിഞ്ഞു എതിര്‍ ചുമരിലേക്കു നോക്കി!
മൗണ്ട് മേരി മാതാവിന്റെയും മേരിക്കുട്ടിയുടെയും ചിത്രങ്ങള്‍. മുന്നില്‍ താഴെ മെഴുകുതിരികള്‍ നിറഞ്ഞ ശോഭയോടെ കത്തുന്നു.
ഒരു നിറകണ്‍ ചിരിയോടെ, ആ ചിത്രങ്ങളിലേക്ക് നോക്കി അയാള്‍ പതുക്കെ ചോദിച്ചു:
"- നിങ്ങളിലാരായിരുന്നു അത്...?"
*****
https://www.facebook.com/photo.php?fbid=1128719720471753&set=pb.100000012060771.-2207520000.1466505861.&type=3&theater

