ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ഒരു വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമുള്ള അവധിയാണ്.
അങ്ങനെ, ഈ കൃഷ്ണ പ്രസാദ് ഥാപ, ആദ്യത്തെ ലീവിന് നാട്ടിലേക്ക്..
മുപ്പതാം തീയതിയിലെ ദുബായ് - കാട്മണ്ടു ഫ്ലൈറ്റ്. പിന്നെ, അവിടെ നിന്നും അഞ്ചര മണിക്കൂര്‍ ബസ് യാത്ര. 270 കിലോമീറ്റര്‍ ദൂരമുണ്ട് ജനക്പുരിയിലേക്ക്. നേപാളിലെ ആകെയുള്ള റെയില്‍വേ ലൈനും ജനക്പുരിയിലാണ്. പക്ഷെ, അതും ജനക്പുരിയില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്കാണ്. വെറും 25 കിലോമീറ്റര്‍ നാരോ ഗേജ് ലൈന്‍.
രാമായണത്തിലെ മിഥിലാപുരി തന്നെയാണ് ഇന്നത്തെ ജനക്പുരി. സീതാ ദേവിയുടെ ജന്മ ദേശം.
ജനക്പൂര്‍ ധാമിന്‍റെ അടുത്ത് തന്നെയാണ് വിവാഹ പഞ്ചമി മന്ദിര്‍.
രണ്ടാഴ്ച മാത്രം അകലെയാണ് വിവാഹ പഞ്ചമി ഉത്സവം. രാമ ഭഗവാന്‍ സീതാ ദേവിയെ വിവാഹം കഴിച്ചതിന്‍റെ ഓര്‍മ്മക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. കാര്‍ത്തിക പൂര്‍ണിമയാണ് ഏറ്റവും പ്രധാന്യമുള്ള ദിവസം അന്നാണ് ഭഗവാന്‍ രാമന്‍, ശിവ ഭഗവാന്‍റെ വില്ലായ ത്രയംബകം ഒടിച്ച്, സീതാ ദേവിയെ സ്വന്തമാക്കിയതത്രേ!
ഈ സമയത്ത് വിവാഹം കഴിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് ജനക്പുരിക്കാര്‍ കരുതുന്നത്. എന്തായാലും നല്ലൊരു മൈഥിലി പെണ്‍കുട്ടിയെ തന്നെ ഒത്തു കിട്ടി. അവള്‍ക്ക് നല്ലതു പോലെ ചിത്രം വരക്കാനറിയാമത്രേ. മണ്‍പാത്രങ്ങളിലെ പെയിന്റിംഗ് ഭംഗിയുള്ളവ തന്നെ. നന്നായി വിറ്റുപോകുന്നുമുണ്ടെന്നാണ് അറിഞ്ഞത്. നല്ലത്.
നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടുകാര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇവിടെ, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ കുറച്ചു പേരെ വീണ്ടും വിളിച്ചു ഒര്‍മ്മ പെടുത്തണം.
അതില്‍ ഏറ്റവും പ്രധാനം രവി ഭായ് തന്നെ. കമ്പനിയില്‍ ജൂനിയര്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോയിന്‍ ചെയ്യുമ്പോള്‍ കാര്യമായി ഒന്നും അറിയില്ലായിരുന്നു. കാട്മണ്ടു ത്രിഭുവന്‍ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് -ഉം പിന്നെ ചില ചില്ലറ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്കളും.
രവി ഭായിയാണ് പ്രത്യേക താത്പര്യമെടുത്ത് എല്ലാ ട്രെയിനിങ്ങും തന്നത്. സേഫ്റ്റി ഇന്‍ഡക്ഷന്‍, പേര്‍സണല്‍ പ്രൊട്ടെക്ഷന്‍, ഗ്യാസ് ഡിറ്റക്ഷന്‍, ടൂള്‍ ബോക്സ് ടോക്സ്, പെര്‍മിറ്റ് ടൂ വര്‍ക്ക്, ടാസ്ക് റിസ്ക് അസ്സെസ്സ്മെന്റ്, ഹൌസ്കീപിംഗ്....എന്നു വേണ്ട, വര്‍ക്ക് സേഫ്റ്റിയെ ക്കുറിച്ച് എല്ലാം അദ്ദേഹത്തിനറിയാം. സേഫ്റ്റിയെ സംബന്ധിച്ച്, അറിവിന്‍റെ ഒരു മഹാ സാഗരം തന്നെ! OHSAS, NEBOSH എന്നിങ്ങനെ എല്ലാ Certification -ഉം കയ്യിലുണ്ട്. എല്ലാ ഇ-മെയിലിലും ഒരു signature tag ഉണ്ടാകും- BE SAFE, BE HAPPY! ഇത്രയും Safety Commitment ഉള്ള ഒരാളെ കണ്ടു കിട്ടാന്‍ എളുപ്പമല്ല. നിരവധി ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കും. ശബ്ദവും ആകാരവും. കപ്പടാ മീശ. എല്ലാം കൂടെ ചേരുമ്പോള്‍ ഒരു രാജാപാര്‍ട്ട് ലുക്ക്! മുന്‍പ്, ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നത്രെ! വെറുതെയല്ല, സൈറ്റ്-ഇല്‍ ജോലിക്കാരെല്ലാം കിടുകിടെ വിറക്കുന്നത്.
ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ.
എന്തായാലും ഒന്നു വിളിച്ച് സംസാരിക്കാം, വീണ്ടും ഒന്നൂടെ ക്ഷണിക്കാം. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍, അദേഹത്തിന്റെ നാടായ, കേരളത്തിലെ സ്വന്തം വീട്ടിലായിരുന്നു.
" ഹലോ, രവി ഭായ് ഹൈ?"
"യെസ്, രവി സപീകിംഗ്..."
"രവി ഭായ്, ഇത് കൃഷ്ണയാണ്, കൃഷ്ണ പ്രസാദ് ഥാപ...ഫ്രം ദുബായ്..."
"ഹായ്, കൃഷ്ണ, പിന്നെ, എന്താ വിശേഷം? എന്നാണ്, നാട്ടിലേക്ക്?...കല്യാണമിങ്ങെത്തിയല്ലോ...?"
"യെസ്, അടുത്താഴ്ച തിരിക്കും....പിന്നെ, കല്യാണത്തിന് ഭായ് എന്തായാലും കുടുംബ സമേതം വരണം. ഇത് വീണ്ടും പറയാനാണ് ഇപ്പൊ വിളിച്ചത്..."
"ഓക്കേ, സന്തോഷം, പക്ഷെ, കല്യാണത്തിന്, എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, എന്തായാലും, ഞങ്ങളുടെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, എല്ലാം മംഗളമായി നടക്കട്ടെ, എന്ന്‍ പ്രാര്‍ത്ഥിക്കുന്നു..."
"അതെന്താ... വരാന്‍ വേറെ, എന്തെങ്കിലും പ്രശ്നം...?"
"അത്, അത്...പിന്നെ ഒരു അപകടം പറ്റി.... നീ ആരോടും പറയരുത്..."
"എന്താ, എന്തുണ്ടായി?"
"നിനക്കറിയാലോ? ഇവിടെയും, മകളുടെ കല്യാണം അടുത്ത് വരികയാണ്. അപ്പൊ, വീടിന്‍റെ പെയിന്റിംഗ് വര്‍ക്ക് നടക്കുന്നുണ്ട്... ജോലിക്കാര്‍ക്ക് ചൂല്‍ കൊടുക്കാന്‍ വേണ്ടി മുകളില്‍, മേല്‍ക്കൂരയില്‍ കയറിയതാ, തെന്നി, നേരെ താഴേക്കു വീണു. നടുവിന് വേദനയുണ്ട്. ഇപ്പോള്‍, ആശുപത്രിയിലാ... ഒരു സേഫ്റ്റി എക്സ്പേര്‍ട്ട്-നു ഈ ഗതി വന്നു എന്നറിഞ്ഞാല്‍ ആളുകള്‍ പരിഹസിക്കും. അതോണ്ട് കൃഷ്ണ, നീ ഇതാരോടും പറയണ്ട...ആരെങ്കിലും ചോദിച്ചാല്‍,വല്ല, പ്ലയിന്‍ ആക്സിടെന്റും പറ്റിയതാണെന്ന് പറഞ്ഞാല്‍ മതി...ഓക്കേ? വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്...
BE SAFE, BE HAPPY...!"
*******
https://www.facebook.com/photo.php?fbid=906041482739579&set=pb.100000012060771.-2207520000.1466506241.&type=3&theater

No comments:
Post a Comment