“എടീ, കുറച്ച് ഉപ്പും ചാരവും ഇങ്ങടെടുത്തേ...” തൊമ്മി മാപ്ല പറമ്പില്‍ നേന്ത്രവാഴകള്‍ക്ക് ചുറ്റും പായല്‍ വിതറുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
തരിശായിക്കിടക്കുന്ന കിടക്കുന്ന കിഴക്കേപാടത്തുനിന്ന് കോരിയെടുത്തു കൊണ്ടുവന്നതാണ്. മുള്ളന്‍പായല്‍ വാഴകൃഷിക്ക് നല്ല ജൈവവളമാണത്രേ!
അഞ്ചു മാസം മുമ്പ് കൃഷിഭവനില്‍ നിന്നു വാങ്ങിയതാണ് പതിനെട്ടു വാഴക്കന്നുകള്‍. പുഴുവിന്‍റെ ആക്രമണം തടയാന്‍ ചാണകക്കുഴിയില്‍ മുക്കിവെച്ച് തണലത്തു ഉണക്കിഎടുത്താണ് നട്ടത്. ഇടക്ക് കുറുനാമ്പ് രോഗത്തിനു പ്രതിവിധിയായി ഗോമൂത്രവും പ്രയോഗിച്ചിരുന്നു..
ഒരു തവണ ചീരകൃഷി നടത്തിയത്തിനു ശേഷമാണ് നിലമൊരുക്കിയത്. അങ്ങനെ ചെയ്‌താല്‍ വാഴയ്ക്ക് നല്ല ആരോഗ്യമുണ്ടാവുമത്രേ. പിന്നെ, ഇടവിളയായി മരച്ചീനിയും കാച്ചിലും നട്ടിട്ടുണ്ട്. വാഴയുള്ളപ്പോ കാച്ചിലിനു പ്രത്യേകം താങ്ങുമരം വേണ്ട എന്ന ഗുണവുമുണ്ട്.
“എന്തിനാ” ഭാര്യ ഏലിക്കുട്ടിക്കു കാര്യം പിടികിട്ടിയില്ല.
“നീയിതു വല്ലതും ശ്രദ്ധിക്ക്ണണ്ടോ? ഈ വാഴകളുടെയെല്ലാം പടല വിരിഞ്ഞു കഴിഞ്ഞു. കൊടപ്പന്‍ ഒടിച്ചുകളഞ്ഞ്, ആ ചാരവും ഉപ്പും ചേര്‍ത്ത് കെട്ടിവെച്ചാലേ കായ്കള്‍ വലിപ്പം വെയ്ക്കൂ. വേഗം വേണം. അതു കഴിഞ്ഞു പള്ളിയില്‍ പോയി അച്ഛനെയൊന്നു കാണണം. ക്രിസ്തുമസ് അല്ലേ വരുന്നത് ?”
ഈ പ്രദേശത്തു വന്നു താമസമാക്കിയിട്ട് പത്തിരുപത്തഞ്ചു വര്‍ഷമായി. അന്നുതൊട്ടിന്നു വരെ ഒരിക്കല്‍പ്പോലും ക്രിസ്തുമസ് കരോള്‍ ഈ ഉമ്മറത്തുവന്നിട്ടില്ല. കൂടെ ആടിപ്പാടി ആഘോഷിക്കാന്‍ പിള്ളേര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല.
ആഗ്രഹമില്ലാഞ്ഞിട്ടല്ല.
പറയുമ്പോള്‍ അച്ഛന്‍ പറയും “ഇത്രയും ദൂരത്തെക്കോ, നടക്കില്ല തൊമ്മിചേട്ടാ, അതും രാത്രി, പുഴയും കടന്ന്, നിങ്ങള്‍ ഒരു വീട്ടുകാര്‍ക്ക് വേണ്ടി. ആ നേരത്ത് കടവില്‍ കടത്തും ഉണ്ടാവില്ലല്ലോ? ശെരിയാവില്ല, ഞാന്‍ മുന്‍കയ്യെടുഞ്ഞാലും, വേറെ ആരും സമ്മതിക്കില്ല.”
അതെ, ഈ പ്രദേശത്തെ ഏക ക്രിസ്ത്യാനി കുടുംബമാണ് തൊമ്മി മാപ്ലയുടേത്. ബാക്കിയെല്ലാം ഹിന്ദുക്കളും ഒന്നോ രണ്ടോ മുസ്ലിം കുടുംബങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തുമസിനു നാട്ടുകാരുടെ ആഘോഷമൊന്നും ഉണ്ടാവാറില്ല.
ഇത്തവണയെങ്കിലും അതിനൊരു മാറ്റം വേണം. കരോള്‍ ഈ ഉമ്മറത്തു വരണം. പുതിയ അച്ഛനില്‍ പ്രതീക്ഷയുണ്ട്.
പക്ഷെ, പതിവുപോലെ അത്തവണയും ഒന്നും നടന്നില്ല
.
-അന്ന്, ഉള്ളതെല്ലാം വിറ്റുപെറുക്കി ഭാര്യയെയും നാലു മക്കളെയും കൂട്ടി ഇങ്ങോട്ടു വരുമ്പോ അദ്ധ്വാനിക്കാനുള്ള മനസ്സിനൊപ്പം തന്റേടവും മാത്രമായിരുന്നു കൈമുതല്‍. ആ തന്റേടത്തെ ഈ നാട്ടുകാരില്‍ പലരും അഹങ്കാരമായിട്ടാണ് മനസ്സിലാക്കിയത്. ഭാര്യയും മൂന്നു പെണ്മക്കളുമുള്ള ഒരു ഗൃഹനാഥന്‍ അതും തികച്ചും അപരിചിതമായ സ്ഥലത്ത് അല്പം കരുതലോടെ നിന്നില്ലെങ്കില്‍ എന്താവും കഥ? ഒരു മോനുള്ളത് കാര്യപ്രാപ്തി ആയിട്ടുമില്ല, അന്ന്. ഇന്നും വല്ല്യ വിശേഷമൊന്നുമില്ല.
മൂത്തവള്‍ടെ കല്യാണം കഴിഞ്ഞെങ്കിലും അന്നവളും കൂടെയുണ്ടായിരുന്നു. അമ്മായിയമ്മയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണത്രേ!!
കല്യാണത്തിന്റെ കടം ഇനിയും ബാക്കിയാണ്. ഇവിടുന്നു വല്ലതും ഉണ്ടാക്കിയിട്ട് വേണം അതു വീട്ടാനും ഇളയത് രണ്ടെണ്ണത്തിനെ കെട്ടിച്ചയക്കാനും. പഠിക്കാന്‍ ആര്‍ക്കും വലിയ താല്പര്യമില്ലാത്തതിനാല്‍ ആ വഴിക്കു രക്ഷപെടുമെന്ന പ്രതീക്ഷയില്ല. വല്ലവിധേനെയും പത്താംക്ലാസ് വരെ...അത്രേയുള്ളൂ.
നാല്പത്താറു സെന്റില്‍ തൊഴുത്ത് കൂടാതെ ഒരു പീടിക മുറിയും ഉണ്ടായിരുന്നു. അങ്ങനെ ഉദ്ദേശിച്ചതുപോലെ പലചരക്കുകച്ചവടവും തുടങ്ങി. കറവയുള്ളഎരുമയെയും വാങ്ങി. വളത്തിനും പാലിനും വേറെ അന്വേഷിക്കണ്ടല്ലോ?
കഠിനാദ്ധ്വാനിയായിരുന്നു അയാള്‍. വേനനലില്‍, വീട്ടുവളപ്പിലുള്ള നാല്‍പതു തെങ്ങിനും, വാഴക്കും, മരച്ചീനിക്കും പച്ചക്കറിക്കുമെല്ലാം അയാള്‍ കുളത്തില്‍ നിന്നു വെള്ളം കോരി നനച്ചു, അന്ന് നനക്കാന്‍ മോട്ടറുണ്ടായിരിന്നില്ലല്ലോ?. വളപ്പില്‍ വീഴുന്ന തേങ്ങയെല്ലാം സ്വയം വെട്ടി കൊപ്രയാക്കി മില്ലില്‍ കൊടുക്കും. പിന്നീട്, മറ്റുള്ളവരില്‍ നിന്നും തേങ്ങ വാങ്ങി അതും വിപുലീകരിച്ചു,
ക്രിസ്തുമസ് അടുക്കുമ്പോ കടയില്‍ വരുന്നവരോടെല്ലാം അയാള്‍ അയാളുടെ ചെറുപ്പത്തിലെ കരോളിനെ കുറിച്ചുവാചാലനായി സംസാരിക്കും. അന്ന് എല്ലാറ്റിനും ഉത്സാഹിച്ചു മുന്നില്‍നിന്നതിനെ ക്കുറിച്ച് ആവേശം കൊള്ളും. അവസാനം ഇവിടെ ഒന്നും നടക്കില്ല എന്നു നിരാശനാവും...വര്‍ഷം തോറും ഇതാവര്‍ത്തിച്ചു....
ഒരു ദിവസം രാത്രി അത്താഴത്തിനിടയില്‍ ഈ വിഷയം ചര്‍ച്ചയായി.
“നിങ്ങള്‍ക്കെന്താ, ഇവിടെ അതൊന്നും നടക്കില്ലാന്നേ...നടക്കെണമെങ്കില്‍, വല്ല ഇടവകയിലും, പള്ളിക്കടുത്ത്, നമ്മുടെ കൂട്ടരുള്ളിടത്ത് പോയി താമസിക്കണം....”
“ ഹയ്, പള്ളിക്കടുത്ത്, നമ്മുടെ കൂട്ടരുള്ളിടത്ത് നിന്നല്ലേ ഇങ്ങോട്ടു വന്നത്? വരേണ്ടിവന്ന സാഹചര്യം എല്ലാര്‍ക്കും ഓര്‍മ്മണ്ടല്ലോ? ഇവിടെ തല്‍ക്കാലം അങ്ങനത്തെ കുഴപ്പങ്ങളോന്നുല്ല...നിങ്ങളായിട്ടൊന്നും ഇണ്ടാക്കണ്ടിരുന്നാ മതി...”
“ശെടാ, ഇതു നല്ല കൂത്ത്....ഞങ്ങളാണോ അവ്ടെ പ്രശ്നമുണ്ടാക്കീത്?”
“ആണെന്നു ഞാന്‍ പറഞ്ഞോടീ....ഇനിയെന്തായാലും ഈ പിള്ളേരെയെല്ലാം കെട്ടിച്ചു വിട്ടിട്ടേ താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.”
“മതീന്നെ...നിങ്ങളുതന്നല്ലേ എപ്പഴും കരോള്‍, കരോള്‍ന്നും പറഞ്ഞു കരയണത്...ഇതാപ്പോ നന്നായെ”
“ആ പറയും, അതിനിയും പറയും...ഞാനേ സത്യക്രിസ്ത്യാനിയാ...”
അതിനിടയിലാണ്, ചെറിയ ഒരു ചായക്കടകൂടി തുടങ്ങിയാലോ എന്നലോചിച്ചത്. ഈ പ്രദേശത്തൊന്നും ഒരു ചായക്കടയില്ല. രാവിലെ പണിക്കു പോകുന്നവരുടെയൊക്കെ കച്ചോടം കിട്ടും. ആശയം ഏലിക്കുട്ടിക്കും ബോധിച്ചു. പിള്ളേര്‍ക്കും സമ്മതം.
അങ്ങനെ പലചരക്കു കച്ചവടത്തിനൊപ്പം ചായക്കടയും തുടങ്ങി.
പലരും പറ്റുകാരാണ്. പത്തു പതിനഞ്ചു ദിവസം കൂടുമ്പോള്‍ കടം വീട്ടുന്നവര്‍.
പറ്റുതീര്‍ക്കുമ്പോള്‍ തൊമ്മിമാപ്ലയുടെ മുഖം വിടരും.
“നല്ല നാടന്‍ കൂര്‍ക്കയിണ്ട്, പിന്നെ, ചേന, ഞാലിപ്പൂവന്‍ വീട്ടിലുണ്ടായതാ...എടുക്കട്ടെ?”എന്നൊക്കെയാവും കുശലം. അന്നേ ദിവസം പറ്റുകാര്‍ക്കും അഭിമാനദിവസം.
പറ്റുതീര്‍ക്കുന്നതിന്റെ തലേ ദിവസം വരെ അങ്ങനെ വലിയ പ്രോത്സാഹനമൊന്നും ഉണ്ടാവാറില്ല.
തുടക്കത്തില്‍ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു.
രാവിലെ ആറു മണി മുതല്‍ പുട്ട്, കടല,, പപ്പടം, ദോശ, ചമ്മന്തി, വെള്ളേപ്പം, മുട്ടക്കറി, പഴം എല്ലാം റെഡിയായിരിക്കും. എട്ടൊമ്പത് മണി വരെ തിരക്കുണ്ടാവും. സംഗതി കൊള്ളാം.
അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് ഒരു കിംവദന്തി പരന്നത് - ഏലിക്കുട്ടിചേടത്തിയുടെ കൈവിലരുകളില്‍ എന്തോ കുഴപ്പമുണ്ട്..
അവക്ക് അസാധാരണമായ വലിപ്പം ഇല്ലേ?
നഖങ്ങളില്‍ പഴുപ്പ്? നീര്‍വീക്കം?
അപ്പൊ ഈ പലഹാരമെല്ലാം ഉണ്ടാക്കുന്നത്...
പതുക്കെ, ഈ വാര്‍ത്ത നാട്ടില്‍ പരന്നു. പിറ്റേ ദിവസം മുതല്‍ ആളുകള്‍ വിരലുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി...
ശെരിയാണല്ലോ?
എന്തോ ഉണ്ട്.
ചോദിക്കാന്‍ ഒരു മടി.
തൊമ്മിമാപ്ല അഹങ്കാരിയാണ്...! മുന്‍കോപിയും.
പോരെങ്കില്‍ ഒത്ത ശരീരവും.
അതുകൊണ്ട് സംശയം ബാക്കി നിര്‍ത്തി ആളുകള്‍ ഒഴിഞ്ഞുപോയി.
ചായകച്ചവടം നഷ്ടത്തില്‍ കലാശിച്ചു.
എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്കു പിടികിട്ടിയില്ല. ഒടുവില്‍ ഏഷണിക്കാരി ജാനുവാണതു പറഞ്ഞത്. ആരാണതിനു പുറകില്‍ എന്നും ജാനു കണ്ടുപിടിച്ചു.
“അല്ല, തൊമ്മിയാപ്ലേ, ശ് ശ് ഞാനൊരൂട്ടം കേട്ടൂ, “
“എന്ത് ?” തൊമ്മി മാപ്ല ഉപ്പുംപെട്ടിയുടെ മുകളില്‍ അമര്‍ന്നിരുന്നു കൊണ്ടു ചോദിച്ചു. ഉപ്പുചാക്കിന് പകരം പെട്ടിയാണ്.
“അല്ല, ഇവ്ടുത്തെ ചെറുപ്പക്കാര് പിള്ളേര് പറഞ്ഞു നടക്ക് ണ്ട്...”
“ഉം?”
“അല്ല, ഞാന്‍ കേട്ട കാര്യാണേ...”
“നീ വളച്ചു കെട്ടാണ്ട് കാര്യം പറ ജാനൂ....?” തൊമ്മി മാപ്ല അക്ഷമനായി.
“ഇവ്ടുത്തെ ചേടത്തിയുടെ കൈക്ക് ഏതാണ്ട് അസുഖമുണ്ടെന്നോ, വിരലില്‍ പഴുപ്പുണ്ടെന്നോ കുഷ്ഠമാണെന്നോ ഒക്കെ പറയണ് ണ്ട്...”
അതോടെ അയാള്‍ക്കു നാട്ടിലെ ചില ചെറുപ്പക്കാരോട് ദേഷ്യമായി. ഒരു തെളിവും അയാള്‍ടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഏഷണിക്കാരിയായിട്ടും ജാനുവിനെ അയാള്‍ സംശയിച്ചതേയില്ല.
എന്നിരുന്നാലും നാട്ടുകാര്‍ അവിടെ നിന്നു തന്നെ പലചരക്കുവാങ്ങി കഴിഞ്ഞു പോന്നു. അടുത്തൊന്നും വേറെ കടകളില്ലല്ലോ? കടം കിട്ടുകയും ചെയ്യും.
കാലം കടന്നുപോയി. നാട്ടിലെ ഓലമേഞ്ഞ വീടുകള്‍ പലതും ഓടുമേഞ്ഞു. ഓടുമേഞ്ഞ വീടുകള്‍ പലതും ടെറസ് വീടുകളായി. മുന്‍വശത്തെ പഞ്ചായത്തുവഴി ടാര്‍ ചെയ്തു. പലരും ഇരുചക്രവാഹനങ്ങളോ നാല്‍ചക്രവാഹനങ്ങളോ സ്വന്തമാക്കി. ടെലിവിഷനും ലാന്‍ഡ്ഫോണും ഫുതിയ അഭിമാനചിഹ്നങ്ങളായി. അങ്ങനെ നാട്ടില്‍ പുതിയ പ്രമാണികളുണ്ടായി.
തൊമ്മി മാപ്ലയെ ഇതൊന്നും ബാധിച്ചില്ല. അയാള്‍ തന്റെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ തന്നെ തുടച്ചുമിനുക്കി ഉപയോഗിച്ചു. മൂന്നുസെല്ലിന്റെ ഫിലിപ്സ് 3ബാന്‍ഡ് റേഡിയോയില്‍ പ്രാദേശികവാര്‍ത്തകളും ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്തകളും ശ്രീലങ്കാപ്രക്ഷേപണനിലയവും ശ്രവിച്ചു. മനോരമപത്രം വായിച്ചു. കടയില്‍ പനാമയും സിസ്സേഴ്സും വില്‍ക്കാന്‍ വെക്കുമ്പോഴും കാജാബീഡിമാത്രം വലിച്ചു. വല്ലപ്പോഴും മാത്രം മദ്യംകഴിച്ചു.
അയാളുടെ ശ്രദ്ധ കടംവീട്ടുന്നതിലും മക്കളെ കെട്ടിച്ചയക്കുന്നതിലുമായിരുന്നു.
അതിനിടയില്‍, ആലപ്പുഴയില്‍നിന്നും കുറെ കയര്‍തൊഴിലാളികള്‍ കൂട്ടത്തോടെ അന്നാട്ടില്‍ വന്നു താമസിച്ചു തൊഴിലിലേര്‍പ്പെട്ടു. പലചരക്കുകച്ചവടം കൂടുതല്‍ ഉഷാറായി. അവരോടും അയാള്‍ പഴയകാല ക്രിസ്തുമസ് കരോള്‍ ഓര്‍മ്മകള്‍ അയവിറക്കി.
തിരഞ്ഞടുപ്പുകാലങ്ങളില്‍ കടയില്‍ ചൂടേറിയ രാഷ്‌ട്രീയചര്‍ച്ചകളുണ്ടായി. മണ്ഡലത്തിലെ സ്ഥിരം സ്ഥാനാര്‍ത്ഥിയായ ലീഡര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് വരുന്നതും കടയുടെ മുന്നില്‍ രണ്ടുമിനിട്ട് നാട്ടുകാരെ അഭിസംബോധന ചെയ്യുന്നതും പതിവായിരുന്നു. "എന്തൊക്കെയുണ്ട് തൊമ്മീ...?" എന്നു ലീഡര്‍ പേരെടുത്തുവിളിച്ചിരുന്ന പ്രദേശത്തെ ഒരേ ഒരു വോട്ടറും അയാളായിരുന്നു. അങ്ങനെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അയാള്‍ നാട്ടുകാരുടെ മുമ്പില്‍ ആദരിക്കപ്പട്ടു
പക്ഷേ ഉമ്മറത്ത് കരോള്‍ എന്ന സ്വപ്നം മാത്രം മരീചികയായി അകന്നുനിന്നു.
പെണ്മക്കളെയെല്ലാം കെട്ടിച്ചയച്ചു. മകനും പെണ്ണുകെട്ടി. എല്ലാവര്‍ക്കും രണ്ടും മൂന്നും മക്കളായി. ഇതിനിടയില്‍ മകന്‍ പേര്‍ഷ്യയില്‍ പോയെങ്കിലും പച്ച പിടിക്കാതെ തിരിച്ചുവന്നു. അപ്പന്‍റെ സാമര്‍ത്ഥ്യമോ, അദ്ധ്വാനശേഷിയോ മകനില്ലായിരുന്നു.
നാട്ടിലെ ചെറുപ്പക്കരെല്ലാം പലവഴിക്കായി. ചിലര്‍ വിദേശത്ത്. ചിലര്‍ അന്യനാടുകളില്‍, ഒന്നോ രണ്ടോ പേര്‍ അവിടെത്തന്നെ. എല്ലാവര്‍ക്കും കുടുംബമായി.
അവരുടെ സ്ഥാനത്ത് പണ്ടത്തെ കുട്ടികള്‍ ചെറുപ്പക്കാരായി വന്നു. എന്നിട്ടും തൊമ്മി മാപ്ലയ്ക്ക് അവരോടുള്ള നീരസം ഒട്ടും കുറഞ്ഞില്ല. എന്നു മാത്രമല്ല, അതു ചെറുപ്പക്കാരുടെ പുതിയ തലമുറയോടായി. പ്രായവും ചെറിയ ഓര്‍മ്മക്കുറവും അയാളെയും ബാധിച്ചു തുടങ്ങിയിരുന്നു.
മുമ്പ് പറഞ്ഞതുപോലെ അയാള്‍ മറ്റൊരിടത്തേക്ക് മാറുന്നതിനേക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങി. പ്രാരാബ്ധങ്ങളെല്ലാം ഒഴിഞ്ഞു. വയസ്സായി. മരിക്കുന്നതിനു മുമ്പെങ്കിലും കരോള്‍ വീട്ടുമുറ്റത്ത് വരണം.
വീടും സ്ഥലവും വില്കാന്‍ കരാറായി. പലചരക്കു കടയും കൊപ്രബിസിനെസ്സും പതുക്കെ അവസാനിപ്പിക്കാന്‍ തീരുമാനമായി.
ദൂരെ ഒരിടത്ത് വീടും കണ്ടു. സ്ഥലം പന്ത്രണ്ടു സെന്‍റെയുള്ളൂ. പക്ഷെ മുന്നില്‍ തന്നെ റോഡുണ്ട്. ബസ്‌സ്റ്റോപ്പും. ഇഷ്ടപ്പെട്ടു. അതും ഉറപ്പിച്ചു. ഇടവകപള്ളി അടുത്തുതന്നെയാണ്. നടക്കാവുന്ന ദൂരം.
ക്രിസ്തുമസിനു മുമ്പേ താമസം മാറണമെന്നായിരുന്നു പ്ലാന്‍. പക്ഷെ, ചില നൂലാമാലകള്‍. അപ്പൊ, ഇത്തവണയും കരോള്‍ ഉമ്മറത്തു വരില്ല. അയാള്‍ നിരാശനായി.
ഈ നാട്ടിലെ പൊറുതി അവസാനിക്കുകയാണ്. നാളെ ക്രിസ്തുമസ്. പിന്നെ, ഏതാനും ദിവസങ്ങള്‍ മാത്രം. ഈ രാത്രി ലോകമെങ്ങും ദൈവപുത്രനെ വരവേല്‍ക്കാന്‍ കരോള്‍ ആഘോഷിക്കും. നമുക്കുമാത്രം ആഘോഷമില്ല. ആലോചിക്കുംതോറും നിരാശ കൂടിക്കൂടി വന്നു. അടുത്തവര്‍ഷം താനുണ്ടാവുമോ? ആഗ്രഹം നടക്കാതെ പോവുമോ? രാവിലെ കുര്‍ബാന കഴിഞ്ഞു വന്നതുമുതല്‍ നെഞ്ചില്‍ ഒരു പ്രയാസം. മണി രാത്രി പന്ത്രണ്ടാകാറായിട്ടും കുറവില്ല.
ഇപ്പോള്‍, പള്ളികളിലെല്ലാം തിരുപ്പിറവിയുടെ അനുസ്മരണമായി പാതിരാക്കുര്‍ബാന നടക്കുന്നുണ്ടാകും.
മക്കളെല്ലാരും വീട്ടിലെത്തിയിട്ടുണ്ട്. പേരക്കുട്ടികളും മരുമക്കളുമായി ആകെ ബഹളം. തലേ ദിവസം ഇതു പതിവുള്ളതല്ല. അയാളൊഴികെ എല്ലാരും ആഘോഷത്തിന്‍റെ മാനസികാവസ്ഥയിലാണ്. വലിയ കേക്ക് ഉള്‍പ്പെടെ കാര്യമായ സദ്യയൊരുക്കങ്ങളും നടക്കുന്നു. പുല്‍ക്കൂടും, ‘സ്റ്റാര്‍’, ‘ക്രിസ്തുമസ് ട്രീ’ എല്ലാം പേരക്കിടാങ്ങള്‍ എല്ലാരുംകൂടി ഗംഭീരമാക്കിയിട്ടുണ്ട്.
പെട്ടെന്നാണ്, ആ ശബ്ദം അയാളുടെ ചെവിയില്‍ വന്നലച്ചത്. കരോള്‍ ഗാനമല്ലേ അത്...?!!! അതും തൊട്ടടുത്ത് നിന്ന്...!! അതേ, ഇതു തെക്കേപ്പുറത്ത് റോഡില്‍ നിന്നു തന്നെ...കുട്ടികളും വീട്ടുകാരും എല്ലാവരും ഓടി പുറത്തിറങ്ങി....എല്ലാവര്‍ക്കും അത്ഭുതം അടക്കാനാവുന്നില്ല!!! ബാന്റ് മേളവും പെട്രോള്‍മാക്സ് വെളിച്ചവും എല്ലാം കൊണ്ടും വര്‍ണ പ്രഭാപൂരം....!!!ശബ്ദവിസ്മയം.....!!!
പത്തിരുപത് പേര്‍ സാന്റാക്ലോസ്‌ന്‍റെ വേഷത്തില്‍ നൃത്തം വെക്കുന്നുണ്ട്. ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല.
തൊമ്മി മാപ്ലയുടെ മനസ്സ് സന്തോഷം കൊണ്ട് വിങ്ങി. ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യമാണ് കണ്മുന്നില്‍!
ഇതെല്ലാം എന്താണ്? തോന്നലാണോ? അതോ കര്‍ത്താവിന്റെ മറ്റൊരു അത്ഭുതപ്രവ്രര്‍ത്തിയോ?
അവസാനം അയാള്‍ ധൈര്യം സംഭരിച്ചു കൂട്ടത്തിലൊരു സാന്റാക്ലോസ്‌നോടു ചോദിച്ചു:
“നിങ്ങളൊക്കെ ആരാ മക്കളേ...”
“ഞങ്ങളെല്ലാം, നിങ്ങടെ അയല്‍ക്കാര്‍തന്നെയാണ്, ഞാന്‍ കിച്ചു, ഗോപിയുടെ മകന്‍...മണികണ്ഠന്‍, രമേഷ്, ഉമ്മര്‍....” അവന്‍ മുഖംമൂടി മാറ്റി, എല്ലാവരെയും പരിചയപ്പെടുത്തി. “നിങ്ങള്‍ ഈ നാട് വിട്ടു പോകുകയല്ലേ? അതുകൊണ്ട് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചു,,,,”
അയാള്‍ക്കതു വിശ്വസിക്കാനായില്ല. ഇത്രയും നാളും താന്‍ നീരസത്തോടെ അകറ്റി നിര്‍ത്തിയിരുന്ന കുട്ടികള്‍ അവസാനം തന്‍റെ വലിയ ഒരാഗ്രഹം നിറവേറ്റി ത്തന്നിരിക്കുന്നു...!
അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
“എടീ, ഏലീ, ആ കേക്കും പലഹാരങ്ങളും ഒക്കെ ഇങ്ങെടുക്കടീ.......ഇവര്‍ക്കെല്ലാര്‍ക്കും കൊടുക്ക്... ഇന്നു നമുക്കിതൊന്നാഘോഷിക്കണം”
ഉമ്മറത്ത് കരോള്‍ സംഘവുമായുള്ള സല്‍ക്കാരവും ആഘോഷവും പുരോഗമിക്കവേ, കസേരയില്‍ ചാഞ്ഞിരുന്ന് അയാള്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിച്ചു.
അപ്പോള്‍, ആ ബൈബിള്‍ വചനം അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.
“ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ, അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ”– {1 കൊരി 10 : 24}
*************








