-ഒരിക്കല്‍ പ്രകാശ് പുരന്ദരെ ആണത് പറഞ്ഞത്...
“യാര്‍, ഓഫീസില്‍ ആരുമായാണ് ഏറ്റവും അടുപ്പം പുലര്‍ ത്തേണ്ടത് എന്നറിയാമോ...?”
“ബോസ്സുമായി...” - എന്താ സംശയം?
“അല്ല, ഏല്പ്പിക്കുന്ന ജോലി നന്നായി ചെയ്യുന്നുണ്ടെങ്കില്‍ അതുമതിയാവും, ബോസിനു തൃപ്തിപ്പെടാന്‍.. എന്നാല്‍, പ്യൂണുമായി നല്ല തഞ്ചത്തില്‍ നിന്നോളണം...”
“എന്താ കാര്യം?”
“ഒരിക്കല്‍ ഞാന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുമ്പോ, ഓഫീസിലെ പ്യൂണ്‍ ഖാലെദ് അക്തര്‍ -ഒരു ബംഗാളി- വന്നു പറഞ്ഞു...-“ഇന്നും ഞാനാ പന്നീടെ കോഫിയില്‍ തുപ്പി... അവന്‍ വിചാരിക്കുന്നുണ്ടാകും അതു പതയാണെന്നു... എന്നെ ചീത്ത പറഞ്ഞാല്‍ ഇങ്ങനെയിരിക്കും..."
പുരന്ദരെ തുടര്‍ന്നു-
"....മാനേജരുടെ കോഫിയിലാണ് ഈ അക്രമം! അത് കൊണ്ട് ഇവരെ പിണക്കാന്‍ പാടില്ല... ഹോട്ടലിലായാലും വെയിറ്ററോട് മെക്കിട്ടു കയറരുത് – ഓര്‍മ്മ വെച്ചോളൂ..., പിന്നെ, ഇതൊരു സ്വഭാവമാക്കിയവരും ഉണ്ട്, അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട...”
-ഇതില്‍ കാര്യമില്ലാതില്ല.
ഹോട്ടലെത്തി; ഓര്‍മ്മകളെ വിട്ടു യാഥാര്‍ത്ഥ്യത്തിലേക്ക് വരാം-
-നാട്ടിലിപ്പോള്‍ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളാണത്രേ!
-ചെറുകിട മീഡിയം ഹോട്ടലുകള്‍, നിര്‍മ്മാണ മേഖല, കൃഷി എന്നു വേണ്ട, നമുക്ക് വേണ്ടാത്ത എല്ലാ ജോലികളും അവര്‍ക്കു വേണം. വര്‍ഷം പതിനേഴായിരം കോടി രൂപയാണ് അവര്‍ നാട്ടിലേക്ക് അയയ്ക്കുന്നത്...!
- ഇതൊക്കെ ശരിക്കും ഉള്ളതാണോ?
- എന്നിട്ട് ഇവിടെ ഒരുത്തനേം കാണുന്നില്ലല്ലോ? (ഒരുപക്ഷെ, കൊടുങ്ങല്ലൂരില്‍ ഈ ‘വികസനം’ എത്തിയിട്ടുണ്ടാവില്ല)
- എന്നാലും പതിനേഴായിരം കോടി എന്നൊക്കെ പറഞ്ഞാല്‍... ?
- ആ, മാധ്യമങ്ങള്‍ക്കൊക്കെ എന്തുമാവാല്ലോ?
“സാറിന് കഴിക്കാന്‍ എന്താ വേണ്ടത്?”
“പുട്ടും കടലയുമായിക്കോട്ടെ! അല്ലെങ്കില്‍ വേണ്ട, വേറെന്താ ഉള്ളത്...?”
“കഴിക്കാന്‍ ഇഡ്ഡലി-സാമ്പാര്‍, സാദാ ദോശ, മസാല, ദോശ, ഇടിയപ്പം, അട, പുട്ട് ... എന്താ വേണ്ടത്?” സ്വതസിദ്ദമായ താളത്തില്‍ ഒരു 'ഓറല്‍ മെനു!'
-മലയാളിയല്ലാത്ത ഒരുത്തനുമില്ലേ ഇവിടെ, മരുന്നിനു പോലും?
“.., ഒരു, ഇഡ്ഡലി–സാമ്പാര്‍, രണ്ടു പ്ലെയ്റ്റ് പാഴ്സല്‍..., പിന്നെ, ചായ... ആ, പിന്നെ, മലയാള പത്രവും വേണം...” ഹോട്ടലില്‍ പത്രവും വിലപ്പനക്കുണ്ട്!
“ഏതാ? മാതൃഭൂമി, മനോരമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക.. ഏതാ സര്‍...?”
“മാതൃഭൂമി” -ശീലിച്ചു പോയി, എത്ര കെട്ടുപോയാലും ഇനി മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല!
നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാതല്‍ മേശപ്പുറത്തെത്തി. കൂടെ പത്രവും പാഴ്സലും. പതയുന്ന ചായ ഗ്ലാസ് മേശയില്‍ അടിച്ച ശബ്ദത്തോടൊപ്പം പത്രം മുന്നിലേക്ക് വന്നു: " സോളാര്‍ സരിതയുടെ ചൂടുള്ള വാര്‍ത്തയാണ് , മുഖ്യമന്ത്രി രാജി വെക്കുമോ സര്‍?"
“എന്തെങ്കിലുമാവട്ടെഡോ? അത് പോട്ടെ, എത്ര നാളായി ഇവിടെ..?”
‘സപ്ലയറു'മായി അല്പം കുശലമാവാം - ഇവരെ പിണക്കാന്‍ പാടില്ല!! പുരന്ദരെ ഏതോ കോണിലിരുന്ന് ഓര്‍മ്മിപ്പിച്ചു.
“ ഒരു വര്‍ഷമായി സര്‍...”
-സംഭാഷണത്തില്‍ ഒരു ‘ഫോര്‍ട്ട് കൊച്ചി’ ചുവയുണ്ടല്ലോ?
“ഇതിനു മുന്പ് കൊച്ചിയിലായിരുന്നു സര്‍...രണ്ടു വര്‍ഷം”
“...അത് മനസ്സിലായി, വീട്ടില്‍ ആരൊക്കെയുണ്ട്...?”
“...അമ്മയും, രണ്ടു സഹോദരിമാരും, പഠിക്കുന്നു”
“എവിടെയാ വീട്, എന്താ പേര്?
“ പേര്, ഖലെദ് അക്തര്‍ ഇമാം സര്‍, നാട് വെസ്റ്റ് ബംഗാള്‍ സര്‍...!!!”
ചായക്കോപ്പയിലെ കുഞ്ഞോളങ്ങളില്‍ പതയൊന്നിളകി.
*******
https://www.facebook.com/photo.php?fbid=711393452204384&set=pb.100000012060771.-2207520000.1466506254.&type=3&theater

No comments:
Post a Comment