Wednesday, 14 May 2014

ക്ലീന്‍ കേരള:















-ഗേറ്റടച്ച് പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് എന്തോ കാലില്‍ തട്ടിയത്.

നോക്കുമ്പോള്‍ ഒരു ചത്ത എലി!

അതിനെകൂടി ഒരു ഉണക്കയില കൂട്ടിപ്പിടിച്ച് എടുത്ത് പ്ലാസ്റ്റിക്‌ കവറില്‍ നിക്ഷേപിച്ച് അയാള്‍ പുറത്തിറങ്ങി.

നേരം പരപരാ വെളുക്കുന്നതെയുള്ളൂ.

പത്രം ഈണത്തില്‍ നീട്ടിയെറിഞ്ഞു, ബെല്ലടിച്ചു കൊണ്ട് സൈക്കിള്‍ കടന്നു പോയി. പുറകെ ഒരു കാറും. തലേന്നു പെയ്ത വേനല്‍ മഴയില്‍ കൊഴിഞ്ഞ ഇലകള്‍ തീര്‍ത്ത ചുഴലിയില്‍ അയാളുടെ കാഴ്ച മങ്ങി. പ്രകൃതി അയാളെ അയാളെ തടയാന്‍ ശ്രമിക്കുകയാണോ?

 എതിരെ വരുന്നയാളെക്കണ്ട് അയാള്‍ ഒന്ന് പരുങ്ങി.

-ഇപ്പോള്‍ എന്തെങ്കിലും ചൊറിയും.

"അല്ല, സാറ് രാവിലെ മോണിംഗ് 'വീക്കി'നിറങ്ങിയതായിരിക്കും..."

"അതെ!, രാവിലെ അല്പം നടത്തം ആരോഗ്യത്തിനു നല്ലതാണല്ലോ?" -മോണിംഗ് വാക്ക് എന്ന് തന്നെയല്ലേ പറഞ്ഞത്?

"ശെരിയാ,അല്ല, ഇതെന്താ കവറില്‍?"

"ഇതോ, ഇതു വെറുതെ..."

"ഊം, ഉം..." എതിരെ വന്നയാള്‍ ഒന്നിരുത്തി മൂളി കടന്നു പോയി.

നാശം! എല്ലാ ദിവസവും കാണുന്നതല്ലേ? പിന്നേം ഒരു ചോദ്യം! ഈ വൃത്തി കെട്ട ശീലങ്ങളില്‍ നിന്ന് മലയാളി എന്ന് മോചനം നേടും?

വിജനമായ അടുത്ത വളവിലെത്തിയപ്പോള്‍ അയാള്‍ പതിയെ ചുറ്റും നോക്കി.

തെരുവ് നായ്ക്കള്‍ അയാളെക്കണ്ട് വാലാട്ടിക്കൊണ്ട് എഴുന്നേറ്റു നിന്നു.

പിന്നെ, പതിയെ ആ കവര്‍ റോഡു വക്കിലിട്ടു അയാള്‍ തിരിഞ്ഞു നടന്നു.

നായ്ക്കളുടെ കടി വലിയില്‍ കവര്‍ കീറി ഗാര്‍ഹിക മാലിന്യങ്ങള്‍ എല്ലാം നടു റോഡില്‍ ചിതറി.

ആര്‍ത്തി ശമിച്ചപ്പോള്‍ ശേഷിച്ച പഴകിയ ചിക്കന്‍ പിസയും, അയലമുള്ളും, ചത്ത എലിയും, നടു റോഡില്‍ ബാക്കിയായി.

ചത്ത എലിയുടെ വാല്‍ ഒരു ചോദ്യ ചിഹ്ന രൂപത്തില്‍ വളഞ്ഞു കിടന്നു.

മലയാളിയുടെ പരിസര ശുചിത്വ ബോധത്തിന് നേരെയുള്ള ഒരു വലിയ ചോദ്യ ചിഹ്നം പോലെ!

*******

https://www.facebook.com/photo.php?fbid=799552896721772&set=pb.100000012060771.-2207520000.1466506252.&type=3&theater

No comments:

Post a Comment