Friday, 1 August 2014

ആരാച്ചാര്‍:

ആരാച്ചാര്‍:

കൊലക്കേസ് പ്രതിയേയും കൊണ്ട് വാര്‍ഡന്‍ സെല്‍ നമ്പര്‍ : 9 ന്‍റെ വാതില്‍ക്കല്‍ എത്തി.

സെല്ലിലെ അന്തേവാസി ഒരാള്‍ താഴെയിരുപ്പുണ്ട്.

പൂട്ടു തുറക്കുന്നതിനിടയില്‍ വാര്‍ഡന്‍ പറഞ്ഞു:

" ഇന്നു മുതല്‍ ഇതാണ് നിന്‍റെ സെല്‍. ഈ സെല്‍ ഇന്ന് വെളുപ്പിന് കാലിയാവും.... ആ, സത്യാ, ഇന്ന് രാത്രി നിനക്കൊരു അതിഥിയുണ്ട്... ചട്ടമനുസരിച്ച് ചെയ്യാന്‍ പാടില്ലാത്തതാണ്...പക്ഷേ, വേറെ നിവ്യത്തിയില്ല...
മറ്റെവിടെയും ഇവനെ പാര്‍പ്പിക്കാന്‍ പറ്റില്ല... ഒരു ധൈര്യക്കുറവ്...അത്രയ്ക്ക് നല്ല മൊതലാണെ...! പിന്നെ, കുഴപ്പമൊന്നുമുണ്ടാക്കരുത്... ടൌണില്‍ എവിടെയോ വര്‍ഗീയ ലഹള. അതോണ്ട് സെല്‍ എല്ലാം ഫുള്ളായി..."

ജയില്‍ വാര്‍ഡന്‍റെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. "ഇല്ല സര്‍, കുഴപ്പമൊന്നുമുണ്ടാവില്ല..." 

ആ ജയിലിലെ ഏറ്റവും മര്യാദക്കാരനായ തടവുകാരനായിരുന്നു അയാള്‍.

"... എന്താ നീങ്കള്‍ടെ പേര്...?" ആഗതന്‍ കുശലം ചോദിച്ചു.

"..സത്യശീലന്‍.."

"എന്താണ് നീങ്കള്‍ ചെയ്ത കുറ്റം...?

"..എന്‍റെ ഭാര്യയെ ഒരാള്‍ മാനഭംഗം ചെയ്തു കൊന്നു... അവനെ ഞാന്‍ വകവരുത്തി. പോലീസ് സ്റ്റേഷനിലും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞു.. കോടതി വധശിക്ഷ വിധിച്ചു. അപ്പീലിനൊന്നും പോയില്ല. നാളെ വെളുപ്പിന് നാലു മണിക്ക് എന്‍റെ വധ ശിക്ഷ നടപ്പിലാക്കും..."

"ഛെ! കഷ്ടമായിപ്പോച്ച്. നീങ്കള്‍ അപ്പീല്‍ പോകണമായിരുന്നു... അപ്പോള്‍, കുട്ടികള്‍...?"

"കുട്ടികള്‍...കുട്ടികള്‍... അതിരിക്കട്ടെ, നിന്‍റെ ഒരു കൈയ്ക്ക് എന്തു പറ്റി? എവിടെയാ നിന്‍റെ നാട്? എന്താ നീ ചെയ്ത കുറ്റം...?"

" ഊര് തമിഴ്നാട്ടിലെ കടല്ലുരില്‍ ...ട്രെയിനില്‍ വെച്ച് നാന്‍ ഒരു പെണ്‍കുട്ടിയെ കൊള്ളയടിച്ചു... അവള്‍ ട്രെയിനില്‍ നിന്നും വീണു... അവള്‍ മരിച്ചു..."

"അല്ല, ഞാന്‍ പറയാം, കൊള്ളയടിച്ചതിനു ശേഷം, അവളെ നീ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു... നീയും ചാടി... ചോരയില്‍ കുളിച്ചു കിടന്ന അവളെ നീ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു കൊന്നു... അവള്‍ എറണാകുളത്ത് നിന്നും ജോലി കഴിഞ്ഞു ഷോര്‍ണൂരിലുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അവള്‍ക്കു അമ്മയും ഒരനിയനും ഉണ്ട്... ശരിയല്ലേ...?"

"...അ...അതെ... നീങ്കള്‍... ഇതെപ്പടി....?" ഒറ്റകയ്യന്‍ ഞെട്ടി.

"പോലീസ് കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി. കീഴ്ക്കോടതി നിനക്ക് വധശിക്ഷ വിധിച്ചു... ഹൈക്കോടതി ശിക്ഷ ശരി വെച്ചു... ഇപ്പോള്‍ സുപ്രീംകോടതി നിന്‍റെ വധ ശിക്ഷ സ്റ്റേ ചെയ്തു..."

" സെ..രി..."

"നിനക്ക് രെക്ഷപ്പെടാന്‍ കഴിയും എന്ന് തോന്നുണ്ടോ...?"

"...ജീവപര്യന്തമാക്കിക്കിട്ടിയാല്‍..." 

" ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തിട്ടു, ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയിട്ടു നീ രെക്ഷപ്പെടാന്‍ പാടുണ്ടോ...?" സത്യശീലന്‍റെ ശബ്ദം കനത്തിരുന്നു... അതിഥിക്ക് എന്തോ പന്തികേട് തോന്നി. അജാന ബഹുവായ അയാളുടെ മുഖഭാവം അവനെ ഭയപ്പെടുത്തി. 

...............

പുലര്‍ച്ചെ, എല്ലാ നടപടിക്രമങ്ങളും പാലിച്ച് സത്യശീലനെ തൂക്കിലേറ്റാന്‍ ആരാച്ചരെത്തി.

അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അയാള്‍, പുഞ്ചിരിയോടെ 'ഇല്ല' എന്നു മറുപടി പറഞ്ഞു. 

ആരാച്ചാര്‍ തല കറുത്ത തുണി കൊണ്ട് മൂടി.

തൂക്കു കയര്‍ കഴുത്തില്‍ അണിയിച്ചു.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം 

കറുത്ത തുണിക്ക് മറയ്ക്കാന്‍ കഴിയാത്ത വിധം ആ പുഞ്ചിരി തെളിഞ്ഞു നിന്നു.

ആ സമയം, സെല്‍ നമ്പര്‍ : 9-ല്‍ കരിമ്പടം കൊണ്ടു മൂടിയ ശരീരത്തിലേക്ക് ഉറുമ്പുകള്‍ വരിയിട്ടു തുടങ്ങിയിരുന്നു.

No comments:

Post a Comment