വന്ദേഹം ഗണനായകം:
"ഉമേ,..ടിഫിന്‍ ഇതുവരെ ആയില്ലേടീ...?" ശിവനുണ്ണി ഡ്യൂട്ടിക്ക് പോ കാനുള്ള തിരക്കിലാണ്.
നഗരത്തിലെ പുതിയ 'മള്‍ടിപ്ലെക്സ്' -ല്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ബിരുദധാരിയാണെങ്കിലും സര്‍ക്കാര്‍ ജോലിയും നോക്കി വേഴാമ്പലിനെപ്പോലെ കാത്തിരിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. തല്ക്കാലം കിട്ടുന്ന ജോലിക്കു പോവുക തന്നെ.
"ആയി...ദാ, വരുന്നൂ...ഉണ്ണ്യേട്ടാ...ഈ ചെക്കന്‍ തീരെ സൊയ് ര്യം തര്ണില്ല്യ...." ഇളയവന്‍ വിഘ്നേഷ് എന്തിനോ വേണ്ടി വാശിപിടിക്കുകയാണ്.
"അപ്പുറത്തെ ചേച്ചിയോടിന്നലേം പറഞ്ഞതാ, അവരുടെ മോന്റെ കയ്യില്‍ ഈ വക ഒന്നും കൊടുത്ത് ഇങ്ങോട്ട് വിടരുതെന്ന്...അതു കണ്ടാലപ്പോ ഇവിടേം തുടങ്ങും....തോറ്റു ഞാന്‍..."
"സാരല്യ, അയല്‍പക്കമാവുമ്പോ ഇതൊക്കെയുണ്ടാവും....എന്താ, മോനിപ്പോ വേണ്ടത്...?!"
"ചെവിയില്‍ പറയാം, അല്ലെങ്കില്‍, ആ വാക്കു കേട്ടാല്‍ വീണ്ടും കരയാന്‍ തുടങ്ങും...ഒരു വിധത്തില്‍ സമാധാനിപ്പിച്ചിരിത്തിരിക്ക്യാ.." ഉമ ടിഫിന്‍ ബാഗും കൊണ്ട് ഓടി വന്നു, ചുടുനിശ്വാസവും വിയര്‍പ്പും രഹസ്യത്തോടൊപ്പം ചെവിയില്‍പകര്‍ന്നു...♡♥
"ഓ, ഇത്രേയുള്ളൂ?, രാത്രി വരുമ്പോ കൊണ്ട്വരാം...ഓക്കേ?, മോളെന്തിെയേ...?"
"അവളു പഠിക്ക്യാ..."
"ബൈ, അച്ഛാ...." ഹിമ, മോളാണ്, നാലാം ക്ലാസിലെ ആയുള്ളൂ എങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്. ഒന്നിനും ബുദ്ധിമുട്ടിക്കില്ല.
"ബൈ മോളൂ... പോട്ടെടീ...ഉമേ"
"പോയിട്ടു വരാന്നുപറ..."
"എന്നാ, പോയിട്ടുവരാം...പിന്നെ, ഓണത്തിന്‍റെ ഡ്രസ്സും സാധനങ്ങളും നമുക്ക് നാളെ നോക്കാം... ഓക്കേ...ശരി.."
-മിക്കവാറും ദിവസങ്ങളില്‍ വാഗ്ദാനം പാലിക്കാന്‍ കഴിയാറില്ല...അഥവാ കഴിഞ്ഞാല്‍ത്തന്നെ, വരുമ്പോഴേക്കും കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടുണ്ടാകും...അവള്‍ക്കുമറിയാം...ഇന്നെങ്കിലും കഴിയണേ എന്നവളും പ്രാര്‍ത്ഥിക്കുണ്ടാവും....
-ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍....കൈ വീശി ചിരിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ ഓര്‍ത്തു....പഴയതായാലും മതിയായിരുന്നു....ഈ ബസിന്റെ പുറകെയുള്ള ഓട്ടം ഒഴിവാക്കാമായിരുന്നു.... തവണ വ്യവസ്ഥയില്‍ ഒന്നു വാങ്ങാം
എന്നു കരുതിയിരിക്കുമ്പോഴാണ് വീട്ടുടമ വാടകകൂട്ടിയത്... അതോടെ അതും പാളി. ഇനിയിപ്പോ... ആ നോക്കാം... ഉമ തയ്യല്‍ തുടങ്ങിയിട്ടുണ്ടല്ലോ? അതൊന്നു പച്ച പിടിക്കട്ടെ... ഇന്നെന്തായാലും 8:25 ന്‍റെ 'മേരി മാത' തന്നെ പിടിക്കണം. അല്ലെങ്കില്‍ തിരക്കാവും.
********
വിശാലക്ഷി ടീച്ചര്‍ സന്തോഷത്തിലാണ്...
മക്കള്‍ രണ്ടു പേരും കുടുംബത്തോടെ വിദേശത്തു നിന്നും എത്തിയിട്ടുണ്ട്...പോരാത്തതിന് രണ്ടു ദിവസംകഴിഞ്ഞാല്‍ ഓണമല്ലേ... ഇന്നു മൂലം...പൂരാടം, ഉത്രാടം...പിന്നെ...
ഊണ് കഴിഞ്ഞിരിക്കുമ്പോഴാണ് രണ്ടാമത്തവന് ഒരു ഐഡിയ!
"നമ്മുക്ക്, സിനിമക്ക് പോയാലോ ചേട്ടാ....
"പോണോ, പൂവാം, ഫസ്റ്റ് ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്തോ..അച്ഛനും, അമ്മയും, നമ്മള്‍ നാലു പേരും....പിന്നെ പിള്ളേരും... ആറും നാലും പത്ത് എണ്ണം, എതാ ആപുതിയ ബ്രഹ്മാണ്ഡ ചിത്രം? 250 കോടിയോ, എത്രയാ...അതന്നെയാവട്ടെ, കുറയ്ക്കണ്ട.. "
ഇതാണ് ചേട്ടനും അനിയനും...രണ്ടു പേരുടെയും കല്യാണംകഴിഞ്ഞു ഈരണ്ടു കുട്ടികളായെങ്കിലും ഒരുമാറ്റവുമില്ല. വന്ന മരുമക്കളും അതു പോലെ തന്നെ..ഭാഗ്യം... ഇതങ്ങട് നിലനിര്‍ത്തി തരണേ...ഭഗവാനെ...വിഘ്നേശ്വരാ..!
പ്രഥമം വക്രതുണ്ഡം, ച ഏകദന്തം ദ്വിദീയകം
ത്രിതീയം കൃഷ്ണ പിംഗാക്ഷം ഗജ വക്രതം ചതുര്‍ത്ഥകം.
ലംബോധരം പഞ്ചമം ച ഷഷ്ടം വികടമേവച
സപ്തമം വിഘ്നരാജേന്ദ്രം ധൂമ്രവര്‍ണം തഥാഷ്ടമം
നവമം ഫാലച്ചന്ദ്രം ച ദശമം തുവിനായകം
ഏകാദശം ഗണപതിം ദ്വാദശം തുഗജാനനം
-അങ്ങനെയാണ് ഇന്നീ 'മള്‍ടിപ്ലെക്സ്' -ല്‍ എത്തിയത്.
എന്താ ഒരു പകിട്ട്! ആദ്യായിട്ടാ ഇതിന്‍റെ അകം കാണുന്നത്....
മുന്‍പ് പല തവണ സിനിമ കൊട്ടകകളില്‍ -ഉം മാര്‍ക്കറ്റ്-ലും പോയിട്ടുണ്ടെങ്കിലും ഇത് ഒരു അന്തം വിടുന്ന കാഴ്ച തന്നെ! 'ഷോപ്പിംഗ് മാളും' 'ഫുഡ് കോര്‍ട്ട്' ഉം മറ്റു പല വിനോദ ഉപാധികളും...എന്താ കഥ!
"എന്താ വിശാലം? ആകെ അന്തം വിട്ട മട്ടുണ്ടല്ലോ?, ഇതു നമ്മുടെ ചന്തക്കുന്നിലെ ചന്തയല്ല ല്ലേ?" വിജയന്‍ മാഷ്‌ടെ വക കുഞ്ഞു പാര.
"ഓ, അല്ലേ"
-കല്യാണം കഴിഞ്ഞ് ആദ്യം കണ്ട സിനിമ 'ചെമ്മീന്‍'. എന്തായിരുന്നു അന്നത്തെ അത്ഭുതം! മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രം. പിന്നെ, ഇടയ്ക്കിടെ കൊണ്ട് പോകും... ഇതിപ്പോ 250 കോടിയുടെ പടം എന്നൊക്കെയാ പറയണേ....കോടിക്കിപ്പോ കോടി മുണ്ടിന്‍റെ വില പോലും ഇല്ലാണ്ടെയായോ?
"വിശാലം ഇപ്പൊ 'ചെമ്മീന്‍' കണ്ട കഥയല്ലേ ആലോചിച്ചത്?"
"അയ്യട!...എങ്ങനെ മനസ്സിലായി?"
"അതൊക്കെ, മനസ്സിലായി....തകഴിയും, രാമു കാര്യാട്ടും സത്യനും, മധുവും, ഷീലയും ഒക്കെ തകര്‍ക്കുകയായിരുന്നില്ലേ...പിന്നെ, ഓടയില്‍ നിന്ന്, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, സ്വയം വരം... ഒരു കാലം"
- പടം കണ്ടു കഴിഞ്ഞാല്‍ പിന്നെ അതെക്കുറിച്ച് ഒരു അവലോകനമുണ്ടാവും ...അപ്പോഴാണ് മനസ്സിലാവുക ഇതിന് ഇങ്ങനെയും ഒരു വശമുണ്ടെന്ന്...
ഇപ്പൊ പിന്നെ, ടിവി യും മറ്റും വന്നതിനു ശേഷം അങ്ങനെ പോകാറില്ല. സ്വീകരണമുറിയില്‍ ഒതുങ്ങും.അതും മുഴുവന്‍ കണ്ടാലായി.
രണ്ടു പേര്‍ക്കും ചില്ലറ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷം പത്തു കഴിഞ്ഞില്ലേ? ഇദ്ധേഹത്തിനാണെങ്കില്‍ ഇപ്പൊ പതിനാറും കഴിഞ്ഞു. ഇനിയിപ്പോ പേരക്കുട്ടികളും കുറച്ചു കൃഷിയുമോക്കെയായി ശിഷ്ട കാലം അങ്ങ് കൂടണം.
ഈശ്വരാധീനം കൊണ്ട് ഇന്നു വരെ ഒരു പരാതിയുമില്ല. മക്കള്‍ രണ്ടു പേരും നല്ല നിലയിലായി. മരുമക്കളും കുടുംബത്തിനു ചേരുന്നവര്‍ തന്നെ.
മൂത്തവള്‍ക്കു വീടും പരിസരവും നല്ല അടുക്കും ചിട്ടയിലും വേണം.. നല്ലത്....
രണ്ടാമത്തവള്‍ക്ക്, പാചകത്തിലാണ് കൂടുതല്‍ താല്‍പര്യം. ഈ ചാനലും, വാരികയും എല്ലാം നോക്കി ചില്ലറ പരീക്ഷണങ്ങളും നടത്തും,
അങ്ങനെയാണ് കുറച്ചു ഉണ്ണിയപ്പം കയ്യില്‍ കരുതാം എന്നു തീരുമാനിച്ചത്. 'ഇടവേള' ആകുമ്പോള്‍ കുഞ്ഞു മക്കള്‍ക്ക് എന്തെങ്കിലും നേരമ്പോക്ക് ആവൂലോ? സംഗതി അങ്ങനെ വേറെ ആരോടും പറഞ്ഞുമില്ല. 'സര്‍പ്രൈസ്' ആയിക്കോട്ടെ! ഉണ്ണിയപ്പം എല്ലാവര്‍ക്കും ഇഷ്ടവുമാണല്ലോ? പണ്ടൊക്കെ, മുറുക്ക്, കുഴലപ്പം, അങ്ങനെ എല്ലാം കൊണ്ടോവുക പതിവായിരുന്നില്ലേ...?
-പിന്നെ, കുറേ നാളായി വിചാരിക്കുന്നു കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വഴിപാടായി കുറച്ചു ഉണ്ണിയപ്പം സമര്‍പ്പിക്കണം ന്ന്...ഇതുവരെ നടന്നില്ല... ഇത്തവണ എന്തായാലും വേണം. നടത്തണം
അടുക്കളയില്‍ രണ്ടാമത്തവളായിരുന്നു കൂടെ.
"മോളെ, ആ നെയ്യ് ചൂടാക്കി, അതില്‍ തേങ്ങാക്കൊത്തും, എള്ളും വ റുത്തെടുത്തോളൂ
-തേങ്ങാപ്പൂള്‍ വെളിയില്‍ കണ്ടാല്‍ പിന്നെ നാലും കൂടി അതില്‍ കമിഴ്ന്നു വീഴും. ഇങ്ങനെയുണ്ടോ ഒരു കൊതി? അല്ല, ആരും മോശല്ല.
"ശരിയമ്മേ...ഈ ശര്‍ക്കരപ്പാനി എന്താ ചെയ്യണ്ടേ...?" അറിയാഞ്ഞിട്ടല്ല, ന്നാലും, നമ്മുടെ ഒരു അഭിപ്രായം ചോദിക്കുന്നത് ഒരു സുഖല്ലേ, രണ്ടാള്‍ക്കും?
"അത് ആ അരിപ്പൊടി ചേര്‍ത്ത് കുഴച്ചു വെച്ചോളൂ.., അല്ലെങ്കില്‍ ഞാന്‍ ചെയ്യാം...മോളിത് വറുത്തെടുക്കാന്‍ നോക്കൂ...പെട്ടെന്നായിക്കോട്ടെ"
നന്ദിനി പശുവുള്ളത് കൊണ്ട് പാലിനും നെയ്യിനും മറ്റും ബുദ്ധിമുട്ടില്ല.
"ആ, ഇനി, ആ ചെറിയ ഡവറയിലിരിക്കുന്ന ഏലക്കാപ്പൊടി ഇങ്ങെടുത്തേ...." കുഴക്കുമ്പോ വെള്ളം കൂടിപ്പോകരുത്, ഇനി ഒരു നാല് - നാലര മണിക്കൂര്‍ കഴിഞ്ഞു ഉണ്ണിയപ്പ ചട്ടിയില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാം....
...അങ്ങനെ, വറുത്ത് ചൂട്ടോടെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ വെച്ചു. ഭദ്രം!
'മള്‍ടിപ്ലെക്സ്' -ല്‍ കയറാന്‍ നേരത്താണ് സെക്യൂരിറ്റി ചെക്ക്.
"വേഗമാകട്ടെ! വൈകി...ഇപ്പോള്‍ തുടങ്ങും....തുടക്കം മുതലേ കാണണം...." മൂത്തയാള്‍ തിരക്കുകൂട്ടന്‍ തുടങ്ങി.
"ദേ, പിള്ളേരെ നോക്കൂട്ടോ..." മരുമകള്‍.
മുന്നില്‍ സെക്യൂരിറ്റി. മുഖത്ത് കൃത്രിമ ഗൌരവം.
"ബാഗ് തുറന്നു കാണിക്കൂ..."
"അതെന്താ, ലേഡീസ് -നെ ചെക്ക് ചെയ്യാന്‍, ലേഡി സെക്യൂരിറ്റി ഇല്ലേ...? "
"സോറി, അവരിപ്പോ വരും... ബാഗു മാത്രമേ ചെക്ക് ചെയ്യൂ...ഇനി തിരക്കില്ലെങ്കില്‍ അങ്ങോട്ട് മാറി നിന്നോളൂ"
"വേണ്ട, തിരക്കുണ്ട്, ഇതാ..."
"എന്താ ഇത് പൊതിയില്‍?"
"അത്, കുറച്ചു ഉണ്ണിയപ്പം...."
-സെക്യൂരിറ്റി ഒന്നു ഞെട്ടിയോ?
"ഇത് അകത്തു കൊണ്ട് പോകാന്‍ പറ്റില്ല മേഡം, അലൌഡ് അല്ല...സ്നാക്സ് എല്ലാം അകത്തു കിട്ടും"
"ഉണ്ണിയപ്പം കിട്ട്വോ?"
"ഇല്ല, ബര്‍ഗര്‍, പോപ് കോണ്‍, സമൂസ ..."
"ശ്ശോ, ഇനിയിപ്പോ, എന്താ ചെയ്യാ, മാഷേ,..." കുഞ്ഞുങ്ങളും മക്കളും എല്ലാം നടന്നു കഴിഞ്ഞു... മാഷ് മാത്രം കാത്തു നില്‍പുണ്ട്. പണ്ട് അമ്പലത്തിന്‍റെ ക്ലാവ് പിടിച്ച ചുറ്റ് മതിലിനു വെളിയില്‍ നിന്നിരുന്ന അതേ ഉദ്വേഗ ഭാവം!
"പോട്ടെ, വിശാലം സാരല്യ,കൊടുത്തേക്കൂ, വരൂ വൈകണ്ട, അവര്‍ മുഷിയും..."
" ശെരി, ദാ, വെച്ചോളൂ, മോന് മക്കളുണ്ടോ?"
"ഉണ്ടല്ലോ, രണ്ടു പേരുണ്ട്..."
"നന്നായി, അവര്‍ക്ക് കൊടുത്തേക്കൂ, ഒരമ്മൂമ്മ തന്നതാണെന്ന് പറഞ്ഞാല്‍ മതിട്ടോ..."
സെക്യൂരിറ്റി മനസ്സില്ലാമനസ്സോടെ അത് വാങ്ങി... അയാള്‍ക്ക് അത് കടത്തി വിടണമെന്നുണ്ടായിരുന്നു...
"എന്താ മോന്‍റെ പേര്...? എവിടാ വീട്?"
"ശിവനുണ്ണി, സ്വന്തം നാട് കൊട്ടാരക്കര...."
"കൊട്ടാരക്കരയോ? ശിവ, ശിവ, ശരി, കാണാം ശിവനുണ്ണി,.." ടീച്ചര്‍ മാഷിനോപ്പം നടന്നു മറഞ്ഞു...
-ഉച്ചക്ക് ലഞ്ച് ബ്രേക്ക് -ല്‍ മോനു വേണ്ടി വാങ്ങാമെന്നു കരുതിയാണ് രാവിലെ ഉമയ്ക്ക് വാക്കു കൊടുത്തത്. തിരക്കു കാരണം കഴിഞ്ഞില്ല...ഇതിപ്പോ...എന്തായിത്...ഈ സത്രീയെ ക്കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ചത്...ഉമേ...നമ്മുടെ മോന്‍....?....ഭഗവാനെ, വിഘ്നേശ്വരാ...!!!
ശിവനുണ്ണിയുടെ കൃഷ്ണമണികള്‍ ഉണ്ണിയപ്പചട്ടിയിലെ ഉണ്ണിയപ്പം പോലെ പാതി മുങ്ങിയോ?
അതേ സമയം, അകത്തു സ്‌ക്രീന്‍ നമ്പര്‍ നാലില്‍, ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ആരംഭത്തിന്‍റെ അലയൊലികള്‍ മുഴങ്ങി...
*******
https://www.facebook.com/photo.php?fbid=1051134031563656&set=pb.100000012060771.-2207520000.1466505972.&type=3&theater

No comments:
Post a Comment