Wednesday, 26 November 2014

മൃത്യുവിന്‍റെ മാലാഖമാര്‍



മൊസുളിലെ (Mosul)അല്‍- മുത്തമൈസത്ത് ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു  അവള്‍. അദ്ധ്യാപകരുടെ കണ്ണിലുണ്ണി.  സഹപാഠികളുടെ ആത്മ മിത്രം.

മൊസുള്‍ യുനിവേഴ്സിറ്റിയില്‍, വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനം നടത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം.

-  എപ്പോഴും ഭംഗിയായി ചിരിച്ചു കൊണ്ട്, ഒരു ചിത്ര ശലഭത്തെപ്പോലെ, പാറി നടന്നിരുന്ന അവള്‍, കുടുംബത്തിലെ വെളിച്ചമായിരുന്നു. മമ്മയുടെ മുഖച്ഛായയാണ് അവള്‍ക്ക്. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രത്യേക വാത്സല്യവും- പിന്നെ, ഞങ്ങള്‍ മൂന്നുപേരില്‍ ഇളയവളുമാണല്ലോ.

ബാബ എപ്പോഴും പറയും:

" റോബ്ജിന്‍, നീ വേണം ഇവരുടെ കാര്യങ്ങളെല്ലാം നോക്കാന്‍. മമ്മയില്ലാത്ത കുട്ടികളാണ്...."

എട്ടു വയസ്സു കാരനായ രക്കാനെയും മുന്നു വയസ്സു കാരിയായ രഹാനയെയും പതിമൂന്നുകാരിയായ തന്നെയെല്‍പ്പിച്ചിട്ടു മമ്മ പോയി. ഇറാന്‍ യുദ്ധകാലത്ത് എപ്പോഴോ പാകിയ ഒരു കുഴി ബോംബു സ്ഫോടനത്തിലായിരുന്നു മമ്മക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

അടുത്തിടെയാണ് രക്കാന്‍ ഷാമോ-ക്ക് എര്‍ബിലില്‍ ഒരു അമേരിക്കന്‍ ഓയില്‍ കമ്പനിയില്‍ ടെക്നിഷ്യന്‍ ആയി ജോലി തരപ്പെട്ടത്. രഹാന ഷാമോ പതിനൊന്നാം ക്ലാസ്സിലുമെത്തി. മൊസുള്‍ മാര്‍ക്കറ്റ്‌-ലെ ബാബയുടെ പഴം-പച്ചക്കറി ബിസിനെസ്സ് മെച്ചപ്പെട്ടു വരികയായിരുന്നു. സഹായിക്കാന്‍ താനുമുണ്ടല്ലോ.

എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്...?

അശുഭകരമായ വാര്‍ത്തകള്‍ പലതും കേട്ടിരുന്നു. എന്നാലും...

ആ രാത്രിയിലെ  ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ടു. സ്വരുക്കൂട്ടി വെച്ചിരുന്ന സമ്പാദ്യവും, വീടും, കടയും അങ്ങനെ എല്ലാം.

ബാബയെയും രകാനെയും അവര്‍ ബന്ധിയാക്കിയെന്നു കേള്‍ക്കുന്നു. പാവം ബാബ, ഈ തണുപ്പ് കാലത്ത് ആസ്ത്മയുടെ ഉപദ്രവം കൊണ്ടു തന്നെ കഷ്ടപ്പെടുന്ന ആളാണ്‌... മലക്കുകളെ, അവരെ കാത്തോളണേ...!

രഹാനയെ ക്കുറിച്ച് യാതൊരു വിവരവുമില്ല. അവള്‍ക്കൊരാപത്തും വരുത്തല്ലേ എന്നു കണ്ണീരോടെ പ്രാര്‍ത്ഥിക്കാത്ത നിമിഷങ്ങളില്ല.

- എന്തിനാണ് 'തവ്സി മലെക്ക്' (Tawsi  Melek) യസീദികളെ ഇങ്ങനെ പരീക്ഷിക്കുന്നത്...? അഞ്ചു നേരവും മുടങ്ങാതെ പ്രാര്‍ഥിക്കുന്നതാണല്ലോ?

സമാധാനപ്രിയരായ തങ്ങളുടെ സംസ്കാരത്തിന് നേരെ എഴുപത്തിരണ്ട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു.... ഇത് എഴുപത്തി മൂന്നാമത്തേതാണോ...?. 

അന്ന്, ട്രാക്ടര്‍-ഇല്‍ കയറിയാണ് രെക്ഷപ്പെട്ടത്‌. കുറെ ദൂരം ഓടിയതിനു ശേഷമാണ്, ഖുര്‍ദിഷ് സ്ത്രീ സുരക്ഷാ സേനയുടെ വാഹനത്തിനടുത്ത് എത്തിപ്പെട്ടത്. അവിടെ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്തു  സിറിയയിലെ നവറുസ് YPG പട്ടാള ക്യാമ്പിലെത്തി. 

യസിദി പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക തടവുകാരായി ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ കന്നുകാലികളെ പ്പോലെ വില്‍ക്കുകയുമാണ് ഈ മൃഗ തുല്യരായ ക്രൂരന്മാര്‍ ചെയ്യുന്നത്. ഒരു പെണ്‍കുട്ടിക്ക് പത്തും പതിനഞ്ചും ഡോളറാണ് റക്കാ (Raqqa in Syria)  മാര്‍ക്കറ്റില്‍ വിലയത്രേ...!

രണ്ടു ദിവസം മുമ്പാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത‍ കേട്ടത്. റക്കാ   മാര്‍ക്കറ്റില്‍ നിന്നു ഓടി രെക്ഷപ്പെട്ട ഒരു ക്രിസ്ത്യന്‍  പെണ്‍കുട്ടിയാണ് അതു പറഞ്ഞത്...

....സിഞ്ചാര്‍ മലനിരകളില്‍ നിന്ന് ചാടി രഹാന ജീവനൊടുക്കി.

-കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത നിരവധി യസിദി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കൂട്ടത്തില്‍ അവളും.

- അവള്‍ ജീവിച്ചിരിപ്പില്ലെന്നു വിശ്വസിക്കാനാവുന്നില്ല. ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍ മുന്നില്‍ നിന്നു മായുന്നില്ല....

എല്ലാ കാലത്തും സംരക്ഷണത്തിനായി മറ്റുള്ളവരുടെ കനിവിനായി കേഴുകയായിരുന്നു സമധാന പ്രിയരായ യസിദികള്‍.

ഇല്ല, ഇനിയും കരഞ്ഞു തീര്‍ക്കാനുള്ളതല്ല യസീദികളുടെ ജീവിതം.

ആയുധമെടുക്കാന്‍ സമയമായി.

നവ്രുസ് ക്യാമ്പില്‍ കടുത്ത പരിശീലനത്തിലാണ് താനുള്‍പ്പടെയുള്ള യസിദി സ്ത്രീകളും പുരുഷന്മാരും.

യന്ത്ര തോക്കുകളും,മറ്റു യുദ്ധോപകരണങ്ങളും ഉപയോഗിക്കാനുള്ള പരിശീലനം.

വിഡ്ഢികളായ ഈ മൃഗങ്ങള്‍ പറഞ്ഞു പരത്തുന്നത് പോലെ, ഞങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നവരല്ല...

എഴായിരത്തോളം വര്‍ഷം പഴക്കമുള്ള സംസ്ക്കാരമാണ് ഞങ്ങളുടേത്....യുഫ്രടീസ് നദിയുടെ തീരങ്ങളില്‍ രൂപം കൊണ്ട മെസോ പൊട്ടേമിയന്‍ സംസ്ക്കാരം.

ചെകുത്താന്റെ സന്തതികളെ, നിങ്ങള്‍ തകര്‍ത്ത കുടുംബങ്ങള്‍... നിങ്ങള്‍ തകര്‍ത്ത ജീവിതങ്ങള്‍....സംസ്കാരങ്ങള്‍...കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല....

ഞങ്ങളുടെ പ്രതികാരാഗ്നിയില്‍ നീയൊക്കെ വെന്തുരുകും.

സിഞ്ചാര്‍, മൊസുള്‍ പട്ടണങ്ങള്‍ ഞങ്ങള്‍ തിരിച്ചു പിടിക്കും... തടവിലുള്ള വീട്ടുകാരെ മോചിപ്പിക്കും....

അവസ്സാനത്തെ തുള്ളി രക്തം ചിന്തും വരെയും ഞങ്ങള്‍ പോരാടും.

കുഞ്ഞനുജത്തി രഹാനയുടെ രക്തത്തിന്, അത് പോലെ അനേകം കുഞ്ഞു സഹോദരി മാരുടെ രക്തത്തിന്, എണ്ണിയെണ്ണി പകരം ചോദിക്കും...

അവസാനത്തെ തീവ്രവാദിയെയും ഞങ്ങള്‍ കൊന്നൊടുക്കും...

യസീദികള്‍ ഉണര്‍ന്നു കഴിഞ്ഞു. ...!

കറുത്ത ചെകുത്താന്മാരെ,

 കരുതിയിരുന്നോളൂ.....

*******

https://www.facebook.com/photo.php?fbid=907065372637190&set=pb.100000012060771.-2207520000.1466506241.&type=3&theater

ബി സേഫ് , ബി ഹാപ്പി


ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ഒരു വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമുള്ള അവധിയാണ്.

അങ്ങനെ, ഈ കൃഷ്ണ പ്രസാദ്‌ ഥാപ, ആദ്യത്തെ ലീവിന് നാട്ടിലേക്ക്..

മുപ്പതാം തീയതിയിലെ ദുബായ് - കാട്മണ്ടു ഫ്ലൈറ്റ്. പിന്നെ, അവിടെ നിന്നും അഞ്ചര മണിക്കൂര്‍ ബസ്‌ യാത്ര. 270 കിലോമീറ്റര്‍ ദൂരമുണ്ട് ജനക്പുരിയിലേക്ക്. നേപാളിലെ ആകെയുള്ള റെയില്‍വേ ലൈനും ജനക്പുരിയിലാണ്. പക്ഷെ, അതും ജനക്പുരിയില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്കാണ്. വെറും 25 കിലോമീറ്റര്‍ നാരോ ഗേജ് ലൈന്‍.

രാമായണത്തിലെ മിഥിലാപുരി തന്നെയാണ് ഇന്നത്തെ ജനക്പുരി. സീതാ ദേവിയുടെ ജന്മ ദേശം.

ജനക്പൂര്‍ ധാമിന്‍റെ അടുത്ത് തന്നെയാണ് വിവാഹ പഞ്ചമി മന്ദിര്‍.

രണ്ടാഴ്ച മാത്രം അകലെയാണ് വിവാഹ പഞ്ചമി ഉത്സവം. രാമ ഭഗവാന്‍ സീതാ ദേവിയെ വിവാഹം കഴിച്ചതിന്‍റെ ഓര്‍മ്മക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. കാര്‍ത്തിക പൂര്‍ണിമയാണ് ഏറ്റവും പ്രധാന്യമുള്ള ദിവസം അന്നാണ് ഭഗവാന്‍ രാമന്‍, ശിവ ഭഗവാന്‍റെ വില്ലായ ത്രയംബകം ഒടിച്ച്, സീതാ ദേവിയെ സ്വന്തമാക്കിയതത്രേ!

ഈ സമയത്ത് വിവാഹം കഴിക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായാണ് ജനക്പുരിക്കാര്‍ കരുതുന്നത്. എന്തായാലും നല്ലൊരു മൈഥിലി പെണ്‍കുട്ടിയെ തന്നെ ഒത്തു കിട്ടി. അവള്‍ക്ക് നല്ലതു പോലെ ചിത്രം വരക്കാനറിയാമത്രേ. മണ്‍പാത്രങ്ങളിലെ പെയിന്റിംഗ് ഭംഗിയുള്ളവ തന്നെ. നന്നായി വിറ്റുപോകുന്നുമുണ്ടെന്നാണ് അറിഞ്ഞത്. നല്ലത്.

നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടുകാര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇവിടെ, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ കുറച്ചു പേരെ വീണ്ടും വിളിച്ചു ഒര്‍മ്മ പെടുത്തണം.

അതില്‍ ഏറ്റവും പ്രധാനം രവി ഭായ് തന്നെ. കമ്പനിയില്‍ ജൂനിയര്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോയിന്‍ ചെയ്യുമ്പോള്‍ കാര്യമായി ഒന്നും അറിയില്ലായിരുന്നു.  കാട്മണ്ടു ത്രിഭുവന്‍ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് -ഉം പിന്നെ ചില ചില്ലറ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്കളും.

രവി ഭായിയാണ് പ്രത്യേക താത്പര്യമെടുത്ത് എല്ലാ ട്രെയിനിങ്ങും തന്നത്.  സേഫ്റ്റി ഇന്‍ഡക്ഷന്‍, പേര്‍സണല്‍ പ്രൊട്ടെക്ഷന്‍, ഗ്യാസ് ഡിറ്റക്ഷന്‍, ടൂള്‍ ബോക്സ്‌ ടോക്സ്, പെര്‍മിറ്റ്‌ ടൂ വര്‍ക്ക്, ടാസ്ക് റിസ്ക്‌ അസ്സെസ്സ്മെന്റ്, ഹൌസ്കീപിംഗ്....എന്നു വേണ്ട, വര്‍ക്ക്‌ സേഫ്റ്റിയെ ക്കുറിച്ച് എല്ലാം അദ്ദേഹത്തിനറിയാം. സേഫ്റ്റിയെ സംബന്ധിച്ച്, അറിവിന്‍റെ ഒരു മഹാ സാഗരം തന്നെ! OHSAS, NEBOSH എന്നിങ്ങനെ എല്ലാ Certification -ഉം കയ്യിലുണ്ട്. എല്ലാ ഇ-മെയിലിലും ഒരു signature tag ഉണ്ടാകും- BE SAFE, BE HAPPY! ഇത്രയും Safety Commitment ഉള്ള ഒരാളെ കണ്ടു കിട്ടാന്‍ എളുപ്പമല്ല. നിരവധി ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കും.  ശബ്ദവും ആകാരവും. കപ്പടാ മീശ. എല്ലാം കൂടെ ചേരുമ്പോള്‍ ഒരു രാജാപാര്‍ട്ട് ലുക്ക്‌! മുന്‍പ്, ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നത്രെ! വെറുതെയല്ല, സൈറ്റ്-ഇല്‍ ജോലിക്കാരെല്ലാം കിടുകിടെ വിറക്കുന്നത്‌.
ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ.

എന്തായാലും ഒന്നു വിളിച്ച് സംസാരിക്കാം, വീണ്ടും ഒന്നൂടെ  ക്ഷണിക്കാം. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍, അദേഹത്തിന്റെ നാടായ, കേരളത്തിലെ സ്വന്തം വീട്ടിലായിരുന്നു.
 

" ഹലോ, രവി ഭായ് ഹൈ?"

"യെസ്, രവി സപീകിംഗ്..."

"രവി ഭായ്, ഇത് കൃഷ്ണയാണ്, കൃഷ്ണ പ്രസാദ്‌ ഥാപ...ഫ്രം ദുബായ്..."

"ഹായ്, കൃഷ്ണ, പിന്നെ, എന്താ വിശേഷം? എന്നാണ്, നാട്ടിലേക്ക്?...കല്യാണമിങ്ങെത്തിയല്ലോ...?"

"യെസ്, അടുത്താഴ്ച തിരിക്കും....പിന്നെ, കല്യാണത്തിന് ഭായ് എന്തായാലും കുടുംബ സമേതം വരണം. ഇത് വീണ്ടും പറയാനാണ് ഇപ്പൊ വിളിച്ചത്..."

"ഓക്കേ, സന്തോഷം, പക്ഷെ, കല്യാണത്തിന്, എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, എന്തായാലും, ഞങ്ങളുടെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, എല്ലാം മംഗളമായി നടക്കട്ടെ, എന്ന്‍ പ്രാര്‍ത്ഥിക്കുന്നു..."

"അതെന്താ... വരാന്‍ വേറെ, എന്തെങ്കിലും പ്രശ്നം...?"

"അത്, അത്...പിന്നെ ഒരു അപകടം പറ്റി.... നീ ആരോടും പറയരുത്..."

"എന്താ, എന്തുണ്ടായി?"

"നിനക്കറിയാലോ? ഇവിടെയും, മകളുടെ കല്യാണം അടുത്ത് വരികയാണ്. അപ്പൊ, വീടിന്‍റെ പെയിന്റിംഗ് വര്‍ക്ക് നടക്കുന്നുണ്ട്... ജോലിക്കാര്‍ക്ക് ചൂല്‍ കൊടുക്കാന്‍ വേണ്ടി മുകളില്‍, മേല്‍ക്കൂരയില്‍ കയറിയതാ, തെന്നി, നേരെ താഴേക്കു വീണു. നടുവിന് വേദനയുണ്ട്. ഇപ്പോള്‍, ആശുപത്രിയിലാ... ഒരു സേഫ്റ്റി എക്സ്പേര്‍ട്ട്‌-നു ഈ ഗതി വന്നു എന്നറിഞ്ഞാല്‍ ആളുകള്‍ പരിഹസിക്കും. അതോണ്ട് കൃഷ്ണ, നീ ഇതാരോടും പറയണ്ട...ആരെങ്കിലും ചോദിച്ചാല്‍,വല്ല, പ്ലയിന്‍ ആക്സിടെന്റും പറ്റിയതാണെന്ന് പറഞ്ഞാല്‍ മതി...ഓക്കേ? വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്... 
BE SAFE, BE HAPPY...!"

*******

https://www.facebook.com/photo.php?fbid=906041482739579&set=pb.100000012060771.-2207520000.1466506241.&type=3&theater

Monday, 6 October 2014

serfdom


How are you doing?
Love you all, darling'!

Out here, I’m alone!
I’d wish to say c’mon!

Sure, I would do smash,
This in-between mesh.

That'll make you all free!
And let’s go and flee!

Monday, 22 September 2014

ജാത്യാലുള്ളത്...



"ഈ സാരി കൊള്ളാമല്ലോ, കുട്ടീ?... നല്ല ഡിസൈന്‍, വര്‍ക്ക്‌ നന്നായിട്ടുണ്ട്... കളറും കൊള്ളാം...എവിടുന്നു വാങ്ങിയതാ? എത്രയായി..?"

ശ്രീലത സാറിനു എന്തോ കാര്യം സാധിക്കാനുണ്ട്. ഇതിനു മുമ്പും ഇത്തരം സാരികള്‍ ഉടുക്കാറുണ്ടല്ലോ? അപ്പോഴൊന്നും...

"ഇത് കൊല്‍ക്കത്ത സാരി...ഈയിടെ ബ്രദര്‍ പോയിരുന്നില്ലേ? അപ്പൊ വാങ്ങിയതാ... എണ്ണൂറു രൂപ..."

ഓഫീസില്‍ എല്ലാ സീനിയര്‍ വനിതാ സ്റ്റാഫ്‌-നെയും 'സാര്‍' എന്ന് ചേര്‍ത്താണ് വിളിക്കുന്നത്‌. അതൊരു പുതുമയായി തോന്നി. മുന്‍ സൂപ്രണ്ട് അമ്പലപ്പുഴക്കാരന്‍ ഒരു വാര്യര്‍ സാറാണ് അങ്ങിനെ വിളിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അതൊരു 'കസ്റ്റം' ആയി മാറി.

"അതെയോ...? എന്തായാലും കുട്ടിയ്ക്കു നന്നായി ചേരുന്നുണ്ട്... നല്ല നിറമുണ്ടല്ലോ...? ഒരു ആഡ്യത്വം...ഐശ്വര്യം..."

മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി...

" പിന്നെ, കല്യാണോചനകള്‍ എവിടം വരെയായി...? പറ്റിയ ഒരു കേസുണ്ട്... ആലോചിക്കട്ടെ?"

അപ്പോള്‍ അതാണ്‌ കാര്യം!

"ആലോചനകള്‍ നടക്കുന്നു...ഒന്നും ശരിയായിട്ടില്ല..."

"ഏതാ നക്ഷത്രം? ഇപ്പോള്‍ വയസ്സ് എത്രയായി?"

"തിരുവാതിര... ഇക്കഴിഞ്ഞ ധനുമാസത്തില്‍ ഇരുപത്തി നാലു തികഞ്ഞു..."

ഈ പ്രായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെ!

" അതെയോ? ധനുമാസത്തിലെ തിരുവാതിര... ഭഗവാന്‍ ശിവന്‍റെ നക്ഷത്രമല്ലേ?...നന്നായി..."

പിന്നെയും ഒരു ചെറു പുഞ്ചിരി...

"രാശിപ്പൊരുത്തം, രാശ്യാധിപ പൊരുത്തം, വശ്യപ്പൊരുത്തം
മാഹേന്ദ്ര പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം
ദിനപ്പൊരുത്തം, സ്ത്രീ ദീര്‍ഘ പൊരുത്തം എന്നിങ്ങനെ എല്ല പൊരുത്തങ്ങളും ഉണ്ടല്ലോ...? കുട്ടിയുടെ ജാതകം തന്നോളൂ... നമുക്കാലോചിക്കാം..."

ശ്രീലത സാര്‍ കൊള്ളാമല്ലോ? ജ്യോതിഷമൊക്കെ വശമുണ്ട്..!!

"മനസ്സിലായില്ല... ആരുടെ കാര്യമാണ്...?

" നേരത്തേ പറഞ്ഞില്ലേ, എന്‍റെ ബന്ധത്തില്‍ ഒരു പയ്യനുണ്ട്... തിരുവാതിര തന്നെയാണ് നക്ഷത്രം... ഇവിടെ, ഇന്‍കം ടാക്സ്‌ ഡിപാര്‍ട്ട്മെന്റില്‍ ജോലി. വയസ്സ് ഇരുപത്തിയെട്ട്... കുട്ടിയെപ്പോലെ വെളുത്ത നിറം...ഉയരം അഞ്ചടി ഒമ്പത് ഇഞ്ച്... ഒരു ചേച്ചിയുള്ളത് വിവാഹം കഴിഞ്ഞു, ഇപ്പോള്‍ ദുബായ് - യില്‍ ആണ്. അച്ഛനും അമ്മയും റിട്ടയേര്‍ഡ്‌ അധ്യാപകര്‍..."

കേട്ടിട്ട് കൊള്ളാമെന്നു തോന്നുന്നു...

"എന്തായാലും, ശ്രീലത സാറ് അച്ഛനോട് ഒന്നു സംസാരിക്കൂ..."

"അപ്പോള്‍ കുട്ടിയ്ക്ക് താല്‍പര്യക്കുറവ് ഇല്ല."

" താല്പര്യം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛനാണ് തീരുമാനമെടുക്കേണ്ടത്..."

"ശരി...പിന്നെ, ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.."

"എന്താണ്...?"

"കുട്ടി ....'നായര്' തന്നെ...യല്ലേ...?"

"മുഴുവന്‍ നായരല്ല... അമ്മയുടെ പേര് ലീല നായര്‍. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ - ഈഴവനാണ്."

"ഓ... സോറി ട്ടോ... ഞാന്‍...നായരാണെന്നു തെറ്റിദ്ധരിച്ചു...."

ഓഹോ... അപ്പോള്‍ കാണാന്‍ കൊളളാമെങ്കില്‍... ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടാം... പുതിയ അറിവാണ്...

"തീര്‍ന്നില്ല... അമ്മയുടെ അച്ഛന്‍ നായരും, അമ്മയുടെ അമ്മ ഈഴവയുമാണ്...."

"അതുശരി... അപ്പോ... അപ്പോള്‍...  അമ്മയ്ക്ക് നായര്‍ എന്ന 'സര്‍നെയിം' എങ്ങനെ വന്നു... നായന്മാര്‍ അമ്മയുടെ പാരമ്പര്യം അല്ലേ പിന്തുടരുന്നത്... കുട്ടിയുടെ അമ്മുമ്മ ഈഴവയാണെന്നല്ലേ പറഞ്ഞത് ....?!!

-ചോദ്യത്തില്‍ ചെറിയൊരു കുട്ടിക്കുശുമ്പ് ഇല്ലേ? മിശ്രവിവാഹിതരുടെ മക്കള്‍ ഞങ്ങളുടെ സമുദായത്തിന്‍റെ ബലത്തില്‍ അങ്ങനെ ഞെളിയേണ്ട എന്ന ധ്വനി....?

"അതെ, പക്ഷെ, ഈഴവര്‍ അച്ഛന്‍റെ  പാരമ്പര്യമല്ലേ പിന്തുടരുന്നത്? എന്‍റെ അമ്മ ഈഴവ പാരമ്പര്യമാണ് നോക്കിയത്.. അങ്ങനെ വന്നപ്പോള്‍ 'സര്‍നെയിം' 'നായരാ'യിപ്പോയി...!!!!"

                                                     *********.
https://www.facebook.com/photo.php?fbid=872352759441785&set=pb.100000012060771.-2207520000.1466506245.&type=3&theater

Monday, 25 August 2014

അപ്പൂപ്പന്‍ താടി



-അപ്പൂപ്പന്‍ താടിയില്‍ ഉപ്പിട്ട് കാച്ചുന്ന ചെപ്പടിവിദ്യ കാണാം...കുടമാറ്റം കാണാം... പലകൂട്ടം കൂടാം...


“ മോള് അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ?“

“ അതിന് അപ്പൂപ്പന് താടീല്ലല്ലോ ! “

“ അതല്ല മോളേ, പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ? “

“ ഈ അച്ഛനൊന്നും അറീല്ല, അപ്പൂപ്പന്റെ താടി എങ്ങന്യാ പറന്ന് നടക്ക്വാ ?“


അപ്പൂപ്പന്‍ താടി കാണാത്ത, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത പുതുതലമുറയ്ക്കായി ഇതാ ഒരപ്പൂപ്പന്‍ താടി.

Thursday, 21 August 2014

TRIAL:

TRIAL:

The proceedings in the court were quite unexpected today. 

I was slightly hopeful but never thought verdict could be so favorable.

The reason is the one who attended the case from prosecution side was a 30-35 years experienced leading advocate.

My senior was out of station for another prestigious case in the Supreme Court and that was the only reason why I could appear for this case. Would anyone expect to win the case in such a scenario?

I managed to cross all the witnesses produced by the prosecution & prove their statements are false and can't be trusted in the given circumstances. Prosecution failed to defend them. It was detrimental.

In addition, I could successfully challenge the sections invoked by the prosecution viz., IPC Section 300, Section 307, Section 340, Section 362, Section 375.

As a young ‘up and coming’ lawyer, everyone in the firm was congratulating me for winning my first big case today.

....And all day long, all I could think about is, how I used a technicality in the law to help a murderer walk away, a free man...!

Tuesday, 19 August 2014

മൃഗയ:



മൃഗയ:

അതിരാവിലെയുള്ള നടത്തത്തില്‍ പതിവുള്ളതാണത്.

എല്ലിന്‍ കഷ്ണത്തിന്‍റെ രൂപമുള്ള 'ഡോഗ് ബിസ്കറ്റ്‌' ന്‍റെ ഒരു പായ്ക്കറ്റ് കയ്യിലുണ്ടാവും. കൃഷ്ണ ചംഗ നായിക്‌ മാര്‍ഗിനു കുറുകെയുള്ള പാം ബീച്ച് റോഡിനടുത്തുള്ള ഗ്രൌണ്ടിലാണ് നടത്തം.അവിടേക്ക് നടന്നു, നടന്ന് പെട്രോള്‍ പമ്പിനു മുന്നിലുള്ള കടയുടെ അടുത്ത് എത്തുമ്പോഴേക്കും നായ്ക്കള്‍ വാലാട്ടിക്കൊണ്ട് ചുറ്റും കൂടും.ചിലത് മുന്‍കാലുകള്‍ ഉയര്‍ത്തി നൃത്തം വെയ്ക്കും.

പത്തു പന്ത്രണ്ടു നായ്ക്കളുണ്ടാവും. ആട്ടിയകറ്റപ്പെടുന്നവര്‍... ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍...റോഡില്‍ പെറ്റുവീഴുകയും
റോഡില്‍ തന്നെ ചത്തുവീഴുകയും ചെയ്യുന്നവര്‍...! (മനുഷ്യന് പുല്ലു വിലയുള്ള ഈ മഹാനഗരത്തില്‍ തെരുവു നായ്ക്കളെ ആര് ശ്രദ്ധിക്കാന്‍..?)

ബിസ്കറ്റ്‌ പായ്ക്കറ്റ് പൊട്ടിച്ചു വിതറും. ഓരോ എല്ലിന്‍ കഷണം കടിച്ചെടുക്കുമ്പോഴും നന്ദി പൂര്‍വ്വമുള്ള ഒരു നോട്ടം...  പിന്നെ ഒരോട്ടമാണ്, കൂട്ടത്തില്‍ ചില ചെറു ബാല്യക്കാര്‍...

അന്നും പതിവു തെറ്റിയില്ല...

ചുറ്റും എല്ലാവരും എത്തിയല്ലോ?

ബിസ്കറ്റ്‌ പായ്ക്കറ്റ് പൊട്ടിച്ചു വിതറുന്നതിനിടക്ക് അയാള്‍ ഓര്‍ത്തു...

പണ്ട്, വീടിനടുത്ത് ഒരു നായുണ്ടായിരുന്നു. വീട്ടില്‍ എന്ന് തന്നെ പറയുന്നതാവും കൂടുതല്‍ ശരി.

എന്നും വൈകുന്നേരം അച്ഛന്‍ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവന്‍ അനുഗമിക്കും. എവിടെയായാലും അതിനു മുടക്കമില്ല. പിന്നെ, രാത്രിയില്‍ ഊണ് കഴിയുന്നത് വരെ അക്ഷമനായി കാത്തു കിടക്കും. എല്ലാവരുടെയും പങ്ക് ഓരോ ഉരുള ചോറ് അവനുള്ളതാണ്. അതു കഴിച്ചു കുശാലായി, അവിടെ കിടക്കും. നേരം വെളുക്കുന്നത് വരെ വീടിനു കാവലായി അവനുണ്ടാകും- കൈസര്‍. അതായിരുന്നു വിളിപ്പേര്.

ഒരില അനങ്ങിയാല്‍ എഴുന്നേല്‍ക്കും. ആവശ്യമുണ്ടെങ്കില്‍ കുരയ്ക്കും.വീട്ടുകാരെ ഉണര്‍ത്തും. തന്‍റെ ജോലി കൃത്യമായി അവനറിയാം. അതു കൊണ്ടു തന്നെ അവനെ പരീക്ഷിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആര് വളര്‍ത്തി, ആര് പേരിട്ടു, ഒന്നും അറിയില്ല. അവനങ്ങനെ വളര്‍ന്നു. പക്ഷെ, എന്നും വീട്ടു മുറ്റത്ത്‌ അവനുണ്ടാകും. സവിശേഷമായ ബുദ്ധിയും, യജമാന സ്നേഹവും സ്വയം നിയന്ത്രണവുമുണ്ടായിരുന്ന അവന് ചങ്ങലയുടെ ആവശ്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും ആരെങ്കിലും പുറത്ത് പോകുന്നതും വരുന്നതും അവന്‍റെ അകമ്പടിയോടെ മാത്രം.

-പൂച്ചയും ആട്ടിന്‍ കുഞ്ഞുങ്ങളും അവന്‍റെ കളിക്കൂട്ടുകാരായി.

-വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളുടെയും തള്ളയുടെയും മേല്‍ അവന്‍റെയൊരു കണ്ണുണ്ടാകും. കാക്കയുടെയും പരുന്തിന്‍റെയും പല പദ്ധതികളും പാളുന്നത് അങ്ങനെയാണ്.

അങ്ങനെയിരിക്കെ, ഒരു മലവെള്ളപ്പൊക്കകാലത്ത് കൈസറിനെ കാണാതായി.

-വല്ലാത്ത  ഒരവസ്ഥയാണത്. ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പുലര്‍ച്ചെ എന്നും പ്രതീക്ഷയോടെ നോക്കും. മുറ്റത്തെ പന്തലിച്ച ബദാം മരത്തിന്‍റെ തണലില്‍....ഇല്ല. കൈസര്‍ എത്തിയിട്ടില്ല.

-കൈസറിനു എന്തു പറ്റിയിരുന്നിരിക്കും...?

അതിവേഗത്തില്‍ പാഞ്ഞു വന്ന കാറിന്‍റെ ഹോണിന്‍റെയും ബ്രേക്കിന്റെയും ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി...

'എല്ലിന്‍ കഷ്ണം' കടിച്ചു കൊണ്ടോടിയ നായക്കുട്ടിയെ ഇടിച്ചു തെറിപ്പിച്ച് കാര്‍ ഹുങ്കാരത്തോടെ കടന്നു പോയി.

അയാള്‍ ഓടിച്ചെന്ന് ചോരയില്‍ ക്കുളിച്ചു കിടന്ന അതിനെ എടുത്തു മാറോടു ചേര്‍ത്തു...

കണ്ണീരില്‍ കുതിര്‍ന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു: "കൈസര്‍, കൈസര്‍..."

പതിയെ കണ്ണു തുറന്ന 'കൈസര്‍' അയാളുടെ കണ്ണീര്‍ നാവു കൊണ്ട് ആയാസപ്പെട്ട് ഒപ്പിയെടുത്തു.... പിന്നെ, ആ കണ്ണുകള്‍ അടഞ്ഞു...

.....എല്ലിന്‍ കഷ്ണത്തിന്‍റെ രൂപമുള്ള ആ ബിസ്കറ്റ്‌ റോഡില്‍ ഉടഞ്ഞു  ചിതറിയിരുന്നു....

*******

https://www.facebook.com/photo.php?fbid=854721304538264&set=pb.100000012060771.-2207520000.1466506245.&type=3&theater