"...നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ...!
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!
ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്‍റെ വികൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!
വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!
എളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!"
....
-ഭഗവാനെ, ന്‍റെ മോന് നല്ല ബുദ്ധി തോന്നണേ...ആപത്തൊന്നും വരുത്തല്ലേ...
അല്ല, ഇവനിതിപ്പോ ഒരുങ്ങി എവിടെക്കാണാവോ?
"....മോനെ, നീ എങ്ങോട്ടാ ഈ നേരത്ത്?"
"ഇപ്പൊ വരാം അമ്മേ..."
-ഇപ്പൊ വരാം ന്ന് പറഞ്ഞിട്ട് ഒരു പോക്കു പോയാല്‍ പിന്നെ, വരുന്നത് ഒരു നേരത്തായിരിക്കും...അച്ഛന്റെ മോന്‍ തന്നെ...
പക്ഷെ, മോന്‍റെ അച്ഛന് നല്ല സാമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്നു. അനീതി കണ്ടാല്‍ എതിര്‍ക്കും, ഏതു നല്ല കാര്യത്തിനും നാട്ടുകാരുടെ കൂടെയുണ്ടാകും....ആരെയും സഹായിക്കും. ഇല്ലാതിരുന്നത് ഈശ്വരവിശ്വാസം മാത്രം. പിന്നെ, സല്‍പ്രവര്‍ത്തികള്‍ എല്ലാം ഒരുതരത്തില്‍ ഈശ്വരസേവ തന്നെയല്ലേ...?
എന്നാലും, ക്ഷേത്രത്തില്‍ പോകുന്നതിനോ, മറ്റു ഭക്തി പരമായ ചടങ്ങുകള്‍ക്കോ ഒന്നും ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല....
എത്രയോ പ്രാവശ്യം ഗുരുവായൂരില്‍ പോലും കൂടെ വന്നിരിക്കുന്നു...പുറത്ത് നില്‍ക്കുകയേ ഉള്ളൂ...
-അതൊരു കാലം.
"എന്നു പറഞ്ഞാലെങ്ങിന്യാ..."
"ഹോ! ഈ അമ്മ! "
"പിന്നെ, നീ വരുമ്പോ, കുറച്ചു എണ്ണ വാങ്ങീട്ടു വരണം. തീര്‍ന്നു...നാളെ വിളക്ക് കത്തിക്കാന്‍ ഉണ്ടാവില്ല... കാശ് ആ അലമാരയില്‍ നിന്നെടുത്തോ..."
"അതൊക്കെ എപ്പഴേ കട്ടു ബോധിച്ചു...? പിന്നെ, ഈ വിളക്ക് ഒക്കെ കത്തിച്ച് ആ പൈസ എന്തിനാ വെറുതെ കളയുന്നേ...?! ഇതൊക്കെ വെറും അന്ധവിശ്വാസം ആണമ്മേ...ആ പൈസക്ക് വെളിച്ചെണ്ണ വാങ്ങി നാലു പപ്പടം കാച്ചാം"
...ചുറ്റുവിളക്ക്, നിറമാല...എന്തെല്ലാം വഴിപാടുകള്‍ കഴിച്ചിട്ടുണ്ടായതാ...എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ... നിഷേധി....തിരിച്ചറിവായപ്പോ മുതല്‍ സന്ധ്യാനാമം ചൊല്ലാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല....അന്ധവിശ്വാസം ആണത്രേ! അവനൊന്നു വിളക്ക് കൊളുത്തി നാമം ചൊല്ലിയാല്‍ എന്താ? പോട്ടെ, നിന്ദിക്കാതിരിക്കയെങ്കിലും...
"പിന്നേ... നിന്‍റെ അച്ഛന്‍ എന്നോടിങ്ങനെ പറഞ്ഞിട്ടില്ല പിന്ന്യാ...അധികം വിളച്ചിലെടുക്കല്ലേ ചെക്കാ...എവിടെക്കാണെന്ന് പറഞ്ഞിട്ടു പോടാ..."
- ഉണ്ണാന്‍ നേരമാവുമ്പോ കേറി വന്നാല്‍ മതീല്ലോ... വീട്ടിലിരിക്കുന്നവര്‍ക്കല്ലേ സമാധാനക്കേടും..ആധിയും...നിനക്ക് വല്ലതും അറിയണോ?"
"ടൌണില്‍ ഇന്നു മന്ത്രിക്കെതിരെ പ്രതിഷേധ സമരമുണ്ടമ്മേ... പ്രധാന സംഘാടകനായ ഞാന്‍ ചെന്നില്ലെങ്കില്‍ ശരിയാവില്ല..."
"എന്തു പ്രധിഷേധം?"
-അവന്റെയൊരു പ്രതിഷേേേധം!!
"മന്ത്രി പൊതു ചടങ്ങില്‍ നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിനെതിരെ, പാര്‍ട്ടിയുടെ യുവജന വിഭാഗം ഇന്നു സമരം സംഘടിപ്പിച്ചിട്ടുണ്ട് - ഞങ്ങള്‍ പ്രതിഷേധിക്കും, നിലവിളക്കു കൊളുത്തിതന്നെ...പിന്നെ, ഈ വിളക്ക് ഞാന്‍ കൊണ്ടു പോവ്വാണേ!"
********
https://www.facebook.com/photo.php?fbid=1027930430550683&set=pb.100000012060771.-2207520000.1466505989.&type=3&theater

No comments:
Post a Comment