Sunday, 27 April 2014

ഉല്‍പ്രേക്ഷ:




-അന്നും ഭാഗ്യലക്ഷ്മി ടീച്ചര്‍ കൃത്യം പത്തുമണിക്ക് തന്നെ ക്ലാസ്സിലെത്തി.

-എന്നും കുളിച്ചു, തുമ്പ് കെട്ടിയിട്ട മുടിയില്‍ തുളസി കതിര്‍ ചൂടി, വലിയ ചുവന്ന വട്ടപ്പൊട്ട് തൊട്ടു കൃത്യ സമയത്ത് ക്ലാസ്സിലെത്തുന്ന ടീച്ചര്‍ സ്കൂളിന്‍റെ മുഴുവന്‍ ബഹുമാനത്തിനു പാത്രമാണ്. ക്ലാസ്സ് നിയന്ത്രിക്കുന്നതിലെ ചാതുര്യവും കാര്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിലെ നിപുണതയുമാണ് കാരണം.

"...അപ്പോള്‍ അലങ്കാരം എല്ലാവര്‍ക്കും മനസ്സിലായല്ലോ? ഉപമ അലങ്കാരവും ഉല്‍പ്രേക്ഷഅലങ്കാരവും നമ്മള്‍ ഇന്നലെ പഠിച്ചു...  ഇല്ലേ?"

"ആയി ടീച്ചര്‍..."

"പിന്നെ, ലക്ഷ്യം, വ്യംഗ്യം, (1) ശബ്ദാലങ്കാരം (2) അര്‍ത്ഥാലങ്കാരം,അതിശയോക്തി, സാമ്യോക്തി, വാസ്തവോക്തി, ശ്ലേഷോക്തി എല്ലാം ഇന്നലെ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ടല്ലോ?"

"ഉണ്ട് ടീച്ചര്‍..."

"ഇതില്‍ സാമ്യോക്തിയലങ്കാരങ്ങളാണ് ഉപമ, ഉല്‍പ്രേക്ഷ എന്നിവ; ഇന്ന് നമുക്ക് ഉല്‍പ്രേക്ഷ അലങ്കാരത്തിന്‍റെ ഉദാഹരണം പഠിക്കാം, എന്താണ്?"

"ഉല്‍പ്രേക്ഷഅലങ്കാരത്തിന്‍റെ ഉദാഹരണം ..."

"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-
ലതു താനല്ലയോയിത്
എന്നു വര്‍ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷഖ്യയലംകൃതി" ഇതാണ് ലക്ഷണം ഇന്നലെ പറഞ്ഞു തന്നത്...

"അതായത്, രണ്ടു വസ്തുക്കള്‍ക്ക് പ്രകടമായ സാമ്യം കാണുകയാല്‍ വര്‍ണ്യം (ഉപമേയം) അവര്‍ണ്യമാണോ (ഉപമാനം) എന്നു ബലമായി ശങ്കിച്ചാല്‍ അത് ഉല്‍പ്രേക്ഷ...."

ഉദാ:-

"കോകസ്ത്രീ വിരഹത്തീയിന്‍
പുകയല്ലോ തമസ്സിത്..."

"വര്‍ണ്യത്തില്‍ അവര്‍ണ്യത്തിന്‍റെ ചേര്‍ച്ച കാണുകയാല്‍ അതായിരിക്കാംഇത് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ..."

"ഇതിന്‍റെ അര്‍ത്ഥം, സന്ധ്യയായപ്പോള്‍ കോകസ്ത്രീയുടെ വിരഹ ദുഃഖ മാകുന്ന തീയില്‍ നിന്നുണ്ടാകുന്ന പുകയാണ് ഇരുട്ട് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ... മനസ്സിലായോ രമേഷ്, സുരേഷ്, ശരത്, സഗീര്‍, സബീന, മായ, ...?"

"ആയി ടീച്ചര്‍..."

"നാസറിനു ഇത് വരെ മനസ്സിലായില്ല എന്നു തോന്നുന്നു...?"

-ടീച്ചറിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമാഞ്ഞോ?

-ഏറ്റവും പുറകിലെ ബെഞ്ചില്‍ നിന്നും നാസര്‍ ഇതി കര്‍ത്തവ്യ മൂഡ നായി  എഴുന്നേറ്റു നിന്നു...

"അത് ടീച്ചര്‍...പിന്നെ, ...."

"നാസറിനു സംശയമുണ്ടെങ്കില്‍, എന്നോടല്ലേ ചോദിക്കേണ്ടത്...? അല്ലാതെ സബീനയുടെ ബുക്കില്‍ എഴുത്ത്‌ എഴുതി വെച്ചാല്‍ ... കാര്യങ്ങള്‍ അത്ര ശരിയല്ലല്ലോ, നാസറെ... ?"

-അമ്പടീ, അത് നേരെ ടീച്ചറിനു കൊണ്ടു പോയി കൊടുത്തു അല്ലേ? നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....!

"ആ കുട്ടിയെ നോക്കി കണ്ണുരുട്ടണ്ടാ... സബീന ഇതറിഞ്ഞിട്ടില്ല... നോട്ടു ബുക്ക്‌ കറക്ഷന് വേണ്ടി എടുത്തപ്പോഴാണ് എനിക്കിത് കിട്ടിയത്..."

-ഒടുക്കത്തെ നോട്ടു ബുക്ക്‌ കറക്ഷന്‍..!!

"പക്ഷെ, നാസറിന്‍റെ സംശയം ന്യായമാണ്... എന്താണെന്നു നിങ്ങള്‍ക്കറിയെണ്ടേ... ? ഇതാണ് ഇദ്ദേഹത്തിന്‍റെ സംശയം: "മറ്റേതിന്‍ മര്‍മ്മ രോഗത്താല്‍, അതു താനല്ലയോയിത്...", എന്താണിതിന്റെ അര്‍ത്ഥം എന്നാണ് സബീനയോടുള്ള സംശയം' ....മറ്റേതിന്‍ മര്‍മ്മ രോഗമോ? അയ്യയ്യേ! എന്തൊക്കെയാണിത് നാസര്‍?..."

-കുപ്പിവളകള്‍ കിലുകിലെ കിലുങ്ങുന്നതുപോലെ പെണ്‍കുട്ടികളുടെ കൂട്ടച്ചിരി... അതില്‍ ആണ്‍കുട്ടികളും പങ്കുചേര്‍ന്നു...

-കനം വെച്ചു തുടങ്ങിയ പുലര്‍കാല രെശ്മികള്‍ കിഴക്കേ ജനലിലൂടെ സബീനയുടെ നിറമുള്ള തട്ടത്തിനുള്ളിലൂടെ അരിച്ചിറങ്ങി മുഖത്ത് വെട്ടം വീശി...

-നാസര്‍ ചൂളി.

"അതു പിന്നെ, ടീച്ചര്‍, ഞാ...നല്ല അത് ചെയ്തത്...എന്നെപ്പോലെ വേറൊരുത്തന്‍ കൂടിയുണ്ട്..."

-നാസറിനു ഒരു ഇരട്ട സഹോദരനുണ്ട്... സംഭവം അവന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം!

" ഞാനറിയും, പക്ഷെ,  ആ വേറൊരുത്തനു പക്ഷെ തന്നെപ്പോലെ നല്ല 'കയ്യെഴുത്തും, അക്ഷരസ്ഫുടത'യുമില്ലല്ലോ...? എന്തായാലും ഞാനിതു ഖാദര്‍ സാഹിബിനെ കാണിച്ചേക്കാം... മര്‍മ്മ രോഗത്തിന് പറ്റിയ ചികിത്സ പുള്ളിയുടെ കയ്യില്‍ കാണും... എന്താ?"

-അള്ളോ, പഹയന്‍ തല്ലിക്കൊല്ലും!

-ഖാദര്‍ സാഹിബിന്റെ മക്കളോടുള്ള സമീപനം കുപ്രസിദ്ദമാണ്... രണ്ടു പൊട്ടിച്ചതിനു ശേഷമേ കാരണം പോലും ചോദിക്കുകയുള്ളൂ.

"അയ്യോ, പൊന്നു ടീച്ചറെ ചതിക്കല്ലേ, പടച്ചോനാണെ ഇനിയിതുണ്ടാവില്ല..."

-അങ്ങനെ അതും ഒരു തീരുമാനമായി!

-ക്ലാസ് ഒന്നടങ്കം ഉരുവിട്ടു: "ഇവന് മറ്റേതിന്‍ മര്‍മ്മ രോഗം തന്നെ!"

**********
Illustration: Self

https://www.facebook.com/photo.php?fbid=791468314196897&set=pb.100000012060771.-2207520000.1466506252.&type=3&theater

Wednesday, 23 April 2014

അനുഗ്രഹം




'ആന തുമ്പിക്കൈ ഉയര്‍ത്തി നെറുകയില്‍ വെച്ച് അനുഗ്രഹിക്കുന്നു.'

ദക്ഷിണേന്ത്യയില്‍ പല ക്ഷേത്രങ്ങളിലും ഇത് കാണാം. മധുരയിലും മറ്റും.

പകരം എന്തെങ്കിലും പഴമോ ശര്‍ക്കരയോ മറ്റോ ആനവായില്‍ എത്തും.

ആനയ്ക്ക് മധുരം സന്തോഷം. നമുക്ക് ദര്‍ശനവും, സ്പര്‍ശനവും നല്കുന്ന  ഒട്ടു നേരത്തെ ഭയസംഭ്രാമാദികള്‍ക്കപ്പുറം തെല്ല് ആനന്ദം.

യഥാര്‍ത്ഥത്തില്‍ ആന അനുഗ്രഹിക്കുകയാണോ?

എന്താണ് ഇതേക്കുറിച്ചുള്ള വിശ്വാസം? എല്ലാ അനുഗ്രങ്ങളും പോലെ ദീര്ഘായുസ്സ്, ഐശ്വര്യം, സമ്പത്ത്?

-ആനക്ക് ഇതൊക്കെ അറിയാം...!!!

മുംബൈയിലും കാണാം അനുഗ്രഹിക്കുന്ന ആനകളെ.

പാപ്പാന്‍ ആംഗ്യം കാണിക്കുമ്പോ വഴിപോക്കരെ മുഴുവന്‍ അനുഗ്രഹിക്കും. പകരം പാപ്പാന് കൈനീട്ടം എന്തെങ്കിലും കിട്ടും. ചിലപ്പോള്‍ ആനയ്ക്കും.

ആനക്ക് 'കിറ്റ്‌കാറ്റും' 'പെര്‍ക്കും' ഒക്കെ വാങ്ങിക്കൊടുക്കുന്ന ആനപ്രേമികളുണ്ട്. ഇത്തരം പഴങ്ങളുടെ രുചിഭേദം അറിയാനവസരമുണ്ടാക്കിത്തന്നവരെ അവന്‍ പ്രത്യേകം നന്ദിയോടെ നോക്കും, എന്നിട്ട് കണ്ണുമടച്ചു സാപ്പിടും.

ഇടയ്ക്കിടെ ഈ തെരുവിലൂടെ അങ്ങനെ അനുഗ്രഹം കോരിചൊരിഞ്ഞു കൊണ്ട് ഒരു നടയുണ്ടാവും. എഴുന്നുള്ളത്ത് തന്നെ. കൊട്ടും കുരവയും ഇല്ലന്നെയുള്ളൂ. ആര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടി വരില്ല.

ചെറിയ ആനയാണ്. എന്നാലും അനുഗ്രഹം കേമം.

-ആന ചെറുതാണെങ്കിലും ആനപ്പേടി വലുതാണല്ലോ? അതുകൊണ്ട് പലരുടെയും മുഖത്ത് ഭയവും സംഭ്രമവും കൌതുകവും ഒരുമിച്ചു മിന്നും.

ഒരിക്കല്‍, സന്ധ്യക്ക് നടക്കാനിറങ്ങിയപ്പോ, തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍, ഒരുപാട് കുട്ടിയുടുപ്പുകള്‍ നിരത്തി വെച്ചിരിക്കുന്ന ഒരു തുണിക്കടക്ക് മുന്നില്‍ മഹാമഹം.

-അനുഗ്രഹം ഏറ്റുവാങ്ങിയത് മുഴുവന്‍ കുട്ടിയുടുപ്പിട്ട  വര്‍ണതൊപ്പി  വെച്ച കുട്ടിപ്രതിമകള്‍...!

-ആനയെന്തറിഞ്ഞു അങ്ങാടി വാണിഭം?

********

https://www.facebook.com/photo.php?fbid=716528695024193&set=pb.100000012060771.-2207520000.1466506252.&type=3&theater

കോര്‍പറെറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിട്ടി



"ട്ര്‍ര്‍ര്‍ണ്‍, ട്ര്‍ര്‍ര്‍ണ്‍......" കോളിംഗ് ബെല്‍.

-വാതില്‍ തുറക്കപ്പെട്ടു.

ടൈ കെട്ടിയ രണ്ടു ചെറുപ്പക്കാര്‍ ഒരേ സ്വരത്തില്‍: "സര്‍, ഞങ്ങള്‍ MBA ഗ്രാജുവേറ്റ്സ് ആണ് സര്‍. 'മൃത്യുഞ്ജയ' എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. It's a Not-for-profit NGO organization, sir."

"അതിന് ഞാനെന്തു വേണം...?!"

"ഞങ്ങളുടെ ഏതെങ്കിലും ഒരു പദ്ധതിയില്‍ സഹകരിക്കണം സര്‍"

"എന്തു പദ്ധതി?"

"വരുന്ന 16 നു, അതായതു തിങ്കളാഴ്ച, ഞങ്ങളൊരു 'Blood Donation Camp' സംഘടിപ്പിക്കുന്നുണ്ട്. സര്‍ തീര്‍ച്ചയായും വരണം"

"16, തിങ്കളാഴ്ച... അന്നെന്‍റെ ഭാര്യയുടെ ഒരകന്ന ബന്ധുവിന്‍റെ പതിനാറടിയന്തിരമാണല്ലോ!? ഒഴിവുണ്ടാവില്ല!"

"എങ്കില്‍, 22നു എയിഡ്സ് ബോധവല്‍ക്കരണ ക്യാമ്പ്‌ ഉണ്ട് സര്‍. അന്ന് വരാമല്ലോ?"

"സോറി, അന്ന് മകന്‍റെ ഫ്രണ്ടിന്റെ അനിയന്‍റെ ബര്‍ത്ത്ഡേ പാര്‍ ടിയുണ്ടാവും."

"എന്നാല്‍ പിന്നെ, underprivileged കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളൊരു ഔട്ടിംഗ് ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ട്; 28ന്. അതില്‍ തീര്‍ച്ചയായും പങ്കെടുക്കണം സര്‍. അവര്‍ക്കൊരു പ്രചോദനമാവും സര്‍."

" ഔട്ടിംഗ് ട്രിപ്പ്‌??? അതിലൊക്കെ ഞാന്‍ വന്നിട്ട് എന്ത് ചെയ്യാനാ? നിങ്ങളൊക്കെയില്ലേ...തല്‍ക്കാലം അങ്ങനെയങ്ങ് പോട്ടെ!"

"നമ്മുടെ വൃദ്ധ സദനത്തിലേക്ക് ബേസിക് മോഡല്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്ന ഒരു ചടങ്ങുണ്ട് സര്‍. അതിനെങ്കിലും സാറ് വരണം. പറ്റില്ലെന്ന് പറയരുത്. പ്ലീസ്"

"അയ്യോ! അന്നെനിക്ക് ഓഫിസില്‍ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടല്ലോ...!? "

"ക്ഷമിക്കണം; അതിന് ഞങ്ങള്‍ date പറഞ്ഞില്ലല്ലോ!? date പറയട്ടേ സര്‍?!"

" വേണ്ട! അ...അത്.. പിന്നെ, ഏതു ഡേറ്റ് ആയാലും ഓഫിസില്‍ മീറ്റിംഗ് ഉണ്ടാകും."

"എങ്കില്‍, എങ്കില്‍ അനാഥാലയങ്ങളിലേക്ക് പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും വിതരണം ചെയ്യുന്ന ഒരു പരിപാടിയുണ്ട്; അതുമായി സഹകരിച്ചൂടെ സര്‍? തിരക്കുണ്ടെങ്കില്‍ സാറ് വരണമെന്നില്ല.  പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും ഉണ്ടെങ്കില്‍ തന്നോളൂ സര്‍. ഇല്ലെങ്കില്‍ എടുത്തു വെച്ചാലും മതി സര്‍... വിളിച്ചാല്‍ ഞങ്ങള്‍ പിന്നെ വന്നു കൊണ്ട് പോയ്ക്കോളാം. ഇതാ സര്‍  വിസിറ്റിംഗ് കാര്‍ഡ്‌...."

"ഛെ! ഇത് വലിയ ശല്യമായല്ലോ!? നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ? എനിക്ക് ഓഫീസില്‍ ധാരാളം തിരക്ക് പിടിച്ച ജോലിയുള്ളതാ... ഇനിയും ശല്യപ്പെടുത്താതെ പോണം മിസ്റ്റര്‍ !"

"പോകാം സര്‍, അതിനു മുന്‍പ് സാറിന് എന്താണ് ജോലിയെന്നറിഞ്ഞാല്‍ കൊള്ളാം സര്‍."

"I am the Head of Corporate Social Responsibility (CSR)  affairs, do you understand?!

*********

https://www.facebook.com/photo.php?fbid=721057971237932&set=pb.100000012060771.-2207520000.1466506252.&type=3&theater

അന്യന്‍



-ഒരിക്കല്‍ പ്രകാശ്‌ പുരന്ദരെ ആണത് പറഞ്ഞത്...

“യാര്‍, ഓഫീസില്‍ ആരുമായാണ് ഏറ്റവും അടുപ്പം പുലര്‍ ത്തേണ്ടത് എന്നറിയാമോ...?”

“ബോസ്സുമായി...” - എന്താ സംശയം?

“അല്ല, ഏല്പ്പിക്കുന്ന ജോലി നന്നായി ചെയ്യുന്നുണ്ടെങ്കില്‍ അതുമതിയാവും, ബോസിനു തൃപ്തിപ്പെടാന്‍.. എന്നാല്‍, പ്യൂണുമായി നല്ല തഞ്ചത്തില്‍ നിന്നോളണം...”

“എന്താ കാര്യം?”

“ഒരിക്കല്‍ ഞാന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുമ്പോ, ഓഫീസിലെ പ്യൂണ്‍ ഖാലെദ്‌ അക്തര്‍ -ഒരു ബംഗാളി- വന്നു പറഞ്ഞു...-“ഇന്നും ഞാനാ പന്നീടെ കോഫിയില്‍ തുപ്പി... അവന്‍ വിചാരിക്കുന്നുണ്ടാകും അതു പതയാണെന്നു... എന്നെ ചീത്ത പറഞ്ഞാല്‍ ഇങ്ങനെയിരിക്കും..."  

പുരന്ദരെ തുടര്‍ന്നു-

"....മാനേജരുടെ കോഫിയിലാണ് ഈ അക്രമം!       അത് കൊണ്ട് ഇവരെ പിണക്കാന്‍ പാടില്ല... ഹോട്ടലിലായാലും വെയിറ്ററോട് മെക്കിട്ടു കയറരുത് – ഓര്‍മ്മ വെച്ചോളൂ..., പിന്നെ, ഇതൊരു സ്വഭാവമാക്കിയവരും ഉണ്ട്, അവര്‍ക്ക്  പ്രത്യേകിച്ച് കാരണമൊന്നും വേണ്ട...”

-ഇതില്‍ കാര്യമില്ലാതില്ല.

ഹോട്ടലെത്തി; ഓര്‍മ്മകളെ വിട്ടു യാഥാര്‍ത്ഥ്യത്തിലേക്ക്  വരാം-

-നാട്ടിലിപ്പോള്‍ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളാണത്രേ!

-ചെറുകിട മീഡിയം ഹോട്ടലുകള്‍, നിര്‍മ്മാണ മേഖല, കൃഷി എന്നു വേണ്ട, നമുക്ക് വേണ്ടാത്ത എല്ലാ ജോലികളും അവര്‍ക്കു  വേണം. വര്‍ഷം  പതിനേഴായിരം കോടി രൂപയാണ് അവര്‍ നാട്ടിലേക്ക് അയയ്ക്കുന്നത്...!

- ഇതൊക്കെ ശരിക്കും ഉള്ളതാണോ?

- എന്നിട്ട് ഇവിടെ ഒരുത്തനേം കാണുന്നില്ലല്ലോ? (ഒരുപക്ഷെ, കൊടുങ്ങല്ലൂരില്‍ ഈ ‘വികസനം’ എത്തിയിട്ടുണ്ടാവില്ല)

- എന്നാലും പതിനേഴായിരം കോടി എന്നൊക്കെ പറഞ്ഞാല്‍... ?

- ആ, മാധ്യമങ്ങള്‍ക്കൊക്കെ എന്തുമാവാല്ലോ?

“സാറിന് കഴിക്കാന്‍ എന്താ വേണ്ടത്?”

“പുട്ടും കടലയുമായിക്കോട്ടെ! അല്ലെങ്കില്‍ വേണ്ട, വേറെന്താ ഉള്ളത്...?”

“കഴിക്കാന്‍ ഇഡ്ഡലി-സാമ്പാര്‍, സാദാ ദോശ, മസാല, ദോശ, ഇടിയപ്പം, അട, പുട്ട് ... എന്താ വേണ്ടത്‌?” സ്വതസിദ്ദമായ താളത്തില്‍ ഒരു 'ഓറല്‍ മെനു!'

-മലയാളിയല്ലാത്ത ഒരുത്തനുമില്ലേ ഇവിടെ, മരുന്നിനു പോലും?

“.., ഒരു, ഇഡ്ഡലി–സാമ്പാര്‍, രണ്ടു പ്ലെയ്റ്റ്‌ പാഴ്സല്‍..., പിന്നെ, ചായ... ആ, പിന്നെ, മലയാള പത്രവും വേണം...” ഹോട്ടലില്‍ പത്രവും വിലപ്പനക്കുണ്ട്!

“ഏതാ? മാതൃഭൂമി, മനോരമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക.. ഏതാ സര്‍...?”

“മാതൃഭൂമി” -ശീലിച്ചു പോയി, എത്ര കെട്ടുപോയാലും ഇനി മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല!

നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാതല്‍ മേശപ്പുറത്തെത്തി. കൂടെ പത്രവും പാഴ്സലും. പതയുന്ന ചായ ഗ്ലാസ് മേശയില്‍ അടിച്ച ശബ്ദത്തോടൊപ്പം പത്രം മുന്നിലേക്ക്‌ വന്നു: " സോളാര്‍ സരിതയുടെ ചൂടുള്ള വാര്‍ത്തയാണ് , മുഖ്യമന്ത്രി രാജി വെക്കുമോ സര്‍?"

“എന്തെങ്കിലുമാവട്ടെഡോ? അത് പോട്ടെ, എത്ര നാളായി ഇവിടെ..?”

‘സപ്ലയറു'മായി അല്പം കുശലമാവാം - ഇവരെ പിണക്കാന്‍ പാടില്ല!! പുരന്ദരെ ഏതോ കോണിലിരുന്ന് ഓര്‍മ്മിപ്പിച്ചു.

“ ഒരു വര്‍ഷമായി സര്‍...”

-സംഭാഷണത്തില്‍ ഒരു ‘ഫോര്‍ട്ട് ‌ കൊച്ചി’ ചുവയുണ്ടല്ലോ?

“ഇതിനു മുന്പ് കൊച്ചിയിലായിരുന്നു സര്‍...രണ്ടു വര്‍ഷം”

“...അത് മനസ്സിലായി, വീട്ടില്‍ ആരൊക്കെയുണ്ട്...?”

“...അമ്മയും, രണ്ടു സഹോദരിമാരും, പഠിക്കുന്നു”

“എവിടെയാ വീട്, എന്താ പേര്?

“ പേര്, ഖലെദ്‌ അക്തര്‍ ഇമാം സര്‍, നാട് വെസ്റ്റ്‌ ബംഗാള്‍ സര്‍...!!!”

ചായക്കോപ്പയിലെ കുഞ്ഞോളങ്ങളില്‍ പതയൊന്നിളകി.

*******

https://www.facebook.com/photo.php?fbid=711393452204384&set=pb.100000012060771.-2207520000.1466506254.&type=3&theater

Year 1995 Feb - Last moments in GECT


പതിമൂന്നു വര്‍ഷം പഴക്കമുള്ള ഒരു 'പടം വര' A 13 year old drawing.


https://www.facebook.com/photo.php?fbid=710335585643504&set=pb.100000012060771.-2207520000.1466506254.&type=3&theater

ന്യുനപക്ഷം



-ഉച്ച ഭക്ഷണത്തിനു ശേഷം ഇന്റര്‍ നെറ്റില്‍ അന്നത്തെ പത്ര വാര്ത്തകളിലൂടെ വെറുതെ ഒന്ന് കണ്ണോടിക്കുകയായിരുന്നു...:

ഫെബ്രുവരി 17, 2012 പെഷവാര്‍, പാകിസ്ഥാന്‍:

"പാകിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 പേര്‍ മരിക്കുകയും, കുറഞ്ഞത് എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

2011 ല്‍ മാത്രം 1206 പേരാണ് മരിച്ചത്. ഇതില്‍ 364 തീവ്രവാദികളും ഉള്‍പ്പെടും. SATP (South Asia Terrorism Portal) ന്റെ കണക്കനുസരിച്ച് 2005 മുതല്‍ 2012 വരെ 12000- ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്...."

-എന്തിനിവര്‍ പരസ്പരം കൊന്നും ചത്തും തീരുന്നു?

-പാകിസ്ഥാനികള്‍ ഇത്ര നീചന്മാരും ക്രൂരന്മാരുമാണോ?

-പാകിസ്ഥാനിയോടു തന്നെ ചോദിച്ചാലോ?

സയ്യദ്‌ മൊകരം ഷാ – PRO cum Material Controller. പുതുതായി ചേര്‍ന്ന യാളാണ്. രണ്ടു ദിവസമേ ആയുള്ളൂ.

-“...മി. ഷാ, പാകിസ്ഥാനില്‍ എവിടെയാണ് താങ്കളുടെ സ്വദേശം?” (ഒരു മയത്തില്‍ തുടങ്ങാം!)

“സ്വാത്‌ (SWAT Province) ലെ മിന്ഗോറ എന്ന് പറയും... കേട്ടിട്ടുണ്ടോ?”

-“...അത് പഴയ NWFP (North Western Frontier Province) – ന്‍റെ ഭാഗമല്ലേ?”

“... അതെ, ഇപ്പോള്‍ അത് ‘ഖൈബര്‍ പക്തുന്‍ വാ’ ആണ്... താങ്കള്ക്ക്ി ഇതൊക്കെ അറിയാമോ...?” (പിന്നേ...!)

-“...കുറച്ചൊക്കെ... പിന്നെ, എന്താണ് താങ്കളുടെ മാതൃഭാഷ?”

“…’പഷ്തോ’ യാണ് ഞങ്ങളുടെ മാതൃഭാഷ ... ഉറുദുവും സംസാരിക്കും....”

-“...അതിരിക്കട്ടെ, ഇന്ത്യയെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?”

“സാബ്‌, എന്‍റെ ഏറ്റവും വലിയ ആഗ്രഹം ഏതാണെന്നറിയാമോ? യൂറോപ്പോ, അമേരിക്കയോ സന്ദര്‍ശി ക്കണമെന്നല്ല; താങ്കള്‍ വിശ്വസിക്കില്ല! ഇന്ത്യ സന്ദര്‍ശി ക്കണമെന്നതാണ്... താജ് മഹല്‍, മുംബൈ, താങ്കളുടെ നാടായ കേരളം... എത്ര സുന്ദരമായ സ്വപ്നം!!!”

-“അതെയോ? അത് കൊള്ളാം, പക്ഷെ, അതത്ര എളുപ്പമല്ല.... മി. ഷാ.”

“...അറിയാം, സാബ്‌, പാകിസ്ഥാനി പാസ്പോര്‍ട്ട് എന്നെ ഒരു പക്ഷെ ഇന്ത്യന്‍ ജയിലില്‍ എത്തിക്കും. എന്‍റെ നാട്ടുകാരുടെ കയ്യിലിരിപ്പിന്‍റെ ഗുണം...!”

-“അപ്പോള്‍, താങ്കള്‍ അവരെ അനുകൂലിക്കുന്നില്ലേ..?” (വിഷയത്തിലേക്ക് കടക്കാം !)

“...അനുകൂലിക്കാനോ, ഇല്ല. ഒരിക്കലും ജയിക്കാത്ത ഒരു യുദ്ധമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്തിനു വേണ്ടി എന്ന് പോലും പല ജിഹാദികള്‍ക്കും അറിയില്ല. അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ അതിനു കിട്ടില്ല... ഞാന്‍ മാത്രമല്ല, എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഇതിലൊന്നും താല്പര്യമില്ല...”

-“പക്ഷെ, നിങ്ങള്‍ എങ്ങനെ, അവരില്‍ നിന്നും ഒഴിഞ്ഞു നില്ക്കും ? അതത്ര എളുപ്പമല്ലല്ലോ?”

“ശരിയാണ്, എളുപ്പമല്ല. ഒരു പക്ഷെ വധിക്കപ്പെട്ടെക്കാം. പക്ഷെ, ദൃഡ നിശ്ചയമുണ്ടെങ്കില്‍ ആര്‍ക്കും താങ്കളെ പിന്തിരി പ്പിക്കനാവില്ല. ഇതുവരെ കുഴപ്പമൊന്നുമുണ്ടായില്ല... അല്ഹം ദുലില്ലാഹ്”

-“അവിടത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്...?”

“ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും, സിക്കുകാരും ഉണ്ട്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ എല്ലാ ചടങ്ങുകളിലും ഞങ്ങളും പങ്കെടുക്കാറുണ്ട്. അത് പോലെ തിരിച്ചും. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അയ്യായിരത്തോളം വര്‍ഷം  പഴക്കമുള്ള ഒരു സംസ്കാരമാണ് അത്. ഞങ്ങളൊക്കെ അഞ്ഞൂറോ, അറുന്നൂറോ വര്‍ഷം  മുന്‍പ്‌ കുടിയേറിയവരല്ലേ?”

-ഈ മറുപടി എന്നെ അമ്പരപ്പിച്ചു!!

-ലോകത്തിന്‍റെ മുഴുവന്‍ ആവശ്യങ്ങള്‍ക്ക് ഉതകും വിധം തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനില്‍ നിന്നും, തികച്ചും വേറിട്ടൊരു ശബ്ദം!

-മനുഷ്യത്വത്തെ നശിപ്പിക്കാന്‍ തീവ്രവാദത്തിനു കഴിഞ്ഞിട്ടില്ല!!!

-മലാല യൂസഫ്സായിയുടെ (Malala Yousafzai) സ്വന്തം നാട്ടുകാരന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Photo: A lake in Swat Valley.


https://www.facebook.com/photo.php?fbid=679618558715207&set=pb.100000012060771.-2207520000.1466506727.&type=3&theater