“ഡാ, പൂതം! പൂതരമേശന്‍, നീ വരണുണ്ടോ? മണി ഒമ്പതര്യായി... ഒമ്പത് മണിക്ക് തൊടങ്ങീണ്ടാവും... ഉത്സവപ്പറമ്പില് ആളു നിറയും... പരിപാടി നന്നാവും... ആളു കേമനാന്നാ കേട്ടത്...”
“റെഡി, പൂവ്വാം... വണ്ടി വിട്ടോ”
-പൂതരമേശന്‍!!'!
-നാശം! ഈ പേര് വെല്യ ശല്യമായിരിക്കുന്നു! ഇപ്പൊ വിദേശ വാസിയായിട്ടും നാട്ടുകാര്‍ക്ക് ഇന്നും പൂതരമേശന്‍ തന്നെ! കാലം കുറെയായി...
ഓര്‍മകള്‍ പതിമൂന്നു വര്‍ഷം പുറകിലേക്ക് പറന്നെത്തി...
....
-അന്ന്, രണ്ടും കല്പിച്ചാണ് അവളോട് പറഞ്ഞത്- “ഇന്ന് രാത്രി ഞാന്‍ വരും, ഒരു കാര്യം പറയാനുണ്ട്.. കാത്തിരിക്കണം...”
-മറുപടിയില്ല... പതിവ് പോലെ ഒരു ചെറു പുഞ്ചിരി... നുണക്കുഴികള്‍ പകുതിയേ തെളിഞ്ഞുള്ളൂ... അത് മതിയായിരുന്നു... മൗനം സമ്മതം.
-നോട്ടവും ചിരിയും പല സൂചനകളും നല്‍കിയിരുന്നെങ്കിലും പരസ്പരം തുറന്നു പറയാനുള്ള ധൈര്യമുണ്ടായില്ലല്ലോ!
-പാതിരാത്രിയായി... എല്ലാം ഭദ്രം എന്നുറപ്പു വരുത്തിയാണ് വേലി ചാടിയത്...'... മുരിക്കിന്‍ കൊമ്പിന്‍റെ കൂര്‍ത്ത മുള്ള് കൊണ്ടു കഴുത്തു മുറിഞ്ഞത് പോലും വെപ്രാളത്തില്‍ അറിഞ്ഞില്ല...
-കട്ടപിടിച്ച ചെമ്പരത്തി ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു-“ ശ്ശ്.ശ്.ശ്.ശ്......അമ്മിണീ... ഇത് ഞാനാ... വേഗം വാ..."
-അവളുടെ മുറിയില്‍ അരണ്ട വെളിച്ചം വീണോ? വാതില്പ്പാളികള്‍ ഇളകിയോ? വിജാകിരികള്‍ തമ്മില്‍ കിന്നാരം പറഞ്ഞില്ലേ? ഇല്ല...!
-വീണ്ടും ഒന്നൂടെ വിളിച്ചു നോക്കാം... “ശ്...”
“ആരാഡാ അത്... ആരാന്നാ ചോദിച്ചത്... ദാക്ഷായാണീ, ആ ടോര്‍ച്ച് ഇങ്ങെടുത്തേഡീ... ആ അഞ്ചു സെല്ലിന്റെ മതി, വേഗം വേണം...”
-ദൈവമേ! അവളുടെ തന്ത! ഇങ്ങേര്‍ക്ക് ഉറക്കമൊന്നൂല്ലേ? പുലിവാലയോ? ഓടിയാല്‍ എന്തായാലും ആളെ മനസ്സിലാവും...
എല്ലായിടത്തും ലൈറ്റിട്ടിരിക്കുന്നു... ടോര്‍ച്ച് എടുക്കാന്‍ പോയ വഴിയില്‍ ദാക്ഷായണി അമ്മായി ഒപ്പിച്ച ചതിയാണ്!
-ഇനിയോരൊറ്റ വഴിയേയുള്ളൂ..
.....
“തോമാസ്സേ, കുട്ടപ്പാ, ഓടിവാടാ... ഇവിടെ കള്ളന്‍ കേറിയെടാ മക്കളേ...”
“എവിടെ, എവിടെ...?”
“ദാ, ആ ചെടിയുടെ പിന്നിലുണ്ട്...”
“ഇവിടെയാരാണ്ട് വീണു കിടപ്പുണ്ടല്ലോ...”
“ഹ, ഇത്...നമ്മുടെ ദിവാകരന്‍ നായരുടെ ചെക്കനല്ലേ... രമേശന്‍... PDC-ക്കാരന്‍...”
“ഇവനെങ്ങനെ ഇവിടെയെത്തീ?”
“വല്ല പിശാചോ, പൂതമോ കണ്ണ് കെട്ടി കൊണ്ട്വന്നതാവും...”
“അതോ, വേറെ വല്ല ചുറ്റിക്കളീം...?"
“ഒന്ന് പോടോ, മാപ്ലേ... ന്‍റെ മോന്‍ ആ ടൈപ്പല്ല...”
“മോനെ... കണ്ണ് തുറക്കെടാ... ന്താ ണ്ടായെ?”
“എനിക്കൊന്നും ഓര്‍മ്മയില്ലമ്മേ...”
“കണ്ടില്ലേ... ഭൂതം കണ്ണ് കെട്ടിയത് തന്നെ... ഓര്‍മ്മണ്ടാവില്യാ...”
“ഭാവാനിയമ്മേ, നിങ്ങള് ചെക്കനെ വിളിച്ചോണ്ട് പോ... ഞങ്ങള് പോട്ടെ... വെളുപ്പിന് പണിക്ക് പോകാനുള്ളതാ...”
-തല്ക്കാമലം തടി രക്ഷിച്ചെങ്കിലും സംഗതി നാട്ടില്‍ പാട്ടായി -അറിഞ്ഞില്ലേ, രമേശനെ ഭൂതം കണ്ണുകെട്ടി... ചോര കുടിക്കാനും നോക്കീത്രേ, കഴുത്തില്‍ മുറിവ് കണ്ടവരുണ്ട്... എത്ര കൃത്യമായാണ് വിവരങ്ങള്‍ അറിയുന്നത്!
പേരും വീണു- പൂതം, പൂതരമേശന്‍.!'!
-അതോടെ അമ്മിണിയുടെ ചെറുപുഞ്ചിരിയും മാഞ്ഞു...പകുതി തെളിഞ്ഞ നുണക്കുഴികളും.
പതിമൂന്നു വര്‍ഷം - അവളിപ്പോ എവിടെയാണാവോ?
-എങ്ങനെയെങ്കിലും ഈ നശിച്ച പേര് മാറ്റിയെ തീരൂ... എന്ത് സാഹസം ചെയ്യേണ്ടി വന്നാലും...
....
“ഇറങ്ങെടാ, പൂതം... ഉത്സവപ്പറമ്പ് എത്തീ...അളിയാ,പരിപാടി പകുതിയായീന്നാ തോന്നണെ...”
-ചുറ്റും ദീപപ്രഭ... നിറഞ്ഞ പുരുഷാരം...
-ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ശബ്ദം-
“ ഇടവേളയ്ക്കു ശേഷം, ലോകപ്രശസ്ത മാന്ത്രികന്‍ പ്രൊഫ.ചെറുകാട് അവതരിപ്പിക്കുന്ന ‘വിസ്മയം’ മാജിക് ഷോ തുടരുന്നു...
"വേദിയിലേക്ക് വരുന്ന എല്ലാ ദീപങ്ങളും അണച്ച് തന്നു ഞങ്ങളോട് വീണ്ടും സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....”
“അടുത്തയിനം THE STUNNING CHAIN ESCAPE ACT – സദസ്സ്യരില്‍ ഒരാള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം..."
"മാന്ത്രികനെ ഈ പെട്ടിയില്‍ അടച്ച ശേഷം ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് ബന്ധിക്കും... പെട്ടിയും, ചങ്ങലയും, താഴും എല്ലാം നിങ്ങള്‍ക്ക് പരിശോധിക്കാം...”
“മാന്ത്രികന്‍ ഇതാ തയ്യാറായിക്കഴിഞ്ഞു... ആരെങ്കിലും മുന്നോട്ടു വരൂ... വന്നോളൂ...”
“രമേശാ... നിനക്ക് പറ്റും...” -കൂട്ടുകാര്‍-
-പോണോ?
“അളിയാ, ചെല്ല്, ഇല്ലെങ്കില്‍ വേറെയാരെങ്കിലും കേറും”
-എന്നാല്‍ ഒരു കൈ നോക്കിക്കളയാം... ഈ മാജിക് പൊളിച്ചു കയ്യില്‍ കൊടുക്കണം... രണ്ടു സ്മോള്‍ അടിച്ചത് നന്നായി... ഒരു ആത്മധൈര്യം!
“അതെ, BLACK T-SHIRT ധരിച്ച, അജാനബാഹുവായ, താങ്കള്‍ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ അതിഥി... വരൂ...”
“എന്താ താങ്കളുടെ പേര്?”
“രമേശന്‍”
"WELCOME TO THE SHOW Mr.RAMESHAN..."
"THANK YOU"
“മാന്ത്രികനെ പെട്ടിയിലടച്ചു; ഇരുമ്പു ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു കഴിഞ്ഞു... താങ്കള്‍ക്ക് പരിശോധിക്കാം...”
“എല്ലാം OK-യല്ലേ...Mr.Rameshan?”
“OK” – ഇനി രേക്ഷപ്പെടുന്നതൊന്നു കാണണം. കക്ഷി പെട്ടിക്കകത്തു തന്നെയുണ്ട്... പോരാത്തതിന്, നല്ല ബലമുള്ള ചങ്ങലകളും പൂട്ടും.
- തുടര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ, സംഗീത പ്രവാഹം.
- അനൌണ്സ്മെന്റ്-
“അതാ അങ്ങോട്ട് ശ്രദ്ധിക്കൂ...”
-എല്ലാവരുടെയും ശ്രദ്ധ സദസ്സിന്റെ പുറകിലേക്ക്...
-മാന്ത്രികന്‍ അതാ സദസ്സിന്റെ പുറകില്‍ നിന്നും, പുഞ്ചിരിയോടെ, കയ്യും വീശി നടന്നു വരുന്നു...!!!
-ഒരു നിമിഷം സദസ്സും ഹൃദയവും നിശബ്ദം-
-പൊടുന്നനെ ആര്‍പ്പുവിളി പോലെ നെഞ്ചു കീറി സദസ്സിന്‍റെ പ്രതികരണം-
“.....രമേശാ, മോനെ.......നിന്നെ പിന്നേം പൂതം കണ്ണുകെട്ടിയെടാ...!!!”
https://www.facebook.com/photo.php?fbid=390666434277089&set=pb.100000012060771.-2207520000.1466507059.&type=3&theater

No comments:
Post a Comment