ക്രമസമാധാനം:
രാത്രിയുടെ മൂന്നാം യാമം. മഴ വീഴുന്നുണ്ട്, ചെറിയ പിശറന്‍ കാറ്റും.
ഇടയ്ക്കിടെയുള്ള ഇടിമിന്നലില്‍, മഴ വീണ കൂറ്റന്‍ കരിമ്പനയുടെ ഇലകള്‍ തിളങ്ങിയാടി.
പനംപട്ടകള്‍ തീര്‍ത്ത കട്ട പടിച്ച ഇരുട്ടില്‍, മിന്നല്‍, പ്രകാശ വീചികള്‍ തീര്‍ത്തു. എന്തോ കണ്ടു ഭയന്ന കടവാവലുകള്‍ ചിറകടിച്ചു പറന്നു. കരിമ്പനയുടെ താഴെ, ഗ്രാമപാതയിലൂടെ തെരുവുനായ്ക്കള്‍ ഓരിയിട്ടുകൊണ്ട് പാഞ്ഞു പോയി. ചീവിടുകള്‍ പെട്ടെന്ന് നിശബ്ദരായി. കാറ്റിന്‍റെ ശക്തി കൂടി.
തൊട്ടടുത്ത് നില്‍ക്കുന്ന ഏഴിലം പാലയില്‍ നിന്നും നിന്നും യക്ഷി പതിയെ ഊര്‍ന്നിറങ്ങി.
-പ്രകൃതി ലോല പ്രദേശങ്ങളുടെ വര്‍ഗീകരണത്തില്‍ പ്രതിഷേധിച്ചു ദിവസങ്ങളോളമായി നടക്കുന്ന ഹര്‍ത്താല്‍, ജനജീവിതത്തെ മാത്രമല്ല യക്ഷിയെയും ബാധിച്ചിരുന്നു.
പട്ടിണിയകറ്റാന്‍ ഇപ്പോള്‍ മാടിന്‍റെയും പട്ടിയുടെയും പെരുച്ചാഴിയുടെയും വരെ രക്തം കുടിക്കും. ആ മലയോര ഗ്രാമത്തില്‍ മാടുകളുടെ കഴുത്തില്‍ മുറിവുണ്ടായത് കണ്ടവരുണ്ട്. നാലു ദംഷ്ട്രകള്‍ ആഴ്നിറങ്ങിയ പാടുകള്‍!
ഇന്നെങ്കിലും മനുഷ്യ രക്തം കുടിക്കണം. പുരുഷ രക്തം പ്രേതാത്മാവിനൊരു ഉത്തേജനമാവട്ടെ! ഒത്താല്‍ രണ്ടെണ്ണമെങ്കിലും അകത്താക്കണം. മനുഷ്യ രക്തം കുടിക്കാനുള്ള ആര്‍ത്തി യക്ഷിയുടെ കണ്ണില്‍ ജ്വലിച്ചു.
പുരുഷരക്തം തേടി യക്ഷി, പനങ്കുല പോലത്തെ മുടി അഴിച്ചിട്ട്, വെളുത്ത സാരിയും ചുവന്ന കുപ്പിവളകളും ധരിച്ച യുവ സുന്ദരിയായി രൂപം മാറി, ഗ്രാമപതയിലൂടെ ഒഴുകി നീങ്ങി...
****
മഴയില്‍ അങ്ങിങ്ങായി ചോര്‍ന്നൊലിക്കുന്ന ആ
കെട്ടിടത്തിനു വെളിയില്‍ മുകളിലായി മുനിഞ്ഞു കത്തുന്ന ബള്‍ബ്. പാതിയടര്‍ന്ന ബോര്‍ടില്‍ ചുവന്ന അക്ഷരങ്ങള്‍ : ".......പോലീസ് സ്റ്റേഷന്‍"
വരാന്തയില്‍, അരണ്ട വെളിച്ചത്തില്‍ രണ്ടു പേര്‍ എന്തോ കാര്യമായ ചര്‍ച്ചയിലാണ്. മുന്നില്‍, ഒരു ടീപോയിന്മേല്‍ പ്ലേറ്റുകളും മദ്യക്കുപ്പിയും പാതി നിറഞ്ഞ ഗ്ലാസ്സുകളും. അകത്തേക്കുള്ള വാതിലിനു മുന്നില്‍ പാറാവു നില്‍ക്കുന്ന പോലിസു കാരന്‍ ഉറക്കം തൂങ്ങുന്നുണ്ട്.
".....ദാ, പൊറോട്ടയും ചിക്കനും. നാലു പൊറോട്ട എനിക്കും, രണ്ടു പൊറോട്ട നിനക്കും; പിന്നെ, ചിക്കന്‍... "
"കഷ്ണം സാറിനും, പകുതിച്ചാറെനിക്കും..."
" അതെ; ജബ്ബാറെ, എഡോ, ജബ്ബാറെ. തനിക്കുള്ള പാര്‍സല്‍ എന്‍റെ മേശയില്‍ ഇരുപ്പുണ്ട്, എടുത്തു ആ സെല്ലില്‍ പോയിരുന്നു കഴിച്ചോ... പിന്നെ, ഇന്ന് നൈറ്റ് ഡ്യൂട്ടിക്കാര് കുറച്ചു വൈകിയേ വരൂ..."
"എസ് സര്‍" പാറാവ് നിന്നിരുന്ന ജബ്ബാര്‍ അകത്തേക്ക് പോയി.
"അപ്പോള്‍, പറഞ്ഞത് മനസ്സിലായല്ലോ? ആ DySP യെ അങ്ങു തീര്‍ത്തെക്കണം, ആ പുലിവാലുമോന്‍ എനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുമത്രേ! ചെയ്‌താല്‍ എന്‍റെ തൊപ്പി പോവും... പിന്നെ, ഒരു കുഞ്ഞു പോലും അറിയരുത്..."
" ഹ, അതിനല്ലേ, സാറേ, നമ്മുടെ സഖാവ് പറഞ്ഞ ബംഗാള്‍ മോഡല്‍. ഇപ്പോള്‍, ഞങ്ങള്‍ കൊട്ടേഷന്‍കാര് മുഴുവന്‍ അതല്ലേ ഫോളോ ചെയ്യുന്നത്...!?"
" ബംഗാള്‍ മോഡലോ?, ഒന്നു തെളിയിച്ചു പറയടോ?" ഏമാന്‍ അക്ഷമനായി.
" ജീവനോടെ ഒരു ചാക്ക് ഉപ്പും ഇട്ടു മൂടും, ഒരു തുള്ളി ചോര പോലും പൊടിയത്തില്ല.. ഒരു കുഞ്ഞു പോലും അറിയത്തില്ല സാറേ!"
"ആണോ, എന്നാല്‍ ഒക്കെ! പിന്നെ, എവിടെയാ കുഴി വെട്ടുന്നത്?!"
" എപ്പോ വെട്ടിക്കഴിഞ്ഞുന്നു ചോദിക്ക് സാറേ, ആ പനമുക്കിലെ കൂറ്റന്‍ കരിമ്പനയുടെ താഴെയുള്ള പൊന്തക്കാടില്ലേ, അതിനുള്ളില്‍... ഒരു ചാക്ക് ഉപ്പും അവിടെ ഇറക്കി, പ്ലാസ്റ്റിക് കവര്‍ ഇട്ടു മൂടി വെച്ചിട്ടുണ്ട്."
"അപ്പൊ, എല്ലാം കൂടി എന്ത് ചെലവ് വരും?"
"ഇരുപതു ലക്ഷം."
ഏമാന്‍റെ കൈ പതുക്കെ, അരയിലെ സര്‍വീസ് റിവോള്‍വറിലേക്ക് നീണ്ടു "ഇരുപതു ലക്ഷമോ? എന്തായിത്? വെള്ളരിക്കാപ്പട്ടണമോ"ഏമാന്‍ മുരണ്ടു.
"സാറെ, ഞങ്ങള്‍ രണ്ടു വണ്ടിയിലായി എട്ടു പേരുണ്ടാവും. ഒരാള്‍ക്ക് രണ്ടു ലക്ഷമെങ്കിലും കൊടുത്തില്ലെങ്കില്‍ പിള്ളേര് പിന്നെ പണിക്ക് വരത്തില്ല...! പിന്നെ, DySP ആളൊരു പുലിയാ, അപ്പൊ റേറ്റ് കൂടും..."
"ഉം, ശെരി, ഇരുപതെങ്കില്‍ ഇരുപതു, സംഗതി, എവിടെ വച്ച് തട്ടും?"
"നമ്മുടെ ഹൈസ്കൂളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്യാന്‍ പുള്ളി നാളെ വൈകീട്ട് വരുന്നുണ്ട്. വേറെയും ചില പരിപാടികളുണ്ട്. തിരിച്ചു പോകുമ്പം രാത്രി വൈകും. വഴിയില്‍, ആ പനമുക്കിനു മുമ്പായി കാര്യം നടത്താം."
കരാര്‍ ഉറപ്പിച്ചു എഴുന്നെല്‍ക്കാനാഞ്ഞ രണ്ടു പേരും ഇടിമിന്നലില്‍ പുറത്തെ കാഴ്ച്ച കണ്ട് അമ്പരന്നു.
മഴയില്‍ നനഞ്ഞൊട്ടി, അതി സുന്ദരിയായ മാദകത്വം തുളുമ്പുന്ന ഒരു യുവതി !!!
ശൃംഗാര ഭാവത്തില്‍, കാതര ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു:
"...ചുണ്ണാമ്പുണ്ടോ?"
"ചുണ്ണാമ്പോ?, പൊറോട്ട...യുണ്ടാവും" ഏമാന്‍.
"കേറിവാ, നമുക്ക് സംഘടിപ്പിക്കാം!" കൊട്ടേഷന്‍ നേതാവ് ഏമാനെ നോക്കി കണ്ണിറുക്കി. മദ്യലഹരിയിലും രണ്ടു പേരുടെയും കണ്ണുകള്‍ തിളങ്ങി.
യുവതി അന്ന നടയായി അകത്തേക്ക്. കാലുകള്‍ കട്ടിളപ്പടിക്ക് മുകളിലൂടെ ഒഴുകിയത് ആരും കണ്ടില്ല.
'ക്രമസമാധാന പാലകര്‍' രണ്ട് പേരും എഴുന്നേറ്റു നടന്നു... അകത്തേക്ക്...!!
******
-പിറ്റേന്ന് രാവിലെ ഗ്രാമപാതയിലൂടെ നടന്നു പോവുകയായിരുന്ന ചിലര്‍ ആ കാഴ്ച്ച കണ്ടു.
കരിമ്പന മുക്കിനു താഴെ, ജീപ്പിന്‍റെ പിന്‍ ചക്രത്തിന്‍റെ പാടുകള്‍ക്കിടയില്‍ വെളുത്ത സാരിയും അടി വസ്ത്രങ്ങളും!!!
ഏഴിലം പാലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളാല്‍, മണ്ണില്‍ പുതഞ്ഞിരുന്ന ചുവന്ന കുപ്പിവളപ്പൊട്ടുകള്‍ തെളിഞ്ഞു വരുന്നുണ്ടായിരുന്നു... !
*******
https://www.facebook.com/photo.php?fbid=800948903248838&set=pb.100000012060771.-2207520000.1466506247.&type=3&theater