-മ്യാവൂ....മ്യാവൂ...
"എന്തേ, നിന്‍റെ പൂച്ചകള്‍ക്ക് ഇന്നു പതിവില്ലാത്ത ഒരു കൂട്ടക്കരച്ചില്‍...?"
-മീന്‍ വൃത്തിയാക്കുമ്പോ ഇതുള്ളതാണ്...ഇങ്ങേര് ഇത് വല്ലതും കാണാറു പതിവുണ്ടോ...?!
"ഈ പൂച്ചകളേ... ഞാന്‍ കടിക്കാനും, മാന്താനും പരിശീലിപ്പിക്കുകയാണ്...!"
"അവറ്റകള്‍ക്ക് ജന്മസിദ്ധമായി ആ കഴിവുണ്ട്...നിന്‍റെ വക പ്രത്യേക പരിശീലനമൊന്നും വേണമെന്നില്ല...."
-ഓ!
"അതല്ല, എന്‍റെ ശത്രുക്കളെ ആക്രമിക്കാന്‍ പരിശീലിപ്പിക്കും എന്നാണുദ്ദേശിച്ചത്..."
"ഓഹോ! എന്നിട്ടെന്തിനാണാവോ?"
-പരിഹാസം!
"പേടിക്കണ്ട, നിങ്ങളെ, തല്ക്കാലം ഒന്നും ചെയ്യില്ല... എന്‍റെ അമ്മായിയമ്മയെ ഒരു പാഠം പഠിപ്പിക്കണം ....എന്നെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്..."
"അതു ശെരി, അപ്പൊ, നാട്ടിലുള്ള എന്‍റെ അമ്മക്കെതിരെയാണ് പടപ്പുറപ്പാട്..."
"അതെ, പക്ഷേ, അമ്മായിയമ്മയെക്കണ്ട് ഇതുങ്ങള്‍ വിരണ്ടോടുമോ എന്നാണ് ആശങ്ക...."
"അതുണ്ടാവില്ല, അവറ്റകള്‍ നിന്നെ കണ്ടു ശീലിച്ചതല്ലേ?
- ദേ, പിന്നേം...! കൂടെ, പതിവുപോലെ ചിരിയില്‍ ഒരു ലോഡ് പുച്ഛം!!!
അങ്ങനെ പൂച്ചകള്‍ ഞങ്ങളുടെ ദിവസേനയുള്ള കുഞ്ഞു കുഞ്ഞു വഴക്കുകളുടെയും ഒരു ഭാഗമായിത്തീര്‍ന്നു.
കഴിഞ്ഞ ശൈത്യകാലത്ത് എവിടെ നിന്നോ വന്നു കൂടിയതാണ് തള്ളപ്പൂച്ചയും രണ്ടു കുഞ്ഞുങ്ങളും.
നാട്ടില്‍ നിന്നു വന്നിട്ട് അധികമായിരുന്നില്ല.
കൂടാതെ, പുതിയ സ്ഥലവും. ഭാഷയും വട്ടപ്പൂജ്യം. അതുകൊണ്ട് ഒറ്റക്ക് പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട.
ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാവും.
-എത്ര നേരം ടിവി കാണും.?
-ആര്‍ക്കൊക്കെ ഫോണ്‍ ചെയ്യും?
അങ്ങനെ ജീവിതം വിരസമായി നീങ്ങുന്നതിനിടയിലാണ് അതു സംഭവിച്ചത്.
-പരമ കാരുണ്യവാനായ സ്രഷ്ടാവ് ആചന്ദ്രതാരം വാഴട്ടെ!
ഒരു ദിവസം, രാവിലെ അടുക്കളക്ക് പുറകില്‍, വരാന്തയില്‍, മീന്‍ വൃത്തിയാക്കുകയായിരുന്നു....
എന്തോ അനക്കം കേട്ടു നോക്കുമ്പോഴുണ്ട്, ചുമരിനപ്പുറത്തെ, ഉപേക്ഷിക്കപ്പെട്ട പഴയ സോഫക്കു പിന്നില്‍ നിന്നും മൂന്നു തലകള്‍ ഒളിഞ്ഞു നോക്കുന്നു.
ദൈന്യമാര്‍ന്ന ആറു കണ്ണുകള്‍!
"ആഹാ! ആരൊക്കെയാ ഇത്? കേറി വാടാ മക്കളെ, വാ ഇരിക്ക്...കഴിക്കാന്‍ ചാള(മത്തി) തല എടുക്കട്ടെ?"
അങ്ങനെ കിന്നാരം കാടു കയറി.
അതൊരു പതിവായി. അറബിയില്‍ 'കിറ്റാ' എന്നാണ് പറയുകയത്രേ! അങ്ങനെ, പേരും ഇട്ടു - കിറ്റൂസ് (ഇംഗ്ലീഷില്‍ Kitten - വലിയ വ്യത്യാസമില്ല!)
അതുങ്ങളോട് എല്ലാം പറയും. നാട്, വീട്, കൂട്ടുകാര്‍... എല്ലാം. അവര്‍ക്ക് എല്ലാം മനസ്സിലാവും.
ചിലപ്പോള്‍ കണ്ണടച്ച് കാണിക്കും. (ബോറടിച്ചു, മതിയാക്ക് എന്നാണ് അര്‍ത്ഥം.)
ഈ പീഡനം അസഹ്യമാവുമ്പോള്‍ വാലാട്ടും. ദേഷ്യം!
ചിലപ്പോള്‍ നടക്കുന്നതിനിടയിലും മുട്ടിയുഴിയാന്‍ മത്സരിക്കും. അറിയാതെ ചവിട്ടിപ്പോകുമോ എന്നു ഭയം തോന്നും.
മിക്കവാറും എല്ലാ ദിവസവും നമുക്ക് മീനില്ലാതെ പറ്റില്ല.
ബുര്‍ജ് ഖലീഫക്കടുത്തുള്ള ദുബായ് മാള്‍-ല്‍ നിന്നോ ഫിഷ് മാര്‍ക്കറ്റില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഷെയ്ക്ക് സയ്യദ് റോഡ് വഴി പോകണം.
ചാള, കൂന്തല്‍, ആവോലി എന്നിങ്ങനെ.
അത്ഭുതം അതല്ല, അതുങ്ങള്‍ക്കും ചാളയാണ് പ്രിയം.
തന്നെക്കാള്‍ പൂച്ചകളെയാണ് നോക്കുന്നതെന്നാണ് ഇപ്പോഴത്തെ പരാതി.
എന്നാലും ആള്‍ക്കും ഇഷ്ടമാണ് - "നിനക്കൊരു കൂട്ടായല്ലോ?"എന്നും പറയും.
-ചിന്തകള്‍ കാടു കയറുന്നു.
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ അമ്മയ്ക്കും അനിയനും, അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്കും ഗിഫ്റ്റ് സ് വാങ്ങി. കൂട്ടത്തില്‍ പൂച്ചക്കുട്ടിയുടെ പടമുള്ള ഈ ഹാന്‍ഡ് ബാഗും.
14:40hrs ന്‍റെ ദുബായ് -കൊച്ചി എമിരേറ്റ്സ് ഫ്ലൈറ്റ് -നാണ് ടിക്കറ്റ്. ചെക്ക്-ഇന്‍ ചെയ്യാന്‍ ഇനിയും സമയമുണ്ട്.
-അതുങ്ങള്‍ക്ക് ഇനി ആരു ഭക്ഷണം കൊടുക്കും.
-പരിചയക്കാരെ എല്പ്പിക്കാമെന്ന് വെച്ചാല്‍ പറ്റിയ ആരെയും കിട്ടിയുമില്ല. അന്വേഷിക്കാന്‍ തരപ്പെട്ടില്ല എന്നതാണ് ശരി.
- DMVS (Dubai Municipality Veterinary Services) നിയമമനുസരിച്ച് Microchip, ID Tag എന്നിവ ചെയ്യണം. Vaccination-നും നിര്‍ബന്ധമാണ്. ഒരു ഡോസ് FVRCP vaccine cocktail (for cats) മതിയാകും. പക്ഷെ, ഇതൊന്നും ഗൌരവമായി എടുത്തില്ലല്ലോ!
-ഒരു മാസത്തിനു ശേഷം തിരിച്ചു വരുമ്പോ എന്താകും അവസ്ഥ?
- പട്ടിണി കിടന്നു....പട്ടിണി കിടന്ന്.... ഹോ!
ഉടമസ്ഥരില്ലാത്ത മൃഗങ്ങളെ കണ്ടു കിട്ടിയാല്‍ എട്ടു ദിവസം സൂക്ഷിച്ചതിന് ശേഷം ദയാവധം (Euthanasia) നടത്തണമെന്നാണ് ഇവിടത്തെ നിയമം.
- എട്ടു ദിവസം.!!
-ദയാവധം...!!!
ഒന്നും വേണ്ടിയിരുന്നില്ല.
-ഈശ്വരാ ന്‍റെ കിറ്റൂസിനു ഒരാപത്തും വരുത്തല്ലേ...!
ഡിപാര്‍ചര്‍ ലോഞ്ചില്‍ തിരക്കു കൂടി വരുന്നു. കണ്‍കോണിലെ നനവ് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ?
...ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടോ?
...ചെറുതായി തല കറങ്ങുന്നോ?
...മടിയിലെ ഹാന്‍ഡ് ബാഗിലിരുന്ന് കിറ്റൂസ് ഉറ്റുനോക്കുന്നു?!
...ഭയം നിറഞ്ഞ കണ്ണുകളോടെ ദയനീയമായി ഇങ്ങനെ ചോദിക്കുന്നു!!!
"എന്നെ ഉപേക്ഷിച്ചു പോകുകയാണല്ലേ.....????!!!!"
******
https://www.facebook.com/photo.php?fbid=1013507278659665&set=pb.100000012060771.-2207520000.1466505989.&type=3&theater