Tuesday, 7 July 2015

വൈരുദ്ധ്യാത്മക ഭൌതിക വാദം



"...നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ...!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്‍റെ വികൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!

എളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…!"
....

-ഭഗവാനെ, ന്‍റെ മോന് നല്ല ബുദ്ധി തോന്നണേ...ആപത്തൊന്നും വരുത്തല്ലേ...

അല്ല, ഇവനിതിപ്പോ ഒരുങ്ങി എവിടെക്കാണാവോ?

"....മോനെ, നീ എങ്ങോട്ടാ ഈ നേരത്ത്?"

"ഇപ്പൊ വരാം അമ്മേ..."

-ഇപ്പൊ വരാം ന്ന് പറഞ്ഞിട്ട് ഒരു പോക്കു പോയാല്‍ പിന്നെ, വരുന്നത് ഒരു നേരത്തായിരിക്കും...അച്ഛന്റെ മോന്‍ തന്നെ...

പക്ഷെ, മോന്‍റെ അച്ഛന് നല്ല സാമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്നു. അനീതി കണ്ടാല്‍ എതിര്‍ക്കും, ഏതു നല്ല കാര്യത്തിനും നാട്ടുകാരുടെ കൂടെയുണ്ടാകും....ആരെയും സഹായിക്കും. ഇല്ലാതിരുന്നത് ഈശ്വരവിശ്വാസം മാത്രം. പിന്നെ,  സല്‍പ്രവര്‍ത്തികള്‍ എല്ലാം ഒരുതരത്തില്‍ ഈശ്വരസേവ തന്നെയല്ലേ...?

എന്നാലും, ക്ഷേത്രത്തില്‍ പോകുന്നതിനോ, മറ്റു ഭക്തി പരമായ ചടങ്ങുകള്‍ക്കോ ഒന്നും ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല....

എത്രയോ പ്രാവശ്യം ഗുരുവായൂരില്‍ പോലും കൂടെ വന്നിരിക്കുന്നു...പുറത്ത് നില്‍ക്കുകയേ ഉള്ളൂ...

-അതൊരു കാലം.

"എന്നു പറഞ്ഞാലെങ്ങിന്യാ..."

"ഹോ! ഈ അമ്മ! "

"പിന്നെ, നീ വരുമ്പോ, കുറച്ചു എണ്ണ വാങ്ങീട്ടു വരണം. തീര്‍ന്നു...നാളെ വിളക്ക് കത്തിക്കാന്‍ ഉണ്ടാവില്ല... കാശ് ആ അലമാരയില്‍ നിന്നെടുത്തോ..."

"അതൊക്കെ എപ്പഴേ കട്ടു ബോധിച്ചു...? പിന്നെ, ഈ വിളക്ക് ഒക്കെ കത്തിച്ച് ആ പൈസ എന്തിനാ വെറുതെ കളയുന്നേ...?! ഇതൊക്കെ വെറും അന്ധവിശ്വാസം ആണമ്മേ...ആ പൈസക്ക് വെളിച്ചെണ്ണ വാങ്ങി നാലു പപ്പടം കാച്ചാം"

...ചുറ്റുവിളക്ക്, നിറമാല...എന്തെല്ലാം വഴിപാടുകള്‍ കഴിച്ചിട്ടുണ്ടായതാ...എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ... നിഷേധി....തിരിച്ചറിവായപ്പോ മുതല്‍ സന്ധ്യാനാമം ചൊല്ലാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല....അന്ധവിശ്വാസം ആണത്രേ! അവനൊന്നു വിളക്ക് കൊളുത്തി നാമം ചൊല്ലിയാല്‍ എന്താ? പോട്ടെ, നിന്ദിക്കാതിരിക്കയെങ്കിലും...

"പിന്നേ... നിന്‍റെ അച്ഛന്‍ എന്നോടിങ്ങനെ പറഞ്ഞിട്ടില്ല പിന്ന്യാ...അധികം വിളച്ചിലെടുക്കല്ലേ  ചെക്കാ...എവിടെക്കാണെന്ന് പറഞ്ഞിട്ടു പോടാ..."

-  ഉണ്ണാന്‍ നേരമാവുമ്പോ കേറി വന്നാല്‍ മതീല്ലോ... വീട്ടിലിരിക്കുന്നവര്‍ക്കല്ലേ സമാധാനക്കേടും..ആധിയും...നിനക്ക് വല്ലതും അറിയണോ?"

"ടൌണില്‍ ഇന്നു മന്ത്രിക്കെതിരെ പ്രതിഷേധ സമരമുണ്ടമ്മേ... പ്രധാന സംഘാടകനായ ഞാന്‍ ചെന്നില്ലെങ്കില്‍ ശരിയാവില്ല..."

"എന്തു പ്രധിഷേധം?"
-അവന്റെയൊരു പ്രതിഷേേേധം!!

"മന്ത്രി പൊതു ചടങ്ങില്‍ നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിനെതിരെ, പാര്‍ട്ടിയുടെ യുവജന വിഭാഗം ഇന്നു  സമരം സംഘടിപ്പിച്ചിട്ടുണ്ട് - ഞങ്ങള്‍ പ്രതിഷേധിക്കും, നിലവിളക്കു കൊളുത്തിതന്നെ...പിന്നെ, ഈ വിളക്ക് ഞാന്‍ കൊണ്ടു പോവ്വാണേ!"

********

https://www.facebook.com/photo.php?fbid=1027930430550683&set=pb.100000012060771.-2207520000.1466505989.&type=3&theater

Sunday, 21 June 2015

അനതിവിദൂരക്കാഴ്ചകള്‍


വാര്‍ദ്ധക്യം നമ്മില്‍ നിന്നും പലതും നിര്‍ദ്ദയം അടര്‍ത്തി മാറ്റും, നിശ്ചയം.

ഓര്‍മ്മകള്‍ ഊര്‍ന്നു പോകും, കൈകുമ്പിളിലെ ദാഹജലം പോലെ!

കാഴ്ചയെ കണ്ണില്‍ നിന്നും ചൂഴ്ന്നെടുത്ത് കയ്യാലപ്പുറത്ത് വയ്ക്കും.

ഇതൊന്നുമറിയാതെ, നനഞ്ഞ ഇമയനക്കങ്ങളില്‍ കണ്‍പീലികള്‍ നൃത്തം തുടരും.

കര്‍ണ്ണപുടങ്ങള്‍ക്കു മുന്‍പില്‍ തടയണകള്‍ തീര്‍ത്ത് ശബ്ദവീചികളെ തിരിച്ചയക്കും.

നാവിലെ മൂവായിരം മുകുളങ്ങളും മുളയിലെ നുള്ളിയെടുക്കുന്നതിന്റെ നോവ് നാമറിയും.

അങ്ങനെ, രസച്ചരട് പൊട്ടിയ വിശപ്പെന്ന പട്ടം പതിയെ പതിയെ താഴ്ന്നമരും.

മഴയും വെയിലും മഞ്ഞും അസഹനീയമാകും കാലം, മനസ്സ് സാന്ത്വനത്തിന് കൊതിക്കും, കാതോര്‍ക്കും.

തിക്കിത്തിരക്കി 'വയ്യായ്യ'കള്‍ ദേഹത്ത് കുടിപാര്‍ക്കാനെത്തും; ജരാനരയും, മരുന്നും, മന്ത്രവും അവയോട് കൂടിക്കഴിയും.

ഒടുവില്‍, വാര്‍ദ്ധക്യമൊരുക്കിയ വീഥിയുടെ അവസാനത്തെ പടവില്‍, ദേഹിയും ദേഹവൂം ഉപചാരം ചൊല്ലിപ്പിരിയും.

Sunday, 14 June 2015

വിട പറയാനാകാതെ...





-മ്യാവൂ....മ്യാവൂ...

"എന്തേ, നിന്‍റെ പൂച്ചകള്‍ക്ക് ഇന്നു പതിവില്ലാത്ത ഒരു കൂട്ടക്കരച്ചില്‍...?"

-മീന്‍ വൃത്തിയാക്കുമ്പോ ഇതുള്ളതാണ്...ഇങ്ങേര് ഇത് വല്ലതും കാണാറു പതിവുണ്ടോ...?!

"ഈ പൂച്ചകളേ... ഞാന്‍ കടിക്കാനും, മാന്താനും പരിശീലിപ്പിക്കുകയാണ്...!"

"അവറ്റകള്‍ക്ക് ജന്മസിദ്ധമായി ആ കഴിവുണ്ട്...നിന്‍റെ വക പ്രത്യേക പരിശീലനമൊന്നും വേണമെന്നില്ല...."

-ഓ!

"അതല്ല, എന്‍റെ ശത്രുക്കളെ ആക്രമിക്കാന്‍ പരിശീലിപ്പിക്കും എന്നാണുദ്ദേശിച്ചത്..."

"ഓഹോ! എന്നിട്ടെന്തിനാണാവോ?"

-പരിഹാസം!

"പേടിക്കണ്ട, നിങ്ങളെ, തല്ക്കാലം ഒന്നും ചെയ്യില്ല... എന്‍റെ അമ്മായിയമ്മയെ ഒരു പാഠം പഠിപ്പിക്കണം ....എന്നെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്..."

"അതു ശെരി, അപ്പൊ, നാട്ടിലുള്ള എന്‍റെ അമ്മക്കെതിരെയാണ് പടപ്പുറപ്പാട്..."

"അതെ, പക്ഷേ, അമ്മായിയമ്മയെക്കണ്ട് ഇതുങ്ങള്‍ വിരണ്ടോടുമോ എന്നാണ് ആശങ്ക...."

"അതുണ്ടാവില്ല, അവറ്റകള്‍ നിന്നെ കണ്ടു ശീലിച്ചതല്ലേ?

- ദേ, പിന്നേം...! കൂടെ, പതിവുപോലെ ചിരിയില്‍ ഒരു ലോഡ് പുച്ഛം!!!

അങ്ങനെ പൂച്ചകള്‍ ഞങ്ങളുടെ ദിവസേനയുള്ള കുഞ്ഞു കുഞ്ഞു വഴക്കുകളുടെയും ഒരു ഭാഗമായിത്തീര്‍ന്നു.

കഴിഞ്ഞ ശൈത്യകാലത്ത്‌ എവിടെ നിന്നോ വന്നു കൂടിയതാണ് തള്ളപ്പൂച്ചയും രണ്ടു കുഞ്ഞുങ്ങളും.

നാട്ടില്‍ നിന്നു വന്നിട്ട് അധികമായിരുന്നില്ല.

കൂടാതെ, പുതിയ സ്ഥലവും. ഭാഷയും വട്ടപ്പൂജ്യം. അതുകൊണ്ട് ഒറ്റക്ക് പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാവും.

-എത്ര നേരം ടിവി കാണും.?
-ആര്‍ക്കൊക്കെ ഫോണ്‍ ചെയ്യും?
അങ്ങനെ ജീവിതം വിരസമായി  നീങ്ങുന്നതിനിടയിലാണ് അതു സംഭവിച്ചത്.

-പരമ കാരുണ്യവാനായ സ്രഷ്ടാവ് ആചന്ദ്രതാരം വാഴട്ടെ!

ഒരു ദിവസം, രാവിലെ അടുക്കളക്ക് പുറകില്‍, വരാന്തയില്‍, മീന്‍ വൃത്തിയാക്കുകയായിരുന്നു....

എന്തോ അനക്കം കേട്ടു നോക്കുമ്പോഴുണ്ട്, ചുമരിനപ്പുറത്തെ, ഉപേക്ഷിക്കപ്പെട്ട പഴയ സോഫക്കു പിന്നില്‍ നിന്നും മൂന്നു തലകള്‍ ഒളിഞ്ഞു നോക്കുന്നു.

ദൈന്യമാര്‍ന്ന ആറു കണ്ണുകള്‍!

"ആഹാ! ആരൊക്കെയാ ഇത്? കേറി വാടാ മക്കളെ, വാ ഇരിക്ക്...കഴിക്കാന്‍  ചാള(മത്തി) തല എടുക്കട്ടെ?"

അങ്ങനെ കിന്നാരം കാടു കയറി.

അതൊരു പതിവായി. അറബിയില്‍ 'കിറ്റാ' എന്നാണ് പറയുകയത്രേ! അങ്ങനെ, പേരും ഇട്ടു - കിറ്റൂസ് (ഇംഗ്ലീഷില്‍ Kitten - വലിയ വ്യത്യാസമില്ല!)

അതുങ്ങളോട് എല്ലാം പറയും. നാട്, വീട്, കൂട്ടുകാര്‍... എല്ലാം. അവര്‍ക്ക് എല്ലാം മനസ്സിലാവും.

ചിലപ്പോള്‍ കണ്ണടച്ച് കാണിക്കും. (ബോറടിച്ചു, മതിയാക്ക്‌ എന്നാണ് അര്‍ത്ഥം.)

ഈ പീഡനം അസഹ്യമാവുമ്പോള്‍ വാലാട്ടും. ദേഷ്യം!

ചിലപ്പോള്‍ നടക്കുന്നതിനിടയിലും മുട്ടിയുഴിയാന്‍ മത്സരിക്കും. അറിയാതെ ചവിട്ടിപ്പോകുമോ എന്നു ഭയം തോന്നും.

മിക്കവാറും എല്ലാ ദിവസവും നമുക്ക് മീനില്ലാതെ പറ്റില്ല.

ബുര്‍ജ് ഖലീഫക്കടുത്തുള്ള ദുബായ് മാള്‍-ല്‍ നിന്നോ ഫിഷ്‌ മാര്‍ക്കറ്റില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഷെയ്ക്ക് സയ്യദ് റോഡ് വഴി പോകണം.

ചാള, കൂന്തല്‍, ആവോലി എന്നിങ്ങനെ.

അത്ഭുതം അതല്ല, അതുങ്ങള്‍ക്കും ചാളയാണ് പ്രിയം.

തന്നെക്കാള്‍ പൂച്ചകളെയാണ് നോക്കുന്നതെന്നാണ് ഇപ്പോഴത്തെ പരാതി.

എന്നാലും ആള്‍ക്കും ഇഷ്ടമാണ് - "നിനക്കൊരു കൂട്ടായല്ലോ?"എന്നും പറയും.

-ചിന്തകള്‍ കാടു കയറുന്നു.

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ അമ്മയ്ക്കും അനിയനും, അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്കും ഗിഫ്റ്റ് സ് വാങ്ങി. കൂട്ടത്തില്‍ പൂച്ചക്കുട്ടിയുടെ പടമുള്ള ഈ ഹാന്‍ഡ്‌ ബാഗും.

14:40hrs ന്‍റെ ദുബായ് -കൊച്ചി എമിരേറ്റ്സ് ഫ്ലൈറ്റ് -നാണ് ടിക്കറ്റ്‌. ചെക്ക്‌-ഇന്‍ ചെയ്യാന്‍ ഇനിയും സമയമുണ്ട്.

-അതുങ്ങള്‍ക്ക് ഇനി ആരു ഭക്ഷണം കൊടുക്കും.

-പരിചയക്കാരെ എല്പ്പിക്കാമെന്ന് വെച്ചാല്‍ പറ്റിയ ആരെയും കിട്ടിയുമില്ല. അന്വേഷിക്കാന്‍ തരപ്പെട്ടില്ല എന്നതാണ് ശരി.

- DMVS (Dubai Municipality Veterinary Services) നിയമമനുസരിച്ച്‌ Microchip, ID Tag എന്നിവ ചെയ്യണം. Vaccination-നും നിര്‍ബന്ധമാണ്‌. ഒരു ഡോസ് FVRCP vaccine cocktail (for cats) മതിയാകും. പക്ഷെ, ഇതൊന്നും ഗൌരവമായി എടുത്തില്ലല്ലോ!

-ഒരു മാസത്തിനു ശേഷം തിരിച്ചു വരുമ്പോ എന്താകും അവസ്ഥ?

- പട്ടിണി കിടന്നു....പട്ടിണി കിടന്ന്.... ഹോ!

ഉടമസ്ഥരില്ലാത്ത മൃഗങ്ങളെ കണ്ടു കിട്ടിയാല്‍ എട്ടു ദിവസം സൂക്ഷിച്ചതിന് ശേഷം ദയാവധം (Euthanasia) നടത്തണമെന്നാണ് ഇവിടത്തെ നിയമം.

- എട്ടു ദിവസം.!!

-ദയാവധം...!!!

ഒന്നും വേണ്ടിയിരുന്നില്ല.

-ഈശ്വരാ ന്‍റെ കിറ്റൂസിനു ഒരാപത്തും വരുത്തല്ലേ...!

ഡിപാര്‍ചര്‍ ലോഞ്ചില്‍ തിരക്കു കൂടി വരുന്നു. കണ്‍കോണിലെ നനവ്‌ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ?

...ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങുന്നുണ്ടോ?

...ചെറുതായി തല കറങ്ങുന്നോ?

...മടിയിലെ ഹാന്‍ഡ്‌ ബാഗിലിരുന്ന് കിറ്റൂസ് ഉറ്റുനോക്കുന്നു?!

...ഭയം  നിറഞ്ഞ കണ്ണുകളോടെ ദയനീയമായി ഇങ്ങനെ ചോദിക്കുന്നു!!!

"എന്നെ ഉപേക്ഷിച്ചു പോകുകയാണല്ലേ.....????!!!!"

******

https://www.facebook.com/photo.php?fbid=1013507278659665&set=pb.100000012060771.-2207520000.1466505989.&type=3&theater

Wednesday, 26 November 2014

മൃത്യുവിന്‍റെ മാലാഖമാര്‍



മൊസുളിലെ (Mosul)അല്‍- മുത്തമൈസത്ത് ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു  അവള്‍. അദ്ധ്യാപകരുടെ കണ്ണിലുണ്ണി.  സഹപാഠികളുടെ ആത്മ മിത്രം.

മൊസുള്‍ യുനിവേഴ്സിറ്റിയില്‍, വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനം നടത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം.

-  എപ്പോഴും ഭംഗിയായി ചിരിച്ചു കൊണ്ട്, ഒരു ചിത്ര ശലഭത്തെപ്പോലെ, പാറി നടന്നിരുന്ന അവള്‍, കുടുംബത്തിലെ വെളിച്ചമായിരുന്നു. മമ്മയുടെ മുഖച്ഛായയാണ് അവള്‍ക്ക്. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രത്യേക വാത്സല്യവും- പിന്നെ, ഞങ്ങള്‍ മൂന്നുപേരില്‍ ഇളയവളുമാണല്ലോ.

ബാബ എപ്പോഴും പറയും:

" റോബ്ജിന്‍, നീ വേണം ഇവരുടെ കാര്യങ്ങളെല്ലാം നോക്കാന്‍. മമ്മയില്ലാത്ത കുട്ടികളാണ്...."

എട്ടു വയസ്സു കാരനായ രക്കാനെയും മുന്നു വയസ്സു കാരിയായ രഹാനയെയും പതിമൂന്നുകാരിയായ തന്നെയെല്‍പ്പിച്ചിട്ടു മമ്മ പോയി. ഇറാന്‍ യുദ്ധകാലത്ത് എപ്പോഴോ പാകിയ ഒരു കുഴി ബോംബു സ്ഫോടനത്തിലായിരുന്നു മമ്മക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

അടുത്തിടെയാണ് രക്കാന്‍ ഷാമോ-ക്ക് എര്‍ബിലില്‍ ഒരു അമേരിക്കന്‍ ഓയില്‍ കമ്പനിയില്‍ ടെക്നിഷ്യന്‍ ആയി ജോലി തരപ്പെട്ടത്. രഹാന ഷാമോ പതിനൊന്നാം ക്ലാസ്സിലുമെത്തി. മൊസുള്‍ മാര്‍ക്കറ്റ്‌-ലെ ബാബയുടെ പഴം-പച്ചക്കറി ബിസിനെസ്സ് മെച്ചപ്പെട്ടു വരികയായിരുന്നു. സഹായിക്കാന്‍ താനുമുണ്ടല്ലോ.

എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്...?

അശുഭകരമായ വാര്‍ത്തകള്‍ പലതും കേട്ടിരുന്നു. എന്നാലും...

ആ രാത്രിയിലെ  ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ടു. സ്വരുക്കൂട്ടി വെച്ചിരുന്ന സമ്പാദ്യവും, വീടും, കടയും അങ്ങനെ എല്ലാം.

ബാബയെയും രകാനെയും അവര്‍ ബന്ധിയാക്കിയെന്നു കേള്‍ക്കുന്നു. പാവം ബാബ, ഈ തണുപ്പ് കാലത്ത് ആസ്ത്മയുടെ ഉപദ്രവം കൊണ്ടു തന്നെ കഷ്ടപ്പെടുന്ന ആളാണ്‌... മലക്കുകളെ, അവരെ കാത്തോളണേ...!

രഹാനയെ ക്കുറിച്ച് യാതൊരു വിവരവുമില്ല. അവള്‍ക്കൊരാപത്തും വരുത്തല്ലേ എന്നു കണ്ണീരോടെ പ്രാര്‍ത്ഥിക്കാത്ത നിമിഷങ്ങളില്ല.

- എന്തിനാണ് 'തവ്സി മലെക്ക്' (Tawsi  Melek) യസീദികളെ ഇങ്ങനെ പരീക്ഷിക്കുന്നത്...? അഞ്ചു നേരവും മുടങ്ങാതെ പ്രാര്‍ഥിക്കുന്നതാണല്ലോ?

സമാധാനപ്രിയരായ തങ്ങളുടെ സംസ്കാരത്തിന് നേരെ എഴുപത്തിരണ്ട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു.... ഇത് എഴുപത്തി മൂന്നാമത്തേതാണോ...?. 

അന്ന്, ട്രാക്ടര്‍-ഇല്‍ കയറിയാണ് രെക്ഷപ്പെട്ടത്‌. കുറെ ദൂരം ഓടിയതിനു ശേഷമാണ്, ഖുര്‍ദിഷ് സ്ത്രീ സുരക്ഷാ സേനയുടെ വാഹനത്തിനടുത്ത് എത്തിപ്പെട്ടത്. അവിടെ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്തു  സിറിയയിലെ നവറുസ് YPG പട്ടാള ക്യാമ്പിലെത്തി. 

യസിദി പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക തടവുകാരായി ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ കന്നുകാലികളെ പ്പോലെ വില്‍ക്കുകയുമാണ് ഈ മൃഗ തുല്യരായ ക്രൂരന്മാര്‍ ചെയ്യുന്നത്. ഒരു പെണ്‍കുട്ടിക്ക് പത്തും പതിനഞ്ചും ഡോളറാണ് റക്കാ (Raqqa in Syria)  മാര്‍ക്കറ്റില്‍ വിലയത്രേ...!

രണ്ടു ദിവസം മുമ്പാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത‍ കേട്ടത്. റക്കാ   മാര്‍ക്കറ്റില്‍ നിന്നു ഓടി രെക്ഷപ്പെട്ട ഒരു ക്രിസ്ത്യന്‍  പെണ്‍കുട്ടിയാണ് അതു പറഞ്ഞത്...

....സിഞ്ചാര്‍ മലനിരകളില്‍ നിന്ന് ചാടി രഹാന ജീവനൊടുക്കി.

-കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത നിരവധി യസിദി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കൂട്ടത്തില്‍ അവളും.

- അവള്‍ ജീവിച്ചിരിപ്പില്ലെന്നു വിശ്വസിക്കാനാവുന്നില്ല. ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍ മുന്നില്‍ നിന്നു മായുന്നില്ല....

എല്ലാ കാലത്തും സംരക്ഷണത്തിനായി മറ്റുള്ളവരുടെ കനിവിനായി കേഴുകയായിരുന്നു സമധാന പ്രിയരായ യസിദികള്‍.

ഇല്ല, ഇനിയും കരഞ്ഞു തീര്‍ക്കാനുള്ളതല്ല യസീദികളുടെ ജീവിതം.

ആയുധമെടുക്കാന്‍ സമയമായി.

നവ്രുസ് ക്യാമ്പില്‍ കടുത്ത പരിശീലനത്തിലാണ് താനുള്‍പ്പടെയുള്ള യസിദി സ്ത്രീകളും പുരുഷന്മാരും.

യന്ത്ര തോക്കുകളും,മറ്റു യുദ്ധോപകരണങ്ങളും ഉപയോഗിക്കാനുള്ള പരിശീലനം.

വിഡ്ഢികളായ ഈ മൃഗങ്ങള്‍ പറഞ്ഞു പരത്തുന്നത് പോലെ, ഞങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നവരല്ല...

എഴായിരത്തോളം വര്‍ഷം പഴക്കമുള്ള സംസ്ക്കാരമാണ് ഞങ്ങളുടേത്....യുഫ്രടീസ് നദിയുടെ തീരങ്ങളില്‍ രൂപം കൊണ്ട മെസോ പൊട്ടേമിയന്‍ സംസ്ക്കാരം.

ചെകുത്താന്റെ സന്തതികളെ, നിങ്ങള്‍ തകര്‍ത്ത കുടുംബങ്ങള്‍... നിങ്ങള്‍ തകര്‍ത്ത ജീവിതങ്ങള്‍....സംസ്കാരങ്ങള്‍...കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല....

ഞങ്ങളുടെ പ്രതികാരാഗ്നിയില്‍ നീയൊക്കെ വെന്തുരുകും.

സിഞ്ചാര്‍, മൊസുള്‍ പട്ടണങ്ങള്‍ ഞങ്ങള്‍ തിരിച്ചു പിടിക്കും... തടവിലുള്ള വീട്ടുകാരെ മോചിപ്പിക്കും....

അവസ്സാനത്തെ തുള്ളി രക്തം ചിന്തും വരെയും ഞങ്ങള്‍ പോരാടും.

കുഞ്ഞനുജത്തി രഹാനയുടെ രക്തത്തിന്, അത് പോലെ അനേകം കുഞ്ഞു സഹോദരി മാരുടെ രക്തത്തിന്, എണ്ണിയെണ്ണി പകരം ചോദിക്കും...

അവസാനത്തെ തീവ്രവാദിയെയും ഞങ്ങള്‍ കൊന്നൊടുക്കും...

യസീദികള്‍ ഉണര്‍ന്നു കഴിഞ്ഞു. ...!

കറുത്ത ചെകുത്താന്മാരെ,

 കരുതിയിരുന്നോളൂ.....

*******

https://www.facebook.com/photo.php?fbid=907065372637190&set=pb.100000012060771.-2207520000.1466506241.&type=3&theater

ബി സേഫ് , ബി ഹാപ്പി


ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. ഒരു വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമുള്ള അവധിയാണ്.

അങ്ങനെ, ഈ കൃഷ്ണ പ്രസാദ്‌ ഥാപ, ആദ്യത്തെ ലീവിന് നാട്ടിലേക്ക്..

മുപ്പതാം തീയതിയിലെ ദുബായ് - കാട്മണ്ടു ഫ്ലൈറ്റ്. പിന്നെ, അവിടെ നിന്നും അഞ്ചര മണിക്കൂര്‍ ബസ്‌ യാത്ര. 270 കിലോമീറ്റര്‍ ദൂരമുണ്ട് ജനക്പുരിയിലേക്ക്. നേപാളിലെ ആകെയുള്ള റെയില്‍വേ ലൈനും ജനക്പുരിയിലാണ്. പക്ഷെ, അതും ജനക്പുരിയില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്കാണ്. വെറും 25 കിലോമീറ്റര്‍ നാരോ ഗേജ് ലൈന്‍.

രാമായണത്തിലെ മിഥിലാപുരി തന്നെയാണ് ഇന്നത്തെ ജനക്പുരി. സീതാ ദേവിയുടെ ജന്മ ദേശം.

ജനക്പൂര്‍ ധാമിന്‍റെ അടുത്ത് തന്നെയാണ് വിവാഹ പഞ്ചമി മന്ദിര്‍.

രണ്ടാഴ്ച മാത്രം അകലെയാണ് വിവാഹ പഞ്ചമി ഉത്സവം. രാമ ഭഗവാന്‍ സീതാ ദേവിയെ വിവാഹം കഴിച്ചതിന്‍റെ ഓര്‍മ്മക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. കാര്‍ത്തിക പൂര്‍ണിമയാണ് ഏറ്റവും പ്രധാന്യമുള്ള ദിവസം അന്നാണ് ഭഗവാന്‍ രാമന്‍, ശിവ ഭഗവാന്‍റെ വില്ലായ ത്രയംബകം ഒടിച്ച്, സീതാ ദേവിയെ സ്വന്തമാക്കിയതത്രേ!

ഈ സമയത്ത് വിവാഹം കഴിക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായാണ് ജനക്പുരിക്കാര്‍ കരുതുന്നത്. എന്തായാലും നല്ലൊരു മൈഥിലി പെണ്‍കുട്ടിയെ തന്നെ ഒത്തു കിട്ടി. അവള്‍ക്ക് നല്ലതു പോലെ ചിത്രം വരക്കാനറിയാമത്രേ. മണ്‍പാത്രങ്ങളിലെ പെയിന്റിംഗ് ഭംഗിയുള്ളവ തന്നെ. നന്നായി വിറ്റുപോകുന്നുമുണ്ടെന്നാണ് അറിഞ്ഞത്. നല്ലത്.

നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടുകാര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇവിടെ, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ കുറച്ചു പേരെ വീണ്ടും വിളിച്ചു ഒര്‍മ്മ പെടുത്തണം.

അതില്‍ ഏറ്റവും പ്രധാനം രവി ഭായ് തന്നെ. കമ്പനിയില്‍ ജൂനിയര്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോയിന്‍ ചെയ്യുമ്പോള്‍ കാര്യമായി ഒന്നും അറിയില്ലായിരുന്നു.  കാട്മണ്ടു ത്രിഭുവന്‍ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് -ഉം പിന്നെ ചില ചില്ലറ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്കളും.

രവി ഭായിയാണ് പ്രത്യേക താത്പര്യമെടുത്ത് എല്ലാ ട്രെയിനിങ്ങും തന്നത്.  സേഫ്റ്റി ഇന്‍ഡക്ഷന്‍, പേര്‍സണല്‍ പ്രൊട്ടെക്ഷന്‍, ഗ്യാസ് ഡിറ്റക്ഷന്‍, ടൂള്‍ ബോക്സ്‌ ടോക്സ്, പെര്‍മിറ്റ്‌ ടൂ വര്‍ക്ക്, ടാസ്ക് റിസ്ക്‌ അസ്സെസ്സ്മെന്റ്, ഹൌസ്കീപിംഗ്....എന്നു വേണ്ട, വര്‍ക്ക്‌ സേഫ്റ്റിയെ ക്കുറിച്ച് എല്ലാം അദ്ദേഹത്തിനറിയാം. സേഫ്റ്റിയെ സംബന്ധിച്ച്, അറിവിന്‍റെ ഒരു മഹാ സാഗരം തന്നെ! OHSAS, NEBOSH എന്നിങ്ങനെ എല്ലാ Certification -ഉം കയ്യിലുണ്ട്. എല്ലാ ഇ-മെയിലിലും ഒരു signature tag ഉണ്ടാകും- BE SAFE, BE HAPPY! ഇത്രയും Safety Commitment ഉള്ള ഒരാളെ കണ്ടു കിട്ടാന്‍ എളുപ്പമല്ല. നിരവധി ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കും.  ശബ്ദവും ആകാരവും. കപ്പടാ മീശ. എല്ലാം കൂടെ ചേരുമ്പോള്‍ ഒരു രാജാപാര്‍ട്ട് ലുക്ക്‌! മുന്‍പ്, ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നത്രെ! വെറുതെയല്ല, സൈറ്റ്-ഇല്‍ ജോലിക്കാരെല്ലാം കിടുകിടെ വിറക്കുന്നത്‌.
ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ.

എന്തായാലും ഒന്നു വിളിച്ച് സംസാരിക്കാം, വീണ്ടും ഒന്നൂടെ  ക്ഷണിക്കാം. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍, അദേഹത്തിന്റെ നാടായ, കേരളത്തിലെ സ്വന്തം വീട്ടിലായിരുന്നു.
 

" ഹലോ, രവി ഭായ് ഹൈ?"

"യെസ്, രവി സപീകിംഗ്..."

"രവി ഭായ്, ഇത് കൃഷ്ണയാണ്, കൃഷ്ണ പ്രസാദ്‌ ഥാപ...ഫ്രം ദുബായ്..."

"ഹായ്, കൃഷ്ണ, പിന്നെ, എന്താ വിശേഷം? എന്നാണ്, നാട്ടിലേക്ക്?...കല്യാണമിങ്ങെത്തിയല്ലോ...?"

"യെസ്, അടുത്താഴ്ച തിരിക്കും....പിന്നെ, കല്യാണത്തിന് ഭായ് എന്തായാലും കുടുംബ സമേതം വരണം. ഇത് വീണ്ടും പറയാനാണ് ഇപ്പൊ വിളിച്ചത്..."

"ഓക്കേ, സന്തോഷം, പക്ഷെ, കല്യാണത്തിന്, എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല, എന്തായാലും, ഞങ്ങളുടെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, എല്ലാം മംഗളമായി നടക്കട്ടെ, എന്ന്‍ പ്രാര്‍ത്ഥിക്കുന്നു..."

"അതെന്താ... വരാന്‍ വേറെ, എന്തെങ്കിലും പ്രശ്നം...?"

"അത്, അത്...പിന്നെ ഒരു അപകടം പറ്റി.... നീ ആരോടും പറയരുത്..."

"എന്താ, എന്തുണ്ടായി?"

"നിനക്കറിയാലോ? ഇവിടെയും, മകളുടെ കല്യാണം അടുത്ത് വരികയാണ്. അപ്പൊ, വീടിന്‍റെ പെയിന്റിംഗ് വര്‍ക്ക് നടക്കുന്നുണ്ട്... ജോലിക്കാര്‍ക്ക് ചൂല്‍ കൊടുക്കാന്‍ വേണ്ടി മുകളില്‍, മേല്‍ക്കൂരയില്‍ കയറിയതാ, തെന്നി, നേരെ താഴേക്കു വീണു. നടുവിന് വേദനയുണ്ട്. ഇപ്പോള്‍, ആശുപത്രിയിലാ... ഒരു സേഫ്റ്റി എക്സ്പേര്‍ട്ട്‌-നു ഈ ഗതി വന്നു എന്നറിഞ്ഞാല്‍ ആളുകള്‍ പരിഹസിക്കും. അതോണ്ട് കൃഷ്ണ, നീ ഇതാരോടും പറയണ്ട...ആരെങ്കിലും ചോദിച്ചാല്‍,വല്ല, പ്ലയിന്‍ ആക്സിടെന്റും പറ്റിയതാണെന്ന് പറഞ്ഞാല്‍ മതി...ഓക്കേ? വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്... 
BE SAFE, BE HAPPY...!"

*******

https://www.facebook.com/photo.php?fbid=906041482739579&set=pb.100000012060771.-2207520000.1466506241.&type=3&theater