വാര്‍ദ്ധക്യം നമ്മില്‍ നിന്നും പലതും നിര്‍ദ്ദയം അടര്‍ത്തി മാറ്റും, നിശ്ചയം.
ഓര്‍മ്മകള്‍ ഊര്‍ന്നു പോകും, കൈകുമ്പിളിലെ ദാഹജലം പോലെ!
കാഴ്ചയെ കണ്ണില്‍ നിന്നും ചൂഴ്ന്നെടുത്ത് കയ്യാലപ്പുറത്ത് വയ്ക്കും.
ഇതൊന്നുമറിയാതെ, നനഞ്ഞ ഇമയനക്കങ്ങളില്‍ കണ്‍പീലികള്‍ നൃത്തം തുടരും.
കര്‍ണ്ണപുടങ്ങള്‍ക്കു മുന്‍പില്‍ തടയണകള്‍ തീര്‍ത്ത് ശബ്ദവീചികളെ തിരിച്ചയക്കും.
നാവിലെ മൂവായിരം മുകുളങ്ങളും മുളയിലെ നുള്ളിയെടുക്കുന്നതിന്റെ നോവ് നാമറിയും.
അങ്ങനെ, രസച്ചരട് പൊട്ടിയ വിശപ്പെന്ന പട്ടം പതിയെ പതിയെ താഴ്ന്നമരും.
മഴയും വെയിലും മഞ്ഞും അസഹനീയമാകും കാലം, മനസ്സ് സാന്ത്വനത്തിന് കൊതിക്കും, കാതോര്‍ക്കും.
തിക്കിത്തിരക്കി 'വയ്യായ്യ'കള്‍ ദേഹത്ത് കുടിപാര്‍ക്കാനെത്തും; ജരാനരയും, മരുന്നും, മന്ത്രവും അവയോട് കൂടിക്കഴിയും.
ഒടുവില്‍, വാര്‍ദ്ധക്യമൊരുക്കിയ വീഥിയുടെ അവസാനത്തെ പടവില്‍, ദേഹിയും ദേഹവൂം ഉപചാരം ചൊല്ലിപ്പിരിയും.
No comments:
Post a Comment