Wednesday, 23 April 2014

കോര്‍പറെറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിട്ടി



"ട്ര്‍ര്‍ര്‍ണ്‍, ട്ര്‍ര്‍ര്‍ണ്‍......" കോളിംഗ് ബെല്‍.

-വാതില്‍ തുറക്കപ്പെട്ടു.

ടൈ കെട്ടിയ രണ്ടു ചെറുപ്പക്കാര്‍ ഒരേ സ്വരത്തില്‍: "സര്‍, ഞങ്ങള്‍ MBA ഗ്രാജുവേറ്റ്സ് ആണ് സര്‍. 'മൃത്യുഞ്ജയ' എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. It's a Not-for-profit NGO organization, sir."

"അതിന് ഞാനെന്തു വേണം...?!"

"ഞങ്ങളുടെ ഏതെങ്കിലും ഒരു പദ്ധതിയില്‍ സഹകരിക്കണം സര്‍"

"എന്തു പദ്ധതി?"

"വരുന്ന 16 നു, അതായതു തിങ്കളാഴ്ച, ഞങ്ങളൊരു 'Blood Donation Camp' സംഘടിപ്പിക്കുന്നുണ്ട്. സര്‍ തീര്‍ച്ചയായും വരണം"

"16, തിങ്കളാഴ്ച... അന്നെന്‍റെ ഭാര്യയുടെ ഒരകന്ന ബന്ധുവിന്‍റെ പതിനാറടിയന്തിരമാണല്ലോ!? ഒഴിവുണ്ടാവില്ല!"

"എങ്കില്‍, 22നു എയിഡ്സ് ബോധവല്‍ക്കരണ ക്യാമ്പ്‌ ഉണ്ട് സര്‍. അന്ന് വരാമല്ലോ?"

"സോറി, അന്ന് മകന്‍റെ ഫ്രണ്ടിന്റെ അനിയന്‍റെ ബര്‍ത്ത്ഡേ പാര്‍ ടിയുണ്ടാവും."

"എന്നാല്‍ പിന്നെ, underprivileged കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളൊരു ഔട്ടിംഗ് ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ട്; 28ന്. അതില്‍ തീര്‍ച്ചയായും പങ്കെടുക്കണം സര്‍. അവര്‍ക്കൊരു പ്രചോദനമാവും സര്‍."

" ഔട്ടിംഗ് ട്രിപ്പ്‌??? അതിലൊക്കെ ഞാന്‍ വന്നിട്ട് എന്ത് ചെയ്യാനാ? നിങ്ങളൊക്കെയില്ലേ...തല്‍ക്കാലം അങ്ങനെയങ്ങ് പോട്ടെ!"

"നമ്മുടെ വൃദ്ധ സദനത്തിലേക്ക് ബേസിക് മോഡല്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്ന ഒരു ചടങ്ങുണ്ട് സര്‍. അതിനെങ്കിലും സാറ് വരണം. പറ്റില്ലെന്ന് പറയരുത്. പ്ലീസ്"

"അയ്യോ! അന്നെനിക്ക് ഓഫിസില്‍ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടല്ലോ...!? "

"ക്ഷമിക്കണം; അതിന് ഞങ്ങള്‍ date പറഞ്ഞില്ലല്ലോ!? date പറയട്ടേ സര്‍?!"

" വേണ്ട! അ...അത്.. പിന്നെ, ഏതു ഡേറ്റ് ആയാലും ഓഫിസില്‍ മീറ്റിംഗ് ഉണ്ടാകും."

"എങ്കില്‍, എങ്കില്‍ അനാഥാലയങ്ങളിലേക്ക് പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും വിതരണം ചെയ്യുന്ന ഒരു പരിപാടിയുണ്ട്; അതുമായി സഹകരിച്ചൂടെ സര്‍? തിരക്കുണ്ടെങ്കില്‍ സാറ് വരണമെന്നില്ല.  പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും ഉണ്ടെങ്കില്‍ തന്നോളൂ സര്‍. ഇല്ലെങ്കില്‍ എടുത്തു വെച്ചാലും മതി സര്‍... വിളിച്ചാല്‍ ഞങ്ങള്‍ പിന്നെ വന്നു കൊണ്ട് പോയ്ക്കോളാം. ഇതാ സര്‍  വിസിറ്റിംഗ് കാര്‍ഡ്‌...."

"ഛെ! ഇത് വലിയ ശല്യമായല്ലോ!? നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ? എനിക്ക് ഓഫീസില്‍ ധാരാളം തിരക്ക് പിടിച്ച ജോലിയുള്ളതാ... ഇനിയും ശല്യപ്പെടുത്താതെ പോണം മിസ്റ്റര്‍ !"

"പോകാം സര്‍, അതിനു മുന്‍പ് സാറിന് എന്താണ് ജോലിയെന്നറിഞ്ഞാല്‍ കൊള്ളാം സര്‍."

"I am the Head of Corporate Social Responsibility (CSR)  affairs, do you understand?!

*********

https://www.facebook.com/photo.php?fbid=721057971237932&set=pb.100000012060771.-2207520000.1466506252.&type=3&theater

No comments:

Post a Comment