Monday, 28 July 2014

വിശ്വാസം:



  - ഇതു തന്നെയല്ലേ ജിഗ്നേഷ്‌ ഭായ് പറഞ്ഞ കട?

ചുനിലാല്‍ ഭായ് ദാമോദര്‍ ഭായ് പട്ടേല്‍ കൈയിലിരുന്ന വിസിറ്റിംഗ് കാര്‍ഡിലേക്ക് നോക്കി.

...Shop No 3, Shelter Arcade, Plot No 26, Near D Mart , Sector 42 ....

-അഡ്രസ്‌ ഇത് തന്നെ.

-ആരെയും കാണുന്നില്ലല്ലോ?

"കോയി ഹേ?'

"ജി സാബ്... ബോലിയെ..." അകത്തെ ടേബിള്‍ -നു പുറകില്‍ വിരിച്ചിട്ടിരുന്ന ഷീറ്റില്‍ നിന്നും വെള്ള തൊപ്പി വെച്ച ഒരാള്‍ എഴുന്നേറ്റു വന്നു... പ്രാര്‍ഥിക്കുകയായിരുന്നോ?

" ജീ... താങ്കളാണോ ഈ കടയുടെ ഉടമസ്ഥന്‍...? ഞാന്‍ ജിഗ്നേഷ്‌ ഭായ് പറഞ്ഞിട്ടു വന്നതാണ്..."

"ഹോ..ജിഗ്നേഷ്‌ ഭായ്... ഓര്‍മയുണ്ട്... എന്താണ് സാബ് വേണ്ടത്...?"

" എന്താണ് താങ്കളുടെ പേര്? നാട്? എത്ര നാളായി ഈ ബിസിനസ്‌ ചെയ്യുന്നു...?"

"ജീ സാബ്... ഞാന്‍ യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി... സ്വന്തം നാട് ലക്നോവിലെ, ഹസ്രത്ത്‌ ഗഞ്ചില്‍ ... പക്ഷെ, ഞങ്ങളുടെ കുടുംബം ബിസിനസ്‌ സംബന്ധമായി സഹരന്‍പൂരിലെ, അംബാല റോഡില്‍ ആണ്... അറുപതു വര്‍ഷത്തോളമായി എന്‍റെ പിതാവ് ഈ ജോലിയില്‍ ഉണ്ട്. ഞാന്‍ തന്നെ ഇരുപത് വര്‍ഷമായി മുംബൈയില്‍ മന്ദിര്‍ ഉണ്ടാക്കി വില്‍ക്കുന്നു. നാസിക്കിലും, പൂനെയിലും സപ്ലൈ ഉണ്ട്. ഞങ്ങള്‍ക്ക് ബാന്ദ്രയിലും ഷോപ്പ് ഉണ്ട്.ഇന്ന് വരെ ഒരു പരാതിയും ഉണ്ടായിട്ടില്ല സാബ്..."

" ഓക്കേ, ടീഖ്‌ ഹൈ..വീട്ടിലേക്ക് ഒരു പൂജ മന്ദിര്‍ വേണം..ഇതിനു എന്ത് വിലവരും?"

"അത് വിറ്റു പോയതാണ് ... അതിന് ബീസ് ഹജാര്‍ സാബ്...15”x09”; 18”x09”;21”x09”, 24”x09" ഈ സൈസില്‍ എല്ലാം ലഭ്യമാണ് സര്‍."

"ഇത് മഹാഗണി ആണോ,"

"അല്ല ഇത് Sheesham... ഈടും ഉറപ്പും ഉണ്ടാകും സര്‍, ഗാരണ്ടി."

"എങ്കില്‍ ഇത് പോലെ ഒന്നു തന്നെ ആയിക്കോട്ടെ ...സൈസ് 24”x09"... അവസാന വില പറയൂ...ഒരാഴ്ചക്കുള്ളില്‍ ഡെലിവറി ചെയ്തിരിക്കണം. അതായതു 31 നു. ഒന്നാം തീയതി അതിരാവിലെ പൂജയുണ്ടാവും..."

"ഒരു പതിനെട്ടു... ഇനിയും കുറച്ചാല്‍ ഒന്നും കിട്ടില്ല സര്‍..."

" കൂടുതല്‍ വില പേശുന്നില്ല, എനിക്ക് കുറച്ചു തിരക്കുണ്ട്‌..അപ്പൊ, പതിനേഴിന് ഉറപ്പിക്കാം... ടീഖ്‌ ഹൈ? ഇതാ മുഴുവന്‍ പൈസയും അഡ്വാന്‍സ്‌ ആയിരിക്കട്ടെ., പിന്നെ, എന്‍റെ ബാന്ദ്രയിലെ അഡ്രസ്‌. ഇവിടെ എത്തിക്കണം. 31-നു... മറക്കരുത്‌."

" സാബ്....ഹാം സാബ്".

..............

 1975 -ല്‍ അരവിന്ദ്‌ ഭായിയോടൊപ്പം ബോംബയിലേക്ക് വണ്ടി കയറുമ്പോ കയ്യിലൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെ പട്ടിണി മാറ്റണം, മുച്ചാണ്‍ വയറു പാതിയെങ്കിലും നിറയണം. അങ്ങനെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍...

സൂററ്റിലെ  മീരനഗര്‍ ഡയമണ്ട് ബസാറില്‍ നിന്നും ഒരു പറിച്ചു നടല്‍ ആയിരുന്നു അത്. ബോംബെ ചാര്‍നി റോഡു, ഓപെറ ഹൗസിലെ പഞ്ചരത്ന ബില്‍ഡിങ്ങിലേക്ക്.

അരവിന്ദ്‌ ഭായിയോടൊപ്പം കഠിനാദ്ധ്വാനം ചെയ്തു. വിശ്വസ്തനായി. അതിനു ഫലവുമുണ്ടായി. അദ്ദേഹം ബിസിനസ്സില്‍ പാര്‍ട്ണര്‍ ആക്കി.

പിന്നെയും പരീക്ഷണങ്ങള്‍. ഇതിനിടയില്‍ 2006ലെയും, 2008 ലെയും ബോംബ്‌ സ്ഫോടനങ്ങള്‍...2006-ല്‍ ഗുജറാത്തികളെയാണ് ലക്‌ഷ്യമാക്കിയത്. 2008-ല്‍, ഹിന്ദുക്കളെ പൊതുവിലും.. 2011 ജൂലൈ 13-ലെ സീരിയല്‍ ബ്ലാസ്റ്റ്- ഓപെറ ഹൌസ്, സവേരി ബസാര്‍ പിന്നെ ദാദര്‍ വെസ്റ്റില്‍. ഡയമണ്ട് വ്യാപാരികളെയാണ് ലക്‌ഷ്യം വെച്ചത്. എല്ലാം തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനു ശേഷം ഇത്തരക്കാരെ പൊതുവേ ഒരു വിശ്വാസക്കുറവ്...

പിന്നീട് 2012 ആഗസ്റ്റില്‍ ബാന്ദ്ര-കുര്‍ള കോംപ്ലെക്സിലെ  'ഭാരത് ഡയമണ്ട് ബോര്സ്- ലേക്ക് മാറി.

ഇപ്പോഴിതാ വീണ്ടും സൂററ്റിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചയിലാണ് ഇന്ടസ്ട്രി മുഴുവന്‍. താനുള്‍പ്പെടുന്ന കത്തിയവാടി പട്ടേല്‍ വിഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. ബിസിനസ്സിന്റെ 60% കൈകാര്യം ചെയ്യുന്നതും നമ്മളാണല്ലോ?. അതായതു മൊത്തം 2.6 ലക്ഷം കോടി രൂപ...!

പക്ഷെ, ഇതിനെ എതിര്‍ക്കുന്ന പാലന്പൂര്‍ ജയിന്‍സ്‌ മുംബൈ വിട്ടു പോകാന്‍ തയ്യാറല്ല. ബിസിനസ്‌-ന്‍റെ നിയന്ത്രണം കത്തിയവാടി പട്ടേല്‍ വിഭാഗത്തിനോട് നഷ്ടപ്പെടുമെന്നാണ് അവരുടെ ഭയം. എന്നാല്‍ വെറും 1000 Sq.Ft നു രണ്ടു ലക്ഷം രൂപയാണ് BKC യില്‍ വാടക! സൂററ്റില്‍ വെറും 20,000 രൂപയ്ക്ക് അതിന്‍റെ ഇരട്ടി സ്ഥലം കിട്ടും. പോരാത്തതിന് മുംബയിലെ പ്പോലെ കസ്റ്റംസ്‌ -ന്‍റെ ശല്യമോ, കൂടിയ ലേബര്‍ ചാര്‍ജോ ഇല്ല എന്ന സൌകര്യവുമുണ്ട്.

ഈ വ്യാപാരം എല്ലാം വിശ്വാസത്തില്‍ അധിഷ്ടിതമാണ്. അത് കൊണ്ട് പുറത്ത് നിന്ന് ഒരാള്‍ക്ക് വന്നു പെട്ടെന്ന് ബിസിനസ്‌ തുടങ്ങാനാവില്ല. ആദ്യം ചെറുതായി തുടങ്ങി വ്യാപാരികളുടെ വിശ്വാസം പിടിച്ചു പറ്റണം.... പരസ്പര വിശ്വാസമുണ്ടെങ്കിലെ ഏതു ഡീലും വിജയിക്കൂ.

ആ, എന്തെങ്കിലുമാകട്ടെ. ഇനിയെല്ലാം ഹരിലാല്‍ തീരുമാനിക്കട്ടെ. ഇപ്പോള്‍ തന്നെ, ആന്‍റ്വേര്‍പ്പിലെയും ജോഹന്നാസ്‌ ബെര്‍ഗ്-ലെയും ബിസിനസ്‌ അവനാണല്ലോ മാനേജ് ചെയ്യുന്നത്. അവനതിനുള്ള കഴിവും പക്വതയും ഉണ്ട്. താനേതായാലും മുംബൈ വിട്ടു എങ്ങോട്ടുമില്ല, തല്ക്കാലത്തേക്കെങ്കിലും.

ചിന്തകള്‍ കാട് കയറിയതറിഞ്ഞില്ല... നാളെയാണ് ഹൌസ് വാര്‍മിംഗ്. പൂജക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഭട്ട് രാവിലെ വരും.

അല്ല, പൂജ മന്ദിര്‍ ഇതുവരെ എത്തിയില്ലല്ലോ?

യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി എവിടെ പോയി കിടക്കുന്നു?

അയാളെ എല്പ്പിക്കണ്ടായിരുന്നു... ആകെ ഒരസ്വസ്ഥത... അയാള്‍ പറ്റിക്കുമോ....? ഹേ, ഭഗവാന്‍ നാളത്തെ പൂജ...

"കേം ചോ? ചുനിലാല്‍ ഭായ്? " അടുത്ത വീട്ടിലെ ഭരത് ഭായ് ഷാ ആണ്. ബന്ധുക്കളെല്ലാം വന്നു കഴിഞ്ഞു.

"മജമാ ചു ഭരത് ഭായ്.. ബസ്‌ നാ... ഏയ്‌, മീരബെന്‍, ഊണ് അത്താഴം തയ്യാറല്ലെ?"

"എല്ലാം തയ്യാര്‍... എന്താ ഒരു ടെന്‍ഷന്‍? " മീര ബെന്‍ ഭായ്. ഭര്‍ത്താവിന്‍റെ മുഖം വാടിയത് ശ്രദ്ധിച്ചു.

"അല്ല, ആ മന്ദിര്‍ ഇത് വരെ എത്തിയില്ലല്ലോ? അയാളെ വിളിച്ചിട്ട് കിട്ടുന്നുമില്ല... നാശം."

"വിഷമിക്കാതിരിക്കൂ...നമുക്ക് ഹരിലാലിനോട് പറയാം.. അവന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല..."

-പുറത്ത് മഴ കനക്കുന്നു... മണി പത്താകാറായി... ഈ നേരത്ത് എവിടെ അന്വേഷിച്ചു പോകാനാണ്?  ഹേ, ഭഗവാന്‍.... ഏതു നേരത്താണ് അയാളെ ഏല്‍പ്പിക്കാന്‍ തോന്നിയത്?

"Don't worry Papa...we will do something... " ഹരിലാലിടപെട്ടു.

പെട്ടെന്ന്, കാളിംഗ് ബെല്‍ അടിച്ചു.

ചുനിലാല്‍ ഭായ് ചാടിയെഴുന്നേറ്റു വാതില്‍ തുറന്നു..

മുന്നില്‍ യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി...! മറ്റൊരാളുമുണ്ട്... രണ്ടു പേരും ചേര്‍ന്ന് പൂജ മന്ദിര്‍ താങ്ങി പിടിച്ചിരിക്കുന്നു... മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിട്ടുണ്ട്.

"സാബ്, ക്ഷമിക്കണം...അല്പം വൈകിപ്പോയി... മന്ദിര്‍ എവിടെയാണ് വെക്കേണ്ടത്? "

"നിങ്ങളെന്നെ, തീ തീറ്റിച്ചു കളഞ്ഞല്ലോ? നിങ്ങള്‍ക്കൊന്നു ഫോണ്‍ ചെയ്തൂടെ? എത്ര നേരമായി ഫോണില്‍ വിളിക്കുന്നു? ഫോണ്‍ എടുക്കാന്‍ പോലും വയ്യെന്നോ? നിങ്ങളെ ഏല്‍പ്പിച്ചത് തന്നെ മണ്ടത്തരമായിപ്പോയി... മുഴുവന്‍ പൈസയും അഡ്വാന്‍സ്‌ തന്നത് തന്നെ എന്‍റെ തെറ്റ്..."

ചുനിലാല്‍ ഭായ് ജ്വലിച്ചു.

"ശാന്തനാകൂ...മന്ദിര്‍ എത്തിയല്ലോ?" മീരബെന്‍ പതിവു പോലെ ഭര്‍ത്താവിനെ സമാധാനിപ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.

"ക്ഷമിക്കണം സാബ്, മനപ്പൂര്‍വമല്ല... മഴ ചതിച്ചതാണ്. ഷോപ്പില്‍ നിന്ന് നിന്ന് ഇവിടെ വരെ ട്രാഫിക്‌ ജാം ആയിരുന്നു സാബ്. ദയവു ചെയ്ത് എന്നെ അവിശ്വസിക്കരുത്..."

"ഉം... ഞാനൊരു ഹിന്ദുവായതു കൊണ്ടാണ് നിങ്ങള്‍ ഇത്രയും ഉപേക്ഷ വിചാരിച്ചത്... ഭഗവാന്‍റെ ഇരിപ്പിടം ഉണ്ടാക്കാന്‍ ഒരന്ന്യ മതസ്ഥനെ  ഏല്പിച്ചത് എന്‍റെ തെറ്റ്... ആ ജിഗ്നേഷ്‌ ഭായ് പറഞ്ഞത് കൊണ്ട് പറ്റിപ്പോയതാണ്...കൂടുതലൊന്നും പറയണ്ട...പൊയ്ക്കോളൂ എന്‍റെ മുന്‍പില്‍ നിന്ന്..."

"പോകാം സാബ്, ഒന്നു പറഞ്ഞോട്ടെ, എല്ലാ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്...പിന്നെ, ഈ പ്രപഞ്ചവും അതിലുള്ള സര്‍വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന പദാര്‍ഥാതീതവും കാലാതീതവുമായ ഒരു അസ്ഥിത്വമേതോ അതിനെയാണ് നാം സാക്ഷാല്‍ ദൈവം, കര്‍ത്താവ്‌, പരമേശ്വരന്‍, ഭഗവാന്‍ എന്നൊക്കെ പറയുന്നത്..... അതേ അസ്തിത്വത്തെ കുറിച്ചാണ് അറബിയില്‍ 'അല്ലാഹു' എന്ന് പറയുന്നത്..... അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരത്രേ... ഈ വിശ്വാസം ഉള്ളിടത്തോളം അങ്ങനെയൊരു ചതി ഞാന്‍ ചെയ്യില്ല... ഇതെന്‍റെ ചോറാണ്...വരട്ടെ  സാബ്...അല്‍ഹം ദുലി ല്ലാഹ്...! "

*********

https://www.facebook.com/photo.php?fbid=842548195755575&set=pb.100000012060771.-2207520000.1466506247.&type=3&theater

No comments:

Post a Comment