സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു.
മോളുടെ ഡാന്‍സ് ക്ലാസ്സ് കഴിയാന്‍ എന്നെത്തെക്കാളും വൈകി....
ശ്രീബാലേശ്വര്‍ മന്ദിറിനു പിന്നിലാണ് ഈ സ്ഥാപനം. ഇവിടെനിന്നും ഒരു പത്തു മിനിറ്റ് നടക്കാനുണ്ടാകും വീട്ടിലേക്ക്.
"ജല്‍ദി ചല്‍ മോളെ....നമ്മള്‍ വൈകി...."
"അതിനെന്താ അമ്മേ...റോഡില്‍ തിരക്കുണ്ടല്ലോ...."
ശരിയാണ്,....റോഡില്‍ആളുകളും വാഹനങ്ങളും നല്ല വെളിച്ചവും ഉണ്ട്....പക്ഷെ, പൊതുവേ 'സുരക്ഷിതമായ സ്ഥലം' എന്ന സല്‍പ്പേരിനു കളങ്കമായി അടുത്തിടെയുണ്ടായ ഒരുസംഭവം.
ഏതാണ്ട് എട്ടരയോടടുപ്പിച്ചാണ്...'സന്ത് നിരങ്കാരി മാര്‍ഗി'ലുള്ള ശിവ്മന്ദിറിനുസമീപം ഒരു ചെയിന്‍ സ്നാച്ചിംഗ് ഇന്‍സിഡന്റ്റ്. ശ്രമം പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ അക്രമികള്‍ ആ സ്ത്രീയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു...കേട്ടപ്പോള്‍ നടുങ്ങിപ്പോയി. തിങ്കളാഴ്ചകളില്‍ ആ മന്ദിറില്‍ മുടങ്ങാതെ പോകാറുള്ളതാണ്...
തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു വിളി....
"ദീദി..."
ഒരു ബലൂണ്‍വാല....പത്തിരുപത്തഞ്ചു വയസ്സു തോന്നിക്കും...കയ്യില്‍ നിറയെ വിവിധ നിറത്തിലുള്ള ബലൂണുകള്‍...
"ഇന്നു ബലൂണ്‍ ഒന്നും വിറ്റുപോയില്ല ദീദി....രണ്ടെണ്ണം വാങ്ങൂ....മോള്‍ക്ക് കളിക്കാന്‍....ഇഷ്ടമാവും...നല്ല ബലൂണുകള്‍, നോക്കൂ...." ബംഗാളിചുവയുള്ള ഹിന്ദിയില്‍ അയാള്‍ പറഞ്ഞു.
മോളുടെ മുഖത്ത് ഞാനത്ര കൊച്ചുകുട്ടിയൊന്നുമല്ല എന്ന ഭാവം.
"ഇപ്പോള്‍ വേണ്ട..."
വേഗം നടക്കാം....
"ദീദി..." വീണ്ടും പുറകെ കൂടിയോ?
ഇയാള്‍ ഇതെന്തിനുള്ള പുറപ്പാടാണ്...ഹേ ഭഗവാന്‍...വല്ല കള്ളനോ പിടിച്ചുപറിക്കാരാനോ ആയിരിക്കുമോ? കഴുത്തിലെ മാലയില്‍ മുറുകെപ്പിടിച്ചു...ചെറുതാണ്, എന്നാലും...ദുപ്പട്ടകൊണ്ടു മറക്കാന്‍ ഒരു ശ്രമം നടത്തി... സുമംഗലിയായ സ്ത്രീക്ക് മംഗല്യസൂത്രം പരമപ്രധാനമാണ്...
ബാഗിലുള്ള പെപ്പെര്‍ സ്പ്രേയിലേക്ക് കൈ നീണ്ടു...ഒരു മുന്‍കരുതലിനു സൂക്ഷിക്കുന്നതാണ്. ഒരിക്കലും ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ എന്നപ്രാര്‍ത്ഥനയോടെ.
"എന്‍റെ കുഞ്ഞുമോള്‍....അവള്‍ക്കു വിശക്കുന്നുണ്ടാവും...പാവം ഇന്നൊന്നും കഴിക്കാന്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞില്ല ദീദി....ദയവായി ഒരുബലൂണ്‍ എങ്കിലുംവാങ്ങൂ...."
അപ്പോഴാണ് അതു ശ്രദ്ധിച്ചത്...നിറമുള്ള ബലൂണുകള്‍ക്കിടയില്‍ തീരെ നിറംമങ്ങിയ ഒരു കൊച്ചുമുഖം....ദൈന്യതയാര്‍ന്ന കണ്ണുകള്‍...പെട്ടെന്ന് ആ മുഖത്ത് ഒരുപുഞ്ചിരി വിടര്‍ന്നു...ഒരുപുഞ്ചിരി തിരിച്ചും സമ്മാനിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...അത്രക്കും നിഷ്കളങ്കമായ പുഞ്ചിരി...
ഒരുനിമിഷം ചിന്തിച്ചു....എന്തു വേണം.?
"അമ്മേ, ചിലപ്പോള്‍ അയാള്‍ സത്യമല്ല പറയുന്നതെങ്കിലോ?..." കുഞ്ഞു സംശയം...
എന്തോ, അങ്ങനെയാണെന്നു തോന്നുന്നില്ല
കുറച്ചു പൈസകൊടുത്താലോ?
ഒരു പക്ഷേ ഇയാള്‍ അതുകൊണ്ടുപോയി മദ്യപിച്ചാലോ...?
"നിങ്ങള്‍ ഒരു കാര്യം ചെയ്യൂ...ആ നാക്കയില്‍, മൂലയില്‍ ഒരുകടയുണ്ട്....അവിടേക്ക് വരൂ...ഭക്ഷണം വാങ്ങിത്തരാം..."
"ശരി, ദീദി"
അപ്പോള്‍ ഇയാള്‍ പറഞ്ഞത് ശരിയാവാനാണു സാധ്യത...അല്ലെങ്കില്‍, പൈസ മതിയെന്ന് പറയുമായിരുന്നു...
വേഗം നടന്നു...മോള്‍ക്കു നാളെ എക്സാം ഉള്ളതാണ്...ചെന്നിട്ടുവേണം ഗുസ്തിപിടിക്കാന്‍
-വഴിനീളെ സംശയങ്ങള്‍....അയാള്‍ എന്താണ് അങ്ങിനെ? അയാള്‍ക്ക് നല്ല ജോലിയില്ലേ? എന്താ ഇല്ലാത്തത്? ആകുഞ്ഞിന്‍റെ അമ്മഎവിടെ?
മെയിന്‍ റോഡ് ക്രോസ് ചെയ്തുകടയുടെ മുന്നില്‍ എത്തുമ്പോഴേക്കും അയാളും കുഞ്ഞും അവിടെ കാത്തുനില്‍പ്പുണ്ട്...കുഞ്ഞിന്‍റെ മുഖത്ത് അതേ നിഷ്കളങ്കമായചിരി...ഈ നിഷ്കളങ്കതക്ക് എല്ലാം മനസ്സിലാവുന്നുണ്ടോ?
ഇത്തരം കടകള്‍ ഇവിടെ എല്ലാ കോര്‍ണര്‍-ലുംകാണും. പ്രധാന ഷോപ്പില്‍ ബേക്കറിപലഹാരങ്ങളും ശീതളപാനീയങ്ങളും ഒക്കെയാനുണ്ടാവുക...പിന്നെ, കൊച്ചു കൊച്ചു സ്റ്റാളുകള്‍... ഒന്നില്‍ ചായ/കാപ്പി, പിന്നെ ഫ്രഷ് ജ്യൂസ്, ഫ്രാങ്കി/റോള്‍, ധാബേലി/വടാപാവ്/പാവ്ബാജി എല്ലാം, പാനിപൂരി, സാന്‍വിച് പിന്നെ ദോശ, ഇഡ്ഡലി, ഊത്തപ്പം, വട എല്ലാം കൂടിയുള്ള ഒരു സെറ്റപ്പ് ഏറ്റവുംഅവസാനം പാന്‍മസാല.
ഇടയ്ക്കു വല്ലപ്പോഴും വാങ്ങുന്നത്കാരണം ദോശ കടക്കാരനെ പരിചയമുണ്ട്...ഒരു പൊന്നപ്പ. മംഗലാപുരം സ്വദേശി...
"ഗുഡ്മോണിംഗ് മാഡം... എന്തുവേണം മാഡം, ദോശ, ഊത്തപ്പം, വട, ..."
എപ്പോള്‍ കണ്ടാലും ഗുഡ്മോണിംഗ്....അതിനു ന്യായീകരണവുമുണ്ട്. ഒരാളെ ഒരു ദിവസം ആദ്യം കാണുകയാണെങ്കില്‍ അങ്ങനെപറയാമത്രേ!
"ദാ, ഇയാള്‍ക്കു രണ്ടു മസാലദോശ കൊടുക്കൂ..."
"ഒന്ന് പാര്‍സല്‍ മതി ദീദി...." ബലൂണ്‍വാല ഇടയ്ക്കുകയറി പറഞ്ഞു.
"എന്നാല്‍ മൂന്നെ\ണ്ണം ആയിക്കോട്ടെ, പൊന്നപ്പാ...ഒന്നു പാര്‍സല്‍...."
" രണ്ടെണ്ണം റെഡിയാണ് മാഡം...ഇതാ...കഴിക്കുംബോഴേക്കും പാര്‍സല്‍ തയ്യാറാവും..."
"കഴിച്ചോളൂ..." വാങ്ങി അയാള്‍ക്കു കൊടുത്തു...അതുകൈപറ്റുമ്പോള്‍ അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു....
അയാള്‍ വേഗം ബലൂണും ഭാണ്ടവും മകളെയും ഒഴിഞ്ഞൊരുഭാഗത്ത് താഴെയിരുത്തി. കുഞ്ഞിനെ ഊട്ടാന്‍ തുടങ്ങി...ചൂട് അധികം ഇല്ലാത്തതോണ്ടാവും കുഞ്ഞുവേഗം കഴിക്കുന്നുണ്ട്....അതോ വിശപ്പിന്‍റെ ചൂട് ഏറിയിട്ടോ?
അയാള്‍ ആകാശത്തെ ചന്ദ്രനെ നോക്കി ഒരു ബംഗാളി താരാട്ട് മൂളാന്‍ തുടങ്ങി:
"ചാന്ദ് ഉഠേ ചേയ്,
ഫൂല്‍ ഫുഠേ ചേയ്,
കദം തൊലായ് കേയ്,
ഹാഥി നാചേയ്, ഗോഡാ നാചേയ്,
ജോയ് ഷോണാര്‍ ബീയേ...
ചാന്ദ് ......"
ഓരോ തവണ ഭക്ഷണം ഇറക്കുമ്പോഴും പുഞ്ചിരിയോടെ നോക്കുന്നുമുണ്ട്....ഇടക്കിടെ വര്‍ണബലൂണുകളില്‍ താരാട്ടിനൊപ്പം താളം പിടിക്കുന്നുമുണ്ട്....
അപ്പോഴേക്കും മോളും അവരോടൊപ്പം കൂടി ആകുഞ്ഞിനെ കളിപ്പിക്കാന്‍ തുടങ്ങി...നേരത്തേ സംശയം പറഞ്ഞയാളാണ്...ഇത്രേയുള്ളൂ കുട്ടികളുടെകാര്യം. ഈ കുട്ടിയുടെ നാളത്തെ പരീക്ഷയുടെ കാര്യം.... സംശയമാവും!
ഇതിനിടയില്‍ ബീറ്റ് പോലീസുകാരന്‍ എവിടെന്നോ പ്രത്യക്ഷപ്പെട്ടു. "ഹട്ട് ജാ, സാലേ,.തു ഇധര്‍ ഭി." ബലൂണ്‍വാല എല്ലാം വാരിയെടുക്കാന്‍ തിടുക്കം കൂട്ടി...ഹവില്‍ദാരെ കണ്ട് കുഞ്ഞിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു...മോളും അമ്പരന്നു പിന്നോട്ട്മാറി..
"ഹേയ്, എന്താപ്രശ്നം? ഞാനാണ് അയാള്‍ക്കു ഭക്ഷണം വാങ്ങികൊടുത്തത്...:അയാള്‍ അതു സമാധാനമായിട്ടു കഴിച്ചിട്ടു പോയ്‌ക്കൊട്ടെ"
"മാഡം, ഇവരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...മാത്രമല്ല, പുതിയ കമ്മിഷണര്‍ വളരെ കര്‍ക്കശക്കാരനാണ്...."
"ആ, കമ്മിഷണറോട് ഞാന്‍ പറഞ്ഞോളാം..."
പെട്ടന്ന്, കുഞ്ഞുതാളം പിടിച്ചുകൊണ്ടിരുന്ന ബലൂണുകളില്‍ ഒന്നുപൊട്ടി....
പോലീസുകാരന്‍ ഒതുങ്ങി...അവിടെനിന്ന് മാറി നിന്നു'
അതുകണ്ട് കുഞ്ഞിന്‍റെ മുഖത്ത് പാല്‍പുഞ്ചിരി വീണ്ടുംതെളിഞ്ഞു...
പൊന്നപ്പക്കു പൈസ കൊടുക്കുന്നതിനിടയില്‍ ഓര്‍മിപ്പിച്ചു: "പാര്‍സല്‍ അയാള്‍ക്കു കൊടുക്കണം"
"ഓക്കെ മാഡം,അല്ല ഒരുസംശയം, അയാള്‍ക്ക് എന്തിനാണ് ഇങ്ങനെ ഭക്ഷണം വാങ്ങികൊടുക്കുന്നത്? ഇവരെയൊക്കെ വിശ്വസിക്കാന്‍ പറ്റുമോ?"
"പൊന്നപ്പ, ഇവിടെ എത്രവര്‍ഷം മുന്‍പാണ് വന്നത്?"
"എട്ടു വര്‍ഷമായി മാഡം"
"തുടക്കത്തില്‍ ഭക്ഷണം കിട്ടാന്‍ പോലും ബുദ്ധിമുട്ടിക്കാണില്ലേ"
"ഉണ്ട് മാഡം, തീര്‍ച്ചയായും പൈപ്പ് വെള്ളം മാത്രം കുടിച്ചു എത്രയോ ദിവസങ്ങള്‍....എല്ലാം ഓര്‍മയുണ്ട്"
"അന്നു നിങ്ങളെആരെങ്കിലുമൊക്കെ സഹായിച്ചുകാണില്ലേ?"
"തീര്‍ച്ചയായും..."
"ഗജാ തുരഗ സഹസ്രം
ഗോകുലം കോടിദാനം
കനക രജതപത്രം
മേതിനി സാഗരന്തം
ഉപയകുല വിശുദ്ധം,
കോടി കന്യാപ്രദാനം,
നഹി, നഹി, ബഹുദാനം
അന്നദാനം സമാനം" എന്നാണ് പുരാണങ്ങള്‍ പറയുന്നത്"
"മത്ലബ്?"
"അതായത്, ആയിരം ആനകള്‍, കുതിരകള്‍ നൂറുലക്ഷം പശുക്കള്‍, അസംഖ്യം സ്വര്‍ണം വെള്ളി, കടലോളം ഭൂമി, നിങ്ങളുടെ കുടുംബത്തിന്‍റെ മുഴുവന്‍ സേവനങ്ങളും, നൂറുലക്ഷം കന്യാധാനം ഇവയൊന്നും ഒരിക്കലും അന്നദാനത്തോളം പുണ്യം തരുന്നതല്ലത്രേ...അന്നദാനം മഹാദാനം "
"സോറി മാഡം, ഇനിഎന്നും രാത്രി ഞാന്‍ അയാള്‍ക്കു ഭക്ഷണം കൊടുക്കാം...എന്നും എന്തെങ്കിലുമൊക്കെകാണും ഒമ്പതരക്ക് കടയടക്കും അതിനുമുന്‍പ് വന്നാല്‍ മതി, യാര്‍, സവാ നൌവ് ബജേ സെ പഹലേ ആനാ, തുംകോ ഖാന മിലേഗാ ഇധര്‍, "
"മാഫ് കീജിയേ ഭായ്, എന്നും എനിക്കു ബലൂണ്‍ വിറ്റ് പൈസകിട്ടാറുണ്ട്, അതുമതിയാകും...മാത്രമല്ല, കുടിലില്‍ ഭാര്യ തനിച്ചാണ്...അപ്പുറത്തുമിപ്പുറത്തുമൊക്കെ ചട്ടമ്പികള്‍ ഉള്ളതാണ്...വേഗം പോണം... ഇന്നുശരിക്കുംവൈകി...നന്ദിയുണ്ട് ദീദി, നന്ദിയുണ്ട്ഭായ്..."
"ടീഖ് ഹേ, കഭി ഭി ആനാ...ഖാന തെരെ ലിയെ തയ്യാര്‍ രഹേഗാ..." പൊന്നപ്പയുടെ വാഗ്ദാനം അത്ഭുതപ്പെടുത്തി.
" ഹേയ് ബലൂണ്‍വാല, നിങ്ങളുടെ ഭാര്യ വീട്ടുജോലികളൊക്കെ ചെയ്യുമോ? എങ്കില്‍ എനിക്ക് ഒരാളെ ആവശ്യമുണ്ട്...."
"ചെയ്തിരുന്നു ദീദി, കിട്ടുന്ന പൈസയൊന്നും വീട്ടില്‍ വെക്കാന്‍ പറ്റില്ല...എല്ലാം ഈ ഹവില്‍ദാര്‍മാര്‍ അല്ലെങ്കില്‍ അവരുടെ ആളുകള്‍ വന്നു തട്ടിപ്പറിക്കും....ഞങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഒന്നും ഇല്ലല്ലോ? ദീദി, എന്റെ പേര് മുഹമ്മദ് അഷറഫുല്‍ എന്നാണ്."
-അതു ശരി, ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല, പക്ഷെ, ഇവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസയെ വിശ്വസിക്കാം.
"അതൊക്കെ, വഴിയുണ്ടാക്കാം അഷറഫുല്‍, വന്നോളൂ...ഇതാ അഡ്രസ്"
"ബഹുത് ബഹുത് ശുക്രിയാ മാഡം....ചല്‍താ ഹും"
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി....
ഒക്കത്തിരുന്ന കുഞ്ഞു കൈനീട്ടി അയാളുടെ കണ്ണീര്‍ തുടച്ചു. പിന്നെ, തെരുതെരെ ഉമ്മവെച്ചു. ആശ്വാസഉമ്മകള്‍...!
അച്ഛന്റെ തോളത്തിരുന്നു, കൈവീശി നടന്നകലുംബോഴും കുഞ്ഞിന്റെ മുഖത്ത് നിഷ്പുകളങ്കമായ ആ പുഞ്ചിരി തെളിഞ്ഞുനിന്നു....താരാട്ട് പതുക്കെ അകന്നു പോയി:
...''ചാന്ദ് ഉഠേ ചേയ്"....!

No comments:
Post a Comment