മൃഗയ:
അതിരാവിലെയുള്ള നടത്തത്തില്‍ പതിവുള്ളതാണത്.
എല്ലിന്‍ കഷ്ണത്തിന്‍റെ രൂപമുള്ള 'ഡോഗ് ബിസ്കറ്റ്' ന്‍റെ ഒരു പായ്ക്കറ്റ് കയ്യിലുണ്ടാവും. കൃഷ്ണ ചംഗ നായിക് മാര്‍ഗിനു കുറുകെയുള്ള പാം ബീച്ച് റോഡിനടുത്തുള്ള ഗ്രൌണ്ടിലാണ് നടത്തം.അവിടേക്ക് നടന്നു, നടന്ന് പെട്രോള്‍ പമ്പിനു മുന്നിലുള്ള കടയുടെ അടുത്ത് എത്തുമ്പോഴേക്കും നായ്ക്കള്‍ വാലാട്ടിക്കൊണ്ട് ചുറ്റും കൂടും.ചിലത് മുന്‍കാലുകള്‍ ഉയര്‍ത്തി നൃത്തം വെയ്ക്കും.
പത്തു പന്ത്രണ്ടു നായ്ക്കളുണ്ടാവും. ആട്ടിയകറ്റപ്പെടുന്നവര്‍... ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍...റോഡില്‍ പെറ്റുവീഴുകയും
റോഡില്‍ തന്നെ ചത്തുവീഴുകയും ചെയ്യുന്നവര്‍...! (മനുഷ്യന് പുല്ലു വിലയുള്ള ഈ മഹാനഗരത്തില്‍ തെരുവു നായ്ക്കളെ ആര് ശ്രദ്ധിക്കാന്‍..?)
ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിച്ചു വിതറും. ഓരോ എല്ലിന്‍ കഷണം കടിച്ചെടുക്കുമ്പോഴും നന്ദി പൂര്‍വ്വമുള്ള ഒരു നോട്ടം... പിന്നെ ഒരോട്ടമാണ്, കൂട്ടത്തില്‍ ചില ചെറു ബാല്യക്കാര്‍...
അന്നും പതിവു തെറ്റിയില്ല...
ചുറ്റും എല്ലാവരും എത്തിയല്ലോ?
ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിച്ചു വിതറുന്നതിനിടക്ക് അയാള്‍ ഓര്‍ത്തു...
പണ്ട്, വീടിനടുത്ത് ഒരു നായുണ്ടായിരുന്നു. വീട്ടില്‍ എന്ന് തന്നെ പറയുന്നതാവും കൂടുതല്‍ ശരി.
എന്നും വൈകുന്നേരം അച്ഛന്‍ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവന്‍ അനുഗമിക്കും. എവിടെയായാലും അതിനു മുടക്കമില്ല. പിന്നെ, രാത്രിയില്‍ ഊണ് കഴിയുന്നത് വരെ അക്ഷമനായി കാത്തു കിടക്കും. എല്ലാവരുടെയും പങ്ക് ഓരോ ഉരുള ചോറ് അവനുള്ളതാണ്. അതു കഴിച്ചു കുശാലായി, അവിടെ കിടക്കും. നേരം വെളുക്കുന്നത് വരെ വീടിനു കാവലായി അവനുണ്ടാകും- കൈസര്‍. അതായിരുന്നു വിളിപ്പേര്.
ഒരില അനങ്ങിയാല്‍ എഴുന്നേല്‍ക്കും. ആവശ്യമുണ്ടെങ്കില്‍ കുരയ്ക്കും.വീട്ടുകാരെ ഉണര്‍ത്തും. തന്‍റെ ജോലി കൃത്യമായി അവനറിയാം. അതു കൊണ്ടു തന്നെ അവനെ പരീക്ഷിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആര് വളര്‍ത്തി, ആര് പേരിട്ടു, ഒന്നും അറിയില്ല. അവനങ്ങനെ വളര്‍ന്നു. പക്ഷെ, എന്നും വീട്ടു മുറ്റത്ത് അവനുണ്ടാകും. സവിശേഷമായ ബുദ്ധിയും, യജമാന സ്നേഹവും സ്വയം നിയന്ത്രണവുമുണ്ടായിരുന്ന അവന് ചങ്ങലയുടെ ആവശ്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും ആരെങ്കിലും പുറത്ത് പോകുന്നതും വരുന്നതും അവന്‍റെ അകമ്പടിയോടെ മാത്രം.
-പൂച്ചയും ആട്ടിന്‍ കുഞ്ഞുങ്ങളും അവന്‍റെ കളിക്കൂട്ടുകാരായി.
-വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളുടെയും തള്ളയുടെയും മേല്‍ അവന്‍റെയൊരു കണ്ണുണ്ടാകും. കാക്കയുടെയും പരുന്തിന്‍റെയും പല പദ്ധതികളും പാളുന്നത് അങ്ങനെയാണ്.
അങ്ങനെയിരിക്കെ, ഒരു മലവെള്ളപ്പൊക്കകാലത്ത് കൈസറിനെ കാണാതായി.
-വല്ലാത്ത ഒരവസ്ഥയാണത്. ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പുലര്‍ച്ചെ എന്നും പ്രതീക്ഷയോടെ നോക്കും. മുറ്റത്തെ പന്തലിച്ച ബദാം മരത്തിന്‍റെ തണലില്‍....ഇല്ല. കൈസര്‍ എത്തിയിട്ടില്ല.
-കൈസറിനു എന്തു പറ്റിയിരുന്നിരിക്കും...?
അതിവേഗത്തില്‍ പാഞ്ഞു വന്ന കാറിന്‍റെ ഹോണിന്‍റെയും ബ്രേക്കിന്റെയും ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി...
'എല്ലിന്‍ കഷ്ണം' കടിച്ചു കൊണ്ടോടിയ നായക്കുട്ടിയെ ഇടിച്ചു തെറിപ്പിച്ച് കാര്‍ ഹുങ്കാരത്തോടെ കടന്നു പോയി.
അയാള്‍ ഓടിച്ചെന്ന് ചോരയില്‍ ക്കുളിച്ചു കിടന്ന അതിനെ എടുത്തു മാറോടു ചേര്‍ത്തു...
കണ്ണീരില്‍ കുതിര്‍ന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു: "കൈസര്‍, കൈസര്‍..."
പതിയെ കണ്ണു തുറന്ന 'കൈസര്‍' അയാളുടെ കണ്ണീര്‍ നാവു കൊണ്ട് ആയാസപ്പെട്ട് ഒപ്പിയെടുത്തു.... പിന്നെ, ആ കണ്ണുകള്‍ അടഞ്ഞു...
.....എല്ലിന്‍ കഷ്ണത്തിന്‍റെ രൂപമുള്ള ആ ബിസ്കറ്റ് റോഡില്‍ ഉടഞ്ഞു ചിതറിയിരുന്നു....
*******
https://www.facebook.com/photo.php?fbid=854721304538264&set=pb.100000012060771.-2207520000.1466506245.&type=3&theater

No comments:
Post a Comment