ഇതു വഴി ആംബുലന്‍സ് കടന്നു പോകുമ്പോള്‍ ബ്രൂണോ ഓരിയിടും. എല്ലായിപ്പോഴുമില്ല. അതാണു കൌതുകം!
ഇന്നും അതാവര്‍ത്തിക്കുമോ?!
നേരെ എതിരെ റോഡിനപ്പുറമുള്ള, റോസിലി ആന്റിയുടെ വീട്ടിലെ നായയാണ് ബ്രൂണോ.
റോസിലി ആന്റി തനിച്ചാണ് താമസം. മക്കള്‍ രണ്ടു പേര്‍ സ്റ്റേറ്റ്സ് ലാണ്. പിന്നെ, ഒരു മകളുള്ളത്. നാട്ടിലുണ്ട്. അവരുടെ മകന്‍ ഇടയ്ക്കു വന്നു നില്‍ക്കും - സാം ചേട്ടന്‍. പൊതുവേ നല്ല സ്വഭാവമാണ് എന്നാണ് തോന്നിയിട്ടുള്ളത്.
ആന്റിയുടെ വീട്ടില്‍ CCTV ഉള്‍പ്പെടെയുള്ള എല്ലാ
ആധുനിക സേഫ്ടി/സെക്യൂരിറ്റി ഉപകരണങ്ങളുമുണ്ട്. ദൂരെയുള്ള മക്കള്‍ക്ക് ഒരു മനസ്സമാധാനം ഈ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുണ്ടാവാം.
എന്നാല്‍ റോസിലിആന്റിക്ക് അതുണ്ടോ?
"എനിക്കു പേടിയാ മോളേ, ഇവിടെ ഒറ്റയ്ക്കിങ്ങനെ... എന്തേലും സംഭവിച്ചാല്‍ ആരറിയാനാ. പിന്നെ, സേഫ്ടി ഉപകരങ്ങളൊക്കെ ഉണ്ടായിട്ടെന്താ...? ഇതൊക്കെ മറികടക്കാന്‍ പറ്റിയ തന്ത്രങ്ങളൊക്കെ ഈ ക്രിമിനല്‍സ് ന്‍റെ കയ്യില്‍കാണും. എന്താ ആ കള്ളന്റെ പേര്? ബണ്ടി ചോറൊ? അങ്ങനെ ഏതാണ്ടാ...തലസ്ഥാനത്തെ ഏറ്റവും സുരക്ഷയുള്ള വീട്ടിലാണത്രേ മോഷ്ടിക്കാന്‍ കയറിയത്... എന്നിട്ട് എത്ര ദിവസം കഴിഞ്ഞാ പോലീസ് പിടികൂടുന്നത്? അപ്പൊ ഇതൊക്കെ അത്രേയുള്ളൂ..."
ബ്രൂണോയുടെ ഈ ശീലം ഏകദേശം രണ്ടുമാസം മുന്‍പാണ് ശ്രദ്ധയില്‍ പെട്ടത്.
അന്ന് വൈകുന്നേരം ഒരു ആറു മണിയായിക്കാണും. ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞുപോയി. ആംബുലന്‍സ് അടുത്തു വരുമ്പോഴേക്കും നായ ഓരിയിടാന്‍ തുടങ്ങി.
"ബ്രൂണോ, എന്താടാാ?..
മിണ്ടാതിരി"
റോസിലിആന്റി ബ്രുണോയെ ശാസിക്കുന്നത് ഇവിടെ കേള്‍ക്കാം.
അതത്ര കാര്യമായി തോന്നിയില്ല, മമ്മയുടെ ഫോണ്‍ വരുന്നതു വരെ.
"മോളെ, ഞാനല്‍പം വൈകും. ആകസിടെന്റ് കേസ്. ദാ ഇപ്പൊ...ഒരു പയ്യന്‍ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണത്രേ...!" ഫോണ്‍ കട്ടായി. തിരക്കിലായിരിക്കും എന്നറിയാവുന്നതു കൊണ്ടു തരിച്ചു വിളിച്ചില്ല.
- ആ പയ്യന്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമോ? അവന്‍റെ വീട്ടുകാര്‍ക്ക് എത്ര വിഷമമായിട്ടുണ്ടാവും?
പെട്ടെന്നാണ് ഈ ചിന്ത മനസ്സിലേക്ക് വീണത്....ഇതുവഴി കടന്നു പോയ ആംബുലന്‍സ്...ഇതായിരുന്നോ? ബ്രുണോ നിലവിളിച്ചത് എന്തിനായിരുന്നു?
ഉടനെ ഗൂഗിളില്‍ തിരഞ്ഞു...
Can dogs sense the supernatural?
Do Dogs Have Sixth Sense About People?
കിട്ടിയത് അമ്പരപ്പിക്കുന്ന ചില അറിവുകള്‍.
ചില നായകള്‍ക്ക് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമത്രേ.! ചിലതിനു മനുഷ്യ ശരീരത്തിലെ രാസ മാറ്റങ്ങളെയും അതുവഴി ചില രോഗ ലക്ഷണങ്ങളെയും തിരിച്ചറിയാന്‍ കഴിയും എന്നും റിപ്പോര്‍ട്ട് ഉണ്ട്.
കൊടുങ്കാറ്റിനു വളരെ മുന്‍പു തന്നെ നായകള്‍ അസ്വസ്ഥതകളും പെരുമാറ്റ വൈകല്യങ്ങളും പ്രകടിപ്പിചിട്ടുള്ളതായി ചില യജമാനന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇവയ്ക്ക് ആത്മാക്കളെ കാണാന്‍ കഴിയുമോ? മരണത്തെ മുന്‍കൂട്ടി കാണാന്‍ കഴിയുമോ?
അതിനു വ്യക്തമായ ഒരുത്തരം കിട്ടിയില്ല. തിരച്ചിലിന്റെ ശക്തി പോരാഞ്ഞിട്ടാവും.
ആകാംക്ഷയോടെ കാത്തിരിപ്പിനൊടുവില്‍ ഒമ്പതു മണിയോടെ മമ്മയെത്തി.
"ആ പയ്യന്‍ രെക്ഷപ്പെട്ടോ, മമ്മാ?"
"ഇല്ല മോളെ, ഹോസ്പിറ്റലില്‍ എത്തുന്നതിനു മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും മരണം നടന്നു കഴിഞ്ഞിട്ടുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്"
ഇവിടുന്നു ആശുപത്രി യിലേക്ക് അരമണിക്കൂര്‍ എങ്കിലും കാണും...
അപ്പോള്‍....അപ്പോള്‍ ബ്രൂണോ....
പിന്നീട് ഇതു തന്നെ പല തവണ ആവര്‍ത്തിച്ചു...
ഒരിക്കല്‍ പ്രേമ നൈരാശ്യത്തിന് ഒരു പതിനഞ്ചു കാരിയുടെ ആത്മഹത്യാശ്രമം.
മറ്റൊരിക്കല്‍, തന്‍റെ പുത്തന്‍ ബൈക്കില്‍ കന്നിയാത്രയില്‍ തന്നെ പൊലിഞ്ഞ മറ്റൊരു കൌമാരം. അമ്മ പുറകെ വന്നു കൊണ്ടുകൊടുത്ത ഹെല്‍മറ്റ് നിരസിച്ചു പോയതാണ്, സ്മാര്‍ട്ട് ഫോണിന് സ്ക്രാച് ഗാര്‍ഡ് വാങ്ങാന്‍. തലയ്ക്കായിരുന്നു പരിക്ക്.
അങ്ങനെ നാലോ അഞ്ചോ കേസുകള്‍..
എന്നാല്‍, ആംബുലന്‍സ് കാലിയായി പോകുമ്പോഴോ, രോഗികളുമായി പോകുമ്പോഴോ ബ്രൂണോ കരയാറില്ല. ഡെഡ്ബോഡി ഉണ്ടെങ്കില്‍ മാത്രം. അതുറപ്പിക്കാന്‍ പിന്നെയും നിരീക്ഷണം വേണ്ടി വന്നു. പല തവണ ശരിയാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രുണോ ശാന്തനാണ്.
പിന്നെ, ചെയ്തത്, സാം ചേട്ടനെ കൂട്ടുപിടിക്കലാണ്.
"ചേട്ടാ, ആ CCTV ക്യാമറ ഒന്നു തിരിച്ചു വെക്കാമോ, ബ്രുണോയുടെ കൂടിനു നേരെ? ഗേറ്റ്നു നേരെയുള്ളതല്ല, രണ്ടാമത്തേത്..."
"എന്തിനാടീ....?!"
"അതു വൈകീട്ടു പറയാം...."
അങ്ങനെ അന്നു വൈകീട്ട് രണ്ടാമതൊരാള്‍ കൂടി കാര്യമറിഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, കാര്യമായൊന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നുപോയി. സാം ചേട്ടനെയും കുറച്ച് ദിവസമായി കണ്ടില്ല. എവിടെപ്പോയോ എന്തോ? ഇക്കാര്യം മറന്നുതുടങ്ങിയിരുന്നു...
പപ്പക്ക് ഒന്നു ഫോണ്‍ ചെയ്തു നോക്കാം. RTI ആക്ടിവിസ്റ്റുകളു ടെ ഏതോ മീറ്റിങ്ങിനു പോയതാണ്. തലസ്ഥാനത്തെ ചില ഉന്നതന്‍മാരുള്‍പ്പെട്ട അഴിമതിക്കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം.
"ആ, മോളേ, സ്റ്റേഷന്‍ അടുക്കാറായി ഒരു അര-മുക്കാല്‍ മണിക്കൂര്‍.ഓക്കെ "
"വരുമ്പോ കുറച്ച് ഫ്രൂട്ട്സു കൂടി വാങ്ങാന്‍ പറ മോളെ എല്ലാം തീരാറായി " മമ്മ, അടുക്കളയില്‍ നിന്ന് .
"ഫോണ്‍ വെച്ചു മമ്മാ..."
"ആ, വെയ്ക്കും. അറിയാം. അവനവനു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വെയ്ക്കാം"
"മമ്മാാ, ചിലപ്പോള്‍ കട്ടായതാവും, ട്രെയിനില്‍ അല്ലേ?"
"നീ അല്ലെങ്കിലും പപ്പയുടെ മോളല്ലേ?"
ഈ പരിഭവമൊക്കെ വെറുതെയാണ്, രണ്ടു പേരും തമ്മലുള്ള പൊരുത്തവും സ്വരച്ചേര്‍ച്ചയും അത്ഭുപ്പെടുത്തും.
പിന്നെ, ടീവിയിലേക്കു തിരിഞ്ഞു. കോമഡി സീന്‍ കണ്ടു രസിച്ചിരിക്കംമ്പോഴാണ് അകലെ നിന്നും ആമ്പുലന്‍സിന്റെ സൈറണ്‍. ഒപ്പം ബ്രൂണോയുടെയും.
"ഇന്നെന്താണാവോ?"
നഴ്സിംങ് സൂപ്രണ്ടിന് വീട്ടിലും ആവലാതി.
"ആരായാലും ആള്‍ പോയിക്കഴിഞ്ഞിരിക്കുന്നു"
"അതു നിനക്കെങ്ങനെയറിയാം,?! വെറുതെ വല്ലതും പറയരുത്" മമ്മ ദേഷ്യപ്പെട്ടു.
"മമ്മാ ഞാന്‍..."
സൈറണ്‍ അകന്നു പോകുന്നതോടൊപ്പം, ബ്രൂണോയുടെ കരച്ചില്‍ നേര്‍ത്തുവന്നു
*INTERMISSION*
https://www.facebook.com/photo.php?fbid=1190136010996790&set=pb.100000012060771.-2207520000.1466505138.&type=3&theater