Tuesday, 21 June 2016

ടൈല്‍സ്



"ചേട്ടനെന്താ, ഗേറ്റിനു വെളിയില്‍ .തന്നെ നിന്നു കളഞ്ഞത്...? ആരെയൊ കാത്തു നില്‍ക്ക്വാണെന്ന് തോന്നുന്നു...?!"

"ഞാനോ? ശ്ശ്...ശ്രീമതി അകത്ത് ഇരിക്കപ്പൊറുതി തരണില്ല.  ആ ടാങ്കര്‍ ലോറി ഇതു വരെ വന്നില്ലെന്നേ....ഒരു തുള്ളി വെള്ളമില്ല.... ഈ കാരണം പറഞ്ഞ് വേലക്കാരിയും പിണങ്ങിപ്പോയി...അടുക്കളപ്പണി മുതല്‍ അലക്കും കുളിയും വരെ മുടങ്ങി..... അല്ലെങ്കിലും ഈ മുനിസിപ്പാലിറ്റിക്കാരും കോര്‍പറേഷന്‍ കാരും ഒക്കെ കണക്കാ...ഒരു നിഷ്ഠയുമില്ല...അല്ല, താനിതെവിടെ  പോയതാ ഈ നേരത്ത്?"

"മഴക്കാലം തുടങ്ങാറായില്ലേ?, rain water harvesting, മഴ വെള്ള സംഭരണികള്‍...അങ്ങനെ ചില പ്ലാനുകള്‍ ഉണ്ട്...അതിനു വേണ്ടി ടൌണ്‍ വരെ ഒന്നു പോയി "

"അതിനു നിങ്ങള്‍ക്ക് വെള്ളത്തിന്‌ ബുദ്ധിമുട്ടില്ലല്ലോ?, ഉണ്ടോ?"

"ഇപ്പോഴില്ല, നാളെ ഉണ്ടായിക്കൂടെന്നില്ലല്ലോ? ഹൊ! എന്താ ചൂട്? നാല്‍പതു ഡിഗ്രി ആവുംന്ന് ഒക്കെയാ പറയണേ"

"ഹൊ! ആ കാര്യമൊന്നും പറയാതിരിക്യാ ഭേദം..."

"അല്ല, ചേട്ടാ, അപ്പോ ഇവിടത്തെ കിണര്‍....?!"

"അതു കഴിഞ്ഞ വര്‍ഷം വേനലില്‍ തന്നെ വറ്റിയല്ലോ. ചേറെടുത്ത് ആഴം കൂട്ടിയിട്ടും രക്ഷയില്ലാ...ഇനിയിപ്പോ മഴ തുടങ്ങുന്നത് വരെ എങ്ങനെ കഴിച്ചു കൂട്ടും എന്നൊരു പിടീല്ല..."

"ചേട്ടന്‍ സമാധാനിക്ക്, വഴിയുണ്ടാക്കാം...അല്ല, അപ്പൊ, ഈ വീട് വിറ്റ്, വേറെ എങ്ങോട്ടെങ്കിലും മാറിയാലോ...അങ്ങനെ ആലോചിച്ചോ??"

"അതിനി, മഴക്കാലത്തു പോലും നടക്കുമെന്ന് തോന്നുന്നില്ല....ഇവിടത്തെ കിണറ്റില്‍ വെള്ളമില്ലെന്നുള്ള കാര്യം ഇപ്പോള്‍  തന്നെ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. "

"മൊത്തം എത്ര സെന്റുണ്ടെന്നാ പറഞ്ഞത്?"

"പന്ത്രണ്ടു സെന്റ്‌. അതില്‍ അഞ്ചു സെന്റോളം വീടുണ്ടാകും...."

"ബാക്കി, മുഴുവന്‍ ടൈല്‍സ് ഇട്ടു, അല്ലേ?"

"അതെ!"

"കൊള്ളാം, കാണാന്‍ നല്ല ഭംഗി, പിന്നെ, കാലില്‍ മണ്ണും ചെളിയും പറ്റില്ല. പുല്ലു വളരില്ല...കരിയില വീഴാതിരിക്കാന്‍ ഉണ്ടായിരുന്ന തണല്‍മരങ്ങളും വെട്ടി. വൃത്തിയാക്കാന്‍ സൗകര്യം...ഒരു തുള്ളി വെള്ളം ഭൂമിയിലേക്കിറങ്ങാതെ, വെള്ളം കെട്ടിനില്‍ക്കാതെ റോഡിലേക്ക് ഒഴുക്കിക്കളയാനുള്ള സൂത്രവും ഒപ്പിച്ചു.  ഇനി എത്ര വണ്ടി വേണേലും പാര്‍ക്ക് ചെയ്യാം.."

"അ...തെ..."

"എന്‍റെ ചേട്ടാ, ഇതൊക്കെ ആരുടെ ബുദ്ധിയാ?, ഇതിന്‍റെയൊക്കെ ഫലമാണ് ഇന്നീ അനുഭവിക്കുന്നത്. എന്തായാലും, ചേട്ടനും ചേച്ചിയും വാ, അലക്കാനും കുളിച്ചു മാറാനുള്ളതെല്ലാം എടുത്തോ, ഊണു വീട്ടിന്നാവാം, നല്ല പച്ചപ്പയറു കറിയും, ചീര തോരനും, മാമ്പുളിശ്ശേരിയും, ഉണ്ട്. പിന്നെ, അച്ചാറും., എല്ലാം വീട്ടിലുണ്ടായതാ...ജൈവകൃഷി...എന്തായാലും ചേട്ടന്‍ വാ നമുക്ക് ഒന്നിച്ചിരുന്ന് ആലോചിക്കാം, ഒരു വഴി തെളിയുമെന്നേ!!"

https://www.facebook.com/photo.php?fbid=1196200233723701&set=pb.100000012060771.-2207520000.1466505138.&type=3&theater

No comments:

Post a Comment