Saturday, 19 December 2015

രക്ഷ:




ഇന്നല്‍പ്പം വൈകും എന്നാണ് പറഞ്ഞത്... നല്ല ദിവസമായിട്ട് ഇന്നെങ്കിലും സമയത്തിന് വന്നൂടെ ചെക്കന്?

ഇങ്ങനെ ഉത്തരവാദിത്വമില്ലാതായാല്‍ എന്തുചെയ്യും?

അവന്‍റെ പഠിത്തമെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍... ഇതിപ്പോ കോഴ്സ് കഴിഞ്ഞു രണ്ടാമത്തെ വര്‍ഷമായി...

അവനെ പറഞ്ഞിട്ടും കാര്യമില്ല. പപ്പയുടെ അകാലമരണം അവനെയും തകര്‍ത്തു.

- അന്ന്, 'സര്‍പ്രൈസ്' ഗിഫ്റ്റ് വാങ്ങാന്‍ CST സ്റ്റേഷനില്‍ പോയതായിരുന്നു... പിറ്റേന്ന്, മമ്മയുടെ പിറന്നാള്‍....

മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല...

 'അണുശക്തി നഗറി'ലെ 'സഹ്യാദ്രി' ക്വാര്‍ടെര്‍ഴ്സിലിരുന്നുരുകിയ നിമിഷങ്ങള്‍....ടിവിയില്‍ ഭീകരാക്രമണത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍...

ഒടുവില്‍ , പിറ്റേ ദിവസം ആംബുലന്‍സില്‍....മമ്മയുടെ പിറന്നാള്‍ സമ്മാനത്തോടൊപ്പം ഞങ്ങള്‍ക്കുമുണ്ടായിരുന്നു സമ്മാനപ്പൊതികള്‍... ചോരക്കറ പുരണ്ടിരുന്നു... ഒരു ഞെട്ടലോടെ മാത്രമേ അതോര്‍ക്കാന്‍ കഴിയൂ..

-പപ്പ എന്നും അങ്ങനെയായിരുന്നുവല്ലോ.... പിറന്നാള്‍ ഇല്ലാത്തവര്‍ക്കും ഉണ്ടാവും സമ്മാനം.

ഇനി ഇതൊക്കെ ഓര്‍ത്തിട്ടെന്താ...എല്ലാം കഴിഞ്ഞില്ലേ...എത്ര വര്‍ഷങ്ങള്‍... എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. എല്ലാം താറുമാറായി...  ങ്ഹാ...ഇനി എല്ലാം ഒന്നു നേരെയാക്കണം....

-അവന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും വൈകും.

ഇപ്പൊ മണി ഒമ്പത് കഴിഞ്ഞു. വണ്ടി ഇന്നു വൈകിയല്ലോ...കല്യാണ്‍ സ്റ്റേഷനില്‍ എപ്പോഴും തിരക്കു തന്നെ. വേഗം ഒരു ഓട്ടോ പിടിക്കണം.

"ഏയ്‌, ഓട്ടോ, 'മഹാത്മാ ഫുലെ' നഗര്‍, ഭിവണ്ടി - മുര്‍ബാദ് ഹൈവേ ക്രോസ് ചെയ്തു പോകണം"

-ഡ്രൈവറോട് തര്‍ക്കിക്കാനൊന്നും വയ്യ, ചോദിക്കുന്നത് കൊടുത്തേക്കാം. സാധാരണ അത് പതിവുള്ളതല്ല...പക്ഷെ, ഇന്നു വൈകിയില്ലേ?

ഇനിയിപ്പോ വീട്ടില്‍ എത്തുമ്പോ എത്രയാവും എന്തോ? നല്ല മഴക്കാറുണ്ട്...കാറ്റും

പാസ്സായിരുന്നുവെങ്കില്‍ പൂനെയില്‍ തന്നെ അവനും ഒരു ജോലി നോക്കാമായിരുന്നു. ഈ വീട് വിറ്റ് അവിടെ എന്തെങ്കിലും നോക്കാം. തന്‍റെ കല്യാണത്തിന് സൊരുക്കൂട്ടി വച്ചിരുന്നതും പിന്നെ, സര്‍ക്കാര്‍ ധനസഹായവും എല്ലാം ചേര്‍ത്താണ് വീട് വാങ്ങിയത്. അതും ഇത്രയും ഉള്ളിലോട്ടു മാറി...അത്രയേ പറ്റിയുള്ളൂ.

ഇതിപ്പോ അതിനിടക്ക് അവന്‍ ജോലിക്കും പോയിത്തുടങ്ങി...തലോജ MIDC യില്‍ എവിടെയോ ആണ്...ശമ്പളമൊക്കെ കണക്കാവും...ടെന്‍ഷന്‍ അതല്ല, ഇതിനിടയില്‍ ബാക്കിയുള്ള പേപ്പര്‍ എഴുതിയിടുക്കാന്‍ പറ്റിയില്ലെങ്കില്‍ എല്ലാ പ്ലാനും തെറ്റും. പറയാനല്ലേ പറ്റൂ...ചെറിയ കുട്ടിയൊന്നും അല്ലല്ലോ? വയസ്സിരുപതായി...

അവന്‍റെ കൂട്ടുകാരധികവും ഗോവണ്ടി - ചെമ്പൂര്‍ ഏരിയയില്‍ ആണല്ലോ... അവന്‍റെ മാത്രല്ല...അതുകൊണ്ട് തന്നെ ഇവിടെ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ട്...

മമ്മ കാത്തിരുന്നു വിഷമിക്കുന്നണ്ടാവും.. പാവം. താന്‍ വന്നിട്ട്‌ ഇന്നത്തെ വിശേഷ പലഹാരങ്ങള്‍ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാം എന്നു പറഞ്ഞതായിരുന്നു...പക്ഷെ, പ്ലാന്‍ ചെയ്ത പോലെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചില്ല. പിന്നെ ഇന്ദ്രായനി എക്സ്പ്രസ്സ്‌ -നു 'പിമ്പ്രി'യില്‍ സ്റ്റോപ്പ്‌ ഇല്ലല്ലോ? കയറാന്‍ പൂനെ ജങ്ങ്ഷന്‍ വരെ വരണം.

-നാരിയല്‍ ചി ലാഡൂ, കാരറ്റ് ചി ഹല്‍വ, കാജൂ ഖീര്‍... ഒക്കെ തനിയെ ചെയ്തു കാണും.

മഴയും തുടങ്ങിയല്ലോ... കുടയുണ്ടായിട്ടും കാര്യമില്ല, അത്രയ്ക്ക് നല്ല കാറ്റും...

"മഹാത്മാ ഫുലെ നഗര്‍"  --എത്തിയോ?

"എത്രയായി...?"

"നാല്പതു രൂപ"

പൈസ കൊടുത്തു വേഗം നടന്നു...

മഴ നന്നായി പെയ്യുന്നുണ്ട്.

കഷ്ട്ടിച്ചു നടന്നു പോകാനുള്ള വീതിയേ ഉള്ളൂ.. വഴി വിളക്കുകള്‍ ഒന്നുമില്ല....അരണ്ട നാട്ടു വെളിച്ചം വെളിച്ചം.മാത്രം..ഇടയ്ക്കിടെ മിന്നലും..

വഴിയില്‍ ആരെയും കാണുന്നുമില്ല...

ഈ ചെക്കന്‍ കുറച്ചു നേരത്തെ വന്നിരുന്നുവെങ്കില്‍...സ്റ്റേഷനില്‍ അവനുണ്ടാകുമെന്നു കരുതിയാണ് ഈ ട്രെയിന്‍ പിടിച്ചത്...

ആരോ പിന്തുടരുന്നുണ്ടോ? തോന്നിയതാവും... .

പുറകില്‍ കാല്‍പ്പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്...

ഏതാണ്ട് പത്തു വാര അകലെയായി ഒരാള്‍  നടന്നടുക്കുന്നു...

വീട്ടിലേക്ക് ഇനിയും ദൂരമുണ്ട്...

ഇത്, ഇത് ആ ഓട്ടോ ഡ്രൈവര്‍ അല്ലേ? അതെ, ആ താടിക്കാരന്‍ തന്നെ...കണ്ടാല്‍ തന്നെ ഭയം തോന്നും....ഇയാളെന്തിനു തന്‍റെ പുറകെ വരുന്നു....? ഹേ, ഭഗവാന്‍!

പെട്ടെന്നാണ്, എതിരെ രണ്ടു പേര്‍ പ്രത്യക്ഷപ്പെട്ടത്...എന്തോ അശ്ലീല കമന്റു പറഞ്ഞ് അടുത്ത് വരാന്‍  തുടങ്ങിയ അവര്‍ പുറകില്‍ നിന്നും നടന്നടുക്കുന്ന രൂപം കണ്ടു നിശബ്ദരായി അകന്നുപോയി...

വല്ല കൊടും ഭീകരനും ആയിരിക്കുമോ? അതോ, ഗുണ്ടയോ...?

ആകെ ഒരു വിറയല്‍...

ഹേ, ഭഗവാന്‍...
....

जो सत बार पाठ कर कोई ।
छूटहि बन्दि महा सुख होई ॥३८॥

जो यह पढ़ै हनुमान चालीसा ।
होय सिद्धि साखी गौरीसा ॥३९॥

तुलसीदास सदा हरि चेरा ।
कीजै नाथ हृदय महँ डेरा ॥४०॥

....

ഹോ, ഭാഗ്യം, മമ്മ വാതില്‍ക്കല്‍ തന്നെയുണ്ട്... ലൈറ്റും വന്നല്ലോ?

"മമ്മാ...മമ്മാ..."

വിളിച്ചത് നിലവിളി പോലെയായിപ്പോയി....മമ്മ പേടിച്ചോ എന്തോ....

"എന്താ, എന്താ മോളെ വൈകിയത്....?"

"ഒന്നൂല്ല, മമ്മാ...."

"ഇതാരാ നിന്‍റെ പുറകില്‍, മോളേ ...?!"

"ഞാന്‍, അസിം ഖാന്‍. ഭിവണ്ടിയില്‍ സ്വന്തമായി ജിംനേഷ്യം നടത്തുന്നു. രാത്രിയില്‍ ഇടയ്ക്കു ഓട്ടോ ഓടിക്കാറുണ്ട്.  ഈ കുട്ടി എന്‍റെ ഓട്ടോയിലാണ് വന്നത്. ഈ സ്ഥലം അത്ര സുരക്ഷിതമല്ല, പ്രത്യേകിച്ചും രാത്രിയില്‍. അതു കൊണ്ടാണ് കൂടെ വന്നത്...ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം...."  അയാളാണ് മറുപടി പറഞ്ഞത്.

"ഓ! കയറിയിരിക്കൂ... ചായ കുടിച്ചിട്ടു പോകാം..." മമ്മ

"വേണ്ട, അല്‍പം തിരക്കുണ്ട്‌... നിങ്ങള്‍ ഇവിടെ പുതിയതാണ് അല്ലേ... സൂക്ഷിക്കണം?"

"അതെ, രണ്ടു മാസമേ ആയുള്ളൂ..."

"ശരി വരട്ടെ..."

"ശരി"

-ഒരു താങ്ക്സ് പോലും പറഞ്ഞില്ല....

മഴയില്‍ അയാള്‍ നടന്നു കഴിഞ്ഞിരുന്നു...

കൈ പതുക്കെ ഹാന്‍ഡ്‌ ബാഗിലേക്കു നീളുന്നത് അറിയാതെ അറിഞ്ഞു....

ഇന്നു രക്ഷാബന്ധന്‍...അനിയനായി വാങ്ങിയ രാഖിയിലൊരെണ്ണം അപരിചിതനായ ഈ സഹോദരന് വേണ്ടിയാവട്ടെ....

-ഇരുളില്‍ അകലുന്ന ആ രൂപത്തിലേക്ക് നോക്കി സങ്കല്‍പിച്ചു.

-ആരതിയുഴിഞ്ഞു...

-തിലകം ചാര്‍ത്തി...

-മധുരം നല്‍കി....

 -ഈ സഹോദരനു നല്ലതു മാത്രം വരുത്തണേ...ആയുരാരോഗ്യസൌഖ്യം നല്‍കണേ....

പ്രാര്‍ത്ഥനയുടെ അദൃശ്യ മൃദുതരംഗങ്ങള്‍, വഴിനീളെ തളംകെട്ടിയ മഴവെള്ളത്തില്‍ അകന്നുപോകുന്ന ആ പദനിസ്വനത്തെ പിന്‍തുടര്‍ന്നു....

******

https://www.facebook.com/photo.php?fbid=1108105842533141&set=pb.100000012060771.-2207520000.1466505861.&type=3&theater

Saturday, 12 September 2015

പലായനം




...അവരിപ്പോ എവിടെയായിരിക്കും...?

....ഒരു രൂപവുമില്ല....പരമ കാരുണികനായ  സ്രഷ്ടാവേ...ഒരാപത്തും വരുത്തല്ലേ....

എന്തൊക്കെയാണ്സംഭവിച്ചത്?

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള കില്ലിസ് (Kilis Oncupinar Accommodation Facility) താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നും ബോദ്രും (Bodrum port in Turkey) തുറമുഖത്തെത്തിയതും അവിടെനിന്നും ബോട്ടില്‍കയറിയതും ഓര്‍മയുണ്ട്... എതെന്‍സ് (Athens, Greece) ആയിരുന്നു ലക്‌ഷ്യം.

പരമാവധി  കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ കയറിയിരുന്നു...പാവം അര്‍മാന്‍ ഭയവും രാത്രിയിലെ തണുത്ത കാറ്റും കൊണ്ട് വിറക്കുന്നുണ്ടായിരുന്നു....ഇതു കണ്ട് ഫര്‍സാന്‍ പറഞ്ഞു : "മോനെ ഇങ്ങു തരൂ...ഞാന്‍ പിടിക്കാം..."

കഴിഞ്ഞ ശവ്വാല്‍ മാസത്തില്‍ മൂന്ന് വയസ്സു തികഞ്ഞിരുന്നു അവന്... കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ളചിരിയും പൂച്ചക്കണ്ണുകളും ആരെയും വശീകരിക്കും....മമ്മ....ബാബ എന്നിങ്ങനെ പല വാക്കുകളും നേരത്തെ വശമാക്കി... ഇടതടവില്ലാതെ സംസാരിക്കും.... പ്ലേസ്കൂളില്‍ അവന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു....

TDEM (Turkey Govt) നടത്തുന്ന KOAF അഭയാര്‍ഥി ക്യാമ്പില്‍ രണ്ടായിരത്തോളം കുട്ടികളുണ്ട്. സിറിയയിലെ ക്യാമ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കിയിരുന്നു. പിന്നെ കിന്‍റെര്‍ ഗാര്‍ട്ടന്‍ ഉള്‍പ്പടെ നിരവധി സ്കൂളുകള്‍  കൂടാതെ, ഒരാള്‍ക്ക് $43 വീതം 'ഫുഡ്‌ കാര്‍ഡ്‌ സിസ്റ്റം' വഴി മുടങ്ങാതെ UNHRC  വഴി കിട്ടുന്നുമുണ്ടായിരുന്നു...അതു കൊണ്ടാണ് അവിടെ തന്നെ തല്‍ക്കാലം തങ്ങാമെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ സ്വന്തം നാടായ കൊബെനിലേക്ക് മടങ്ങാമെന്നും തീരുമാനിച്ചത്....അതിനിടെയാണ്, ISIS ഭീകരര്‍ ക്യാമ്പ് ആക്രമിച്ചേക്കുമെന്ന വാര്‍ത്ത പരന്നത്...അങ്ങനെ രായ്ക്കുരാമാനം നാടുവിട്ട് 'ബോദ്രും' പോര്‍ട്ടില്‍ എത്തിപ്പെട്ടത്...

ആലെപ്പോ ഗവര്‍ണറേറ്റില്‍ (Aleppo in Syria) ഉള്‍പ്പെട്ട കൊബെനില്‍ (Kobane) നിന്നും അധികം ദൂരെയല്ല അല്‍- അമല്‍ കാത്തോലിക് സ്കൂള്‍. പഠിപ്പിച്ചിരുന്ന വിഷയവും - സാമൂഹ്യശാസ്ത്രം-, സ്കൂളും ചുറ്റുപാടും എല്ലാം ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ഗവര്‍ണറേറ്റില്‍ ഉദ്യോഗസ്ഥനായ ഫര്‍സാന്‍ മിര്‍സയുമായുള്ള വിവാഹം... അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോയി...ഉള്ളില്‍ പുതിയ ജീവന്‍റെ തുടിപ്പുകള്‍..പുതിയ സ്വപ്നങ്ങള്‍.. അതിനിടയിയിലാണ് എല്ലാം തകിടം മറിച്ചു കൊണ്ട് ISIS ഭീകരാക്രമണം... കൊബെനില്‍ നിന്നു കില്ലിസ് ലേക്കുള്ള പാലായനം... നൂറ്റിയമ്പത് കിലോമീറ്റര്‍ ദൂരം...ഒരു രാത്രി മുഴുവന്‍ ട്രെക്കിലും കാല്‍ നടയായും...ഏഴുമാസം ഗര്‍ഭിണിയായ തനിക്ക് തങ്ങാവുന്നതിലപ്പുറമായിരുന്നു അത്...
ഇടയ്ക്കു ഫര്‍സാന്‍റെ  തോളില്‍ തല ചായ്ക്കുമ്പോള്‍ നിറവയറില്‍ തലോടി ആശ്വസിപ്പിക്കും:

"അമിറാ, ഇവന്‍ പിറക്കുന്നതോടെ നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും..."

"ഇവനാണെന്ന് ഉറപ്പിച്ചോ...?"

"ഉറപ്പിച്ചു..."

രണ്ടു പേരും പൊട്ടിച്ചിരിച്ചു...തളരാത്ത പ്രതീക്ഷയുടെചിരി...

കില്ലിസിലെ ക്യാമ്പില്‍ എത്തിക്കഴിഞാണ് നടുക്കുന്ന ആസത്യം അറിഞ്ഞത് രണ്ടു പേരുടെയും വീട്ടുകാര്‍ പാലയനത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു... തൊട്ടു പുറകിലെ ട്രെക്കില്‍ അവരും കയറിയിരുന്നു...എപ്പോഴോ കണ്‍ വെട്ടത്തു നിന്നു മറഞ്ഞു പോയി...എന്നെന്നേക്കുമായി...

കരഞ്ഞു കണ്ണീര്‍ വറ്റിയിരുന്നു...പിന്നെ, ദിവസങ്ങളോളം തളര്‍ന്നു കിടന്നു....ഫര്‍സാന്റെ സ്ഥിരപരിചരണവും സ്നേഹവും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു എന്നു പറയാം..അതിനിടെ കുഞ്ഞിന്റെ ജനനം ...പുതിയ പ്രതീക്ഷകള്‍ക്ക് ജീവന്‍വെച്ചു...അതുകൊണ്ട് തന്നെ, അവനെ അര്‍മാന്‍ എന്നു വിളിച്ചു..

....അവരിപ്പോ എവിടെയായിരിക്കും...? പരമ കാരുണികനായ  സ്രഷ്ടാവേ...ഒരാപത്തും വരുത്തല്ലേ.... വേഗം അവരുടെ അടുത്തെത്തിക്കണേ ...മോനും അവന്‍റെ അബ്ബയും...സുഖമായിരിക്കണേ....

ഇടയ്ക്കു വെച്ച് ഭയപ്പെട്ടതു പോലെ തന്നെ ബോട്ടു മുങ്ങിയത്രേ ...അതു വഴി വന്ന ഒരു കപ്പലാണ് രെക്ഷപെടുത്തിയത്...ബോധം തെളിയുമ്പോ എതെന്‍സ് ലെ താല്‍ക്കാലിക ക്യാമ്പിലെ ക്ലിനിക്കില്‍....ഭാഗ്യത്തിന് നിസ്സാര പരിക്കുകളെയുള്ളൂ...പിന്നീടു അവിടെ നിന്ന് 15 കിലോ മീറ്റര്‍ ബസില്‍ യാത്ര ചെയ്താണ് ബെല്‍ഗ്രേഡ്-ല്‍ എത്തിയത്...  പിന്നെയും 8 മണിക്കൂര്‍ - ബുടാപെസ്റ്റ്-ലേക്ക്.

ഇതിനിടെ ആകെ കഴിച്ചത് മുകളില്‍ എള്ള് തൂവിയ 'കോലൂരി' (Koulouri) എന്ന വട്ടത്തിലുള്ള ബ്രെഡ്‌ മാത്രം.

അതും കൂടെയുള്ള ചെറുപ്പക്കാരന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രം...
ഇടക്ക് സൂപ്പ്, വെള്ളം എന്നിവ കൊണ്ട് തരുന്നുമുണ്ട്...വെള്ളം മാത്രം വാങ്ങി കുടിച്ചു...വേണ്ട എന്നു പറയുമ്പോള്‍ അയാളുടെ മുഖം വാടിയിരുന്നു...

Toilet സൗകര്യം ഉള്ള സ്ഥലങ്ങളില്‍ കൃത്യമായി ഓര്‍മിപ്പിക്കുന്നുമുണ്ട്....

-ആരാണിയാള്‍?

എന്തിനാണ് ഇങ്ങനെ തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്?

എന്തെങ്കിലും ദുരുദ്ദേശം?

ഏയ്‌...ഇതുവരെ അനാവശ്യമായി സ്പര്‍ശിക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല...

അതിക്രമം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ഇയാള്‍ ഫലപ്രദമായി തടയുകയും ചെയ്തു....

-സ്ത്രീ ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോയ  ആത്മാവുകള്‍ക്ക് ലോകത്തെവിടെയും ശാന്തിയോ സമാധാനമോ ഇല്ലല്ലോ....?

തനിക്ക് സംസാര ശേഷി ഇല്ലെന്നാണ് ഇയാള്‍ ധരിച്ചു വെച്ചിരിക്കുന്നത്...എല്ലാം ആംഗ്യ ഭാഷയിലാണ്...എതെന്‍സില്‍ വെച്ച് തെറ്റിദ്ധരിച്ചതാവും... ബോധം തെളിയുമ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു....അര്‍മാനെയും, അവന്‍റെ അബ്ബയെയും കാണാതായപ്പോള്‍ പെട്ടെന്ന് ഒരു വിഷാദത്തിലേക്ക് വഴുതിപ്പോയിരുന്നു...

"....എല്ലാത്തിനും ഉത്തരവാദികള്‍ ഭീകരവാദികളാണ്, ഭീകരവാദമാണ്...എന്നു വെച്ചാല്‍ വികസിത ലോകത്തിനു ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോ?...ഭീകരര്‍ക്കെതിരെ യുദ്ധം പ്രാഖ്യാപിക്കുകയല്ലാതെ കാര്യമായി ഈ വികസിത രാജ്യങ്ങള്‍ എന്താണ് ചെയ്യുന്നത്...?  NATO വിചാരിച്ചാല്‍ ഈ ഭീകരന്‍മാരെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്..ഇവര്‍ക്കെല്ലാം ആയുധങ്ങള്‍ വില്‍ക്കുന്നതും, ആയുധ കള്ളക്കടത്ത് തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതും ഇപ്പോള്‍ ഈ രാജ്യങ്ങള്‍ക്കും തിരിച്ചടിയായില്ലേ...????യൂറോപിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞിരിക്കുന്നു...ഇവരുടെ സംരക്ഷണം ആര് ഏറ്റെടുക്കും എന്ന കാര്യത്തില്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തു കഴിഞ്ഞു...!!"

ചെറുപ്പക്കാരന്‍ കുര്‍ദിഷ് ചുവയുള്ള അറബിയില്‍  ആരോടെന്നില്ലാതെ ക്ഷോഭിച്ചു...പാവം, അയാളുടെ നഷ്ടങ്ങള്‍ എത്രയായിരിക്കും...?
.
ഇപ്പോള്‍ എത്രയായിക്കാണും..? ഫിജ്ര്‍ പ്രാര്‍ഥനയ്ക്ക്  ഇനിയും എത്ര സമയമുണ്ടാവും...? അതിജീവനത്തിനായുള്ള പാച്ചിലില്‍ ആഴ്ചകളും ദിവസങ്ങളും സമയവും എല്ലാം  മറയുകയാണോ....?

ഇനി മ്യുനിക്കില്‍ എത്താന്‍ അര മണിക്കൂര്‍ മാത്രം...അവര്‍ അവിടെ കാണുമായിരിക്കും... അഭയാര്‍ഥികല്‍ക്കുള്ള യാത്രാ രേഖകള്‍ ഒന്നും കയ്യിലില്ല...ആകെയുള്ളത് നനഞ്ഞ ഫുഡ്‌ കാര്‍ഡ്‌ മാത്രം...

ഇടയ്ക്കു, സ്വാഗതമോതി ജര്‍മന്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കി കടന്നു  പോകുന്ന കാഴ്ച ആശ്വാസം പകരുന്നു....പലരും വിയന്നയില്‍ നിന്നുംഅഭയാര്‍ഥികളെ കയറ്റി കൊണ്ട് പോരുന്നുമുണ്ട്...ഇവര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ വാര്‍ണിംഗ് നല്‍കിയിട്ടുണ്ടത്രേ...പിടിക്കപ്പെട്ടാല്‍ മനുഷ്യക്കടത്തിനു ആസ്ത്രിയന്‍ ജയിലില്‍ കഴിയേണ്ടി വരും.

ഇതിനിടെ റെയില്‍വേ ട്രാക്കിലൂടെ വിയന്ന റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്ന ചിലര്‍ ട്രെയിന്‍ തട്ടി മരിച്ചതായും കേട്ടു...അവര്‍ക്കു മുന്നിലായാണ് നടന്നിരുന്നത്, പക്ഷെ ട്രാക്കിനു പുറത്തായിരുന്നുവെന്ന് മാത്രം...-ഭാഗ്യമോ, നിര്‍ഭാഗ്യമോ?

കനത്ത് മഴയില്‍ ഒരു പക്ഷെ ട്രെയിന്‍ ശബ്ദം പാവങ്ങള്‍ കേട്ടിട്ടുണ്ടാവില്ല....

വസ്ത്രം മാറിയിട്ടും ദിവസങ്ങളായി. എവിടെ  നിന്നോ പാകമല്ലാത്ത ഒന്ന് അയാള്‍ എത്തിച്ച് തന്നിരുന്നു. പക്ഷെ, ഒരു മറയോ സൗകര്യമോ ഇല്ലാതെ....

-പാകമുള്ള വസ്ത്രം അഭയാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത് അതിമോഹമാവും...

മറ്റൊന്ന്, അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ ഹംഗറി അതിര്‍ത്തിയില്‍ കമ്പി വേലി സ്ഥാപിക്കുന്നു എന്ന വാര്‍ത്തയാണ്.....അല്ലാഹുവേ...മോനുംഅവന്‍റെ പിതാവും കടന്നു പോന്നിട്ടുണ്ടാകണേ.... ഇല്ലെങ്കില്‍....ഹൊ! ഇടനെഞ്ച് പൊട്ടുന്നു...

തന്‍റെ കണ്ണു നിറഞ്ഞത്‌ കണ്ടിട്ടാണെന്ന് തോന്നുന്നു...അടുത്ത സീറ്റില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരന്റെയും മുഖത്ത് പരിഭ്രമം...! ആംഗ്യ ഭാഷയിലൂടെ  ആശ്വസിപ്പിക്കുന്നുമുണ്ട്...ഇടക്ക് "ഒന്നും പേടിക്കേണ്ട ഞാനുണ്ട് കൂടെ" എന്നു പറയുകയും ചെയ്തു.

പരമ കാരുണികനായ സ്രഷ്ടാവേ, ....മ്യുനിക്കില്‍, ക്യാമ്പില്‍ അവരെത്തിയിട്ടില്ലെങ്കില്‍ എന്തു ചെയ്യും...എത്തിയുണ്ടാവണേ....

ഈ ചെറുപ്പക്കാരന്‍...ഇത് വരെ സംരക്ഷകനായി കൂടെ നിന്നു എന്നത് ശെരി തന്നെ....

പക്ഷെ, മോനും അവന്‍റെ അബ്ബയും...

അവരെ കൂടാതെ ഒരു ജീവിതമില്ല....

അതൊന്നും ഇപ്പോള്‍ ആലോചിക്കാനേ വയ്യ... കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടോ?

തൊണ്ട വരളുന്നതു പോലെ...

നിശ്ചയമായും ഇയാള്‍ തന്നെ ജീവിത ത്തിലേക്ക് ക്ഷണിക്കും...ആ മുഖഭാവം അങ്ങനെ വായിച്ചെടുക്കാം...ഇയാളോടെന്തു പറയും...

ഇനി അര മണിക്കൂര്‍ തികച്ചില്ല... മ്യൂണിക്കില്‍ അവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍....ഈ സമ്മര്‍ദ്ദം താങ്ങാവുന്നതിലധികമാവുന്നു...

ഇനി സര്‍വ്വ ശക്തനായ രക്ഷകന്‍ മാത്രമാണ് അഭയം....

"സ്രഷ്ടാവേ....നിന്നെ, മാത്രം ആരാധിക്കുകയും, നിന്നോടു മാത്രം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു....നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ....എന്‍റെ കുടുംബത്തോടു ചേരാന്‍ അനുഗ്രഹിക്കേണമേ..."

--ചന്നം പിന്നം പെയ്യുന്ന മഴയില്‍, Wien - Munchen train ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് പടിഞ്ഞാറോട്ട് കുതിച്ഛു - നിറയെ  ആശങ്കകളും പുത്തന്‍ പ്രതീക്ഷകളും വഹിച്ചു കൊണ്ട്.......

********

https://www.facebook.com/photo.php?fbid=1061158710561188&set=pb.100000012060771.-2207520000.1466505971.&type=3&theater

Saturday, 22 August 2015

വന്ദേഹം ഗണനായകം:




വന്ദേഹം ഗണനായകം:

"ഉമേ,..ടിഫിന്‍ ഇതുവരെ ആയില്ലേടീ...?" ശിവനുണ്ണി ഡ്യൂട്ടിക്ക് പോ കാനുള്ള തിരക്കിലാണ്.

നഗരത്തിലെ പുതിയ 'മള്‍ടിപ്ലെക്സ്‌' -ല്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ബിരുദധാരിയാണെങ്കിലും സര്‍ക്കാര്‍ ജോലിയും നോക്കി വേഴാമ്പലിനെപ്പോലെ കാത്തിരിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. തല്ക്കാലം കിട്ടുന്ന ജോലിക്കു പോവുക തന്നെ.

"ആയി...ദാ, വരുന്നൂ...ഉണ്ണ്യേട്ടാ...ഈ ചെക്കന്‍ തീരെ സൊയ് ര്യം  തര്ണില്ല്യ...." ഇളയവന്‍ വിഘ്നേഷ് എന്തിനോ വേണ്ടി വാശിപിടിക്കുകയാണ്.
"അപ്പുറത്തെ ചേച്ചിയോടിന്നലേം പറഞ്ഞതാ, അവരുടെ മോന്റെ കയ്യില്‍ ഈ വക ഒന്നും കൊടുത്ത് ഇങ്ങോട്ട് വിടരുതെന്ന്...അതു കണ്ടാലപ്പോ ഇവിടേം തുടങ്ങും....തോറ്റു ഞാന്‍..."

"സാരല്യ, അയല്‍പക്കമാവുമ്പോ ഇതൊക്കെയുണ്ടാവും....എന്താ, മോനിപ്പോ വേണ്ടത്...?!"

"ചെവിയില്‍ പറയാം, അല്ലെങ്കില്‍, ആ വാക്കു കേട്ടാല്‍ വീണ്ടും കരയാന്‍ തുടങ്ങും...ഒരു വിധത്തില്‍ സമാധാനിപ്പിച്ചിരിത്തിരിക്ക്യാ.." ഉമ ടിഫിന്‍ ബാഗും കൊണ്ട് ഓടി വന്നു,  ചുടുനിശ്വാസവും വിയര്‍പ്പും രഹസ്യത്തോടൊപ്പം ചെവിയില്‍പകര്‍ന്നു...♡♥

"ഓ, ഇത്രേയുള്ളൂ?, രാത്രി വരുമ്പോ കൊണ്ട്വരാം...ഓക്കേ?,  മോളെന്തിെയേ...?"

"അവളു പഠിക്ക്യാ..."

"ബൈ, അച്ഛാ...." ഹിമ, മോളാണ്, നാലാം ക്ലാസിലെ ആയുള്ളൂ എങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്. ഒന്നിനും ബുദ്ധിമുട്ടിക്കില്ല.

"ബൈ മോളൂ... പോട്ടെടീ...ഉമേ"

"പോയിട്ടു വരാന്നുപറ..."

"എന്നാ, പോയിട്ടുവരാം...പിന്നെ, ഓണത്തിന്‍റെ ഡ്രസ്സും സാധനങ്ങളും നമുക്ക് നാളെ നോക്കാം... ഓക്കേ...ശരി.."

-മിക്കവാറും ദിവസങ്ങളില്‍ വാഗ്ദാനം പാലിക്കാന്‍ കഴിയാറില്ല...അഥവാ കഴിഞ്ഞാല്‍ത്തന്നെ, വരുമ്പോഴേക്കും കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടുണ്ടാകും...അവള്‍ക്കുമറിയാം...ഇന്നെങ്കിലും കഴിയണേ എന്നവളും പ്രാര്‍ത്ഥിക്കുണ്ടാവും....

-ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍....കൈ വീശി ചിരിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ ഓര്‍ത്തു....പഴയതായാലും മതിയായിരുന്നു....ഈ ബസിന്റെ പുറകെയുള്ള ഓട്ടം ഒഴിവാക്കാമായിരുന്നു.... തവണ വ്യവസ്ഥയില്‍ ഒന്നു വാങ്ങാം
എന്നു കരുതിയിരിക്കുമ്പോഴാണ് വീട്ടുടമ വാടകകൂട്ടിയത്... അതോടെ അതും പാളി.  ഇനിയിപ്പോ... ആ നോക്കാം... ഉമ തയ്യല്‍ തുടങ്ങിയിട്ടുണ്ടല്ലോ? അതൊന്നു പച്ച പിടിക്കട്ടെ... ഇന്നെന്തായാലും 8:25 ന്‍റെ  'മേരി മാത' തന്നെ പിടിക്കണം. അല്ലെങ്കില്‍ തിരക്കാവും.

 ********

വിശാലക്ഷി ടീച്ചര്‍ സന്തോഷത്തിലാണ്...

മക്കള്‍ രണ്ടു പേരും കുടുംബത്തോടെ വിദേശത്തു നിന്നും എത്തിയിട്ടുണ്ട്...പോരാത്തതിന് രണ്ടു ദിവസംകഴിഞ്ഞാല്‍ ഓണമല്ലേ... ഇന്നു മൂലം...പൂരാടം, ഉത്രാടം...പിന്നെ...

ഊണ് കഴിഞ്ഞിരിക്കുമ്പോഴാണ് രണ്ടാമത്തവന് ഒരു ഐഡിയ!

"നമ്മുക്ക്, സിനിമക്ക് പോയാലോ ചേട്ടാ....

"പോണോ, പൂവാം, ഫസ്റ്റ് ഷോക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ..അച്ഛനും, അമ്മയും, നമ്മള്‍ നാലു പേരും....പിന്നെ പിള്ളേരും... ആറും നാലും പത്ത് എണ്ണം, എതാ ആപുതിയ ബ്രഹ്മാണ്ഡ ചിത്രം? 250 കോടിയോ, എത്രയാ...അതന്നെയാവട്ടെ, കുറയ്ക്കണ്ട.. "

ഇതാണ് ചേട്ടനും അനിയനും...രണ്ടു പേരുടെയും കല്യാണംകഴിഞ്ഞു ഈരണ്ടു കുട്ടികളായെങ്കിലും ഒരുമാറ്റവുമില്ല. വന്ന മരുമക്കളും അതു പോലെ തന്നെ..ഭാഗ്യം... ഇതങ്ങട് നിലനിര്‍ത്തി തരണേ...ഭഗവാനെ...വിഘ്നേശ്വരാ..!

പ്രഥമം വക്രതുണ്ഡം, ച ഏകദന്തം ദ്വിദീയകം
ത്രിതീയം കൃഷ്ണ പിംഗാക്ഷം ഗജ വക്രതം ചതുര്‍ത്ഥകം.
ലംബോധരം പഞ്ചമം ച ഷഷ്ടം വികടമേവച
സപ്തമം വിഘ്നരാജേന്ദ്രം ധൂമ്രവര്‍ണം തഥാഷ്ടമം
നവമം ഫാലച്ചന്ദ്രം ച ദശമം തുവിനായകം
ഏകാദശം ഗണപതിം ദ്വാദശം തുഗജാനനം

-അങ്ങനെയാണ് ഇന്നീ 'മള്‍ടിപ്ലെക്സ്‌' -ല്‍  എത്തിയത്.

എന്താ ഒരു പകിട്ട്! ആദ്യായിട്ടാ ഇതിന്‍റെ അകം കാണുന്നത്....

മുന്‍പ് പല തവണ സിനിമ കൊട്ടകകളില്‍ -ഉം മാര്‍ക്കറ്റ്‌-ലും പോയിട്ടുണ്ടെങ്കിലും ഇത് ഒരു അന്തം വിടുന്ന കാഴ്ച തന്നെ! 'ഷോപ്പിംഗ്‌ മാളും' 'ഫുഡ്‌ കോര്‍ട്ട്‌' ഉം മറ്റു പല വിനോദ ഉപാധികളും...എന്താ കഥ!

"എന്താ വിശാലം? ആകെ അന്തം വിട്ട മട്ടുണ്ടല്ലോ?, ഇതു നമ്മുടെ ചന്തക്കുന്നിലെ ചന്തയല്ല ല്ലേ?"  വിജയന്‍ മാഷ്‌ടെ വക കുഞ്ഞു പാര.

"ഓ, അല്ലേ"

-കല്യാണം കഴിഞ്ഞ് ആദ്യം കണ്ട സിനിമ 'ചെമ്മീന്‍'. എന്തായിരുന്നു  അന്നത്തെ അത്ഭുതം! മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രം. പിന്നെ, ഇടയ്ക്കിടെ കൊണ്ട് പോകും... ഇതിപ്പോ 250 കോടിയുടെ പടം എന്നൊക്കെയാ പറയണേ....കോടിക്കിപ്പോ കോടി മുണ്ടിന്‍റെ വില പോലും ഇല്ലാണ്ടെയായോ?

"വിശാലം ഇപ്പൊ 'ചെമ്മീന്‍' കണ്ട കഥയല്ലേ ആലോചിച്ചത്?"

"അയ്യട!...എങ്ങനെ മനസ്സിലായി?"

"അതൊക്കെ, മനസ്സിലായി....തകഴിയും, രാമു കാര്യാട്ടും സത്യനും, മധുവും, ഷീലയും ഒക്കെ തകര്‍ക്കുകയായിരുന്നില്ലേ...പിന്നെ, ഓടയില്‍ നിന്ന്, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്,  ഓളവും തീരവും, സ്വയം വരം... ഒരു കാലം"

 - പടം കണ്ടു കഴിഞ്ഞാല്‍ പിന്നെ അതെക്കുറിച്ച് ഒരു അവലോകനമുണ്ടാവും ...അപ്പോഴാണ് മനസ്സിലാവുക ഇതിന്  ഇങ്ങനെയും ഒരു വശമുണ്ടെന്ന്...

ഇപ്പൊ പിന്നെ, ടിവി യും മറ്റും വന്നതിനു ശേഷം അങ്ങനെ പോകാറില്ല. സ്വീകരണമുറിയില്‍ ഒതുങ്ങും.അതും മുഴുവന്‍ കണ്ടാലായി.

രണ്ടു പേര്‍ക്കും ചില്ലറ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷം പത്തു കഴിഞ്ഞില്ലേ? ഇദ്ധേഹത്തിനാണെങ്കില്‍ ഇപ്പൊ പതിനാറും കഴിഞ്ഞു. ഇനിയിപ്പോ പേരക്കുട്ടികളും കുറച്ചു കൃഷിയുമോക്കെയായി ശിഷ്ട കാലം അങ്ങ് കൂടണം.
 ഈശ്വരാധീനം കൊണ്ട് ഇന്നു വരെ ഒരു പരാതിയുമില്ല. മക്കള്‍ രണ്ടു പേരും നല്ല നിലയിലായി. മരുമക്കളും കുടുംബത്തിനു ചേരുന്നവര്‍ തന്നെ.

മൂത്തവള്‍ക്കു വീടും പരിസരവും നല്ല അടുക്കും ചിട്ടയിലും വേണം.. നല്ലത്....

രണ്ടാമത്തവള്‍ക്ക്, പാചകത്തിലാണ് കൂടുതല്‍ താല്‍പര്യം. ഈ ചാനലും, വാരികയും എല്ലാം നോക്കി ചില്ലറ പരീക്ഷണങ്ങളും നടത്തും,

അങ്ങനെയാണ് കുറച്ചു ഉണ്ണിയപ്പം കയ്യില്‍ കരുതാം എന്നു തീരുമാനിച്ചത്. 'ഇടവേള' ആകുമ്പോള്‍ കുഞ്ഞു മക്കള്‍ക്ക്‌ എന്തെങ്കിലും നേരമ്പോക്ക് ആവൂലോ? സംഗതി അങ്ങനെ വേറെ ആരോടും പറഞ്ഞുമില്ല. 'സര്‍പ്രൈസ്' ആയിക്കോട്ടെ! ഉണ്ണിയപ്പം എല്ലാവര്‍ക്കും ഇഷ്ടവുമാണല്ലോ? പണ്ടൊക്കെ, മുറുക്ക്, കുഴലപ്പം, അങ്ങനെ എല്ലാം കൊണ്ടോവുക പതിവായിരുന്നില്ലേ...?

-പിന്നെ, കുറേ നാളായി വിചാരിക്കുന്നു കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വഴിപാടായി കുറച്ചു ഉണ്ണിയപ്പം സമര്‍പ്പിക്കണം ന്ന്...ഇതുവരെ നടന്നില്ല... ഇത്തവണ എന്തായാലും വേണം. നടത്തണം

അടുക്കളയില്‍  രണ്ടാമത്തവളായിരുന്നു കൂടെ.

"മോളെ, ആ നെയ്യ് ചൂടാക്കി, അതില്‍ തേങ്ങാക്കൊത്തും, എള്ളും വ റുത്തെടുത്തോളൂ

-തേങ്ങാപ്പൂള്‍ വെളിയില്‍ കണ്ടാല്‍ പിന്നെ നാലും കൂടി അതില്‍ കമിഴ്ന്നു വീഴും. ഇങ്ങനെയുണ്ടോ ഒരു കൊതി? അല്ല, ആരും മോശല്ല.

"ശരിയമ്മേ...ഈ ശര്‍ക്കരപ്പാനി എന്താ ചെയ്യണ്ടേ...?" അറിയാഞ്ഞിട്ടല്ല, ന്നാലും, നമ്മുടെ ഒരു അഭിപ്രായം ചോദിക്കുന്നത് ഒരു സുഖല്ലേ, രണ്ടാള്‍ക്കും?

"അത് ആ അരിപ്പൊടി ചേര്‍ത്ത് കുഴച്ചു വെച്ചോളൂ.., അല്ലെങ്കില്‍ ഞാന്‍ ചെയ്യാം...മോളിത് വറുത്തെടുക്കാന്‍ നോക്കൂ...പെട്ടെന്നായിക്കോട്ടെ"

നന്ദിനി പശുവുള്ളത് കൊണ്ട് പാലിനും നെയ്യിനും മറ്റും ബുദ്ധിമുട്ടില്ല.

"ആ, ഇനി, ആ ചെറിയ ഡവറയിലിരിക്കുന്ന ഏലക്കാപ്പൊടി ഇങ്ങെടുത്തേ...." കുഴക്കുമ്പോ വെള്ളം കൂടിപ്പോകരുത്, ഇനി ഒരു നാല് - നാലര മണിക്കൂര്‍ കഴിഞ്ഞു ഉണ്ണിയപ്പ ചട്ടിയില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാം....

...അങ്ങനെ, വറുത്ത് ചൂട്ടോടെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ വെച്ചു. ഭദ്രം!

 'മള്‍ടിപ്ലെക്സ്‌' -ല്‍ കയറാന്‍ നേരത്താണ് സെക്യൂരിറ്റി ചെക്ക്.

"വേഗമാകട്ടെ! വൈകി...ഇപ്പോള്‍ തുടങ്ങും....തുടക്കം മുതലേ കാണണം...." മൂത്തയാള്‍ തിരക്കുകൂട്ടന്‍ തുടങ്ങി.

"ദേ, പിള്ളേരെ നോക്കൂട്ടോ..." മരുമകള്‍.

മുന്നില്‍ സെക്യൂരിറ്റി. മുഖത്ത് കൃത്രിമ ഗൌരവം.

"ബാഗ്‌ തുറന്നു കാണിക്കൂ..."

"അതെന്താ, ലേഡീസ് -നെ ചെക്ക് ചെയ്യാന്‍, ലേഡി സെക്യൂരിറ്റി ഇല്ലേ...? "

"സോറി, അവരിപ്പോ വരും... ബാഗു മാത്രമേ ചെക്ക് ചെയ്യൂ...ഇനി തിരക്കില്ലെങ്കില്‍ അങ്ങോട്ട് മാറി നിന്നോളൂ"

"വേണ്ട, തിരക്കുണ്ട്, ഇതാ..."

"എന്താ ഇത് പൊതിയില്‍?"

"അത്, കുറച്ചു ഉണ്ണിയപ്പം...."

-സെക്യൂരിറ്റി ഒന്നു ഞെട്ടിയോ?

"ഇത് അകത്തു കൊണ്ട് പോകാന്‍ പറ്റില്ല മേഡം, അലൌഡ് അല്ല...സ്നാക്സ് എല്ലാം അകത്തു കിട്ടും"

"ഉണ്ണിയപ്പം കിട്ട്വോ?"

"ഇല്ല, ബര്‍ഗര്‍, പോപ്‌ കോണ്‍, സമൂസ ..."

"ശ്ശോ, ഇനിയിപ്പോ, എന്താ ചെയ്യാ, മാഷേ,..." കുഞ്ഞുങ്ങളും മക്കളും എല്ലാം നടന്നു കഴിഞ്ഞു... മാഷ്‌ മാത്രം കാത്തു നില്‍പുണ്ട്. പണ്ട് അമ്പലത്തിന്‍റെ ക്ലാവ് പിടിച്ച ചുറ്റ് മതിലിനു വെളിയില്‍ നിന്നിരുന്ന അതേ ഉദ്വേഗ ഭാവം!

"പോട്ടെ, വിശാലം സാരല്യ,കൊടുത്തേക്കൂ, വരൂ വൈകണ്ട, അവര്‍ മുഷിയും..."

" ശെരി, ദാ, വെച്ചോളൂ, മോന് മക്കളുണ്ടോ?"

"ഉണ്ടല്ലോ, രണ്ടു പേരുണ്ട്..."

"നന്നായി, അവര്‍ക്ക് കൊടുത്തേക്കൂ, ഒരമ്മൂമ്മ തന്നതാണെന്ന് പറഞ്ഞാല്‍ മതിട്ടോ..."

സെക്യൂരിറ്റി മനസ്സില്ലാമനസ്സോടെ അത് വാങ്ങി... അയാള്‍ക്ക്‌ അത് കടത്തി വിടണമെന്നുണ്ടായിരുന്നു...

"എന്താ  മോന്‍റെ പേര്...? എവിടാ വീട്?"

"ശിവനുണ്ണി, സ്വന്തം നാട് കൊട്ടാരക്കര...."

"കൊട്ടാരക്കരയോ? ശിവ, ശിവ, ശരി, കാണാം ശിവനുണ്ണി,.." ടീച്ചര്‍ മാഷിനോപ്പം നടന്നു മറഞ്ഞു...

-ഉച്ചക്ക് ലഞ്ച് ബ്രേക്ക് -ല്‍ മോനു വേണ്ടി വാങ്ങാമെന്നു കരുതിയാണ്  രാവിലെ ഉമയ്ക്ക്‌ വാക്കു കൊടുത്തത്. തിരക്കു കാരണം കഴിഞ്ഞില്ല...ഇതിപ്പോ...എന്തായിത്...ഈ സത്രീയെ ക്കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ചത്...ഉമേ...നമ്മുടെ മോന്‍....?....ഭഗവാനെ, വിഘ്നേശ്വരാ...!!!

ശിവനുണ്ണിയുടെ കൃഷ്ണമണികള്‍ ഉണ്ണിയപ്പചട്ടിയിലെ ഉണ്ണിയപ്പം പോലെ പാതി മുങ്ങിയോ?

അതേ സമയം, അകത്തു സ്‌ക്രീന്‍ നമ്പര്‍ നാലില്‍,  ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ആരംഭത്തിന്‍റെ അലയൊലികള്‍ മുഴങ്ങി...

*******

https://www.facebook.com/photo.php?fbid=1051134031563656&set=pb.100000012060771.-2207520000.1466505972.&type=3&theater

Kothambumanikal - a humble attempt

A humble attempt to recite "Kothambumanikal". Wanted to post this on ONV's 84th birthday on May 27th as a tribute. But somehow delayed. മലയാളത്തിന്‍റെ മഹാകവിക്ക്‌ പ്രണാമം. ബോധപൂര്‍വമല്ലാത്ത പിഴവുകള്‍ക്ക് മാപ്പ് ചോദിക്കുന്നു.

Music session


One of the most cherished moments during recent (May2015) Kerala trip was this music session. We experimented with melody, adipoli song & nadan pattu rounds. Singer Dr. Prem Kumar C K, his elder son Aswath Premplayed guitar, myself was on drums (table grin emoticon ). Thank you very much for the excellent hospitality that we enjoyed thoroughly. Prem Chettan & family.

Saturday, 8 August 2015

Dream Voyage



Together we started rowing this boat,
Together we started dreaming a lot.
Now, you are made to do it alone for quite some time,
No matter whatsoever, you are faring well against all odds.
You stood firm with me through scary tides & during warm breeze,
You prayed ardently that could even melt a rock with ease.
When times became tougher, you stood undaunted.
Keeping your paramount faith in God unshaken
I can’t wait any more to join you in this journey,
We shall resume and accomplish each dream, honey.

Tuesday, 7 July 2015

വൈരുദ്ധ്യാത്മക ഭൌതിക വാദം



"...നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ...!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്‍റെ വികൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

എളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!"
....

-ഭഗവാനെ, ന്‍റെ മോന് നല്ല ബുദ്ധി തോന്നണേ...ആപത്തൊന്നും വരുത്തല്ലേ...

അല്ല, ഇവനിതിപ്പോ ഒരുങ്ങി എവിടെക്കാണാവോ?

"....മോനെ, നീ എങ്ങോട്ടാ ഈ നേരത്ത്?"

"ഇപ്പൊ വരാം അമ്മേ..."

-ഇപ്പൊ വരാം ന്ന് പറഞ്ഞിട്ട് ഒരു പോക്കു പോയാല്‍ പിന്നെ, വരുന്നത് ഒരു നേരത്തായിരിക്കും...അച്ഛന്റെ മോന്‍ തന്നെ...

പക്ഷെ, മോന്‍റെ അച്ഛന് നല്ല സാമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്നു. അനീതി കണ്ടാല്‍ എതിര്‍ക്കും, ഏതു നല്ല കാര്യത്തിനും നാട്ടുകാരുടെ കൂടെയുണ്ടാകും....ആരെയും സഹായിക്കും. ഇല്ലാതിരുന്നത് ഈശ്വരവിശ്വാസം മാത്രം. പിന്നെ,  സല്‍പ്രവര്‍ത്തികള്‍ എല്ലാം ഒരുതരത്തില്‍ ഈശ്വരസേവ തന്നെയല്ലേ...?

എന്നാലും, ക്ഷേത്രത്തില്‍ പോകുന്നതിനോ, മറ്റു ഭക്തി പരമായ ചടങ്ങുകള്‍ക്കോ ഒന്നും ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല....

എത്രയോ പ്രാവശ്യം ഗുരുവായൂരില്‍ പോലും കൂടെ വന്നിരിക്കുന്നു...പുറത്ത് നില്‍ക്കുകയേ ഉള്ളൂ...

-അതൊരു കാലം.

"എന്നു പറഞ്ഞാലെങ്ങിന്യാ..."

"ഹോ! ഈ അമ്മ! "

"പിന്നെ, നീ വരുമ്പോ, കുറച്ചു എണ്ണ വാങ്ങീട്ടു വരണം. തീര്‍ന്നു...നാളെ വിളക്ക് കത്തിക്കാന്‍ ഉണ്ടാവില്ല... കാശ് ആ അലമാരയില്‍ നിന്നെടുത്തോ..."

"അതൊക്കെ എപ്പഴേ കട്ടു ബോധിച്ചു...? പിന്നെ, ഈ വിളക്ക് ഒക്കെ കത്തിച്ച് ആ പൈസ എന്തിനാ വെറുതെ കളയുന്നേ...?! ഇതൊക്കെ വെറും അന്ധവിശ്വാസം ആണമ്മേ...ആ പൈസക്ക് വെളിച്ചെണ്ണ വാങ്ങി നാലു പപ്പടം കാച്ചാം"

...ചുറ്റുവിളക്ക്, നിറമാല...എന്തെല്ലാം വഴിപാടുകള്‍ കഴിച്ചിട്ടുണ്ടായതാ...എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ... നിഷേധി....തിരിച്ചറിവായപ്പോ മുതല്‍ സന്ധ്യാനാമം ചൊല്ലാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല....അന്ധവിശ്വാസം ആണത്രേ! അവനൊന്നു വിളക്ക് കൊളുത്തി നാമം ചൊല്ലിയാല്‍ എന്താ? പോട്ടെ, നിന്ദിക്കാതിരിക്കയെങ്കിലും...

"പിന്നേ... നിന്‍റെ അച്ഛന്‍ എന്നോടിങ്ങനെ പറഞ്ഞിട്ടില്ല പിന്ന്യാ...അധികം വിളച്ചിലെടുക്കല്ലേ  ചെക്കാ...എവിടെക്കാണെന്ന് പറഞ്ഞിട്ടു പോടാ..."

-  ഉണ്ണാന്‍ നേരമാവുമ്പോ കേറി വന്നാല്‍ മതീല്ലോ... വീട്ടിലിരിക്കുന്നവര്‍ക്കല്ലേ സമാധാനക്കേടും..ആധിയും...നിനക്ക് വല്ലതും അറിയണോ?"

"ടൌണില്‍ ഇന്നു മന്ത്രിക്കെതിരെ പ്രതിഷേധ സമരമുണ്ടമ്മേ... പ്രധാന സംഘാടകനായ ഞാന്‍ ചെന്നില്ലെങ്കില്‍ ശരിയാവില്ല..."

"എന്തു പ്രധിഷേധം?"
-അവന്റെയൊരു പ്രതിഷേേേധം!!

"മന്ത്രി പൊതു ചടങ്ങില്‍ നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിനെതിരെ, പാര്‍ട്ടിയുടെ യുവജന വിഭാഗം ഇന്നു  സമരം സംഘടിപ്പിച്ചിട്ടുണ്ട് - ഞങ്ങള്‍ പ്രതിഷേധിക്കും, നിലവിളക്കു കൊളുത്തിതന്നെ...പിന്നെ, ഈ വിളക്ക് ഞാന്‍ കൊണ്ടു പോവ്വാണേ!"

********

https://www.facebook.com/photo.php?fbid=1027930430550683&set=pb.100000012060771.-2207520000.1466505989.&type=3&theater

Sunday, 21 June 2015

അനതിവിദൂരക്കാഴ്ചകള്‍


വാര്‍ദ്ധക്യം നമ്മില്‍ നിന്നും പലതും നിര്‍ദ്ദയം അടര്‍ത്തി മാറ്റും, നിശ്ചയം.

ഓര്‍മ്മകള്‍ ഊര്‍ന്നു പോകും, കൈകുമ്പിളിലെ ദാഹജലം പോലെ!

കാഴ്ചയെ കണ്ണില്‍ നിന്നും ചൂഴ്ന്നെടുത്ത് കയ്യാലപ്പുറത്ത് വയ്ക്കും.

ഇതൊന്നുമറിയാതെ, നനഞ്ഞ ഇമയനക്കങ്ങളില്‍ കണ്‍പീലികള്‍ നൃത്തം തുടരും.

കര്‍ണ്ണപുടങ്ങള്‍ക്കു മുന്‍പില്‍ തടയണകള്‍ തീര്‍ത്ത് ശബ്ദവീചികളെ തിരിച്ചയക്കും.

നാവിലെ മൂവായിരം മുകുളങ്ങളും മുളയിലെ നുള്ളിയെടുക്കുന്നതിന്റെ നോവ് നാമറിയും.

അങ്ങനെ, രസച്ചരട് പൊട്ടിയ വിശപ്പെന്ന പട്ടം പതിയെ പതിയെ താഴ്ന്നമരും.

മഴയും വെയിലും മഞ്ഞും അസഹനീയമാകും കാലം, മനസ്സ് സാന്ത്വനത്തിന് കൊതിക്കും, കാതോര്‍ക്കും.

തിക്കിത്തിരക്കി 'വയ്യായ്യ'കള്‍ ദേഹത്ത് കുടിപാര്‍ക്കാനെത്തും; ജരാനരയും, മരുന്നും, മന്ത്രവും അവയോട് കൂടിക്കഴിയും.

ഒടുവില്‍, വാര്‍ദ്ധക്യമൊരുക്കിയ വീഥിയുടെ അവസാനത്തെ പടവില്‍, ദേഹിയും ദേഹവൂം ഉപചാരം ചൊല്ലിപ്പിരിയും.

Sunday, 14 June 2015

വിട പറയാനാകാതെ...





-മ്യാവൂ....മ്യാവൂ...

"എന്തേ, നിന്‍റെ പൂച്ചകള്‍ക്ക് ഇന്നു പതിവില്ലാത്ത ഒരു കൂട്ടക്കരച്ചില്‍...?"

-മീന്‍ വൃത്തിയാക്കുമ്പോ ഇതുള്ളതാണ്...ഇങ്ങേര് ഇത് വല്ലതും കാണാറു പതിവുണ്ടോ...?!

"ഈ പൂച്ചകളേ... ഞാന്‍ കടിക്കാനും, മാന്താനും പരിശീലിപ്പിക്കുകയാണ്...!"

"അവറ്റകള്‍ക്ക് ജന്മസിദ്ധമായി ആ കഴിവുണ്ട്...നിന്‍റെ വക പ്രത്യേക പരിശീലനമൊന്നും വേണമെന്നില്ല...."

-ഓ!

"അതല്ല, എന്‍റെ ശത്രുക്കളെ ആക്രമിക്കാന്‍ പരിശീലിപ്പിക്കും എന്നാണുദ്ദേശിച്ചത്..."

"ഓഹോ! എന്നിട്ടെന്തിനാണാവോ?"

-പരിഹാസം!

"പേടിക്കണ്ട, നിങ്ങളെ, തല്ക്കാലം ഒന്നും ചെയ്യില്ല... എന്‍റെ അമ്മായിയമ്മയെ ഒരു പാഠം പഠിപ്പിക്കണം ....എന്നെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്..."

"അതു ശെരി, അപ്പൊ, നാട്ടിലുള്ള എന്‍റെ അമ്മക്കെതിരെയാണ് പടപ്പുറപ്പാട്..."

"അതെ, പക്ഷേ, അമ്മായിയമ്മയെക്കണ്ട് ഇതുങ്ങള്‍ വിരണ്ടോടുമോ എന്നാണ് ആശങ്ക...."

"അതുണ്ടാവില്ല, അവറ്റകള്‍ നിന്നെ കണ്ടു ശീലിച്ചതല്ലേ?

- ദേ, പിന്നേം...! കൂടെ, പതിവുപോലെ ചിരിയില്‍ ഒരു ലോഡ് പുച്ഛം!!!

അങ്ങനെ പൂച്ചകള്‍ ഞങ്ങളുടെ ദിവസേനയുള്ള കുഞ്ഞു കുഞ്ഞു വഴക്കുകളുടെയും ഒരു ഭാഗമായിത്തീര്‍ന്നു.

കഴിഞ്ഞ ശൈത്യകാലത്ത്‌ എവിടെ നിന്നോ വന്നു കൂടിയതാണ് തള്ളപ്പൂച്ചയും രണ്ടു കുഞ്ഞുങ്ങളും.

നാട്ടില്‍ നിന്നു വന്നിട്ട് അധികമായിരുന്നില്ല.

കൂടാതെ, പുതിയ സ്ഥലവും. ഭാഷയും വട്ടപ്പൂജ്യം. അതുകൊണ്ട് ഒറ്റക്ക് പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാവും.

-എത്ര നേരം ടിവി കാണും.?
-ആര്‍ക്കൊക്കെ ഫോണ്‍ ചെയ്യും?
അങ്ങനെ ജീവിതം വിരസമായി  നീങ്ങുന്നതിനിടയിലാണ് അതു സംഭവിച്ചത്.

-പരമ കാരുണ്യവാനായ സ്രഷ്ടാവ് ആചന്ദ്രതാരം വാഴട്ടെ!

ഒരു ദിവസം, രാവിലെ അടുക്കളക്ക് പുറകില്‍, വരാന്തയില്‍, മീന്‍ വൃത്തിയാക്കുകയായിരുന്നു....

എന്തോ അനക്കം കേട്ടു നോക്കുമ്പോഴുണ്ട്, ചുമരിനപ്പുറത്തെ, ഉപേക്ഷിക്കപ്പെട്ട പഴയ സോഫക്കു പിന്നില്‍ നിന്നും മൂന്നു തലകള്‍ ഒളിഞ്ഞു നോക്കുന്നു.

ദൈന്യമാര്‍ന്ന ആറു കണ്ണുകള്‍!

"ആഹാ! ആരൊക്കെയാ ഇത്? കേറി വാടാ മക്കളെ, വാ ഇരിക്ക്...കഴിക്കാന്‍  ചാള(മത്തി) തല എടുക്കട്ടെ?"

അങ്ങനെ കിന്നാരം കാടു കയറി.

അതൊരു പതിവായി. അറബിയില്‍ 'കിറ്റാ' എന്നാണ് പറയുകയത്രേ! അങ്ങനെ, പേരും ഇട്ടു - കിറ്റൂസ് (ഇംഗ്ലീഷില്‍ Kitten - വലിയ വ്യത്യാസമില്ല!)

അതുങ്ങളോട് എല്ലാം പറയും. നാട്, വീട്, കൂട്ടുകാര്‍... എല്ലാം. അവര്‍ക്ക് എല്ലാം മനസ്സിലാവും.

ചിലപ്പോള്‍ കണ്ണടച്ച് കാണിക്കും. (ബോറടിച്ചു, മതിയാക്ക്‌ എന്നാണ് അര്‍ത്ഥം.)

ഈ പീഡനം അസഹ്യമാവുമ്പോള്‍ വാലാട്ടും. ദേഷ്യം!

ചിലപ്പോള്‍ നടക്കുന്നതിനിടയിലും മുട്ടിയുഴിയാന്‍ മത്സരിക്കും. അറിയാതെ ചവിട്ടിപ്പോകുമോ എന്നു ഭയം തോന്നും.

മിക്കവാറും എല്ലാ ദിവസവും നമുക്ക് മീനില്ലാതെ പറ്റില്ല.

ബുര്‍ജ് ഖലീഫക്കടുത്തുള്ള ദുബായ് മാള്‍-ല്‍ നിന്നോ ഫിഷ്‌ മാര്‍ക്കറ്റില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഷെയ്ക്ക് സയ്യദ് റോഡ് വഴി പോകണം.

ചാള, കൂന്തല്‍, ആവോലി എന്നിങ്ങനെ.

അത്ഭുതം അതല്ല, അതുങ്ങള്‍ക്കും ചാളയാണ് പ്രിയം.

തന്നെക്കാള്‍ പൂച്ചകളെയാണ് നോക്കുന്നതെന്നാണ് ഇപ്പോഴത്തെ പരാതി.

എന്നാലും ആള്‍ക്കും ഇഷ്ടമാണ് - "നിനക്കൊരു കൂട്ടായല്ലോ?"എന്നും പറയും.

-ചിന്തകള്‍ കാടു കയറുന്നു.

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ അമ്മയ്ക്കും അനിയനും, അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്കും ഗിഫ്റ്റ് സ് വാങ്ങി. കൂട്ടത്തില്‍ പൂച്ചക്കുട്ടിയുടെ പടമുള്ള ഈ ഹാന്‍ഡ്‌ ബാഗും.

14:40hrs ന്‍റെ ദുബായ് -കൊച്ചി എമിരേറ്റ്സ് ഫ്ലൈറ്റ് -നാണ് ടിക്കറ്റ്‌. ചെക്ക്‌-ഇന്‍ ചെയ്യാന്‍ ഇനിയും സമയമുണ്ട്.

-അതുങ്ങള്‍ക്ക് ഇനി ആരു ഭക്ഷണം കൊടുക്കും.

-പരിചയക്കാരെ എല്പ്പിക്കാമെന്ന് വെച്ചാല്‍ പറ്റിയ ആരെയും കിട്ടിയുമില്ല. അന്വേഷിക്കാന്‍ തരപ്പെട്ടില്ല എന്നതാണ് ശരി.

- DMVS (Dubai Municipality Veterinary Services) നിയമമനുസരിച്ച്‌ Microchip, ID Tag എന്നിവ ചെയ്യണം. Vaccination-നും നിര്‍ബന്ധമാണ്‌. ഒരു ഡോസ് FVRCP vaccine cocktail (for cats) മതിയാകും. പക്ഷെ, ഇതൊന്നും ഗൌരവമായി എടുത്തില്ലല്ലോ!

-ഒരു മാസത്തിനു ശേഷം തിരിച്ചു വരുമ്പോ എന്താകും അവസ്ഥ?

- പട്ടിണി കിടന്നു....പട്ടിണി കിടന്ന്.... ഹോ!

ഉടമസ്ഥരില്ലാത്ത മൃഗങ്ങളെ കണ്ടു കിട്ടിയാല്‍ എട്ടു ദിവസം സൂക്ഷിച്ചതിന് ശേഷം ദയാവധം (Euthanasia) നടത്തണമെന്നാണ് ഇവിടത്തെ നിയമം.

- എട്ടു ദിവസം.!!

-ദയാവധം...!!!

ഒന്നും വേണ്ടിയിരുന്നില്ല.

-ഈശ്വരാ ന്‍റെ കിറ്റൂസിനു ഒരാപത്തും വരുത്തല്ലേ...!

ഡിപാര്‍ചര്‍ ലോഞ്ചില്‍ തിരക്കു കൂടി വരുന്നു. കണ്‍കോണിലെ നനവ്‌ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ?

...ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടോ?

...ചെറുതായി തല കറങ്ങുന്നോ?

...മടിയിലെ ഹാന്‍ഡ്‌ ബാഗിലിരുന്ന് കിറ്റൂസ് ഉറ്റുനോക്കുന്നു?!

...ഭയം  നിറഞ്ഞ കണ്ണുകളോടെ ദയനീയമായി ഇങ്ങനെ ചോദിക്കുന്നു!!!

"എന്നെ ഉപേക്ഷിച്ചു പോകുകയാണല്ലേ.....????!!!!"

******

https://www.facebook.com/photo.php?fbid=1013507278659665&set=pb.100000012060771.-2207520000.1466505989.&type=3&theater