LABURNUM ST.
അങ്ങനെ അതും നടന്നു.
ദീര്‍ഘ നാളത്തെ സ്വപ്നം. സ്വന്തമായി ഒരു വീട്.
കുറച്ചേറെ പ്രതിബന്ധങ്ങളുണ്ടായെങ്കിലും, ഒടുവില്‍ കാര്യം നടന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.
നല്ല വീതിയും വൃത്തിയുമുള്ള റോഡുകള്‍; ഷോപ്പിംഗ് മാള്‍ എന്നു വേണ്ട, എല്ലാം അടുത്ത് തന്നെ. പൊതുവേ ശാന്തമായ സ്ഥലം. പുതിയ മഹാനഗരത്തില്‍-(ഉപഗ്രഹനഗരം എന്നും പേരുണ്ട്) - ഇത്രയും നല്ല സ്ഥലം വേറെയുണ്ടോ?
അടുത്തുള്ള റെയില്‍വേ സ്റ്റേഷന് കുറുകെ മേല്‍പാലം കൂടി വന്നതോടു കൂടി അകെ ഒന്ന് മിനുങ്ങിയിട്ടുണ്ട് ഈ ഭാഗം. തീര്‍ന്നില്ല, രാജ്യത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്സ് ആണ് ഉയര്‍ന്നു വരുന്നത്. അതും വെറും ഇരുന്നൂറു മീറ്റര്‍ മാത്രം അകലെ. അതും കൂടിയാവുമ്പോള്‍ ഇവിടെ എന്താവും വിലനിലവാരം? ഇങ്ങനെ ഒത്തു കിട്ടിയത് ഭാഗ്യം തന്നെ!
ഒരു ബെഡ് റൂം ഒഴികെ എല്ലാ മുറികളും മെയിന്‍ റോഡിനു അഭിമുഖമാണ്. എന്നു വെച്ചാല്‍ ജനലിലൂടെ താഴെ കാണാം റോഡ്...-',
ചെറുതൊന്നു മല്ല. മുപ്പത്തി രണ്ടു മീറ്റര്‍ വീതി.
നടുവില്‍, ഡിവൈഡറില്‍ നിറയെ അധികം ഉയരമില്ലാത്ത പൂമരങ്ങള്‍..!; വസന്തം വര്‍ണപൂക്കുട നിവര്‍ത്തും.
"...എന്നാലും വിസിറ്റിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ റോഡിന്‍റെ പകുതിയേ കാണൂ...!"
വിചാരിച്ചതു പോലെയല്ല! ചില്ലറ കുറവുകളുമുണ്ട്.
"...അത് കാര്യമാക്കാനില്ല... എന്നാലും പതിനാറു മീറ്റര്‍ കാണാമല്ലോ? തത്കാലം അത് കൊണ്ട് തൃപ്തിപ്പെടാം!"
ഇനിയെന്തൊക്കെയാണാവോ!?
"... ദാ, താഴെ, കണിക്കൊന്ന പൂത്തു തുടങ്ങി... ഇനി ഓരോന്നായി ഈ വരിയിലുള്ളത് മുഴുവന്‍ പൂക്കും.... നല്ല രസമായിരിക്കും, അല്ലേ?"
ഡിവൈഡറില്‍ ഒരു കണിക്കൊന്ന കണിയൊരുക്കാന്‍ തുടങ്ങിയിരിക്കുന്നു...
" അതെ, നല്ല രസമായിരിക്കും....'വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിക്കാന്‍, എനിക്കാവതില്ലേ!; എന്നാണല്ലോ?"
"ദേ, ഇത്തവണ വിഷുവിനു നമുക്ക് കൊന്നപ്പൂ ഇതിലേതെങ്കിലും ഒരു മരത്തില്‍ നിന്നെടുക്കാം..."
"നടക്കുമെന്ന് തോന്നുന്നില്ല, കണി വെക്കാന്‍ മിക്കവാറും നമ്മള്‍ കടയില്‍ നിന്ന് തന്നെ വാങ്ങേണ്ടി വരും!"
-തലേ ദിവസം തന്നെ കച്ചവടക്കാര്‍ ഇതെല്ലാം അടിച്ചു മാറ്റിയിരിക്കും.
എന്തൊരു വിരോധാഭാസം! വിഷുവിന് ആഴ്ചകള്‍ക്ക് മുമ്പേ എല്ലാ ദിവസവും കണിക്കൊന്ന കണികാണാം, തികച്ചും സൌജന്യം! വിഷുക്കണി കാശു കൊടുത്തു വാങ്ങണം!
"... ദേ, കണിക്കൊന്നകള്‍ നിറഞ്ഞ ഈ റോഡിനു 'ലാബെര്‍നം റോഡ്' (Laburnum Road) എന്ന് പേരിട്ടാല്‍ നല്ല രസമായിരിക്കും അല്ലേ? അപ്പുറത്തുള്ള പാം ബീച്ച് റോഡു പോലെ? (Palm Beach Road)"
- 'കൃഷ്ണ ചന്ദ്ര നായിക് മാര്‍ഗ്' എന്ന പേര് മാറ്റാനോ?
"Laburnum St, London Borough of Hackney, London E2 8BY, UK എന്ന് പറയുന്നത് പോലെ, അല്ലേ?"
-ഇംഗ്ലീഷ് സ്ഥല നാമങ്ങളോട് നമുക്ക് ഇപ്പോഴും ഒരു പ്രതിപത്തി ഉണ്ടോ?
" ... 'കണിക്കൊന്ന തെരുവ്' എന്നിട്ടാല്‍ എന്താ കുഴപ്പം? "
- ശ്രേഷ്ഠ ഭാഷ പദവിയാണ് കിട്ടിയിരിക്കുന്നത്. വിട്ടു കൊടുക്കാന്‍ പറ്റുമോ?
"ഓ, ഒരു കുഴപ്പവുമില്ല.... 'ദാക്ഷായണി ബിസ്കറ്റ്' പോലെയാവും!"
"ദാക്ഷായണി ബിസ്കറ്റ്-ന് എന്താ കുഴപ്പം?..."
"ഒന്നൂല്ലന്നേ.."
"പിന്നെ, ഇവിടെ, ധാരാളം,മറാട്ടികളും, ബംഗാളികളും, ഗുജറാത്തികളും, തമിഴരും, ഹിന്ദിക്കാരും ഉണ്ട്. -ഇനി പറ, പേരുമാറ്റണോ?"
(ബംഗാളിയില്‍ ഇതിനു 'ബന്ദാരലതി' എന്നും, ഗുജറാത്തിയില്‍ 'ഗര്‍മാലോ' എന്നും, ഹിന്ദിയില്‍ 'അമല്‍താസ്' എന്നും, തമിഴില്‍ 'കൊണ്റായ്' മാറാട്ടിയില്‍ 'ഭഹാവ' എന്നുമാണ് നാമങ്ങള്‍! --Bengali: বাঁদরলাঠি bandaralathi,• Gujarati: ગરમાળો garmalo • Hindi: अमलतास amaltas, • Malayalam: കണിക്കൊന്ന kanikkonna • Marathi: बहावा bahava • Tamil: கொன்ற konrai • Urdu: املتاس amaltas)
https://www.facebook.com/photo.php?fbid=586832927993771&set=pb.100000012060771.-2207520000.1466506903.&type=3&theater

No comments:
Post a Comment